Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightചുവന്ന കാലത്തിന്‍റെ...

ചുവന്ന കാലത്തിന്‍റെ തിരയിളക്കം

text_fields
bookmark_border
ചുവന്ന കാലത്തിന്‍റെ തിരയിളക്കം
cancel

സ്വാതന്ത്ര്യാനന്തര കേരളത്തെ ആഴത്തില്‍ സ്പര്‍ശിച്ച രാഷ്ട്രീയാനുഭവമാണ് നക്‌സലൈറ്റ് പ്രസ്ഥാനം. സംഘടന, പ്രത്യശാസ്ത്രം,സംസ്‌കാരം, കല, പ്രസാധനം തുടങ്ങി വ്യത്യസ്ത മേഖലകളിലൂടെയാണ് ആ അനുഭവം സമൂഹത്തില്‍ പ്രസരിച്ചത്. സാമൂഹികാസ്തിത്വത്തെക്കുറിച്ചും രാഷ്ട്രീയ അതിജീവനങ്ങളെക്കുറിച്ചും ഗൗരവമായ ചിന്തിക്കാന്‍ മലയാളിയെ പ്രേരിപ്പിച്ചതും നക്‌സല്‍ ദിനങ്ങളായിരുന്നു. രാഷ്ട്രീയത്തിലെ മൂല്യബോധവും പ്രവര്‍ത്തനങ്ങളിലെ പ്രതിബദ്ധതയും ആ രാഷ്ട്രീയ സന്ദര്‍ഭങ്ങള്‍ ഓര്‍മപ്പെടുത്തി. നിരന്തരം രൂപാന്തരങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരുന്ന സംഘടനാ സംവിധാനങ്ങളും സങ്കീര്‍ണമായ  ആശയതലങ്ങളും ഉണ്ടായിരുന്ന നക്‌സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ചരിത്ര രചന ലളിതവും അനായാസവുമല്ല. സവിശേഷമായ വലിയൊരു രാഷ്ട്രീയ സാംസ്‌കാരിക ചരിത്രത്തെ അതിന്‍റെ പ്രസക്തമായ പരിസരത്തു നിന്നുകൊണ്ട് ആവിഷ്‌കരിക്കുകയാണ് ആര്‍.കെ. ബിജുരാജിന്‍റെ 'നക്‌സല്‍ ദിനങ്ങള്‍' എന്ന പുസ്തകം.

നക്സലേറ്റ് നേതാവായ കെ.അജിത പുൽപ്പള്ളി സ്റ്റേഷനിൽ
 

ജാഗ്രതയോടെയുള്ള ചരിത്ര രചനാ സമീപനമാണ് ഈ ഗ്രന്ഥത്തിന്‍േറത്. കാലഘട്ടത്തോടും വസ്തുതകളോടും അനുഭവങ്ങളോടും നൈതികത പുലര്‍ത്തുന്നു. നിരവധി അടരുകളുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ അതിന്‍റെ കാലികവും ചരിത്രപരവുമായ പ്രസക്തി ഉള്‍ക്കൊണ്ടാണ് സമീപിക്കുന്നത്. പ്രസ്ഥാനത്തിന്‍റെ അനിവാര്യതയെ നിഷേധിച്ചുകൊണ്ടോ സാധ്യതകളെ നിരാകരിച്ചുകൊണ്ടോ പരാജയസന്ദര്‍ഭങ്ങളെ അപഹസിച്ചുകൊണ്ടോ അല്ല ആര്‍.കെ. ബിജുരാജ് 'നക്‌സല്‍ദിന'ങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വൈകാരിക അഭിമുഖ്യമോ ആത്മനിഷ്ഠയോ പ്രതിബദ്ധതയോ പുലര്‍ത്തുന്നുമില്ല. ഒരു പത്രപ്രവര്‍ത്തകന്‍റെ നിരീക്ഷണങ്ങള്‍ക്കപ്പുറത്ത് ഒരു ചരിത്രകാരന്‍റെ സൂക്ഷ്മതയും സംയമനവും സമാലോചനകളുമാണ് ബിജുരാജ് പിന്തുടരുന്നത്.

