ആ കുട്ടിക്കാലം തിരിച്ചു വന്നെങ്കിൽ...

അൻസിൽ എൻ.എ
17:43 PM
14/11/2019
nehru

വർഷങ്ങൾക്ക് മുമ്പാണ്.. എന്നുവെച്ച് ദിനോസറുകൾക്കും, ആദിമ മനുഷ്യര്‍ക്കും മുമ്പൊന്നും അല്ലതാനും. അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം. വീട്ടിലേക്ക് പോയിരുന്നത് ഒരു നീളൻ ടെമ്പോ വാനിലായിരുന്നു. വാൻ എന്ന് പറഞ്ഞാല് മ്മടെ 'ആട്' സിൽമയിലെ ഷാജി പാപ്പനും പിള്ളേരും കറങ്ങി നടക്കണ അതേ ശകടം. കളറ് ഇളം മഞ്ഞയും തവിട്ടും ചേർന്ന്. മുകളിൽ എയർ ഹോൾ ഒക്കെയുള്ള 'ഒരു ദുഷ്ടൻ വണ്ടി'. ദുഷ്ടൻ എന്ന് പറയാൻ കാരണം ഇൗ വണ്ടി വളരെ കൃത്യമായി രാവിലെ വീടുകളിൽ നിന്നും കുട്ടികളെ സ്കൂളിൽ എത്തിക്കുമെന്നതും എന്നാൽ വൈകിട്ട് തോന്നിയ സമയത്ത് മാത്രം തിരിച്ച് വീട്ടിൽ എത്തിക്കുകയും ചെയ്യുമായിരുന്നു എന്നത് കൊണ്ടാണ്.  വൈകിട്ട് നാലിന് സ്കൂൾ വിട്ടാൽ ചിലപ്പോൾ അഞ്ച്​ മണി വരെയൊക്കെ സ്കൂളിൽ 'ദുഷ്ടൻ' വരാൻ കാത്തു കെട്ടി നിന്നിട്ടുണ്ട് ഞങ്ങള് കുട്ടിക്കൂട്ടം. 

school-van

വൈകിട്ട് വീട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പലഹാരവും സ്വപ്നം കണ്ട്, വിശന്ന് വിശന്ന് ഒരു പരുവമായി സ്കൂൾ പൈപ്പ് വെള്ളം മട മടാന്ന് കുടിച്ച് ഒരു മണിക്കൂർ നേരം വരെ എന്തേലും അലമ്പ് ഉണ്ടാക്കി ചെലവിട്ടിരുന്ന ആ ഒരു കാലത്തി​​​​െൻറ മനോഹാരിത മനസ്സിലായത് ഇന്ന് സ്കൂളിനേക്കാളും വളർന്ന് വലുതായി തുടങ്ങിയെന്ന് തോന്നിയ സമയത്താണെന്ന് മാത്രം. അന്നൊരു നവംബർ 14 ആയിരുന്നു. തൊട്ടടുത്ത ഒരു വീട്ടിൽ വിടർന്നു നിൽക്കുന്ന റോസാപ്പൂ ആയിരുന്നു എട്ടു വയസുകാര​​​​െൻറ ലക്ഷ്യം. ഭിത്തിയിൽ വലിഞ്ഞു കേറി പൂ പറിക്കാൻ തുടങ്ങിയതും 'ദുഷ്ടൻ' വാൻ വന്നതും ഹോൺ മുഴക്കിയതും പരിഭ്രാന്തിയിൽ കൈ വലിച്ചപ്പോ റോസാപ്പൂവിലെ മുള്ളങ്ങട് കൈ വിരലിൽ ഉരഞ്ഞു നൈസായിട്ടങ്ങട് ചോര വന്നതും ആരെയും കാണിക്കാതെ സ്കൂളിലേക്ക്  വാനിൽ പോയതും നിമിഷ നേരം കൊണ്ട് സംഭവിച്ചിരുന്നു. ആ പൂവ് രക്ഷപ്പെട്ട സന്തോഷത്തിൽ ചിരിച്ചു മറിയുന്നുണ്ടാകും, ‘വൈകീട്ട് ചെല്ലുമ്പോ കാണിച്ചു തരാടീ റോസാപ്പൂവേ നിന്നെ’ എന്ന് പല്ലിറുമ്മി മുറിവേറ്റ കൈയ്യും തിരുമ്മി അസംബ്ലിയിൽ  നിന്നപ്പോ ചാച്ചാജിയെ കുറിച്ചൊക്കെ ചില കുട്ടികൾ പ്രസംഗിച്ചു തകർക്കുന്നു. 

