Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപിരിയൻ ഗോവണിക്കു...

പിരിയൻ ഗോവണിക്കു കീഴിലെ ഒറ്റ ജീവിതങ്ങൾ

text_fields
bookmark_border
പിരിയൻ ഗോവണിക്കു കീഴിലെ ഒറ്റ ജീവിതങ്ങൾ
cancel

ആഖ്യാനതന്ത്രം കൊണ്ടും ഭാഷകൊണ്ടും വായനക്കാരനെ അൽഭുതപ്പെടുത്തുന്ന എഴുത്തുകാരനാണ്​ യുവ എ​​ഴുത്തുകാരിൽ ശ്രദ്ധേയനായ വി.എം ദേവദാസ്. കഥകളു​ടെ തട്ടകത്തിൽ ഇതിനകം തന്നെ ത​​​െൻറ ഇടം ഉറപ്പാക്കിയ ദേവദാസി​​​െൻറ ഏറ്റവും പുതിയ സമാഹാരമായ ‘അവനവൻ തുരുത്തും’ വായനയുടെ വ്യത്യസ്​തമായ അനുഭവം പകരുന്നുണ്ട്​. കുളവാഴ, ചാച്ചാ, നാടകാന്തം, അവനവൻ തുരുത്ത്, മാ​ന്ത്രികപ്പിഴവ്, ആഗ്രഹസ്തം, നഖശിഖാന്തം എന്നിങ്ങനെ ഏഴ്​ കഥകളാണ് ഉള്ളത്. ഓരോ കഥയും പുതുകാലത്തി​​​െൻറ ഭാവുകത്വം അടയാളപ്പെടുത്തുന്നു. അനുബന്ധ പഠനത്തിൽ വി.എം ദേവദാസിനെ പറ്റി സുനിൽ സി.ഇ പറയുന്നത് കൃത്യമാണെന്ന് കഥകൾ വായിച്ച​ു പുസ്​തകം മടക്കു​േമ്പാൾ മനസ്സിലാകും. ‘ഫ്ലെക്സിബിളിസകാലത്തി​​​െൻറ അഥവാ ലിംഗ്വിസ്റ്റിക് ഇലാസ്റ്റിസിസ (Linguistics elasticism) കാലത്തി​​​െൻറ പ്രചാരകനാണ് വി.എം. ദേവദാസ് എന്ന എഴുത്തുകാരൻ. അയാൾക്ക് ഭാഷ എഴുത്തെന്ന മാധ്യമത്തിലേക്കു പ്രവേശിക്കാനുള്ള പിരിയൻഗോവണിയാണ്’     
 
ആദ്യ കഥയായ ‘കുളവാഴ’ വിസ്​മയിപ്പിക്കുന്നുണ്ട്​. കഥയിലെ  സാഹചര്യങ്ങളെ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകുന്നതിനുള്ള രീതി മറ്റു കഥകളിൽ നിന്നും ഏറെ വ്യത്യസ്‍തമാണ്. ഗർഭവതിയായ നായികയാണ് കഥ പറയുന്നത്. അതും ത​​​െൻറ വയറ്റിൽ വളരുന്ന ഏതുനിമിഷവും അബോർഷ​​​െൻറ കൊടുങ്കാറ്റിൽ പറന്നു അലിഞ്ഞില്ലാതാകാൻ സാധ്യതയുള്ള ഒരു ജീവ​​​െൻറ തുടിപ്പിനോട്. ‘മെയിൽ ഷോവനിസത്തി​​​െൻറ കടുത്ത മര്യാദ ലംഘനങ്ങളെ ഒരു സാമൂഹികക്കരാർ സിദ്ധാന്തമുപയോഗിച്ചാണ് ദേവദാസ് ചികിൽസിക്കുന്നത്​. പുരുഷമേധാവിത്വത്തിനെതിരെ ഗതിവേഗമുള്ള ഭാവനകളെ അയയ്ക്കാൻ ഈ കഥാകാരൻ നടത്തുന്ന ശ്രമങ്ങൾ ഭാഷയുടെ ആയുധശേഖരമായി നാം മനസ്സിലാക്കേണ്ടതുണ്ട്​’ -^ കഥയുടെ ആന്തരിക ഭംഗിയെ ഇതിനെക്കാൾ  നന്നായി വിവരിക്കാൻ ആകില്ല എന്നതിനാലാണ് അനുബന്ധ പഠനത്തിൻറെ വരികൾ ഇവിടെ കുറിച്ചിട്ടത്. സ്ത്രീ പുരുഷ ബന്ധത്തി​​​െൻറ നേർരേഖ മുറിയുന്നത് കഥയിൽ വിവരിക്കുന്ന രീതി പെണ്ണി​​​െൻറ കാഴ്ച മാത്രമായി ചുരുക്കി കാണേണ്ടതില്ല.

