Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightസാഹിത്യത്തിലെ ‘മലയാളീ...

സാഹിത്യത്തിലെ ‘മലയാളീ ഹൗസുകള്‍’

text_fields
bookmark_border
സാഹിത്യത്തിലെ ‘മലയാളീ ഹൗസുകള്‍’
cancel

അശ്ളീലം, പരദൂഷണം, വ്യക്തിഹത്യ, തുടങ്ങിയവ ആളിക്കത്തുന്ന ‘മലയാളീഹൗസ്’ മോഡല്‍ ടെലിവിഷന്‍ കാഴ്ചകളാവുകയാണോ നമ്മുടെ സാഹിത്യവും. ഇപ്പോഴത്തെ നടപ്പുരീതിയാണിത്. ഏത് സെലിബ്രിറ്റി മരിച്ചാലും ഇനി അയാള്‍ക്ക് മറുപടിപറയാന്‍ കഴിയില്ലെന്ന നിസ്സഹയാവസ്ഥ മുതലെടുത്ത്്, അയാള്‍ തീന്‍മേശയിലും മദ്യപാന സദിരുകളിലുമൊക്കെ ഓഫ്് ദ റെക്കോര്‍ഡായി പറയുന്നകാര്യങ്ങള്‍ അജിനമോട്ടോ ചേര്‍ത്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ട പരദൂഷണ പലഹാരമാക്കിമാറ്റുകയെന്നത്. മാങ്ങാട് രത്നാകരന്‍ ചിന്തരവിയെക്കുറിച്ച് എഴുതിയ പുസ്തകമായ ‘ജാതകഥകള്‍’ വായിച്ചപ്പോഴുണ്ടായ പ്രകോപനം.

മദിരാക്ഷി

കഥയിലെ നായകന്‍ സിനിമയില്‍ അല്ലറചില്ലറ വേഷങ്ങള്‍കെട്ടി അകാലത്തില്‍പൊലിഞ്ഞുപോയ ഒരു നടന്‍. എസ്്.എഫ്.ഐയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒരു ചലച്ചിത്രാസ്വാദന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യാനെത്തിയതാണ് രവിയേട്ടന്‍. സ്വാഗത പ്രസംഗം നമ്മുടെ നടന്‍. നടന്‍ തുടങ്ങി. ‘ഞാന്‍ മദ്രാസിലെ രഞ്ജിത്ത് ഹോട്ടലില്‍ മാനേജരായിരിക്കുന്ന കാലം. ( എടാ അവന്‍െറ ഓരോ അടികള്‍. അവന്‍ അവിടെ വെയിറ്ററായിരുന്നു- രവിയേട്ടന്‍). അവിടെ താമസിക്കാന്‍വന്നാല്‍ ഞാന്‍ രവിയേട്ടന് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കും. രവിയേട്ടന്‍ സുഹൃത്തുക്കളായ സംവിധായകരോട് എന്‍െറ കാര്യം പറയും. അങ്ങനെ എനിക്ക് ചെറിയ വേഷങ്ങള്‍ കിട്ടിത്തുടങ്ങി. ഞാന്‍ ഇന്നറിയുന്ന ഞാനായതിനുപിന്നില്‍ രവിയേട്ടനാണ്.

‘ഒരു ദിവസം ഞാന്‍ രവിയേട്ടന്‍െറ മുറിയില്‍ചെല്ലുമ്പോള്‍ രവിയേട്ടന്‍ മദ്യവും മദിരാക്ഷിയുമായി.....’
‘നിര്‍ത്തെടാ നിന്‍െറ പളു.... ’ .രവിയേട്ടന്‍ ഒച്ചവെച്ചു. യോഗം കഴിഞ്ഞതും രവിയേട്ടന്‍ നടനെ പിടികൂടി.
‘എന്തു തോന്ന്യാസ്യമാണ് നീ പറഞ്ഞേ?’
‘ ? ’
‘മദ്യവും മദിരാക്ഷീന്നുമൊക്കെ’?