school-assembly

നെഹ്റുവിന്‍റെ ഇടനെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന റോസാപ്പൂവിന് പിന്നിലും ഹൃദയ സ്പര്‍ശിയായ ഒരു കഥയുണ്ട്. പ്രധാനമന്ത്രിയായിരിക്കെ പാരിതോഷികങ്ങളുമായി ധാരാളം ആളുകള്‍ നെഹ്റുവിനെ കാണാന്‍ അദ്ദേഹത്തിന്‍റെ ഓഫീസിലും വസതിയിലും എത്തുമായിരുന്നു. ഒരുദിവസം പാരിതോഷികങ്ങളുമായി വന്നവരുടെ കൂട്ടത്തില്‍ ഗ്രാമവാസിയായ സ്ത്രീയും ഉണ്ടായിരുന്നു. ഒരു റോസാപ്പൂവായിരുന്നു അവര്‍  പ്രധാനമന്ത്രിക്കായി കൊണ്ടുവന്നിരുന്നത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ത്രീയെ നെഹ്റുവിന് അരികിലേക്ക് കടത്തിവിട്ടില്ല. സെക്യുരിറ്റിക്കാരുമായി തര്‍ക്കുന്ന സ്ത്രീയെ ശ്രദ്ധയില്‍പ്പെട്ട നെഹ്റു അവരെ അകത്തേക്ക് കടത്തിവിടാന്‍ നിര്‍ദ്ദേശിച്ചു. അവരില്‍ നിന്നും വളരെ സന്തോഷത്തോടെ ആ റോസാപ്പൂ വാങ്ങുകയും എന്തെന്നില്ലാത്ത ആദരവും സ്‌നേഹവും അദ്ദേഹത്തിനവരോട് ഉണ്ടാവുകയും ചെയ്തു. ആ സമ്മാനം വാങ്ങിയശേഷം സ്വന്തം കുപ്പായത്തിന്റെ ഒരു ഭാഗത്ത് മനോഹരമായി കുത്തിവെക്കുകയും ചെയ്തു. ആ ഓര്‍മ്മയില്‍ പിന്നീട് എല്ലായ്പ്പോഴും നെഹ്റു ഒരു റോസാപ്പൂവ് തന്‍റെ ഇടനെഞ്ചോട് ചേര്‍ത്തു വെച്ചു. പൂക്കളെ വളരെ അധികം സ്നേഹിക്കുന്ന ചാച്ചാജിയുടെ പ്രതീകമായി കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ റോസാപ്പൂ പരസ്പരം കൈമാറി അദ്ദേഹത്തെ സ്മരിക്കുന്നു. പൊരി വെയിലത്ത് നിന്ന് പ്രസംഗം കേൾക്കാൻ എനിക്ക് മാത്രമായിരിക്കണം അത്ര സുഖം ഒന്നും തോന്നിയതേയില്ല. 

