മൂന്നാംക്ളാസിലെ പ്രേമം അവസാനിച്ചതിനെക്കുറിച്ച് കഥാകാരി രേഖ

09:21 AM
22/01/2018
Rekha-k

മൂന്നാം ക്ലാസിൽ തുടങ്ങിയ പ്രേമമായിരുന്നു.
അത് അവസാനിച്ചിരിക്കുന്നു.

ഇനി നമ്മൾ ഒന്നിച്ചല്ല മുന്നോട്ടു പോകുന്നതെന്ന് എന്നെത്തന്നെ പഠിപ്പിച്ചെടുക്കുകയായിരുന്നു കഴിഞ്ഞ പത്തിരുപതു ദിവസം.
വയ്യ!
"ഇതെത്ര നാൾ ഞാൻ പഠിച്ചുവെങ്കിലും
ഇടയ്ക്കെൻ തൃഷ്ണകൾ കുതറിച്ചാടുന്നു '"
എന്ന വിജയലക്ഷ്മിക്കവിത പോലെ.

ഇരിങ്ങാലക്കുടയക്കടുത്ത് വെളളാനി എന്ന ഗ്രാമത്തിൽ , ഞാൻ ഏഴാം ക്ലാസിൽ എത്തും വരെ ബസ് പോലും ഇല്ലായിരുന്നു. അവിടത്തെ ഒരു പെൺകുട്ടിക്ക് ജേണലിസ്റ്റ് ആകണം എന്നത് അതിമോഹം തന്നെയായിരുന്നു.

പക്ഷേ എന്റെ അമ്മ പഠിപ്പിച്ചിരുന്ന സ്കൂളിന്റെ മാനേജർ അപ്പുച്ചേട്ടൻ എന്ന് എല്ലാവരും വിളിച്ചിരുന്ന മുകുന്ദൻ കാരേക്കാട്ട് അക്കാലത്ത് എക്സ്പ്രസ്സിലെ പത്രപ്രവർത്തകനായിരുന്നു.
മാർകേസോ ഹെമിങ് വേയോ ഒന്നുമല്ലായിരുന്നു , ഈ മനുഷ്യനായിരുന്നു ആദ്യ മാതൃക. നരച്ച ഖദറിട്ട ഒരു പാവം മനുഷ്യൻ.

വെള്ളാനിയിൽ നിന്നു സൈക്കിളിൽ താണിശ്ശേരിയിലേക്ക് ബസ് പിടിക്കാൻ പോകുമ്പോ കൂടെ ഡബിൾ ബെല്ലടിച്ച് നടന്നതും ഈ സ്വപ്നമായിരുന്നു.
അതിനാണ് 2017 ന്റെ അവസാന ദിവസം കർട്ടൻ വീണത്.

കരൾ പൊടിയുന്നതിന്റെ വേദന അറിയാം ഈ വേർപിരിയലിനു ശേഷം '

തിരശ്ശീല ഉയരും മുൻപ് തീർന്ന നാടകം പോലെ.

പ്രസ് അക്കാദമിയിലെ '99 ബാച്ചിലെ അൻപതു പേരിൽ ആദ്യം ജോലി കിട്ടിയത് എനിക്കായിരുന്നു. കോഴ്സ് തീരുന്നതിന് ഒരു മാസം മുൻപേ. ആ ബാച്ചിലെ ഏക വിവാഹിതയും ഞാനായിരുന്നു. അന്നൊക്കെ പത്രങ്ങൾക്ക് പൊതുവെ പെൺകുട്ടികളെ വേണ്ടായിരുന്നു. രാത്രി ജോലിക്ക് വരുന്ന പെൺകുട്ടികൾ ഒരു ബാധ്യതയായിരുന്നു, പല പത്രങ്ങളിലും

ഞങ്ങളെ അക്കാദമിയിൽ പഠിപ്പിക്കാൻ വന്ന ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞു. "പെണ്ണുങ്ങളെ ജോലിക്കെടുത്താൽ വലിയ ശല്യമാണ് . പിന്നെ കല്യാണമായി --- ഗർഭമായി ---- "

ആ ക്ലാസിലെ ഞങ്ങൾ ഒൻപതു പെൺകുട്ടികളും പല്ലിറുമ്മി . പരസ്പരം നുള്ളി ആ പ്രസ്താവന കേട്ടു .

