കഥകളിലെ ജീവിതങ്ങൾ

കൂടുതലായി ഞാനിപ്പോള്‍ വായിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ വായനക്കാരുടെ അക്ഷരസ്നേഹത്തിന്‍െറ മുദ്രണങ്ങളുണ്ട് എന്ന ആമുഖത്തോടെയാണ് പ്രണയോപനിഷത്ത് എന്ന തന്‍റെ കഥാസമാഹാരം വി.ജെ. ജയിംസ് സമര്‍പ്പിച്ചിരിക്കുന്നത്. പരാമര്‍ശിക്കപ്പെട്ട കഥാസമാഹാരത്തില്‍ വോള്‍ഗ, ദ്രാക്ഷാരസം, പ്രണയോപനിഷത്ത്, വാഷിങ്ടണ്‍ ഡി.സി, സമയപുരുഷന്‍, ചിത്രസൂത്രം, അനിയത്തിപ്രാവ്, അനാമിക, ഒറ്റവൈക്കോല്‍ വിപ്ളവം എന്നീ കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ ഇനിയും എത്തിപ്പെട്ടിട്ടില്ലാത്ത അതിനൂതന സാങ്കേതികവിദ്യ കൈയടക്കാനുള്ള രഹസ്യസ്വഭാവത്തോടെ കമ്പനി നിയോഗിച്ചയച്ച ഒരു എക്സിക്യൂട്ടിവിന്‍റെ റഷ്യന്‍ സന്ദര്‍ശനവിഷയമാണ് ‘വോള്‍ഗ’ക്കാധാരം. തത്രപ്പാടുകളെക്കുറിച്ചാണ് ദ്രാക്ഷാരസം എന്ന കഥ. മരണസംബന്ധമായ കുടുംബയാത്രകളില്‍ സുഹൃത്തുക്കളോടൊപ്പവും അതല്ലാത്ത അവസരങ്ങളില്‍ ഒന്നിച്ചുമിരുന്ന് ലഹരിസേവിക്കുന്ന രണ്ട് സുഹൃത്തുക്കളാണ് അതിന്‍റെ കേന്ദ്രബിന്ദു. പ്രേമിക്കാതെ വിവാഹിതരായി 19 വര്‍ഷം കഴിഞ്ഞ് പ്രണയിക്കാന്‍ തുനിഞ്ഞ രണ്ടുപേരുടെ പ്രണയലീലകളാണ് പ്രണയോപനിഷത്ത്. പ്രേമിച്ചില്ലെങ്കിലും അബദ്ധത്തില്‍ സംഭവിച്ചതാണ് തങ്ങളുടെ ബന്ധമെന്നാണ് ഭര്‍ത്താവ് ഉലഹന്നാന്‍െറ പക്ഷം. ആനിമ്മയെ ശരിക്കും ആലോചിച്ചത് ഉലഹന്നാന്‍ എന്നുതന്നെ പേരുള്ള മറ്റൊരു വ്യക്തിക്ക് വേണ്ടിയായിരുന്നുവെങ്കിലും അതേ പേരുകാരനായതിനാല്‍ ബ്യൂറോക്കാര്‍ കത്തയച്ച് ഇത്തരമൊരബദ്ധത്തില്‍ ചാടിക്കുകയായിരുന്നുവെന്നാണ് കഥാപുരുഷന്‍റെ കണ്ടത്തെല്‍. എന്തായാലും 45ാം വയസ്സില്‍ അരങ്ങേറുന്ന പ്രണയലീലകളുടെ രസകരമായ നേര്‍ക്കാഴ്ചകള്‍ നല്‍കുകയാണീ കഥയില്‍. പ്രണയിക്കാന്‍ ഭാര്യയായാലും മതിയെന്ന് ഭര്‍ത്താവും പ്രണയിക്കാന്‍ ഭര്‍ത്താവായാലും മതിയെന്ന് ഭാര്യയും കണ്ടെത്തുന്ന ഈ കഥ അനുഭവസാക്ഷ്യങ്ങളുടെ നേര്‍പ്പകര്‍പ്പായി അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞിരിക്കുന്നു.

