ചെകുത്താന്മാര്‍ വേദമെഴുതും കാലം

അതിപുരാതനമായ ഒരു ആര്‍കിടൈപ്പാണ് ചെകുത്താന്‍. സഹസ്രാബ്ദങ്ങളിലൂടെ സാമൂഹ്യാബോധമനസ്സില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ആദിരൂപം. ലിബിഡോയുടെ ജാന്തവികമായ (animal) വശമായിട്ടാണ് പ്രമുഖ മനശ്ശാസ്ത്രജ്ഞനായ കാള്‍ ഗുസ്താവ് യുങ് ഇതിനെ കാണുന്നത്. മനുഷ്യമനസ്സാക്ഷിയെക്കാള്‍, അവന്റെ ഇച്ഛാശക്തിയെക്കാള്‍, സ്വയംഭരണാധികാരമുള്ള ഒരു ശക്തിയായും ഇതിനെ അദ്ദേഹം നിരീക്ഷിക്കുന്നു. നന്മതിന്മകള്‍, പാപപുണ്യങ്ങള്‍, സ്വര്‍ഗനരകങ്ങള്‍ തുടങ്ങി വ്യത്യസ്തമായ പ്രമേയങ്ങളുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്.ദൈ്വതമതങ്ങളില്‍ (duelistic religions) പൊതുവെ നന്മതിന്മകള്‍ സ്വതന്ത്രമായ അസ്തിത്വമുള്ള രണ്ട് ശക്തികളായിട്ടാണ് സങ്കല്‍പിക്കപ്പെട്ടിരിക്കുന്നത്. സൊറാസ്ട്രിയനിസത്തില്‍ അഹുരമസ്ദ നന്മയെയും അന്‍ഗ്രാമെന്യു തിന്മയെയും പ്രതിനിധീകരിക്കുന്നു. ഈ രണ്ട് സ്വതന്ത്രശക്തികള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ പ്രപഞ്ചത്തിലെ ജീവിതമെന്ന് നിരീക്ഷിക്കുന്നു.

 

അതേസമയം ഏകദൈവമതങ്ങളില്‍ ദൈവത്തിന്റെ സൃഷ്ടിയാണ് ചെകുത്താന്‍. മനുഷ്യനെ സൃഷ്ടിച്ച ശേഷം അവനെ വണങ്ങുവാന്‍ മലക്കുകളോടും ജിന്നുകളോടും അല്ലാഹു കല്‍പിച്ചപ്പോള്‍ അസാസീല്‍ മാത്രം ധിക്കരിച്ചതായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കപ്പെടുന്ന അസാസീല്‍ ഇബ്‌ലീസ് എന്ന് വിളിക്കപ്പെടുന്നു. ബൈബിളിലും സമാനമായ സന്ദര്‍ഭമുണ്ട്. ലൂസിഫര്‍ അങ്ങനെ സാത്താനാകുന്നു. ഹിന്ദുമതത്തില്‍ ദുശ്ശക്തിയുടെ പ്രതീകമായ കലിക്ക് മദ്യം, ചൂത്, വേശ്യാസമ്പത്ത് എന്നിവ കൈകാര്യം ചെയ്യപ്പെടുന്ന ഇടങ്ങളില്‍ മനുഷ്യര്‍ക്ക് ദുര്‍ബോധനം നല്‍കാന്‍ പരീക്ഷിത്ത് സ്വാതന്ത്ര്യം നല്‍കുന്നു. മനുഷ്യന്‍ തെറ്റുകളിലേക്ക് ചായുന്നതിന് കാരണമായി ഈ രൂപകങ്ങള്‍ വ്യാഖ്യാനിക്കപ്പെടുന്നു.