‘മദിരാക്ഷീന്നുപറഞ്ഞാല്‍ മുന്തിരിങ്ങയല്ലേ രവിയേട്ടാ’ ?
-------------------------------------------------------
എഴുത്തുകാരന്‍, യാത്രികന്‍, മാധ്യമ പ്രവര്‍ത്തകന്‍, നിരൂപകന്‍ ( താന്‍ മരിച്ചാല്‍ ചിന്തകനെന്ന്മാത്രം വിശേഷിപ്പിക്കരുതെന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട ്) എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനായ ചിന്തരവി പലപ്പോഴായി പറഞ്ഞ നുറുങ്ങുകഥകളും അനുഭവങ്ങളും ചേര്‍ത്തുവെച്ച് മാങ്ങാട് രത്നാകരന്‍ എഴുതി മാതൃഭൂമി ബുക്്സ് പ്രസിദ്ധീകരിച്ച ‘ജാതകകഥകളിലെ’ ആദ്യ അധ്യായമാണിത്. പുസ്തകത്തിന്‍െറ പൊതുനിലവാരത്തിന്‍െറ ല.സ.ഗു ഇതില്‍നിന്ന് തന്നെ പിടികിട്ടും. പണ്ട്് സീതിഹാജിയുടെയും ഇന്ന് ട്വിന്‍റുമോന്‍റെയും സന്തോഷ് പണ്ഡിറ്റിന്‍െറയും പേരില്‍ പ്രചരിപ്പിക്കുന്ന ആര്‍ക്കും ആരുടെമേലും ചാര്‍ത്തിക്കൊടുക്കാവുന്ന കുറെ കഥകള്‍. ഏറെയും മദ്യപാന സദസ്സുകളിലെ ഉച്ഛിഷ്്ട കഥകള്‍. ‘ഒരു മാര്‍ക്വിസ്റ്റ് ഗ്രാംഷിയന്‍ ബുദ്ധന്‍െറ ജാതക കഥകള്‍’ എന്ന കവര്‍പേജിലെ കരിമാസ്റ്റിക്ക് ടൈറ്റിലുകള്‍ വായിച്ച് പുസ്തകം വാങ്ങിയവര്‍ക്ക് ട്വിന്‍റുമോന്‍ കഥകള്‍ സൗജന്യ എസ്്.എം.എസ്ആയി കിട്ടുന്ന ഇക്കാലത്ത് വലിയ നഷ്്ടബോധംതോന്നുമെന്ന് പറയാതെ വയ്യ.
‘ബാര്‍ ഹവേഴ്സ്്’ എന്ന് രാത്രിയിലെ കുറെ മണിക്കുറുകളെ പേരിട്ട് വിളിച്ച് അതിന്്് തക്ക പരിപാടികള്‍ ആസൂത്രണംചെയ്യുന്ന രീതി ഹിന്ദി ചാനലുകളില്‍നിന്ന് ഇപ്പോള്‍ മലയാള ടെലിവിഷനുകളിലും എത്തിക്കഴിഞ്ഞിരിക്കുന്നു. കള്ളുഷാപ്പിലിരുന്ന് ടി.വികാണുന്നവരെയും ആകര്‍ഷിക്കണമെന്ന മാര്‍ക്കറ്റിങ് ബുദ്ധിജീവികളുടെ നിരന്തര ഗവേഷണത്തിനൊടുവിലാണ് ’മലയാളീ ഹൗസ്്’ പോലുള്ള പരിപാടികള്‍ നമ്മുടെ വീട്ടകങ്ങളില്‍ പതിവുകാരാവുന്നത്്. അശ്ളീലം, പരദൂഷണം, വ്യക്തിഹത്യ, തുടങ്ങിയ വികാരങ്ങള്‍ ആളിക്കത്തുന്ന ഇത്തരം