വിശുദ്ധ പാപങ്ങളുടെ കാണാപുറങ്ങള്‍

  • വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന കൃതിയെക്കുറിച്ചുള്ള ആസ്വാദനം

മംഗലാപുരത്തെ നിശാ ക്ലബുകൾ നിരോധിച്ചുവെന്ന ഒരു വാർത്ത– ന്യൂസ്‌ ഡസ്ക്‌ കൈകാര്യം ചെയ്യുന്ന ഏതൊരു മാധ്യമ പ്രവർത്തകനും അത്‌ ഒരു  സാധാരണ വാർത്തയായി കണ്ട്‌ എഡിറ്റ്‌ ചെയ്ത്‌ പത്രത്തിലെ ഉൾപ്പേജിൽ ഒരു കോളം വാർത്തയാക്കി മാറ്റും. പക്ഷേ ഇവിടെ മറിച്ചാണുണ്ടായത്‌. ആ വാർത്തയുടെ ഒരറ്റത്ത്‌ മറ്റെന്തോ ഉണ്ടായേക്കാം എന്ന, ഒരു മാധ്യമപ്രവർത്തകന്‍റെ സഹജമായ ത്വരയിൽ നിന്നാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തിന്റെ ബീജം മുളപൊട്ടി വരുന്നത്‌. അതൊരു തുടക്കമായിരുന്നു. അവിടുന്നങ്ങോട്ട്‌ അന്വേഷണത്തിന്‍റെ കാണാപ്പുറങ്ങളിലൂടെ എട്ട്‌ സംസ്ഥാനങ്ങളിലൂടെ എട്ട്‌ വർഷം നീണ്ട ഒരു സഞ്ചാരം. ഒടുക്കം അത്‌ ചെന്നവസാനിച്ചത്‌ ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്‍റെ ശക്തമായ ഇടപെടലിലേക്കും, റൂളിങ്ങിലേക്കും. ഒരു മാധ്യമ പ്രവർത്തകന്‍റെ നിതാന്ത ജാഗ്രതയുടെ വിജയം.

ദീർഘനാൾ എടുത്ത്‌  ഒട്ടനവധി നാടുകളിലൂടെ നടത്തിയ ഈ സഞ്ചാരത്തിനിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ യാത്രാനുഭവങ്ങളെ ഒരു മാധ്യമപ്രവർത്തകന്‍റെ അച്ചടക്കത്തോടെ വളച്ചൊടിക്കലോ നിറം പിടിപ്പിക്കലുകളോ ഭാവനാ പൂർണമായ പൊലിച്ച്‌ കാട്ടലോ പക്ഷം പിടിക്കലോ  ഇല്ലാതെ കേവലം റിപ്പോർട്ട്‌ ചെയ്യുക മാത്രമാണ് അരുൺ എഴുത്തച്ഛൻ എന്ന എഴുത്തുകാരൻ ഇവിടെ ചെയ്യുന്നത്‌.  

മുംബൈയിലെ റെഡ്സ്ട്രീററ്
 

നേരത്തെ പരാമർശിച്ച പോലെ ഇത്‌ ഒരു യാത്രാവിവരണമാണെങ്കിലും എസ്‌.കെ പൊറ്റക്കാടിന്‍റെയോ അല്ലെങ്കിൽ മറ്റേതൊരു സഞ്ചാര സാഹിത്യകാരന്‍റെയും പോലെ ഒരു സഞ്ചാര സാഹിത്യ കൃതിയല്ല 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ'. എഴുത്തുകാരൻ കടന്ന് പോയിട്ടുള്ള ഓരോ സംസ്ഥാനത്തിന്‍റെയും നിറം ചാലിച്ച പ്രകൃതി വർണ്ണനയോ, സ്ഥല മാഹാത്മ്യങ്ങളോ ഈ യാത്രാവിവരണത്തിൽ കാണില്ല. പകരം നിറമേതുമില്ലാത്ത ഇരുണ്ട വേശ്യാത്തെരുവുകളും അവിടത്തെ ദിനരാത്രങ്ങളും അവിടേക്ക്‌ അവരിൽ പലരേയും എത്തിച്ച സാഹചര്യങ്ങളും ആണ് ഇതിൽ കാണുക. എന്ന് വച്ച്‌ ഇതൊരു ഹരം പകരുന്ന മസാലകൂട്ടെന്നു കരുതിയാലും തെറ്റി. ഇതിൽ വേദനകളും, ഗതികേടുകളും പട്ടിണിയും അതിജീവനവും മാത്രമേ ഉള്ളൂ.