school1

കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രധാനമന്ത്രിയുടെ ഓർമ്മകൾക്ക് ശിശുദിനം എന്നല്ലാതെ മറ്റെന്ത് പേരാണ്​ ചേരുക. കൈവിട്ടു പോയ കുട്ടിത്തം തിരിച്ചു പിടിക്കാനാണ് നാമോരോരുത്തരും വളർന്നു വളർന്നു ഇനി വളരാൻ പറ്റാത്ത വിധം വളർന്നിട്ടും ഇടയ്ക്കിടയ്ക്ക് വെറുതെ ശ്രമിക്കുന്നത്. കുഞ്ഞു കാര്യങ്ങള്‍ പോലും വലിയ കാര്യമായി നാമെടുക്കുന്നത് ഉള്ളിലൊരു കുഞ്ഞ് ഉള്ളത് കൊണ്ടാണ്. അത് മനസില്‍ നിന്ന് മാറാതെ കൊണ്ടുനടക്കുന്നത് നാം മുതിർന്നവരായത്കൊണ്ടാണെന്നും ഇടക്കിടക്ക് തോന്നാറുണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ് ജവഹർലാൽ നെഹ്​റു എന്നത് അക്ഷരം കൂട്ടി വായിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ ഉരുവിട്ട് പഠിച്ച ചോദ്യോത്തരമായിരുന്നു. 

ചിന്തിച്ച് ചിന്തിച്ച് അസംബ്ലി തീർന്നതും ക്ലാസ്​ തുടങ്ങിയതും ഉച്ച കഴിഞ്ഞ് നേരത്തെ സ്കൂൾ വിട്ടതും ഒന്നും അറിയാതെ ഞാൻ മാത്രം വേറെ ഏതോ ലോകത്തായിരുന്നു. സ്കൂളിന് നടുക്ക് തന്നെ ആയിരുന്നു അന്ന് കിണർ. വശമൊക്കെ നല്ല ഉയരത്തിൽ കെട്ടി സുരക്ഷിതമാണ്. വാൻ വരാൻ ഇനിയും രണ്ടു മണിക്കൂറെങ്കിലും സമയമെടുക്കും. അതുവരെ എന്ത് കുരുത്തക്കേട് കാണിക്കും എന്ന ആലോചനകൾ കൂടെയുള്ള വാനരപ്പടയിൽ നിന്ന്​ ക്ഷണിച്ചിരുന്നു. കിണറ്റിലേക്ക് കല്ലെറിഞ്ഞ് കളിക്കാം എന്ന് ഒടുവിൽ വിധി പ്രസ്താവിച്ചു. ആദ്യമാദ്യം ചെറിയ കല്ലുകൾ പെറുക്കി കൂട്ടി നീളത്തിലും വീതിയിലും കിണറി​​​​െൻറ ആഴങ്ങളിലേക്ക് എറിഞ്ഞു തുടങ്ങി. കല്ലു താഴേക്ക് പോയി വെള്ളത്തിൽ പതിക്കുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ ആവേശം അൽപം കൂടി.. വലിയ ഒരു കല്ല് ഇട്ടാൽ നല്ല രസമായിരിക്കും എന്ന തോന്നൽ മനസ്സിൽ വന്നത് ന്യൂട്ട​​​​െൻറ ചലന നിയമങ്ങളൊന്നും പഠിച്ച് തുടങ്ങുന്ന ഉയർന്ന ക്ലാസിലേക്ക് മാർച്ച് പാസ്റ്റ് നടത്തുന്നതിനും മുമ്പായിരുന്നു എന്നത് ഇന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ഒരു ബഹുമാനമൊക്കെ തോന്നുന്നു. 

