Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightഇന്ദിരാഗാന്ധിക്ക്...

ഇന്ദിരാഗാന്ധിക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നോ‍? സാഗരിക ഘോഷ് പറയുന്നു

text_fields
bookmark_border
ഇന്ദിരാഗാന്ധിക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നോ‍? സാഗരിക ഘോഷ് പറയുന്നു
cancel

അരക്ഷിതത്വം അനുഭവിച്ചിരുന്ന മകൾ, വഞ്ചിക്കപ്പെട്ട ഭാര്യ, ഒരു രാഷ്ട്രത്തിന്‍റെ തന്നെ നായിക, ആർക്കും വഴങ്ങാത്ത ഏകാധിപതി  സാഗരിക ഘോഷ് തന്‍റെ പുസ്തകത്തിൽ ഇന്ദിരാ ഗാന്ധിയെ വിശേഷിപ്പിച്ചിരിക്കുന്നത് ഇങ്ങനെയെല്ലാമാണ്. 'ഇന്ദിര-ഇന്ത്യയിലെ ഏറ്റവും ശക്തയായ പ്രധാനമന്ത്രി' എന്ന് പുസ്തകത്തിന് പേരിടുമ്പോഴും ഇന്ദിരയുടെ വ്യക്തി ജീവിതത്തിന് വേണ്ടി ഒരുപാട് പേജുകൾ നീക്കിവെക്കുന്നുണ്ട് സാഗരിക. ഫിറോസ്-ഇന്ദിര ദാമ്പത്യ ബന്ധത്തിലെ വിള്ളലുകൾ ഇന്ദിരയുടെ ജീവിതത്തെ അലട്ടിയിരുന്നു എന്നും പുസ്തകത്തിൽ പറയുന്നു. നെഹ്റുവിന്‍റെ സെക്രട്ടറിയായിരുന്ന എം.ഒ മത്തായിയുമായുള്ള ബന്ധത്തെക്കുറിച്ചും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ഒരു പുസ്തകത്തിന്‍റെ ഏറ്റവും നല്ല സെല്ലിങ് പോയിന്‍റ് വിവാദങ്ങൾ തന്നെ എന്നതിന് തർക്കമില്ല. അതുകൊണ്ടായിരിക്കാം, മത്തായിയും ഇന്ദിരയും തമ്മിലുള്ള ബന്ധം വ്യക്തമാക്കാൻ മത്തായിയുടെ തന്നെ 'നെഹ്രു കാലഘട്ടത്തെക്കുറിച്ചുള്ള സ്മൃതി' എന്ന പുസ്തകത്തിലെ ചില ഭാഗങ്ങളും ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. 

indira-firoz.jpg
ഫിറോസും ഇന്ദിരയും
 

ആദ്യം പിൻനിരയിൽ ഒതുങ്ങാൻ ഇഷ്ടപ്പെട്ടിരുന്ന ഫിറോസ് പിന്നീട് പാർലമെന്‍റിലെ തിളക്കമുള്ള നക്ഷത്രമായി മാറി. ഇൻഷൂറൻസ് കമ്പനികളുടെ അനധികൃത ബന്ധങ്ങൾ തുറന്നുകാട്ടിയ അദ്ദേഹം ഈ കമ്പനികൾ ദേശസാൽക്കരിക്കണമെന്ന് വാദിച്ചു. പത്രസ്വാതന്ത്ര്യത്തിന്‍റെ വക്താവായിരുന്ന ഫിറോസാണ് പാർലമെന്‍റ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നതിനാവശ്യമായ നിയമ നടപടികൾക്ക് തുടക്കം കുറിച്ചത്. 