വിശുദ്ധ പാപങ്ങളുടെ ഇന്ത്യയിൽ എഴുത്തുകാരൻ അന്വേഷിക്കുന്നതും ഇന്ത്യയുടെ പാടിപ്പുകഴ്ത്തുന്ന ആത്മീയ വിശുദ്ധിയുടെ  അവിശുദ്ധമായ കാണാപുറങ്ങളെക്കുറിച്ചാണ്. മംഗലാപുരത്തെ നിശാക്ലബുകളിലെ അഭിസാരികമാർ ഡാൻസ്ബാറുകൾ നിരോധിച്ചാൽ എങ്ങനെയായിരിക്കും അതിജീവിക്കുക എന്ന അന്വേഷണം എഴുത്തുകാരനെ എത്തിച്ചത്‌ മതപരമായ ആചാരങ്ങളുടെ പേരിൽ സ്ത്രീകളെ ലൈംഗിക തൊഴിലിടങ്ങളിലേക്ക്‌ വലിച്ചെറിയുന്ന ആത്മീയ നെറികേടിന്‍റെ കാണാപ്പുറങ്ങളിലേക്കാണ്.

കൊൽക്കത്തയിലെ സോനാഗച്ചി
 

കർണ്ണാടകത്തിലെ ഉച്ചംഗിമലയിൽ മാഘപൗർണ്ണമി നാളിൽ ഇപ്പോഴും പെൺകുട്ടികളെ ദേവദാസികളാക്കുന്നുവെന്ന ഞെട്ടിക്കുന്ന വസ്തുതയിലേക്കാണ് മംഗലാപുരത്തെ ഡാൻസ്‌ ബാറുകൾ വഴി തുറന്നത്‌. ആ മാഘപൗർണ്ണമി നാളിൽ ഉച്ചംഗിമലയിൽ നിന്നും എഴുത്തുകാരൻ ദേവദാസികളുടെ ജീവിതം അന്വേഷിച്ച്‌ തുടങ്ങി. വീട്ടിൽ ഒരു പെൺകുട്ടി പിറന്നാൽ അത്‌ ഒരു പാഴ്‌ വസ്തുവെന്നു കരുതുന്ന വലിയൊരു സമൂഹം ഇന്നും ജീവിച്ചിരിക്കുന്നു എന്നു കൂടിയാണു ദേവദാസി സമ്പ്രദായത്തിന്‍റെ ഇന്നത്തെ പിന്നാമ്പുറ തിരിച്ചറിവ്‌. ഋതുമതിയാകുന്നതോടെ ക്ഷേത്രത്തിൽ ദേവിക്ക്‌ കാഴ്ച്ച വച്ച്‌ കുടുംബാംഗങ്ങൾ മടങ്ങുന്നതോടെ പെൺകുട്ടി സമൂഹത്തിന്റെയാകെ സ്വത്ത്‌  ആകുന്നു. ആത്മീയതയുടെ മറവിൽ എളുപ്പത്തിലൊരു വ്യാപാരം ഉറപ്പാക്കപ്പെടുകയാണവിടെ. ഇത്തരം പെൺകുട്ടികൾ സ്വാഭാവികമായും ചെന്നെത്തപ്പെടുന്നത്‌ ചുവന്ന തെരുവുകളിലെ അരണ്ട വെളിച്ചത്തിലേക്കാണു. അവിടുന്നങ്ങോട്ട്‌ ദേവദാസീ സമ്പ്രദായം നിലനിൽക്കുന്ന കർണ്ണാടകത്തിലേയും ആന്ധ്രയിലേയും വിവിധയിടങ്ങളിലെ ഒട്ടും സുഖകരമല്ലാത്ത കാഴ്ച്ചയുടെ വാതായനങ്ങളാണു തുറക്കപ്പെടുന്നത്‌. അവിടെ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വേശ്യാത്തെരുവുകളിലൊന്നായ കൊൽക്കത്തയിലെ സോനാ ഗച്ചിയിലേക്കും, കാളിഘട്ടിലേക്കും, മുംബൈയിലെ കാമാത്തിപുരയിലേക്കും എല്ലാം ദേവദാസികളെ തേടിയുള്ള അന്വേഷണം പോകുന്നു. എല്ലാവർക്കും പറയാനുള്ളത്‌ ഒരേ കഥ. വിശപ്പാണ് ഏറ്റവും വലിയ സത്യം എന്ന അതിജീവന സിദ്ധാന്തം.