ഞാൻ ഗർഭിണിയാകുമോ, പിന്നെ ജോലി നോക്കാതെ വീട്ടമ്മയായി മാറുമോ എന്നൊക്കെ ഭയങ്കര ആധിയായിരുന്നു ആത്മമിത്രം ലേബിക്ക്. അവളുടെ ആധി കൂട്ടാൻ ബാലരമ , വനിത, മനോരമ മൂന്നു ടെസ്റ്റും ക്വാളിഫൈ ചെയ്തു ഞാൻ. പത്രമായിരുന്നു എനിക്കു കാത്തു വച്ചത്.

പതിനെട്ടു വർഷം കടന്നു പോയി...

ഓർമയിൽ സൂക്ഷിക്കാൻ വാർത്തയിലൂടെ തൊട്ടെടുത്ത കുറച്ചേറെ നന്മയുള്ള മുഖങ്ങൾ .മുനീർ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ അമ്മയെ കണ്ട് സ്റ്റോറി തയ്യാറാക്കാനായിരുന്നു ആദ്യം കിട്ടിയ അസൈൻമെന്റ് .

വി എസ്സിന് 2006ൽ സീറ്റ് നിഷേധിച്ചപ്പോൾ മാരാരിക്കുളത്തു പോയി എന്തെങ്കിലും സ്റ്റോറി ചെയ്തു വരാൻ ആവശ്യപ്പെട്ടപ്പോൾ മാരാരിക്കുളത്തിന്റെ ജീവചരിത്രത്തിൽ നിന്ന് ടി.കെ. പളനിയെ കണ്ടെടുത്ത് പളനിയെ കൊണ്ട് വി എസിന് അനുകൂലമായി പറയിച്ച് സ്റ്റോറി ചെയ്ത തായിരുന്നു ഏറ്റവും ഹൃദ്യമായ ഒരോർമ .

പി.കെ. മേദിനിയും , നടി കൽപനയ്ക്കു ദേശീയ അവാർഡ് നേടിക്കൊടുത്ത അന്തർജനം - റസിയ കഥയും ചലനശേഷിയില്ലാത്ത ഭാര്യയെ എടുത്തു കൊണ്ട് നടക്കുന്ന സുരേഷും വീട്ടുജോലിക്കാരിക്ക് കൊച്ചി നഗരഹൃദയത്തിലെ എംജി റോഡിലെ ഇരുനില വീട് സമ്മാനിച്ച പ്രഫ. പി.വി. കൃഷ്ണൻ നായരും നടൻ സത്യന്റെ മകനെ സ്വന്തം മകനായി കണ്ട പ്രഫ. ശ്രീധരൻ നായരും ഭാര്യ ശ്യാമള അമ്മയും എല്ലാം ഞാൻ " തന്നിഷ്ട "ത്തിനു ചെയ്ത സ്റ്റോറികളായിരുന്നു . ഈ തന്നിഷ്ടങ്ങളാണ് എപ്പോഴത്തെയും "നല്ലിഷ്ടം''

പത്തോളം പരമ്പരകളിൽ പങ്കാളിയായിരുന്നു. പക്ഷേ ഇന്നും സങ്കടപ്പെടുത്തുന്നത് കുറ്റബോധം ഉണ്ടാക്കുന്നത് ജുവനൈൽ ഹോമിലെ ഒരു പതിനൊന്നുകാരനെ ഓർത്താണ്. ഒരു പരമ്പര യാത്രയ്ക്കിടയിൽ ജുവനൈൽ ഹോമിലെ കുറെ കുട്ടികൾക്കിടയിൽ നിന്ന് അവൻ മാത്രം കൂടുതൽ അടുത്തു . രണ്ടു മണിക്കൂറിനുള്ളിൽ അവൻ ജീവിതം മൊത്തം പറഞ്ഞു. നെറ്റിയിൽ അച്ഛൻ കത്തി കൊണ്ട് കോറിയിട്ട വലിയ കത്തിപ്പാട് . കൈകളിലും തോളിലുമെല്ലാം അച്ഛൻ കത്തി കൊണ്ട് വരഞ്ഞ് സ്നേഹിച്ചിട്ടുണ്ട്.