‘ഏറെ ഭാവി പദ്ധതികളും ജീവിതത്തെക്കുറിച്ച് വ്യക്തമായ ലക്ഷ്യബോധമുണ്ടെന്നു കരുതിയിരുന്ന കാലത്താണ് ഞാനവനെ പ്രണയിക്കാൻ തുടങ്ങിയത്. അവ​​​െൻറയുള്ളിൽ സൂത്രശാലിയും അപകടകാരിയുമായ മറ്റൊരു ജീവിയുണ്ടെന്നു തിരിച്ചറിവുണ്ടായ കാലത്താണ് ഞാനവനെ ചെറുതായി ഭയപ്പെടാൻ തുടങ്ങിയത്. എങ്കിലും എന്നെയവൻ കൂടെകൂട്ടുമെന്നുള്ള വിശ്വാസമുണ്ടായിരുന്നു. കാര്യങ്ങളെങ്ങനെ മുന്നോട്ടു പോയികൊണ്ടിരിക്കെ ബന്ധത്തെ ഉറപ്പിക്കുന്നതിനും ശരീരത്തെ ശമിപ്പിക്കുന്നതിനുമായി ഞങ്ങൾ കാണിച്ച കുറുമ്പുകൾക്കിടെ നേരവും സുരക്ഷയും തെറ്റിയൊരു നേരത്ത് നീയെ​​​െൻറ വയറ്റിൽ  ജീവനെടുത്തു’. സ്വാഭാവികമായും ഈ വരികളിൽ നിന്നും ഏകദേശ ധാരണ കിട്ടും എന്നായിരിക്കും കഥാവായനയുടെ തുടക്കത്തിൽ നമുക്ക് തോന്നുക. എന്നാൽ, തുടർന്നങ്ങോട്ട് കഥയുടെ ഒരു ഘട്ടം മാറുകയാണ്. ഗുണ്ടാ ആൻറണിയുടെ ഇടപെടൽ നമ്മിൽ സംശയം ജനിപ്പിക്കും. എങ്കിലും, അതും നായികയുടെ ഒരു തന്ത്രം ആയിരുന്നു എന്നത് കഥയിലെ പ്രധാന  ട്വിസ്റ്റ് ആണ്. ഗർഭസ്ഥ ശിശുവിനോട് അവർ തന്നെ പറയുന്ന കഥയാണ്. യാഥാർഥ്യവും ഭാവനയും സമന്വയിപ്പിച്ച് പക്വമായി കഥാരചന നടത്താൻ ദേവദാസിന് കഴിയുന്നു. ‘മൂന്നുമാസമായി നീയെ​​​െൻറ വയറ്റിലുള്ള  കാര്യം എനിക്കും അവനും ഐകെയർ ഹോസ്പിറ്റലുകാർക്കും, പിന്നെ നിനക്കും മാത്രമല്ലേ  അറിയൂ’. ഇവിടെ നാലാമത്തെ ആളാണ് ഗർഭസ്ഥ ശിശു. അമ്മയും കുഞ്ഞും തമ്മിലുള്ള ജൈവികമായ ബന്ധത്തിനപ്പുറം സാമൂഹികമായ ഒരു സംവാദമാണ് അവർ തമ്മിൽ നടക്കുന്നത്.

തികച്ചും അസ്വാഭാവികമാകാമായിരുന്ന ഈ രീതിയെ വളരെ സമർത്ഥമായി കഥയിലേക്ക്‌ ദേവദാസ് സമന്വയിപ്പിക്കുന്നു. ഇവിടെയാണ് കഥ വിജയിക്കുന്നതും. ദേവദാസി​​​െൻറ കഥയിലൊക്കെ തന്നെ അറിഞ്ഞോ അറിയാതെയോ മരണം ഒരു ഓർമപ്പെടുത്തലാണ്. ഇവിടെയും ജനിച്ചില്ല എങ്കിലും നാളെയോ മറ്റന്നാളോ ആ ജീവൻ ഉദരത്തിൽ നിന്നും മുറിച്ചുമാറ്റുന്നതോടെ ഒരു ബന്ധത്തി​​​െൻറ നേർരേഖ മുറിച്ചുമാറ്റുന്നു. ഗർഭാവസ്ഥയിൽ കഴിയുന്ന കുഞ്ഞിലേക്ക് പോലും സാമൂഹിക ജീവിതത്തി​​െൻറ ഭീഷണികൾ വിവിധ രൂപത്തിൽ ഇഴഞ്ഞുചെല്ലുകയാണ്. ഗർഭസ്ഥ ശിശുവുമായുള്ള സല്ലാപം ഒരു സ്ത്രീക്ക് പറയാനുള്ള ധീരമായ കാൽവെപ്പുകളാണെന്നു പറയാതെ പറയുന്നു. ഒപ്പം പുരുഷാധിപത്യത്തി​​െൻറ നെടുംതൂണുകളിൽ ശക്തമായ പ്രകമ്പനം ഉണ്ടാകാനും കഥക്ക് ആവുന്നുണ്ട്.  
 