വൃന്ദാവനത്തിലെ വിധവകൾ
 

ഇതിൽ പ്രത്യേകം പരാമർശിക്കപ്പെടേണ്ടതുണ്ട്‌ വൃന്ദാവനത്തിലെ രാധമാരുടെ അവസ്ഥ. സതി സമ്പ്രദായം നിരോധിച്ചത്‌ മുതൽ പശ്ചിമ ബംഗാളിൽ നിലനിൽക്കുന്ന ഏറ്റവും വലിയ അനീതിയാണ് വിധവകളോടുള്ള സമീപനം. അവർ കൃഷ്ണഭക്തിക്കപ്പുറം അതിജീവനത്തിനും ഭക്ഷണത്തിനുമായി എത്തപ്പെടുന്നത്‌ ഉത്തർപ്രദേശിലെ വൃന്ദാവനത്തിലേക്കാണ്. പ്രതിവർഷം നൂറുകണക്കിനു പേർ സാക്ഷാൽ കൃഷ്ണൻ ജനിച്ച്‌ വളർന്ന വൃന്ദാവനമെന്ന ഗോകുലത്തിലേക്ക്‌ എത്തപ്പെടുന്നു. അവിടെ അവർ നേരിടുന്ന ചൂഷണങ്ങൾ ഇനിയും പുറം ലോകം എത്രകണ്ട്‌ അറിഞ്ഞിട്ടുണ്ട്‌ എന്നത്‌ സംശയമാണ്.

പുനരധിവാസമെന്ന പേരിൽ നടക്കുന്ന പ്രഹസനങ്ങളേയും കേവലം വിദേശ ഫണ്ടിങ് മാത്രം ലക്ഷ്യം വച്ച്‌ പ്രവർത്തിച്ച്‌ സാമൂഹിക പ്രവർത്തകരെന്ന മേൽവിലാസം അണിയുന്നവരേയും ഇത്തരം സന്ദർഭങ്ങളെ മുതലെടുത്ത്‌ മതപരിവർത്തനം നടത്തുന്ന സംഘത്തേയും, ദേവദാസീ സമ്പ്രദായം അതേ പ്രകാരം നിലനിൽക്കണമെന്നും അത്‌ മതപരമായ അവകാശമാണെന്നും വാദിക്കുന്ന ചില സംഘപരിവാർ നിറമുള്ള സംഘടനകളേയും പുനരധിവാസമെന്ന അന്തിമ പരിഹാരത്തിനു പകരം ദേവദാസികൾക്കായി പെൻഷൻ, മറ്റ്‌ ആനുകൂല്യങ്ങൾ എന്നിവയ്ക്ക്‌ വേണ്ടി വാദിക്കുകയും അത്‌ വഴി വോട്ട്‌ ബാങ്ക്‌ നിലനിർത്തുകയും ചെയ്യുന്ന ഇടത്‌ പുരോഗമന പ്രസ്ഥാനങ്ങളേയും കൃത്യമായി തന്നെ തുറന്നു കാട്ടുന്നുണ്ട്‌ അരുൺ എഴുത്തഛൻ എന്ന മാധ്യമപ്രവർത്തകൻ.

