ഉടൽ വേരുകൾ: അകൃത്രിമമായ കഥാന്തരീക്ഷം

രൂപഭാവ ഘടനാപരമായി സ്വന്തമായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന രചനകളാണ് സുസ്മിത ബാബുവിന്റെ കഥകൾ. ഹൃദയത്തിന്റെ ഭാഷയിലും ബുദ്ധിയുടെ ഭാഷയിലും കഥകൾ എഴുതാം. ബൗദ്ധിക വ്യായാമത്തിന്റെ അനുപാതം കൂടുമ്പോൾ അവിടെ കൃത്രിമത്വം മുഴച്ചു നിൽക്കും. ഈ പ്രവണത മലയാളത്തിന്റെ അഭിശാപമായി മാറുന്ന സാഹചര്യത്തിലാണ് നാം സുസ്മിതയുടെ രചനാതന്ത്രത്തിന്റെ പ്രസക്തി വിലയിരുത്തേണ്ടത്.

ഈ കഥകളിൽ കഥാകാരിയെ വ്യതിരിക്തയാക്കുന്ന ചില ഘടകങ്ങൾ ഉണ്ട്. നിരീക്ഷണത്തിലെ സൂക്ഷ്മത, നിസ്സംഗത, എന്നിവ അതിൽപ്പെടും. യുക്തി വൈചിത്ര്യങ്ങളിലൂടെയും ശൈലീ വിശേഷണങ്ങളിലൂടെയും തെളിമയാർന്ന ഭാഷയിലൂടെയും ആഖ്യാനം നിർവ്വഹിക്കയാൽ കഥയിലേക്ക് എളുപ്പം എത്തിച്ചേരാനാകും. മാനസിക ഭാവങ്ങളെയും ചേഷ്ടകളെയും തിരിച്ചറിഞ്ഞ് അതിൽ വേണ്ടതു മാത്രം പെറുക്കിയെടുത്ത് മാല കോർക്കുന്ന കവിയായാണ് ഈ കഥാകാരി നമുക്ക് ദർശനം തരുന്നത്. ചുരുക്കത്തിൽ, ഈ കഥകൾ ഹൃദയ ഭാഷയുടെ ചാരുത കൊണ്ട് നമ്മെ കീഴടക്കുന്നു. നമുക്കിതിനെ ആഖ്യാന തന്ത്രം എന്നു വിളിക്കാം.

സുസ്മിത കഥാതന്തുവിന് വേണ്ടി കൃത്രിമമായ അന്തരീക്ഷം സൃഷ്ടിക്കുന്നില്ല.; അന്വേഷിച്ച് നടക്കുന്നുമില്ല. അത് ചുറ്റുപാടുകളിൽ നിന്നു തന്നെ കണ്ടെടുക്കുന്നു. അതുകൊണ്ടാണ് നമുക്കീ രചനകളുമായി അടുപ്പം തോന്നുന്നത്.ഭാവതലത്തിൽ കവിതയോടാണ് ഈ കഥകൾക്ക് കൂടുതൽ അടുപ്പം. അതേ സമയം ഓരോ സൃഷ്ടിയിലും ശക്തമായ ഇതിവൃത്തം ഉണ്ട്. കഥയുള്ള കഥകളാണ് എന്നർത്ഥം. അക്ലിഷ്ടമായ ഭാഷ. ഒട്ടും വളച്ചുകെട്ടില്ല. ലാളിത്യം എന്ന് ഭാഷാപണ്ഡിതർ പറയുന്ന രീതി.

സമൂഹത്തിന്റെ പെരുമാറ്റ രീതികളെയും വ്യക്തികളുടെ സൂക്ഷ്മ സ്വഭാവത്തെയും നിർദ്ധാരണം ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തിൽ ഏറെയും. അതിനാൽത്തന്നെ ഒരു സ്വഭാവോക്തിയുടെ പരിവേഷം നമുക്ക് കാണാനാകും.

Loading...
COMMENTS