ടെലിവിഷന്‍ കാഴ്ചകളോട് ചേര്‍ത്തുവെക്കാവുന്നതാണ് ‘ജാതക കഥകളും’. കുറ്റം പറയരുതല്ലോ, സാഹിത്യത്തിലെ ഇപ്പോഴത്തെ നടപ്പുരീതിയാണിത്. ഏത് സെലിബ്രിറ്റി മരിച്ചാലും ഇനി അയാള്‍ക്ക് മറുപടിപറയാന്‍ കഴിയില്ലെന്ന നിസ്സഹയാവസ്ഥ മുതലെടുത്ത്്, അയാള്‍ തീന്‍മേശയിലും മദ്യപാന സദിരുകളിലുമൊക്കെ ഓഫ്് ദ റെക്കോര്‍ഡായി പറയുന്നകാര്യങ്ങള്‍ അജിനമോട്ടോ ചേര്‍ത്ത് മലയാളികള്‍ക്ക് പ്രിയപ്പെട്ട പരദൂഷണ പലഹാരമാക്കിമാറ്റുകയെന്നത്. അമ്പരപ്പിക്കുന്ന നിരീക്ഷണവും, ഒന്നാന്തരം ഗദ്യവും, പരന്ന വായനയുമുള്ള ( പീറക്കവിതകള്‍ എഴുതുന്നു എന്നത് മാത്രമാണ് ഇതിനൊരു അപവാദം) മാങ്ങാട് രത്നാകനും അതേ ട്രാക്കില്‍ പേനയുന്തി വായനക്കാരനെ പച്ചക്ക് പറ്റിക്കുന്നു.
‘ജാതകകഥകളിലെ’ ക്രൂരമായ വ്യക്തിഹത്യയും പരദൂഷണവും നോക്കുക. പ്രശസ്ത ചലച്ചിത്രകാരന്‍ ഷാജി.എന്‍. കരുണിനെ, ചിന്തരവി ‘ നിഷ്ക്കരുണന്‍’ എന്ന് വിശേഷിപ്പിച്ചതും അദ്ദേഹത്തിന്‍െറ ‘പിറവി‘യും രവിയുടെ ‘ഒരേ തൂവല്‍ പക്ഷിയും’ സംസ്ഥാന അവാര്‍ഡിന് മല്‍സരിച്ച കാര്യവും ‘ഇരുതൂവല്‍ പക്ഷികള്‍’ എന്ന ലഘുകുറിപ്പില്‍ പറയുന്നുണ്ട്. രണ്ടുചിത്രങ്ങളും 1988ലാണ്് പുറത്തിറങ്ങിയത്്. രണ്ടും അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡിന് മല്‍സരിച്ചു. ‘ഒരേ തൂവല്‍പക്ഷികള്‍ ’ മികച്ച ചിത്രവും ‘പിറവി’ മികച്ച രണ്ടാമത്തെ ചിത്രവുമായി. ഇതില്‍ പ്രതിഷേധിച്ച് ഷാജി അവാര്‍ഡ്് നിരസിച്ചു.
‘ജാതകകഥകള്‍’ പറയുന്നത് നോക്കുക. ‘പിറവിയുടെ തിരക്കഥാകൃത്ത്്കൂടിയായ എസ്്്. ജയചന്ദ്രന്‍ നായരുടെ നേതൃത്തില്‍ ചെളിവാരിയെറിയല്‍ തുടങ്ങി. എല്ലാ കുട്ടി ഭൂതങ്ങളെയും പത്രാധിപര്‍ അണിനിരത്തി. തൂവല്‍പക്ഷിക്ക് അവാര്‍ഡ് നല്‍കുന്നതിലും ഭേദം മാര്‍കിസ്്്റ്റ് പാര്‍ട്ടിക്ക് ബക്കറ്റ്പിരിവ് നല്‍കുകയായിരുന്നെന്ന് കള്ളിക്കാട് രാമചന്ദ്രന്‍ കലാകൗമുദിയില്‍ എഴുതി’.