ഈ വിജയങ്ങൾക്കിടക്കും ഫിറോസിന്‍റെ ഡൽഹിയിലേക്കുള്ള പറിച്ചുനടൽ ഇന്ദിര-ഫിറോസ് ബന്ധം മെച്ചപ്പെടാൻ ഉതകിയില്ല. തീൻമൂർത്തി ഭവനിലെ താമസവും ഭാര്യാ പിതാവിന്‍റെ  സാന്നിധ്യവും ഫിറോസിനെ അസ്വസ്ഥനാക്കി. നെഹ്റുവിനെ ആരാധിച്ചിരുന്ന ഫിറോസിന് പക്ഷെ 'പ്രധാനമന്ത്രിയുടെ മരുമകൻ' എന്ന പദവിയോട് ഒട്ടും താൽപര്യമില്ലായിരുന്നു. 

ഫിറോസിന്‍റെ സൗഹൃദങ്ങൾ വിവാദങ്ങൾക്ക് തിരി കൊളുത്തിയതും ഇക്കാലത്താണ്. താരകേശ്വരി സിഹ്ന, മഹ്മുന സുൽത്താൻ, സുഭദ്ര ജോഷി എന്നീ  പാർലമെന്‍റിലെ ഗ്ളാമർ താരങ്ങളുമായുള്ള ബന്ധം പരസ്യമാക്കുന്നതിൽ ഫിറോസും ആനന്ദം കണ്ടെത്തിയിരുന്നു എന്ന് വേണം കരുതാൻ. വിവാഹിതയും അതിന്‍റെ അന്തസ് കാത്ത് സൂക്ഷിക്കുന്നതിൽ വ്യഗ്രതയുള്ളവളുമാണ്  താനും എന്ന് താരകേശ്വരി ഒരിക്കൽ പറഞ്ഞു. രണ്ട് പേർ ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചാലുടനെ വിവാദങ്ങൾ പരക്കുകയായി. ഇത്തരം വിവാദങ്ങളിൽ വിശ്വസിക്കുന്നുണ്ടോ എന്ന് ഒരിക്കൽ താരകേശ്വരി തന്നെ ഇന്ദിരാഗാന്ധിയോട് നേരിട്ട് ചോദിച്ചതായി പറയുന്നു. അതേക്കുറിച്ച് ഒട്ടും വ്യാകുലതയില്ല എന്നാണത്രെ അതിന് ഇന്ദിര മറുപടി പറഞ്ഞത്.

indira -nehru
നെഹ്റുവും ഇന്ദിരയും
 

ഇതേസമയം, നെഹ്റുവിന്‍റെ സെക്രട്ടറിയായ എം.ഒ മത്തായിയുമായി ഇന്ദിരക്കുള്ള ബന്ധത്തെക്കുറിച്ചും ഗോസിപ്പുകൾ പടർന്നു. 1946 മുതൽ 1959 വരെയുള്ള 13 വർഷം മലയാളി‍യായ ഈ കുറിയ മനുഷ്യൻ നെഹ്റുവിന്‍റെ വിശ്വസ്തയുള്ള നിഴലായിരുന്നു. വളരെ ആകർഷമായ വ്യക്തിത്വവും വിവിധ ഭാഷകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നല്ല സംഭാഷണ ചാതുരിയും ഉള്ള മത്തായിയെ മാക് എന്നായിരുന്നു അടുപ്പക്കാർ വിളിച്ചിരുന്നത്. മത്തായിയും നെഹ്റുവുമായുള്ള അടുപ്പം ഇന്ദിരയിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു എങ്കിലും മത്തായി ഇന്ദിരയുടെ കാമുകനായിരുന്നുവെന്നും ചിലർ ആരോപിക്കുന്നുണ്ട്. വിജയലക്ഷ്മി പണ്ഡിറ്റും എഡ്വിന മൗണ്ട്ബാറ്റൺ എന്നിവരുമായുള്ള നെഹ്റുവിന്‍റെ ബന്ധം പോലും ഇന്ദിരയിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