ദൈവപ്രോക്തമായ മതങ്ങളുടെ ലക്ഷ്യം മനുഷ്യരെ നേര്‍വഴിക്ക് നയിക്കുകയാണ്. അതിനാണ് വേദങ്ങളുണ്ടായിട്ടുള്ളത്. എന്നാല്‍ ചെകുത്താന്മാര്‍ വേദമെഴുതുന്ന ഒരു കാലത്തെക്കുറിച്ചാണ് മതചിന്തകനും സാംസ്കാരിക വിമർശകനുമായ മുഹമ്മദ് ശമീമിന്‍റെ ഈ പുസ്തകം. 'ചെകുത്താന്‍ വേദമോതുന്നു' എന്ന് പറയാറുണ്ടല്ലോ. ശീര്‍ഷകത്തില്‍ത്തന്നെ ഈ വിരുദ്ധോക്തി കാണാം.

ആധുനികകാലത്തെ ആത്മീയവാണിഭങ്ങളെയും സ്ഥാപിതമതങ്ങളുടെ പൗരോഹിത്യഭാഷ്യങ്ങളെയും ആള്‍ദൈവങ്ങളെയും കള്‍ട്ടുകളെയും ആഭിചാരങ്ങളെയും തൊലിയുരിച്ചു കാണിക്കുന്ന, പലയാവര്‍ത്തി വായന ആവശ്യപ്പെടുന്ന കൃതിയാണിത്. ക്ഷോഭം, ഭ്രമം, ഹാസം, ഗൂഢം എന്നിങ്ങനെ നാല് ഭാഗങ്ങളിലായിട്ടാണ് തന്റെ പ്രമേയങ്ങള്‍ അദ്ദേഹം വിവരിക്കുന്നത്.

നിലനില്‍ക്കുന്ന വ്യവസ്ഥയോട് കലഹിച്ച് ഹിപ്പികള്‍ ഉണ്ടാക്കിയ സൈകഡലിക് ആത്മീയതയെ ക്ഷോഭം എന്ന ആദ്യഭാഗത്ത് അപഗ്രഥിക്കുന്നു. ഏകാന്തപഥികരും അസ്വസ്ഥരും അലഞ്ഞുനടക്കുന്നവരുമായ കലാകാരന്മാരുടെ മതം, ഡാഡായിസം, സര്‍റിയലിസം, അസ്തിത്വവാദം, അവാങ്ഗാദ് തുടങ്ങി സാഹിത്യ കലാരംഗങ്ങളില്‍ ഉയര്‍ന്നു വന്ന വിവിധ പ്രസ്ഥാനങ്ങളെയും പ്രവണതകളെയും സമഗ്രമായിത്തന്നെ വിലയിരുത്തുന്നു. പികാസോയുടെ ഗെര്‍ണിക്കയും ചാപ്ലിന്റെ സിനിമകളും കീര്‍ക്കിഗൊറിന്റെയും സാര്‍ത്രിന്റെയും അസ്തിത്വദര്‍ശനങ്ങളും റസ്സലിന്റെ അനലറ്റിക് തത്വചിന്തയും ജാക് കെറ്വോക്കിന്റെ കൃതികളും കാമുവിന്റെ നോവലുകളും സാമുവല്‍ ബെക്കറ്റിന്റെ നാടകങ്ങളും അലന്‍ ഗിന്‍സ്ബര്‍ഗിന്റെ കവിതകളും പ്രതിപാദിക്കപ്പെടുന്നു.

ലാഭക്കൊതിയും അധികാരേഛയും നിമിത്തം ലോകത്തെ നരകമാക്കിത്തീര്‍ത്ത സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥയാണ് ഈ ക്ഷോഭിക്കുന്ന തലമുറയെ സൃഷ്ടിച്ചതെന്ന് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നു. പോഞ്ഞിക്കര റാഫിയും സെബീനാ റാഫിയും ചേര്‍ന്നെഴുതിയ 'കലിയുഗം' എന്ന പുസ്തകത്തെ ഈ ഭാഗം ഓര്‍മിപ്പിക്കുന്നു. ഒരുപക്ഷേ, അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുമുണ്ടാവാം ഈ ഭാഗത്ത്. കലിയുഗം ഇറങ്ങിയ കാലത്ത് ഒരു കുറിപ്പ് അതിനെപ്പറ്റി ഞാനെഴുതിയിട്ടുണ്ട്. എഴുപതുകളിലാണത്.