അഞ്ച് പതിറ്റാണ്ടോളം നീണ്ട ചരിത്രമാണ് കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിനുള്ളത്. വ്യത്യസ്ത സംഘടനാ രൂപങ്ങളും ഗ്രൂപ്പുകളുമായാണ് അത് പ്രവര്‍ത്തിച്ചത്. പ്രവര്‍ത്തനരീതികളുടെയും അടിസ്ഥാനത്തില്‍ മൂന്നു ഘട്ടങ്ങളായി സ്ഥാനത്തിന്‍റെ ചരിത്രത്തെ ബിജുരാജ് വിഭജിക്കുന്നു. ഓരോ ഘട്ടവും രൂപമെടുത്ത സാഹചര്യങ്ങള്‍, പൊതുസമൂഹത്തില്‍ ആവിഷ്‌ക്കരിച്ച പ്രതിരോധങ്ങള്‍, ആശയസംഘര്‍ഷങ്ങള്‍, പാളിച്ചകള്‍ ഇവ സൂക്ഷ്മമായി വിലയിരുത്തുന്നു. ഓരോ ഘട്ടത്തിന്‍റെയും തുടര്‍ച്ചകളെ സാധ്യമാക്കുന്ന രാഷ്ട്രീയത്തേയും അവതരിപ്പിക്കുന്നു. കുന്നിക്കല്‍ നാരായണന്‍റെ നേതൃത്വത്തില്‍ നടന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും തലശ്ശേരി പുല്‍പ്പള്ളി കലാപങ്ങളും അടങ്ങിയതാണ് ഒന്നാംഘട്ടം. കെ.വേണുവിന്‍റെ രാഷ്ട്രീയ പ്രവേശനവും അടിയന്തരാവസ്ഥയിലെ പ്രതിരോധങ്ങളും ജനകീയ സാംസ്‌കാരിക വേദിയുടെ രൂപീകരണവും പിരിച്ചുവിടലും ഉള്‍പ്പെടെയുള്ള സജീവമായ കാലമാണ്. 'ജനാധിപത്യ- അന്വേഷണങ്ങളുടെ കാലം' എന്ന പേരില്‍ അവതരിപ്പിക്കുന്ന രണ്ടാം ഭാഗം. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ വര്‍ത്തമാനകാലം വരെയുള്ള മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ വ്യത്യസ്ത പ്രത്യക്ഷങ്ങളാണ് അവസാനഘട്ടം. ചരിത്രപരമായ ഇത്തരമൊരു വിഭജനം പ്രസ്ഥാനത്തിന്‍റെ വ്യത്യസ്തമായ ഉള്ളടക്കങ്ങളും പ്രായോഗിക സാക്ഷ്യങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു. ആശയപരവും സംഘടനാപരവുമായ സങ്കീര്‍ണതകളെ നിര്‍ധാരണം ചെയ്യാന്‍ ഇതിലൂടെ കഴിയുന്നു.

കെ.വേണു
 

കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്‍റെ തുടക്കം തന്നെ പാളിച്ചകള്‍ നിറഞ്ഞതായിരുന്നു. വ്യക്തികളുടെ ഗ്രൂപ്പുകളായി തിരിഞ്ഞുനിന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിരുന്നത്. ബഹുജന പ്രസ്ഥാനമായി മാറാന്‍ അതിന് കഴിഞ്ഞില്ല. പ്രസ്ഥാനത്തിന്‍റെ ആദ്യ തകര്‍ച്ചയെ ബിജുരാജ് ഇങ്ങനെ വിലയിരുത്തുന്നു. ഒന്നാമതായി ശാസ്ത്രീമായ വിപ്ലവ കാഴ്ചപ്പാട് നക്‌സലൈറ്റ് പ്രവര്‍ത്തകര്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല. പാര്‍ട്ടിയോ സംഘടനയോ കെട്ടിപൊക്കാന്‍ ആരും ശ്രമിച്ചില്ല. ചിട്ടയായ പാര്‍ട്ടി പ്രവര്‍ത്തനത്തോട് പൊതുവില്‍ നക്‌സലൈറ്റുകള്‍ക്ക് വൈമുഖ്യമായിരുന്നു. ബോള്‍ഷെവിക്ക് പ്രവര്‍ത്തനരീതി ഒരിക്കലും പിന്തുടര്‍ന്നിരുന്നില്ല. രണ്ടാമത് പ്രസ്ഥാനത്തില്‍ വിഭാഗീയത എല്ലാ തലത്തിലും ശക്തമായിരുന്നു.'' ആരംഭത്തിലെ ഉണ്ടായിരുന്ന ഈ ദൗര്‍ബല്യങ്ങള്‍ പിന്നീട് വിവിധ കാലങ്ങളില്‍ പ്രസ്ഥാനത്തെ പിന്തുടര്‍ന്നിരുന്നു എന്നത് യാഥാര്‍ഥ്യമാണ്.

