Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightമാർജ്ജാരന്‍റെ

മാർജ്ജാരന്‍റെ ഊടുവഴികൾ

text_fields
bookmark_border
മാർജ്ജാരന്‍റെ ഊടുവഴികൾ
cancel

അനുഭവങ്ങൾ പകർത്തുക എന്നത്‌ അസാധ്യമൊന്നുമല്ല. എന്നാൽ നിഷേധം ആവശ്യമായ ഒരു ഇടം എന്നതാണ് പലരേയും ഏറെ ചിന്തിപ്പിക്കുന്നത്‌. ജീവിത വിസ്‌ഫോടനങ്ങളിൽ ചിതറിപോയ സംഭവങ്ങളെ (അനുഭവങ്ങളെ) ഓർമ്മകളുടെ നാരുകൊണ്ട്‌ കൂട്ടിയിണക്കി പകർത്തുക എന്നത്‌ നിസ്സാര കാര്യമല്ല. ജീവിതത്തിന്‍റെ ഊടുവഴികളിൽ നാം കണ്ടെത്തുന്ന ജന്മവൈവിധ്യ വിഭവങ്ങളെ വേർത്തിരിച്ച്‌ അടയാളപ്പെടുത്താൻ കെൽപ്പുണ്ടാവണം; അവരുടെ വിഭവ വൈജാത്യത്തെ തിരിച്ചറിഞ്ഞ്‌ കോറിയിടാനാവണം; സംഭവങ്ങളെ കാച്ചികുറുക്കി അവതരിപ്പിക്കാൻ വൈഭവവമുണ്ടാവുകയും വേണം. അനുഭവങ്ങൾ പലതാവാം. യാത്രാനുഭവങ്ങൾ, ജിവിതാനുഭവങ്ങൾ അങ്ങനങ്ങനെ. ജീവിതാനുഭവങ്ങളിൽ തന്നെ സാമൂഹികമായതും വൈയക്തികമായതും കാണും. അതിനേയും പലവുരു മറിച്ചും തിരിച്ചും നോക്കി വേർത്തിരിച്ച്‌ മനോഹരിച്ച്‌ അവതരിപ്പിക്കണം. ഒക്കെ ചെയ്ത്‌ വിജയിക്കുന്നിടത്താണു കാര്യങ്ങളുടെ കിടപ്പ്‌.

ചില പകർത്തലുകൾ വലിച്ചൂറ്റി കുടിക്കുമ്പോൾ നമ്മിലുണ്ടാക്കുന്ന ഓളങ്ങളാണ് അതിനെ വ്യതിരിക്തമാക്കുന്നത്‌. പൊതുബോധത്തിനു കുറുകെയുള്ള മണിലാലിന്‍റെ ചാട്ടത്തെ അങ്ങനെയുള്ളതായി നമുക്ക്‌ അനുഭവിക്കാം. വീടിന്‍റെ ചുവരുകളുടെ പിന്തുടർച്ചയിൽ നിന്നും സ്വയം മോചിതനായവനാണ് എഴുത്തുകാരൻ. ആത്മസംയമനം ആവശ്യമായ അനുഭവ പകർച്ചയിൽ വേണ്ടുവോളം നുണയും ചാലിച്ച്‌ അവതരിപ്പിച്ചുവെന്നത്‌  ഏറെ സൗകുമാര്യം കലരുന്നതുമാണ് മണിലാലിന്‍റെ അനുഭവ- ഭാവനാ ബ്ലോഗെഴുത്തുകൾ.

ജീവിതം അനുഭവിക്കാൻ എല്ലാവർക്കും ഭാഗ്യമുണ്ടാവാറില്ല. അധികപേരും ജീവിതം കഴിച്ചു കൂട്ടുകയാണു ചെയ്യാറ്. അരുചികരമായ ഭക്ഷണത്തെ വിശപ്പടക്കാൻ സേവിക്കുന്നതു പോലെ. പക്ഷെ മണിലാൽ അങ്ങനെയാല്ലെന്ന് വായനാനുഭവം വ്യക്തമാക്കുന്നു.. അദ്ദേഹത്തിന്‍റെ ജീവിതയാത്രയിൽ വന്ന് ആടിതിമിർക്കുന്ന ഓരോ കഥാപാത്രവും ഹൃദയത്തിലേക്കാണോ നേരെ കയറിച്ചെന്ന് കൂടുവെച്ചതെന്ന് തോന്നുമാറുണ്ട്‌ അനുഭവങ്ങളുടെ രചനാസൗന്ദര്യം.