പാര്‍ട്ടിയെ തെറ്റാവരമുള്ള മതമായി സ്വീകരിക്കുകയും നേതാക്കന്മാരെ ദിവ്യപുരുഷന്മാരായി കാണുകയും ആദരിക്കുകയും ചെയ്ത കറകളഞ്ഞ വിശ്വാസി. ശ്വാസോച്ഛ്വാസം പോലും പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചയാള്‍. അക്കാലത്താണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്. ഏതുപക്ഷത്ത് ശരി, ഏതുപക്ഷത്ത് തെറ്റ്. രണ്ട് ചേരികളിലായി മുത്തച്ഛന്‍െറ വിശുദ്ധര്‍ താന്താങ്ങളുടെ ശരികള്‍ക്കുവേണ്ടി വാദിച്ചുനില്‍ക്കുമ്പോള്‍ അതുവരെ സ്വയമൊരു തീരുമാനമെടുത്തിട്ടില്ലാത്ത മുത്തച്ഛന്‍ സ്വന്തം നിലയിലും ഒരു തീര്‍പ്പുകല്‍പിച്ചു. ശരീരത്തിന്‍െറ ചെറുവ്യാപ്തി വിട്ട് സ്ഥലത്തിലേക്കും കാലത്തിലേക്കും സഞ്ചരിക്കാനാവാതെ, ത്രികാലങ്ങള്‍ തെറ്റിക്കുഴച്ചുകൊണ്ട് ജീവിതാന്ത്യത്തില്‍ നില്‍ക്കുന്ന നിരാലംബ മനസ്സിന്‍റെ നിഗൂഢചിത്രം. സമയപുരുഷന്‍ എന്ന കഥയില്‍ വിചാരങ്ങളോട് പടവെട്ടിത്തോറ്റ വയോജനമനസ്സിന്‍െറ വിഹ്വലതകളാണ് കാട്ടിത്തരുന്നത്.

പൂച്ച കണ്ണടച്ച് പാലുകുടിക്കുമ്പോള്‍ ആ ജീവിയുടെ വിചാരം ഇത് മറ്റാരും കാണുന്നില്ല എന്നാണ്. ഈ മാര്‍ജാര വിക്രീഡിതം ഇന്നത്തെ ചെറുപ്പക്കാരായ ഭാര്യാഭര്‍ത്താക്കന്മാരും അനുകരിക്കുന്നുണ്ടെന്ന് രേഖപ്പെടുത്തുന്ന കഥയാണ് അനാമിക. എന്നുമാത്രമല്ല, ഫേസ്ബുക്കിലൂടെ പെണ്‍വേട്ട നടത്തുന്ന ഭര്‍ത്താവിന്‍െറ രതിചോദനകള്‍ക്കനുസൃതമായി മറ്റൊരു സ്ത്രീയായി അഭിനയിക്കാനുള്ള ശ്രമത്തിന്‍െറയും ഭാര്യയല്ലാത്ത സ്ത്രീകളെ പ്രാപിക്കാനോ സൗഹൃദമൂട്ടിയുറപ്പിക്കാനോ ഉള്ള ത്വരയുടെ ബഹിര്‍സ്ഫുരണത്തിന്‍െറ ശ്രമവുമാണ്. ശരണെന്ന ഭര്‍ത്താവ് ദമയന്തി എന്ന ഭാര്യയില്‍ സംതൃപ്തി നഷ്ടപ്പെട്ട് ഇന്‍റര്‍നെറ്റിലൂടെ അനാമികയെ കണ്ടത്തെുന്നതും അനാമിക സ്വന്തം ഭാര്യയാണെന്നറിയാതെ സന്തോഷിക്കുന്നതും കഥ കൈ്ളമാക്സിലത്തെിച്ച് കഥാകാരന്‍ പുഞ്ചിരി തൂകുന്നതും (അതോ പരിഹാസമോ) വായനക്കാരില്‍ കൗതുകമുണര്‍ത്താന്‍ പര്യാപ്തമാണ്.

ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാല്‍ ശ്രദ്ധേയമാണ് ഈ കഥകള്‍. ജീവിതകാമനകളുടെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും ആവിഷ്കരിക്കുന്ന ഈ കഥകള്‍ വായനക്കാരനെ ആഹ്ളാദത്തിന്‍റെ നേര്‍രേഖയില്‍ കൊണ്ടത്തെിക്കാന്‍ പര്യാപ്തമാണെന്ന് പറയുന്നതില്‍ രണ്ടുപക്ഷമില്ല.

Loading...
COMMENTS