ജനാധിപത്യ അന്വേഷണങ്ങളുടെ കാലമായാണ് രണ്ടാംഘട്ടത്തെ വിലയിരുത്തുന്നത്. പ്രസ്ഥാനത്തിന്‍റെ തീക്ഷ്ണമായ സാന്നിധ്യം കേരളീയ സമൂഹത്തില്‍ ഉണ്ടായിരുന്ന സന്ദര്‍ഭമായിരുന്നു അത്. കെ.വേണു എന്ന വിപ്ലവകാരിയുടെ ഉദയവും അസ്തമയവും ഉണ്ടായി. കേരളത്തിലെ മുഖ്യധാര ഇടതു ജനകീയ സാംസ്‌കാരിക വേദി രൂപീകരിക്കുകയും പിരിച്ചുവിടുകയും ചെയ്തു. പൊതുധാരയില്‍ പ്രശംസപിടിച്ചുപറ്റിയ നിരവധി ജനകീയ സമരങ്ങള്‍ സൃഷ്ടിച്ചു. കേരളത്തിലെ സാംസ്‌കാരിക ജീവിതം പോലും വലിയ വഴിത്തിരിവുകളിലേക്ക് കടന്നുപോയ കാലമായിരുന്നു അത്. പക്ഷേ എല്ലാ അന്വേഷണങ്ങളുടെയും ഒടുവില്‍, അനിവാര്യമായ പതനത്തിലേക്കാണ് പ്രസ്ഥാനം എത്തപ്പെട്ടത്. പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ സൃഷ്ടിച്ച ഗുണകരമായ രാഷ്ട്രീയ കാലാവസ്ഥയെപോലും അത് സ്വയം തല്ലിക്കെടുത്തി. വ്യക്തികളിലും സമൂഹത്തിലും നിരാശാഭരിതമായ  ജീവിതാവസ്ഥ സൃഷ്ടിച്ചു. അതിന്‍റെ ഓരോ സൂക്ഷ്മതലങ്ങളും ലഭ്യമായ രേഖകളുടെയും പ്രസ്താവനകളുടെയും വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ബിജുരാജ് വിശകലനം ചെയ്യുന്നു.

സി.പി.ഐ.എം.എൽ റെഡ്ഫ്ളാഗ് നേതാവ് പി.സി ഉണ്ണിച്ചെക്കൻ വർഗീസ് അനുസ്മരണ പരിപാടിയിൽ
 

രണ്ടാം കാലഘട്ടത്തിന്റെ അന്ത്യത്തെ ഇങ്ങനെ വിലയിരുത്തുന്നു. ''നക്‌സല്‍ബാരി കലാപത്തിന് ശേഷം കാല്‍ നൂറ്റാണ്ടിന്‍റെയും അടിയന്തരാവസ്ഥക്കുശേഷം പതിനഞ്ച് വര്‍ഷത്തേയും പ്രവര്‍ത്തനങ്ങളും മുന്നേറ്റങ്ങളുമാണ് പൊട്ടെന്നൊരുനാള്‍ ഇല്ലാതായത്. ഏതാണ്ട് പ്രസ്ഥാനത്തിന്റെ തുടക്കത്തിലേതിന് സമാനമായ അവസ്ഥയിലേക്ക് തിരിച്ചുപോക്കായി അഖിലേന്ത്യാ കമ്മിറ്റി പിരിച്ചുവിടല്‍ മാറി. ചോരയിലും വിയര്‍പ്പിലും കണ്ണീരിലും പടുത്തുയര്‍ത്തിയ പാര്‍ട്ടി സംവിധാനം അപ്പാടെ ഇല്ലാതാകുന്നതായിരുന്നു ഫലം. ''ഇതോടെ പ്രവര്‍ത്തകരും ഗ്രൂപ്പുകളും ചിതറിപ്പോയി. ഈ കാലഘട്ടത്തെ കേരളത്തിലെ പൊതുസമൂഹ്യചരിത്രത്തില്‍ നിന്നുകൊണ്ട് കൂറേകൂടി വിശാലമായി വിലയിരുത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതും ഓര്‍ക്കാം.