ഇതില്‍ ക്ഷുഭിതരായ രവിയുടെ സുഹൃത്തുക്കള്‍ കള്ളിക്കാടിനെ തല്ലാന്‍ തീരുമാനിക്കുന്നു. ഒരു ബാറില്‍നിന്ന് ആടിക്കുഴഞ്ഞ് ഇറങ്ങിവരുന്ന കള്ളിക്കാടിനെ തല്ലാന്‍ സുഹൃത്തുക്കള്‍ ഓങ്ങിനില്‍ക്കവെ രവിപോയി കള്ളിക്കാടിനെ കെട്ടിപ്പിടിക്കുന്നതോടെ കഥ ആന്‍റി കൈ്ളമാക്്്സിലാവുന്നു. ഇതിന് രവി പിന്നീട് നല്‍കിയ വിശദീകരണം ഇങ്ങനെയെന്ന് മാങ്ങാട് എഴുതുന്നു.
‘എടാ അത് ഓന്‍െറ പണിയല്ലേ. പണിയാവുമ്പോള്‍ മൊതലാളി പറഞ്ഞതനുസരിച്ച് എഴുതേണ്ടേ.’എത്ര നികൃഷ്്ടമായ വ്യക്തിഹത്യയാണിത്. മുതലാളിക്ക്വേണ്ടി കൂലി എഴുത്തെഴുതുന്ന ആളായിരുന്നോ, കൈവെച്ച മേഖലകളിലെല്ലാം പ്രതിഭയുടെ കൈയൊപ്പ് ചാര്‍ത്തിയ കള്ളിക്കാട്.മാങ്ങാടിന് മറുപടി പറയാന്‍ ഇന്ന് കള്ളിക്കാട് ജീവിച്ചിരിപ്പില്ല. ( ഇത് വായിച്ചിരുന്നെങ്കില്‍ അദ്ദേഹം ശവക്കുഴിയില്‍നിന്ന് എഴുന്നേറ്റ്വന്ന് കൊങ്ങക്ക് പിടിച്ചേനേ. മാങ്ങാട് ഏഷ്യാനെറ്റില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും മുതലാളിക്കുവേണ്ടിയുള്ള കൂലിപ്പണിയാണോ). താന്‍ തിരക്കഥയെഴുതിയ സിനിമക്ക് അവാര്‍ഡ് കിട്ടാത്തതിന്‍െറ കൊതിക്കെറുവ്കൊണ്ടാണോ, എസ്. ജയചന്ദ്രന്‍നായര്‍ ‘ഒരേ തൂവല്‍ പക്ഷി’ക്കെതിരെ തിരിഞ്ഞത്?. പിന്നീട് ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ പിറവി കാന്‍മേളയില്‍വരെയെത്തി. ആത്്മാര്‍ഥമായിപ്പറഞ്ഞാല്‍ ‘പിറവി’യുടെ ഏഴയലത്ത് എത്തുമോ ‘ഒരേ തൂവല്‍പക്ഷി’? മലയാളസിനിമയുടെ ചരിത്രമെഴുതുമ്പോള്‍ അതിലെ തിളക്കമാര്‍ന്ന നക്ഷത്രമാണ് ‘പിറവി’.‘ഒരേ തൂവല്‍ പക്ഷിയാവട്ടെ’ കാലത്തിന്‍െറ അനിവാര്യമായ ചവറ്റുകുട്ടയിലും. ഒരു എഴുത്തുകാരന്‍ ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ നല്ലമാര്‍ക്ക്കൊടുക്കാവുന്ന രവിയെ മികച്ച ചലച്ചിത്രകാരനായി പരിഗണിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന്‍െറ സിനിമകള്‍ കണ്ട ആര്‍ക്കും ബോധ്യപ്പെടും. വസ്തുതകള്‍ ഇതായിരിക്കേ ഇത്തരമൊരു ഗോസിപ്പുകഥ പ്രസിദ്ധീകരിച്ചതുമൂലം എന്ത്് ചൊറിച്ചിലാണ് മാങ്ങാടിന് ശമിച്ചുകിട്ടിയത്. നേരത്തെ പറഞ്ഞപോലെ അതും കളളിക്കാടിനും ചിന്തരവിക്കും തങ്ങളുടെ നിലപാടുകള്‍ വിശദീകരിക്കാന്‍ ഇനി കഴിയില്ലെന്നിരിക്കേ.