രക്ഷപ്പെട്ടോടി ഏതോ ട്രെയിനിൽ കയറി യു പിയിൽ നിന്ന് കേരള ത്തിലെത്തിയതാണവൻ. ഇനിയും അവനെ കാണാൻ വരണമെന്ന് അവൻ പറഞ്ഞു. വരാമെന്ന് ഞാനും .

അപ്പോഴേയ്ക്കും പത്രത്തിൽ നിന്നു ഡെപ്യൂട്ടേഷനിൽ ഇതര വിഭാഗങ്ങളിലേക്ക് പോയി.
അവനു കൊടുത്ത വാക്കും പാലിക്കാനായില്ല.

2012 ൽ ജീവിതത്തിൽ ഒരു വലിയ ദുരന്തം സംഭവിച്ചു. നിരാശയുടെ നടുക്കടലിൽ അറ്റം കാണാതെ കൈകാലിട്ടടിച്ചപ്പോൾ തൊട്ടടുത്ത സീറ്റിലിരുന്ന ഏറ്റവും നല്ല വായനക്കാരിയും സഹൃദയയുമായ സജ്ന പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു. ചേച്ചി നമുക്ക് യുജിസി നെറ്റ് എഴുതിയാലോ. സജ്ന ജേണലിസം റാങ്ക് ഹോൾഡറാണ്.

അതൊരു കുസൃതി ചോദ്യമെന്നാണ്‌ കരുതിയത്. സംഗതി ഇപ്പോൾ ഗൗരവമാകും വരെ.

എന്റെ മൂന്നാം ക്ലാസ് പ്രണയമേ, നമ്മൾ പിരിയാൻ കാരണം ആ നെറ്റായിരുന്നു. പത്തു പതിനഞ്ചു വർഷത്തിനു ശേഷമാണ് കൈവച്ചതെങ്കിലും നെറ്റ് വഴങ്ങി.

ഏറ്റവും സുന്ദരമായ സമാധാനപരമായ തിരുവനന്തപുരം ദിവസങ്ങൾക്കൊടുവിൽ, നിറഞ്ഞ കണ്ണുകളോടെ അവസാന വാർത്തയ്ക്കും തലക്കെട്ടിട്ട് ...

നീണ്ടു പോയ കൊമ്പ് മുറിക്കാൻ വനം വകുപ്പിന്റെ അനുമതി കാത്തു നിൽക്കുന്ന ദേവസ്വം ആനയുടെ പടത്തിന് - സൗന്ദര്യം ഒരു ശാപമായി - എന്നു ക്യാച്ച് വേഡ് ഇട്ട് ഇറങ്ങുമ്പോൾ കൈ വിറച്ചു. കാലുകൾ പതറി.

ലോകം പുതുവർഷത്തിന്റെ ആഘോഷത്തിലമരുമ്പോൾ മരവിച്ച പോലെ ഞാൻ സ്വൈപ്പിങ് മെഷീനിൽ വിരലമർത്തി.
നാളെ ഞാൻ വരുമ്പോൾ ഈ മെഷീനിൽ വിരലമർത്തുമ്പോൾ യന്ത്രം പറയും - ഇവളെ ഞാൻ അറിയുന്നില്ല....

തീർന്നു , മാമ്പഴക്കാലം.....

ഇനി ബിഷപ് മൂർ കോളേജിലെ കുട്ടികൾക്കൊപ്പം സന്ദർശനമോ ഓർക്കുക വല്ലപ്പോഴുമൊക്കെ ചൊല്ലുന്ന ഞാൻ ...

2018ൽ ഞാനൊരു പത്ര പ്രവർത്തകയല്ല

ആ അർധരാത്രി ശംഖുമുഖത്തെ കടൽ കണ്ടു നിൽക്കെ കടൽ എന്റെ അകത്തേക്ക് കടന്നു വന്നു.പതുക്കെ വളരെ പതുക്കെ

ജുവനൈൽ ഹോമിലെ അമൽകുഞ്ഞേ , നീയുമുണ്ട്, ആ കടലിൽ!

(രേഖയുടെ ഫേസ്ബുക് പോസ്റ്റ്)

COMMENTS