മത്തായിയുടെ ജീവചരിത്ര ഗ്രന്ഥമായ 'നെഹ്റു കാലഘട്ടത്തെക്കുറിച്ചുള്ള സ്മൃതി'യിൽ  ഈ ആരോപണം സത്യമായിരുന്നു എന്ന് തെളിയിക്കാനുള്ള നിരവധി തെളിവുകൾ കണ്ടെത്താവുന്നതാണ്. 'ഷീ' എന്ന അധ്യായത്തിൽ 'അവളെ'ക്കുറിച്ച് അംഗപ്രത്യംഗ വർണന പോലും നടത്തുന്ന മത്തായി അവളുടെ തണുത്ത പ്രതികരണം സ്ത്രീസഹജമായ പ്രതിരോധം മാത്രയിരുന്നുവെന്ന് പറയുന്നു. ഈ പുസ്തകം ഇനിയും പുറത്തിറക്കാൻ കഴിയാത്തതിന് കാരണവും ഈ അധ്യായത്തിൽ അദ്ദേഹം നൽകുന്ന വിശദാംശങ്ങൾ തന്നെയായിരിക്കാം. ഒത്തുനോക്കാനായി 'ഷീ' എന്ന അധ്യായത്തിന്‍റെ കയ്യെഴുത്തു പ്രതി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് പുസ്തകത്തിന്‍റെ പ്രസാധകരായ ഹർ ആനന്ദും പബ്ളിഷേഴ്സും വ്യക്തമാക്കുന്നു.

reminiscences of the Nehru Age

എന്തായാലും ഇന്ദിരയും മത്തായിയും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നതിനെക്കുറിച്ച് കൃത്യമായ തെളിവുകളൊന്നുമില്ല. എന്നാൽ നെഹ്റു കുടുംബത്തോട് അടുപ്പം സൂക്ഷിച്ചിരുന്ന പലരും അത്തരത്തിലുള്ള ബന്ധം സത്യമാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന നിലപാടിലാണ്. നെഹ്റുവിന്‍റെ ജീവചരിത്രകാരനായ സർവേപ്പിള്ളി ഗോപാലും ബി.കെ. നെഹ്റുവും സാധ്യത തള്ളിക്കളയുന്നില്ല. ഷീ എന്ന അധ്യായത്തിൽ കെട്ടുകഥയേക്കാൾ കൂടുതൽ സത്യം ഉണ്ടെന്നാണ് ബി.കെ. നെഹ്റുവിന്‍റെ പക്ഷം.

നെഹ്റുവിന് വലിയ കോട്ടം വരുത്തിവെച്ചയാളാണ് മത്തായി എന്ന് നെഹ്റു-ഗാന്ധി കുടുംബത്തോട് ഏറെ അടുപ്പം സൂക്ഷിച്ചിരുന്ന നട്വർ സിങ് പറയുന്നു. മത്തായി സി.ഐ.എയുടെ ചാരനായിരുന്നു. ഫിറോസിന്‍റെ സുഹൃത്ത് നിഖിൽ ചക്രവർത്തി മത്തായിയുടെ യഥാർത മുഖം വെളിച്ചത്ത് കൊണ്ടുവന്നതിന് ശേഷം 1959ലാണ് മത്തായി നെഹ്റുവിന്‍റെ സെക്രട്ടറി പദം ഒഴിഞ്ഞത്.  അതിനാൽ തന്‍റെ വ്യക്തിവിരോധം തീർക്കുകയായിരുന്നു ഈ പുസ്തകത്തിലൂടെ എന്നാണ് കോൺഗ്രസ് മന്ത്രിയും ദീർഘകാലം പാർലമെന്‍റേറിയനുമായിരുന്നു നട് വർ സിഹ്ങിന്‍റെ അഭിപ്രായം.

Show Full Article
TAGS:sagarika ghose Indira- India&39;s most powerful prime minister M O Mathai feroz gandhi Jawaharlal Nehru 
Web Title - sagarika khose's book about Indira gandhi
Next Story