വിമർശനാത്മകമായതോ സാമൂഹിക പ്രസക്തമായതോ ആയ കാര്യങ്ങളെ ആമുഖമായോ പിൻമുഖമായോ അവതരിപ്പിച്ചാണു ഒരോ സംഭവങ്ങളും വിവരിച്ചിട്ടുള്ളത്‌. നർമ്മം വേണ്ടുവോളം ചാലിച്ച്‌ യുക്തിഭദ്രമായ അവതരണം വായനാലോകത്തിനു ഒരു നല്ല  അനുഭവം തന്നെയാകും. ചീഞ്ഞളിഞ്ഞതും തിരുത്തപ്പേടേണ്ടതുമായ നടപ്പ് വ്യവസ്ഥകളെയും പൊതുബോധത്തേയും വേണ്ടുവോളം അദ്ദേഹം പരിഹസിക്കുന്നുണ്ട്‌ പലയിടങ്ങളിലും.

സൗന്ദര്യാത്മകവും വിമർശനാത്മകവുമായ ബിംബവൽക്കരമാണു രചനയിലെ ഏറെ ആകർഷകമായ ഭാഗം. സ്വർണ്ണത്തെ തീട്ടത്തിന്‍റെ വർണ്ണമുള്ള ലോഹത്തോടുപമിച്ചത്‌ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. ഇതു വായിച്ചൊരാൾക്ക്‌ ഇനി സ്വർണ്ണത്തെ കാണുമ്പോൾ തീട്ടത്തെ ഓർക്കാതിരിക്കാൻ ആവില്ല. വൈപരീത്യങ്ങളുടെ ആലങ്കാരിക പ്രയോഗങ്ങൾ അത്യാകർഷകമാകുന്നതോടൊപ്പം സ്വർണ്ണവും തീട്ടവും ശരീരത്തിനു ആവശ്യമില്ലാത്തതും പുറന്തള്ളേണ്ടതുമായ  രണ്ടു വസ്തുക്കളായി മനസ്സിൽ പതിയുകയും വേണം. എന്നാലെ ഇത്തരം ബിംബവൽക്കരണം സാമൂഹിക പ്രസക്തമാവുകയും സാമൂഹിക സംസ്കരണ പാതയിൽ ഒരു വഴിവിളക്കാവുകയും ചെയ്യുള്ളൂ. ഇത്തരം ഒരുപാടു പ്രയോഗങ്ങളുടെ ആകെത്തുകയായും നമുക്കീ പുസ്തകത്തെ വായിക്കാം.

മണിലാലിന്‍റെ തത്വപ്രകാരം നുണപറയാൻ ആധികാരികത ലഭിച്ച കൂട്ടരാണ് എഴുത്തുകാർ. നുണ ആഗോള പ്രതിഭാസമാകുകയും എന്തിലേറെ നമ്മുടെയൊക്കെ മാതൃഭാഷയായി തന്നെ പരിണമിക്കപ്പെടുകയും ചെയ്ത ഈ യുഗത്തിൽ എഴുത്തുപോലും വിലയില്ലാ ചരക്കായി രൂപാന്തരപ്പെട്ടു പോകുന്നു എന്നാണു മണിലാൽ ഭാഷ്യം. നുണയുടെ സൗന്ദര്യം കലയിലും എഴുത്തിലും മാത്രം പ്രകടിപ്പിക്കുമ്പോഴെ അതിനു പ്രസക്തിയും സൗന്ദര്യവുമുള്ളൂവെന്നും മണിലാൽ പറഞ്ഞു തരുന്നു..

പഴയ കാലത്തെ ട്യൂട്ടോറിയൽ കോളേജിന്‍റെ സാമൂഹിക ഇടപെടലുകൾ അടയാളെപ്പെടുത്തിയ ഭാഗം ഹാസ്യം കലർത്തിയ അതിന്‍റെ അവതരണം കൊണ്ടും അന്നത്തെ കാലത്തെ അതിന്‍റെ സാമുഹിക പ്രസക്തി കൊണ്ടും  ഏറേ ആകർഷകമായി തോന്നി. ട്യൂട്ടോറിയൽ കോളേജ്‌ അടിസ്ഥാനപ്പെടുത്തിയുള്ള പ്രണയ- വിവാഹ തത്വങ്ങൾ രസകരവും അതുപോലെ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതുമാകുന്നു. നഷ്ടപ്രണയങ്ങളുടെ കൂറ്റൻ ഫാക്ടറിയായും പഠിച്ചിറങ്ങുന്ന അഭ്യസ്ഥ വിദ്യർക്ക്‌ താൽക്കാലിക ഇടമായും മാർക്ക്‌ കുറഞ്ഞ്‌ കോളേജിൽ സീറ്റ്‌ കിട്ടാത്തവർക്ക്‌ ചേക്കേറാൻ ഒരു ചില്ലയായും തോറ്റോടി കോളേജ്‌ എന്ന കുറ്റപ്പേരുള്ള സ്ഥാപനമായും. ഇന്നത്തെ കാലത്ത്‌ നഷ്ടമായി കൊണ്ടിരിക്കുന്ന പൊതു ഇടങ്ങൾക്കൊരു വേദിയായും അന്നത്തെ പാരൽ കോളേജുകൾ മാറിയിരുന്നതായി അദ്ദേഹം ജീവിതാനുഭവങ്ങൾ കൊണ്ട്‌ സാക്ഷ്യം വഹിക്കുന്നു.