മുകളില്‍ സൂചിപ്പിച്ചപോലെ ഈ പരിപാടിയും സാഹിത്യത്തില്‍ ഇപ്പോള്‍ ഫാഷനായി വരികയാണ്. കുഞ്ഞുണ്ണിമാഷ് മരിച്ചശേഷമാണ് അദ്ദേഹത്തിന്‍െറ ലൈംഗികജീവിതത്തെ കുറിച്ച് ദുസ്സൂചനകള്‍ നല്‍കുന്ന കത്തുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. പ്രായാധിക്യത്താല്‍ നടക്കാന്‍പോലുമാകാത്ത ഒരു സാഹിത്യകാരന്‍െറ ലൈംഗിക ബഡായികള്‍ ഇപ്പോഴും കവര്‍സ്റ്റോറിയാവുന്നു. ഉറക്കത്തില്‍ വിളിച്ചുണര്‍ത്തിയാല്‍പ്പോലും കവിത വര്‍ഷിക്കുന്ന അതുല്യപ്രതിഭാശാലിയായ ഗിരീഷ് പുത്തഞ്ചേരിക്ക് ചിലപ്പോഴൊക്കെ ആശയം കൊടുത്തത് താനാണെന്ന് പരോക്ഷമായി അവകാശപ്പെട്ട് ഒരു സാഹിത്യകാരന്‍ ഈയിടെ എഴുതിയ ലേഖനംകണ്ട് തലതല്ലി ചിരിച്ചുപോയി. ഇതേ മോഡലില്‍ മരിച്ചവര്‍ തിരിച്ചുവരില്ലെന്ന ധൈര്യത്തില്‍ എന്ത് തോന്നിവാസവും ആകാമെന്ന് ‘ജാതകകഥ’കളും അടിവരയിടുന്നു. എന്നാല്‍ ‘ജാതകഥകളിലെ’ ചിലതിലൊന്നും നര്‍മ്മമില്ലെന്നും പറയാനാവില്ല. ദല്‍ഹി ദേശാഭിമാനി ഓഫീസിലേക്ക് പോകാന്‍ കഴിയാത്തതിനെകുറിച്ച് രവി പറയുന്നതിങ്ങനെ.
‘അവിടെ മുഴുവന്‍ പാമ്പാട്ടികള്‍ തമ്പടിച്ചിരിക്കയാണ്. --- സഖാവ് ഈയിടെ യു.പിയില്‍ പോയപ്പോള്‍ തീവണ്ടിയില്‍കുറേ പാമ്പാട്ടികള്‍ മകുടിയൂതുന്നത് കണ്ടു. ഒന്നാന്തരം സംഗീതമാണെന്ന് കരുതി സഖാവ് എല്ലാവരെയും ദല്‍ഹിക്ക് ക്ഷണിച്ചു. അവരെല്ലാം വന്നെത്തിയിരിക്കയാണ്.’
നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച മദ്യപാനം വീണ്ടും തുടങ്ങിയപ്പോള്‍ ‘നമ്മള്‍ വില്‍പവറിന് അഡിക്റ്റാവരുതെന്ന’ പ്രഖ്യാപനവും, ‘അസാധ്യമാണ് സക്കറിയയുടെ എഴുത്ത്, പക്ഷേ ചിന്തയില്‍ കെ.എസ്.യു ആണ്’ എന്ന നിരീക്ഷണവും രവിക്കുമാത്രം സ്വന്തം. പക്ഷേ കുറെ കല്‍പ്പിതകഥകളിലൂടെ രവിക്ക് വ്യാജമായ ഒരു അവധൂതവേഷം കൊടുക്കാതെ, അദ്ദേഹത്തിന്‍െറ സൃഷ്ടികളെ കൃത്യമായി വിലയിരുത്താതിന്‍െറ ഈര്‍ഷ്യ ഈ കൊച്ചുപുസ്തകം വായിച്ചുകഴിയുന്ന ഭൂരിഭാഗംപേര്‍ക്കും മാങ്ങാടിനോട് ഉണ്ടാകുമെന്ന് ഉറപ്പ്.

Show Full Article
TAGS:
Next Story