well

അങ്ങനെ ഒരു വലിയ പാറക്കല്ല് ഞങ്ങൾ നാലഞ്ച് ആൺകുട്ടികളും ഒരു പെൺകുട്ടിയും ചേർന്ന് പൊക്കി കൊണ്ടുവന്ന് കിണറി​​​​െൻറ ഭിത്തി വരെ എത്തിച്ചു. ഇനി വെറുതെ ഒന്ന് തള്ളിയാൽ മതി, ബ്ലും..ബ്ലും.. ബ്ലും എന്ന മനോഹര ശബ്ദം കിണറി​​​​െൻറ ആഴങ്ങളിൽ നിന്ന്​ കർണപുടങ്ങളിലേക്ക്‌ എത്താൻ... എല്ലാവരും ഒന്നിച്ചു ചേർന്ന് ഇടാമെന്ന് തീരുമാനത്തിൽ എത്തുകയും തള്ളി മറിക്കുന്നതിനിടയിൽ ബാലൻസ് തെറ്റി കൂട്ടത്തിലെ പെൺകുട്ടി കിണറ്റിലേക്ക് വീണതും ഒരേ സമയത്തായിരുന്നില്ല, ഭാഗ്യത്തിന് കല്ല് ആദ്യം താഴെ എത്തി. പിന്നാലെയാണ് ആ പെൺകൊച്ച് വീണത്. (നി​​​​െൻറ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണ് എനിക്കിഷ്ടം- ബാംഗ്ലൂർ ഡേയ്സ് സിനിമയോ ജനിച്ചിട്ട് പോലുമില്ലാത്ത ആ ഡയലോഗോ ആദ്യമായി രൂപം പ്രാപിച്ചത് ഞാനറിഞ്ഞു). എന്തായാലും സംഭവം സീൻ ആയി.. കപ്പിയും കയറും തൊട്ടിയും ഉണ്ടായിരുന്ന കിണർ ആയതിനാലും ഞങ്ങളുടെ ഒച്ച കേട്ട് സ്കൂളിലെ ചില അധ്യാപകരും നാട്ടുകാരും ഓടി വന്നതിനാലും വീണ് നിമിഷങ്ങൾക്കകം തന്നെ അവളെ പൊക്കി എടുക്കാൻ സാധിച്ചു. 

പതിവു പോലെ രക്ഷിതാക്കളെ വിളിച്ചു കൊണ്ട് വരാൻ ക്ലാസ് ടീച്ചർ ഉത്തരവിട്ടു. ക്ലാസിൽ എലിയെ പോലെ ഇരിക്കുന്ന ഇവൻ പുലിയെ പോലെ ആണ് ക്ലാസ് ഇല്ലാത്തപ്പോൾ പെരുമാറുന്നത്, ഇവൻ ആണ് നേതാവ് ഇവരുടെയൊക്കെ, കയറൂരി വിട്ടിരിക്കുന്നു എന്നൊക്കെ പറഞ്ഞ്​ കയർത്ത ക്ലാസ് ടീച്ചർ മാതാപിതാക്കൾ പോയ ശേഷം ഈരണ്ട്​ അടി വീതം തന്നു. തുടർന്ന് മലയാളം ക്ലാസ് ആയിരുന്നു, 'തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും തുംഗമാം വാനിന്‍ ചോട്ടിലാണെ​​​​െൻറ വിദ്യാലയം, ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന-മിന്നിതാ ചിരിക്കുന്നു' ഒളപ്പമണ്ണയുടെ നൊസ്റ്റാൾജിയ കലർന്ന വരികൾ അടി തന്ന ടീച്ചർ തന്നെ പാടുമ്പോ അടിയുടെ വേദന ഒക്കെ പോയി മറഞ്ഞിരുന്നു..... 

rose-flower

വൈകിട്ട് വീട്ടിലെത്തി തലേന്ന് മുറിവേൽപ്പിച്ച റോസാ പൂവിന് ഒരു സലാം പറഞ്ഞ് നല്ല കുട്ടിയായി മാറി ഞാൻ... രണ്ടു ദിവസത്തേക്ക് മാത്രം. കുട്ടിക്കാലം തിരിച്ചു വന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിച്ച്​, എഴുതി, പറഞ്ഞ്, കൊതിച്ച്​ നമുക്ക് മരിച്ചു പോകാം !!
 

Loading...
COMMENTS