രണ്ടാമത്തെ ഭാഗം 'ഭ്രമം' ആണ്. മനുഷ്യന്റെ ആത്മീയദാഹത്തെ ചൂഷണം ചെയ്ത് കൊഴുത്ത ആള്‍ദൈവങ്ങളെയും നവീനമതരൂപങ്ങളെയും കള്‍ട്ടുകളെയും ഇവിടെ വിചാരണ ചെയ്യുന്നു. ഉംബര്‍തോ എകോയുടെ 'നെയിം ഒഫ് ദ് റോസ്' എന്ന, ഉദ്വേഗജനകമായ നോവലിനെപ്പറ്റി അല്‍പം ദീര്‍ഘമായിത്തന്നെ പറയുന്നുണ്ട്. ചിഹ്നങ്ങളും സൂചകങ്ങളും പ്രതീകങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ രചനയില്‍ മതത്തിന്റെ തെറ്റായ പ്രയോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരാമര്‍ശിക്കുന്നതായി ഗ്രന്ഥകാരന്‍ ചൂണ്ടിക്കാട്ടുന്നു.

1960-70 കളില്‍ മുതലാളിത്ത രാജ്യങ്ങളില്‍ ശക്തി പ്രാപിച്ച ഹരേ കൃഷ്ണ പ്രസ്ഥാനം, മഹേഷ് യോഗിയുടെ ഗാഢധ്യാനം, കൂട്ട ആത്മഹത്യയിലേക്ക് അനുയായികളെ നയിച്ച ജിം ജോണ്‍സിന്റെയും ഡേവിഡ് കൊറേഷിന്റെയും ആത്മീയഭീകരത, റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ സാന്ത്വനചികില്‍സയുടെ മറവില്‍ സ്വാധീനം ചെലുത്തിയ റാസ്പുടിന്‍ തുടങ്ങിയ കള്‍ട് ഫിഗറുകളെയും കപട ആത്മീയാചാര്യന്മാരെയും, അവരുടെ നിഗൂഢ പരിവേഷങ്ങള്‍ വലിച്ചുകീറി യഥാര്‍ത്ഥ സ്വത്വങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. 'ജീവിതവിശുദ്ധിക്കും നീതിബോധത്തിനും പകരം കാലാന്തരത്തില്‍ ഭയം അടിസ്ഥാനമായി വന്നതോടെ ജ്ഞാനികളായ ആചാര്യന്മാരുടെയും പ്രവാചകന്മാരുടെയും അനുയായികളെ പൗരോഹിത്യ മേല്‍ക്കോയ്മയും വിരക്തിയും ഗൂഢാത്മകതയും വഴിതെറ്റിച്ചുവെന്നു വേണം കരുതാന്‍' എന്നും നിരീക്ഷിക്കുന്നുണ്ട്.

ഈ നവമുക്തിപ്രസ്ഥാനങ്ങളൊന്നും സാമൂഹ്യപ്രസ്ഥാനങ്ങളായിരുന്നില്ല, മറിച്ച് വൈയക്തികോന്മാദങ്ങളായിരുന്നു. പാപബോധവും വിരക്തിയും അസംതൃപ്തിയും കാരണം ആത്മീയ സാന്ത്വനം തേടുന്നവരുടെ ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്നവരാണ് പല ആള്‍ദൈവങ്ങളും.

അതേസമയം ആത്മീയമുഖമുള്ള സാമൂഹ്യവിമോചനപ്രസ്ഥാനങ്ങളുടെ മനശ്ശാസ്ത്രവും രാഷ്ട്രീയവും ഈ കൃതിയില്‍ വേറെത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. എത്യോപ്യയിലെ ഹെയ്‌ലെ സലാസിയുടെ പേരില്‍ ഉടലെടുത്ത റസ്റ്റഫാരി പ്രസ്ഥാനത്തിനും എലിജാ മുഹമ്മദും മാല്‍കം എക്‌സും ശക്തിപ്പെടുത്തിയ നാഷന്‍ ഒഫ് ഇസ്‌ലാമിനും പേരിലല്ലാതെ ക്രൈസ്തവ, ഇസ്‌ലാം മതങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല എന്നും സമര്‍ത്ഥിക്കുന്നു.

