ആഴങ്ങളിലേക്ക്...

ആലിയ അഷ്റഫ്
21:53 PM
29/08/2019
tide-290819.jpg

കണ്ണടയ്ക്കുമ്പോൾ 
കേൾക്കുന്നതൊക്കെയും 
തിരമാലകളുടെ 
ഇരമ്പലുകളാണ്.

കടൽ അവനോട് പറയുന്ന 
കഥകൾക്കൊക്കെയും 
കണ്ണീരുപ്പിന്‍റെ രസമുണ്ട്. 
തിരമാലകളെ ചുംബിക്കുന്ന 
ഒട്ടിയ വയറുള്ള മുക്കുവന്‍റെ...


രാത്രിയിൽ തിരകളെ നോക്കി 
പൊട്ടിക്കരഞ്ഞും  
ചിരിച്ചുമിരിക്കുന്ന
വേശ്യയുടെ...

തീരങ്ങളിൽ, ഉറക്കെ ഉറക്കെ പാടിയും 
അട്ടഹസിച്ചുമിരിക്കുന്ന 
ഉന്മാദിയായ ഭ്രാന്തന്‍റെ...

മക്കൾ ഉപേക്ഷിച്ച 
വയോധിക ഇണകളുടെ...
മനസ്സുറക്കും മുമ്പ് 
മടിക്കുത്തഴിക്കപ്പെട്ടവളുടെ...

ബാല്യത്തിന്‍റെ കൗതുകം മാറും മുമ്പേ 
അമ്മയാക്കപ്പെട്ടവളുടെ...

യൗവ്വനതീക്ഷ്ണതയുടെ 
വൈകാരികതകളെ ഓർത്ത് 
വിലപിക്കുന്നവന്‍റെ...

മതം എന്ന ഒരൊറ്റ വാക്ക്കൊണ്ട് 
ഒരുവന്‍റെ പ്രണയ സൗധങ്ങളെ 
തച്ചുടച്ചവളുടെ...

സപ്തസാഗരങ്ങളെയും 
മഷി ആയി ഉപയോഗിച്ചാലും 
എഴുതി തീരാത്ത മനുഷ്യരുടെ

ഉന്മാദത്തിന്‍റെ 
കുറ്റബോധത്തിന്‍റെ 
നിർവികാരതയുടെ 
കഥകൾ ഇനിയുമേറെയുണ്ട്.

കേൾക്കട്ടേ, 
നിന്‍റെ വേദനയെ 
ചൂഷണം ചെയ്തതാര്? 

Loading...
COMMENTS