കുളവാഴയിൽ നിന്നും വ്യത്യസ്തമാണ്​ അവനവൻ തുരുത്ത്. ഇതുതന്നെയാണ് പുസ്തകത്തി​​െൻറ ശീർഷകവും. ‘പ്രതികാരം തീർന്നവ​​​െൻറ കൈയിലെ ആയുധം അർബുദംപോലെ അപകടമാണ്. അത് പിന്നെ കൈവശക്കാരനു  നേരെ തിരിയാനുള്ള, ഉടയോനെത്തന്നെ ഇല്ലാതാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്’ ഓരോ മനുഷ്യരും സ്വയം ഒരു ദ്വീപായി മാറുന്നുണ്ടോ എന്ന സംശയം ഒട്ടുമിക്കവരിലും ജനിച്ചിട്ടുണ്ടാകും. സ്വയം ഒരു ദ്വീപായി ചുരുങ്ങിയ ഐസക്കി​​െൻറ മനോവിചാരങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. താൻ കണ്ടുതീർത്ത  ജീവിതങ്ങളിൽ നിന്നും ഉണ്ടായ  അനുഭവങ്ങൾ വരിഞ്ഞു മുറുക്കിയതിനാലാകാം തന്നിൽ പ്രതികാര വാഞ്ചയുണ്ടാകുന്നത്. നിരീശ്വരവാദത്തിൽ എത്തപ്പെടുന്നത്. കഥാ പഠനത്തിൽ സുനിൽ നൽകിയ വിവരണം വളരെ കൃത്യമാണ് ‘തിന്മ ശ്വസിച്ചുകഴിയുന്ന മനുഷ്യരുടെ ഏകാന്തതക്കും ഭയത്തിനും പ്രതികാരദാഹത്തിനും അധർമ്മത്തി​​െൻറ രുചിയുണ്ടാകും’  അവനവൻ തുരുത്ത് ഇക്കാര്യം ​െവളിവാക്കുന്നത് ദേവദാസി​​െൻറ സമർഥമായ ആഖ്യാനത്തിലൂടെയാണ്. ജീവിതത്തെയും മരണത്തെയും ചുറ്റിത്തിരിഞ്ഞു നിൽക്കുന്ന ഈ മാന്ത്രികത തെല്ലൊന്നു മാറിയാൽ ഉണ്ടാകാവുന്ന വിരസതയെ  എഴുത്തി​​െൻറ മാസ്​മരികത കൊണ്ട് ഭംഗിയായി മറികടക്കുന്നു.

പ്രണയ ജീവിതത്തി​​​െൻറ വിചാരങ്ങളെ മനശാസ്ത്രപരമായി സമീപിക്കുന്ന ‘അഗ്രഹസ്തം’ മരണമെന്ന യാഥാർഥ്യത്തെ അതി​​െൻറ പൂർണതയോടെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ‘നാടകാന്തം’, നരകത്തി​​െൻറ കഥ പറയുന്ന ‘നഖശിഖാന്തം’,  ചാച്ചാ, മാന്ത്രികപ്പിഴവ്  തുടങ്ങിയ മികച്ച ഏഴു  കഥകളുടെ സമാഹാരമാണ് അവനവൻതുരുത്ത്. ഏഴുകഥകളെയും സമഗ്രമായി വിലയിരുത്തുന്ന  സുനിൽ സി.ഇ യുടെ ‘വായനയുടെ പിരിയൻ ഗോവണികൾ’ എന്ന അനുബന്ധ പഠനവും അനുയോജ്യമായി.

പുതിയ തലമുറയിൽ ഏറെ പ്രതീക്ഷ തരുന്ന എഴുത്തുകാരനാണ് വി എം ദേവദാസ്. എഴുതുമ്പോൾ ഒക്കെ ഒരു എക്സ്ട്രാ ജീനി​​െൻറ പ്രതിപ്രവർത്തനം ഇപ്പോഴും ദേവദാസ് എന്ന എഴുത്തുകാരനിൽ സംഭവിക്കുന്നു എന്ന നിരീക്ഷണം അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് ഈ കഥകളിലൂടെ സഞ്ചരിക്കുമ്പോൾ മനസിലാകും. 

 

അവനവൻതുരുത്ത്  
(കഥാ സമാഹാരം)
വി എം ദേവദാസ്

പ്രസാധകർ:  ഡി സി ബുക്ക്സ്
112  പേജ്, വില 100

Show Full Article
TAGS:V M Devadas Avanavanthuruthu 
Web Title - Review of Avanavan thuruthu
Next Story