അധഃസ്ഥിത ജീവിതങ്ങള്‍ക്ക് വിമോചനമന്ത്രമാകേണ്ട ഇസ്‌ലാമിക, ക്രൈസ്തവ മതങ്ങള്‍ അധികാരശക്തിയെയോ പൗരോഹിത്യത്തെയോ പിന്തുണക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ലിംഗായത്ത് ദര്‍ശനവും പൊയ്കയില്‍ അപ്പച്ചന്റെ പ്രത്യക്ഷരക്ഷാദൈവസഭയും ഈ ഭാഗത്ത് പരാമര്‍ശിക്കപ്പെടുന്നുണ്ട്.

'വിശ്വാസം എന്ന ഇരുമ്പുദണ്ഡും ജഡികാചാരങ്ങളുടെ ചങ്ങലക്കെട്ടുകളും കൊണ്ട് സമൂഹത്തെ ചിന്താശൂന്യരാക്കി നിര്‍ത്താനുള്ള അഭ്യാസമായി സ്ഥാപിതമതങ്ങള്‍ അധഃപതിച്ചു പോയിട്ടുണ്ട്'. ഇത് എങ്ങനെ പരിഹാസമതങ്ങള്‍ക്ക് ജന്മം നല്‍കിയെന്ന് 'ഹാസം' എന്ന ഖണ്ഡത്തില്‍ വ്യക്തമാക്കുന്നു. സൃഷ്ടിവാദത്തെ ശാസ്ത്രവേഷം ധരിപ്പിച്ച് എഴുന്നള്ളിക്കുന്നതിലെ പരിഹാസ്യയും മുഹമ്മദ് ശമീം തുറന്നു കാട്ടുന്നുണ്ട്. 'പരിണാമസിദ്ധാന്തവും മതവുമായി നടന്ന എല്ലാ സംവാദങ്ങളിലും ഈ പരിഹാസധ്വനിയുണ്ടായിരുന്നു'.

ജീവന്‍ ജീവരൂപങ്ങളിലൂടെ വികസിക്കുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. യാഥാര്‍ത്ഥ്യബോധത്തോടെയുള്ള സമീപനമാണ് പരിണാമവാദത്തോട് അദ്ദേഹം സ്വീകരിക്കുന്നത്.

'ഗൂഢം' എന്ന അവസാനഖണ്ഡത്തിലാണ് ആഭിചാരങ്ങളും മന്ത്രവാദവും സാത്താനിസവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത്. അപൗരുഷേയമെന്നും ദൈവപ്രോക്തമെന്നും വിശേഷിപ്പിക്കപ്പെടുന്ന വേദപാഠങ്ങളുടെ അയുക്തികമായ വായനകളാണ്  ജ്യോതിഷം, ജിന്ന് സേവ, ഒക്കള്‍ട്ട് തുടങ്ങിയ, ഗൂഢാത്മകമായ പല പ്രസ്ഥാനങ്ങളിലേക്കും നയിക്കപ്പെടുന്നത്. പ്രവാചകന്മാരുടെ ലളിതമായ അധ്യാപനങ്ങളെ സ്ഥാപിതമതങ്ങള്‍ പലപ്പോഴും നിഗൂഢവല്‍ക്കരിക്കുകയാണ് ചെയ്തത്.