പുരിയിലെ ദേവദാസി പാരമ്പര്യത്തിലെ അവസാന കണ്ണി ശശിമണി ദേവി
 

പുരി ജഗന്നാഥ ക്ഷേത്രത്തിലെ അവസാനത്തെ ദേവദാസി നർത്തകിയേയും ഉജ്ജയിനിയിൽ വലിയൊരു വേശ്യാതെരുവ്‌ അടക്കി വാണിരുന്ന സുനിത എന്ന സ്ത്രീയുടെ പരിതാപകരവും ആരിലും ദൈന്യതയുയർത്തുന്നതുമായ ഇന്നത്തെ അവസ്ഥയും ഒരു സിനിമാ കഥപോലെ നമുക്കുമുന്നിൽ തുറന്ന് വയ്ക്കുന്നുമുണ്ട്‌ എഴുത്തുകാരൻ.

ഒടുക്കം സുപ്രീം കോടതി വിധിയെ തുടർന്ന് 2016 ഫെബ്രുവരിയിൽ ഒരൊറ്റക്കുട്ടിയെ പോലും ദേവദാസിയാക്കാത്ത ഉച്ചംഗിമലയിലെ മാഘപൗർണ്ണമി നേരിട്ട്‌ കണ്ട സംതൃപ്തിയോടെയാണു വിശുദ്ധപാപങ്ങളുടെ ഇന്ത്യ അരുൺ എഴുത്തച്ഛൻ അവസാനിപ്പിക്കുന്നത്‌. എന്നാൽ മതപരമായ ഒരു അനാചാരത്തിന്റെ വേരറുത്തു എന്നതിന്റെ പേരിൽ ഒട്ടും ഊറ്റം കൊള്ളുന്നില്ലെന്നും അങ്ങനെ ഊറ്റം കൊള്ളാൻ കണ്ണു തുറന്നു യാത്ര ചെയ്യാതിരിക്കുകയേ നിർവാഹമുള്ളൂ എന്ന ആത്മഗതവും ഈ പത്രപ്രവർത്തകൻ പങ്കുവെക്കുന്നുണ്ട്‌.

"പെൺ ഭ്രൂണഹത്യ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും എത്രയോ പെൺകുരുന്നുകൾ ഇന്നും ഭൂമി കാണാതെ ഒടുങ്ങുന്നുണ്ട്‌, പിറന്ന് വീഴുന്ന പെണ്ണുങ്ങളുടെ ദുരിതം കാണുമ്പോൾ അങ്ങിനെ ജനിക്കപ്പെടാതെ ഒടുങ്ങിയവർ ഭാഗ്യവതികൾ എന്ന് സമ്മതിക്കേണ്ടി വരുന്നു. " പുസ്തകത്തിലെ ഈ അവസാന കുറിപ്പുകൾ കുറച്ചൊന്നുമല്ല വായനക്കാരനെ അലട്ടുന്നത്‌. ഇതിൽ എഴുത്തുകാരൻ സഞ്ചരിച്ച വഴികളിലൂടെ ഒപ്പം സഞ്ചരിക്കുന്ന ഓരോ വായനക്കാരനും ഒട്ടനവധി പ്രാവശ്യം മനസിൽ തോന്നുന്ന വരികൾ ആണിവ എന്നതാണു സത്യം.

Loading...
COMMENTS