എൻ.പിയുടെ എഴുത്തു വഴികളിലൂടെ

എഴുത്തിെൻറയും ചിന്തയുടെയും ലോകത്ത് നിരന്തരം വ്യാപരിച്ചിരുന്ന ബഹുമുഖ പ്രതിഭയായിരുന്നു എൻ.പി. മുഹമ്മദ്. കറകളഞ്ഞ മാനവസ്നേഹവും പ്രകൃതിയോടുള്ള അതിരറ്റ മമതയും ചിന്തയുടെ മൗലികതയും അദ്ദേഹത്തിെൻറ രചനകൾക്ക് വ്യത്യസ്ത പരിവേഷം നൽകി. സ്ഫുടംചെയ്തെടുത്ത ആശയങ്ങളും ചിന്താധാരയും അദ്ദേഹത്തിെൻറ ധൈഷണിക ജീവിതത്തിന് ശക്തി പകർന്നു. കഥകൾ, നോവലുകൾ, ബാലസാഹിത്യം, ഉപന്യാസങ്ങൾ, തിരക്കഥ തുടങ്ങി സാമൂഹിക പ്രബോധനം വരെ കർമരംഗമാക്കിയ എൻ.പിയുടെ ജീവിതം പകർത്താൻ ബൃഹത്തായ ഒരു ഗ്രന്ഥംതന്നെ വേണ്ടിവരും. എന്നാൽ, അദ്ദേഹത്തെക്കുറിച്ച് അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ സമഗ്രതയോടെ അനായാസം വായിച്ചുപോകാവുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ‘എൻ.പി. മുഹമ്മദ്’ എന്ന കൃതിയിൽ എം.പി. ബീന. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ‘അറിവ് നിറവ്’ എന്ന ലഘുജീവചരിത്ര ഗ്രന്ഥപരമ്പരയിൽപെട്ട പുസ്തകമാണിത്.

1929ൽ ജനിച്ച് 2003ൽ വിടപറഞ്ഞ എൻ.പിയുടെ ജീവിതവും സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളും ഇരുപത്തിമൂന്ന് അധ്യായങ്ങളിലായി കാച്ചിക്കുറുക്കി എടുത്തിരിക്കുകയാണ് ഇൗ ഗ്രന്ഥത്തിൽ. നിലപാടുകൾ മുതൽ കുടുംബ ജീവിതം വരെയുള്ള എൻ.പി. മുഹമ്മദിെൻറ തെളിമയാർന്ന ചിത്രമാണ് ഇൗ കൃതി വരച്ചിടുന്നത്. സമൂഹത്തിലെ അനീതികൾക്കെതിരെ, അത് മതമായാലും രാഷ്ട്രീയമായാലും എൻ.പിയുടെ ഉള്ളിലെ കലാപകാരി സദാ പോരാടിയിരുന്നു. എഴുത്തിലൂടെയും പ്രതികരണങ്ങളിലൂടെയും അദ്ദേഹം അവസാനം വരെ തലയുയർത്തിപ്പിടിച്ചുനിന്നു. ദേശീയ പ്രസ്ഥാനത്തിെൻറ കരുത്തുറ്റ നേതാവായ എൻ.പി. അബുവിെൻറ മകന് അങ്ങനെയാവാനേ കഴിയൂ.

മഹദ്വ്യക്തികളുടെ ജീവിതം ലോകമറിയേണ്ടത് ആവശ്യമാണ്. അവരിലലിഞ്ഞുചേർന്ന അനുകരണീയങ്ങളായ സൂക്ഷ്മാംശങ്ങളെ അടുത്തറിയേണ്ടത് അത്യാവശ്യവും. അതിനാൽ ജീവചരിത്രകൃതികൾ എക്കാലത്തും പ്രസക്തമാണ്. സമ്പന്നമായ എഴുത്തിെൻറ ലോകവും സ്നേഹലാളിത്യങ്ങളുടെ നറും കാറ്റുവീശുന്ന കുടുംബപശ്ചാത്തലവും കൃത്യനിഷ്ഠയിലധിഷ്ഠിതമായ ഒൗദ്യോഗിക ജീവിതവും സൗഹൃദക്കൂട്ടായ്മകളുംകൊണ്ട് നിറഞ്ഞിരുന്ന എൻ.പിയുടെ ജീവിതത്തെ പൂർവ മാതൃകകളൊന്നുമില്ലാതെതന്നെ അനായാസം രേഖപ്പെടുത്താൻ ഇൗ കൃതിക്ക് കഴിയുന്നുണ്ട്. വൈകാരികതയും സാമൂഹികതയും ദർശന വൈപുല്യവും ഒത്തിണങ്ങിയവയാണ് എൻ.പിയുടെ രചനകളെന്ന് ഗ്രന്ഥകാരി വിലയിരുത്തുന്നു. മനുഷ്യജീവിതത്തിലെ സങ്കീർണ പ്രശ്നങ്ങളാണ് അദ്ദേഹത്തിെൻറ തൂലികക്ക് വിഷയമായത്.