അടുക്കള പുരാണം എന്നെ ഏറെ ആകർഷിച്ച മറ്റൊരു ഭാഗമാണു. അടുക്കളയിൽ നിന്നും അരങ്ങിലേക്ക്‌ വരുന്നതിനേക്കാൾ സൗന്ദര്യം അടുക്കളയെ തന്നെ അരങ്ങാക്കുകയാണെന്ന് മണിലാലിന്റെ അനുഭവത്തിലൂടെയുള്ള വിവരണം ഹൃദ്യമായി. ഈ ഒരദ്ധ്യായം മനസ്സിൽ പതിഞ്ഞ ഒന്നായി മാറാൻ വേറേയും കാരണങ്ങളുണ്ട്‌. വെളുത്തതും - കറുത്തതുമായ അടുക്കളയുടെ വൈജാത്യ വിവരണത്തിലൂടെ പഴയതും പുതിയതുമായ അടുക്കളകളുടെ സ്വഭാവത്തെ മാത്രമല്ല, സ്ത്രീകളുടെ പദവി പരിണാമങ്ങളിലേക്കുള്ള സൂചന തെളിയുന്നുമുണ്ട്‌. അദ്ദേഹത്തിന്‍റെ അനുഭവങ്ങളുടെ അടുക്കള വൈവിധ്യം ആരെയും കൊതിപ്പിക്കുന്നതാണ്. പാചക കല ഏതു കലാകാരനും നന്നായി വഴുങ്ങുമെന്നു തോന്നി. മണിലാലിന്‍റെ ഭാഷയിൽ അതിങ്ങനെ വായിക്കാം: "അടുക്കളയിൽ നിന്നും അരങ്ങിലേക്ക്‌ പോകേണ്ടതില്ല...അടുക്കള തന്നെ അരങ്ങാകുന്നു. വീടു തുറന്നിടുക, അടുക്കള സജീവമാക്കുക, മനുഷ്യർ വരും, വീട്‌ അരങ്ങാവും" "എന്തെങ്കിലും ഉണ്ടാക്കി കഴിച്ചോ എന്ന് എന്നെ അടുക്കളയിലേക്ക്‌ തള്ളിവിട്ട അമ്മയാണ് ഈ എഴുത്തിന്‍റെ അവകാശി"

സാമൂഹിക വിമർശനങ്ങളെ ചിരിവിസ്‌ഫോടന കലയാക്കി വൈയക്തിക അനുഭവങ്ങളുടെ മേമ്പോടി ചേർത്തു കൊണ്ടുള്ള രചന എന്തുകൊണ്ടും രസാവഹമാണ്. പദപ്രയോഗങ്ങളുടെ ആശയസമ്പുഷ്ടിയും ഹാസ്യകലർപ്പും വശ്യമായി അനുഭവപ്പെടും. വ്യവസ്ഥയോട്‌ കലഹിക്കണമെന്നു അതിയായ അഭിനിവേഷം വെച്ചു പുലർത്തുകളും അതിനുള്ള വഴികളെക്കുറിച്ച്‌ അങ്കലാപ്പ്‌ മാറാതിരിക്കുകയും ചെയ്യുന്നവർക്ക്‌... മണില്ലാലിന്റെ രീതി ഏറെ കൗതുകകരമായും ഇത്തിരി അതിശയോക്തി കലർന്നതായും തോന്നിയാലും അത്ഭുതപ്പെടാനൊന്നുമില്ല.

വായിപ്പിച്ച്‌ അറിവ് പൊലിപ്പിക്കാനല്ല. ചിന്തിച്ച്‌ അജ്ഞത പെരുക്കാനുമല്ല. സാമൂഹികാന്തരീക്ഷത്തിലെ വിഷകലർപ്പിനെ തെളിച്ചത്തോടെ നോക്കുന്നതിനു കണ്ണുകൾ വിടർത്താൻ പാകത്തിനു പടർത്തപ്പെട്ട സാമൂഹിക കാൻവാസായി നമ്മുക്ക്‌ ഈ പുസ്തകത്തെ പരിചയപ്പെടാം. അതിലളിതമായി അതിസുന്ദരമായി വാക്കുകൾ കൂട്ടിയിണക്കുന്ന രീതി കൂടുതൽ നന്നായി വരികളെ പൊലിപ്പിക്കുന്നതായി തോന്നി. എഴുത്തിലെ അനായാസത ചിന്തയുടെ അനായാസതയെ പ്രതിഫലിപ്പിക്കുന്നു.

കണ്ടെഴുത്ത്‌, കേട്ടെഴുത്ത്‌, കൊണ്ടെഴുത്ത്‌. മൂന്നുചേരുവകളും പാകത്തിന് ചേർത്ത ബ്ലോഗെഴുത്തിന്‍റെ സമ്പുഷ്ട -സമ്പൂർണ്ണ കൃതി.- അതാണ് മാർജാരൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marjarante ooduvazhikal
Next Story