ഇതിന്റെ വേരുകള്‍ സംഘടിത മതങ്ങളുടെ പാരമ്പര്യങ്ങളില്‍ത്തന്നെ കണ്ടെത്തുന്നുണ്ട് ഗ്രന്ഥകാരന്‍. പ്രവാചകന്‍ പേരെടുത്ത് പറഞ്ഞ മഹാപരാധങ്ങളിലൊന്നായ സിഹ്ര്‍ എന്ന ആഭിചാരം മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിച്ചതെങ്ങനെയെന്ന് വസ്തുനിഷ്ഠമായി അദ്ദേഹം വിവരിക്കുന്നുണ്ട്. ലോകത്തെയോ ജീവിതത്തെയോ നിരസിക്കുന്ന ഒരു സമീപനം ഇസ്‌ലാമിനില്ല. ഈ മധ്യമചിന്ത തന്നെയാണ് ബുദ്ധന്റെയും കണ്‍ഫ്യൂഷസിന്റെയും അധ്യാപനങ്ങളില്‍ അദ്ദേഹം കാണുന്നത്.

ഇബ്‌ലീസ്, ലൂസിഫര്‍, സാത്താന്‍ തുടങ്ങിയ സങ്കല്‍പങ്ങളെ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്. വിലക്കപ്പെട്ട കനിയെ ലൈംഗികതയോട് ബന്ധപ്പെടുത്തുന്ന വ്യാഖ്യാനങ്ങളെ ഗ്രന്ഥകാരന്‍ തള്ളിക്കളയുന്നു. ക്രൈസ്തവതയിലെ ബ്രൈഡല്‍ തിയോളജിയിലെ പ്രണയസിദ്ധാന്തങ്ങളും കവിതകളും സൂഫീ ചിന്തകളുമായി എത്രത്തോളം ബന്ധപ്പെടുന്നുവെന്ന് വിവരിക്കുന്നു. സൂഫിസത്തിന്റെ പേരില്‍ പ്രചരിക്കുന്നതെന്തെന്ന് മനസ്സിലാക്കാന്‍ ഇതുപകരിക്കും.

പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന, ബഹുമുഖങ്ങളായ വിഷയങ്ങളെ മുഴുവന്‍ സൂചിപ്പിക്കാന്‍ സ്ഥലപരിമിതി അനുവദിക്കുന്നില്ല.

ചുരുക്കത്തില്‍ മതത്തിന്റെ പേരില്‍ പ്രചരിക്കപ്പെടുന്ന പല വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനഹ്ങളും മതങ്ങള്‍ മുന്നോട്ട് വെക്കുന്ന മൂല്യങ്ങളില്‍ നിന്ന് അകന്ന്, അവയ്ക്ക് വിരുദ്ധമായ പാതയിലൂടെത്തന്നെ സഞ്ചരിക്കുന്നതിലെ അപകടങ്ങളാണ് ചെകുത്താന്റെ വേദപുസ്തകത്തില്‍ സമഗ്രമായും സമര്‍ത്ഥമായും പ്രതിപാദിക്കപ്പെടുന്നത്. 'ഒരു വ്യക്തി തന്റെ സ്വത്വത്തെ സമൂഹത്തിലേക്ക് പ്രസരിപ്പിക്കുന്നതാണ്, മറിച്ച് തന്നെ തന്നിലേക്ക് ചുരുക്കലല്ല' എന്ന് ആത്മീയതയെ ആമുഖത്തില്‍ത്തന്നെ നിര്‍വചിക്കുന്നുണ്ട്. എന്നാല്‍ യുക്തിയോ സ്വയംബോധ്യമോ ആത്മീയതക്ക് വിരുദ്ധമല്ല. 'സന്ദേഹങ്ങള്‍ കൊണ്ടാണ് വിശ്വാസത്തെ പരിശുദ്ധമാക്കേണ്ടത്' എന്ന് പ്രവാചകവചനം ഉദ്ധരിച്ചുകൊണ്ട് മറ്റൊരിടത്ത് വ്യക്തമാക്കുന്നു.

പരന്ന വായനയും ആഴത്തിലുള്ള മനനവുമാണ് മുഹമ്മദ് ശമീമിന്‍റെ പഠനഗ്രന്ഥത്തെ വ്യതിരിക്തമാക്കുന്നത്.

Loading...
COMMENTS