കല്ലായിപ്പുഴയും അതിനു ചുറ്റുമുള്ള ജീവിതങ്ങളും കൃതികൾക്ക് ബാഹ്യവും ആന്തരികവുമായ ശോഭ പകർന്നുനൽകി. എൻ.പിയുടെ ഏഴു നോവലുകളെക്കുറിച്ചും ചെറുകഥകളെക്കുറിച്ചും പ്രൗഢവും ആസ്വാദനപ്രദവുമായ ലേഖനങ്ങളെക്കുറിച്ചുമുള്ള ലഘുവിവരണങ്ങൾ ഗ്രന്ഥത്തിലുണ്ട്. വ്യക്തിജീവിതത്തെക്കുറിച്ചും സാഹിത്യ ജീവിതത്തെക്കുറിച്ചും മൊത്തത്തിലുള്ള പരാമർശങ്ങളാണ് ഇൗ കൃതിക്ക് ആവശ്യം എന്നതുകൊണ്ട് അദ്ദേഹത്തിെൻറ കൃതികളെ നിരൂപണബുദ്ധ്യാ ഇതിൽ സമീപിച്ചിട്ടില്ല. എൻ.പിയെക്കുറിച്ച് ഒരു സാധാരണ വായനക്കാരന് അറിയേണ്ടതെല്ലാം ഇതിലുണ്ട്. എഴുത്തിെൻറ ജനിതക ഘടകങ്ങളില്ലാതിരുന്നിട്ടും അദ്ദേഹത്തെ എഴുത്തുകാരനാക്കിയതിൽ ആഴത്തിലുള്ള വായനക്ക് പങ്കുണ്ട്. കോഴിക്കോടിെൻറ സൗഹൃദസദസ്സായിരുന്ന ‘കോലായ’യിൽ നിത്യസാന്നിധ്യമായിരുന്നു അദ്ദേഹം.

മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, ഉറൂബ്, ബഷീർ, എം.ടി, അഴീക്കോട്, എൻ.എൻ. കക്കാട് തുടങ്ങിയവരുമായുള്ള സൗഹൃദം ഇൗ ഗ്രന്ഥത്തിൽ ഒാർമിക്കുന്നുണ്ട്. വളരെ ഉൗന്നൽ കൊടുത്ത് പരാമർശിക്കപ്പെടുന്ന വ്യക്തിയാണ് എൻ.പിയുടെ സന്തതസഹചാരിയായിരുന്ന ഭാര്യ ബിച്ചാത്തു. അദ്ദേഹത്തിെൻറ ഉൗഷ്മളമായ കുടുംബജീവിതത്തിന് അടിത്തറ പാകുന്നതിൽ ഒട്ടും ചെറുതല്ലാത്ത സ്ഥാനം ബിച്ചാത്തുവിനുണ്ട്. സ്ഥാനമാനങ്ങളോട് നിസ്സംഗനായി നിന്ന എൻ.പി തന്നെ തേടിവന്ന സ്ഥാനങ്ങൾ മാത്രം സ്വീകരിച്ചു. തെൻറ അധികാരത്തെ മലയാള ഭാഷയുടെയും സാഹിത്യത്തിെൻറയും പരിപോഷണത്തിനായി ഉപയോഗിച്ചു. ഒേട്ടറെ സൗഹൃദങ്ങളും വിപുലമായ സാഹിത്യ പ്രവർത്തനങ്ങളും ഉണ്ടായിട്ടും സാഹിത്യലോകം എൻ.പിയെ എഴുതാൻ മടിച്ചു. അഭിമുഖങ്ങൾ ആഗ്രഹിക്കാത്ത, ജീവചരിത്ര രചനയെ പ്രോത്സാഹിപ്പിക്കാത്ത എൻ.പിയെക്കുറിച്ച് ജീവചരിത്ര ഗ്രന്ഥമുണ്ടാവുക അസാധ്യമായിരുന്നു. അതുകൊണ്ടുതന്നെ എൻ.പി. മുഹമ്മദിെൻറ ജീവിതത്തെക്കുറിച്ചും സാഹിത്യ സംഭാവനകളെക്കുറിച്ചും തുടർപഠനങ്ങൾക്ക് ഇൗ പുസ്തകം വഴികാട്ടുമെന്ന് പ്രതീക്ഷിക്കാം.

COMMENTS