മാവോവാദി നേതാക്കളായ രൂപേഷും ഷൈനയും പൊലീസ് കസ്റ്റഡിയിൽ
 

'മാവോയിസത്തിന്‍റെ വെടിയൊച്ചകള്‍' ഉയരുന്ന പുതിയ കാലത്തിലേക്ക് എത്തിനില്‍ക്കുന്ന പ്രസ്ഥാനത്തിന്‍റെ ചരിത്രമാണ് മൂന്നാം ഭാഗം. ഒരു ഏകീകൃത സംഘടനാ രൂപമില്ലാതെ തന്നെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ പൊതുസമൂഹത്തില്‍ ഉണ്ടായ വ്യത്യസ്ത പ്രതിരോധങ്ങളെയും പ്രസ്ഥാനത്തിന്റെ വിവിധ രൂപാന്തരങ്ങളയും കുറച്ചാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ദലിത് മുന്നേറ്റങ്ങള്‍, വിവാദ പ്രസ്ഥാനങ്ങള്‍, അയ്യങ്കാളിപ്പട, തുടങ്ങി രൂപേഷിന്‍റെയും മുരളിയുടെയും പ്രവര്‍ത്തനങ്ങളിലും അറസ്റ്റിലുംവരെ എത്തി നില്‍ക്കുന്ന സമകാല അവസ്ഥ വരെ അവതരിപ്പിക്കുന്നു. ആകസ്മികമയി വീണ്ടും നക്‌സലൈറ്റ് പ്രസ്ഥാനത്തിന്‍റെ പ്രതിധ്വനികള്‍ കേരളത്തിലേക്ക് എത്തിയിരിക്കുന്നു. ഈ സന്ദര്‍ഭത്തിലെ ബിജുരാജിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്. പ്രവര്‍ത്തനങ്ങള്‍ നിലച്ചു എന്ന് എല്ലാവരും കരുതുന്ന സമയത്ത് കനത്ത പ്രഹരവുമായി നക്‌സലൈറ്റുകള്‍/ മാവോയിസ്റ്റുകള്‍ കടന്നുവരുന്നു. വീണ്ടും ഭരണകൂട അടിച്ചമര്‍ത്തലുകള്‍, അതിജീവനങ്ങൾ, പോരാട്ടങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. കേരളത്തിലെ വനങ്ങളില്‍ പോരാട്ടത്തിന് സജ്ജമായി നിലകൊള്ളുന്നതിനാല്‍ ഏതു സമയത്തും ഇനി വെടിയൊച്ച മുഴങ്ങാം എന്ന് വായിച്ചെടുക്കാം.'' അതുകൊണ്ട് ചരിത്രത്തിന്റെ അധ്യായങ്ങള്‍ അവസാനിക്കുന്നില്ല. മാവോയിസ്റ്റ് ആശയങ്ങളുടെ വ്യത്യസ്ത പ്രവര്‍ത്തന രൂപങ്ങള്‍ കേരളീയ സമൂഹത്തില്‍ ഇനിയും പ്രതീക്ഷിക്കാം. കാരണം രാഷ്ട്രീയവും സാമൂഹികവുമായ വലിയ പ്രതിസന്ധികള്‍ വീണ്ടും രൂപം പ്രാപിക്കുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

നക്‌സല്‍ ദിനങ്ങള്‍ കേരളീയ സമൂഹത്തിന് എന്ത് സംഭാവനകള്‍ നല്‍കി? ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയെ എങ്ങനെ സ്വാധീനിച്ചു? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സന്ദര്‍ഭങ്ങളാണ് ഈ ഗ്രന്ഥം ഒരുക്കിയിരിക്കുന്നത്. പ്രസ്ഥാനത്തിനുള്ളില്‍ നടന്ന ആശയ സംഘര്‍ഷങ്ങള്‍ ഗുണകരമായിരുന്നോ? ഉള്‍പാര്‍ട്ടി സമരങ്ങള്‍ സംഘടനാ സംഘടനാ രൂപങ്ങളെ എങ്ങനെ തകര്‍ത്തു? പ്രസ്ഥാനം ഗ്രൂപ്പുകളും വ്യക്തികളുമായി മാറിയത് എന്തുകൊണ്ട്? തുടങ്ങിയ അന്വേഷണങ്ങള്‍ക്കും പ്രസക്തിയുണ്ട്. അത്തരം അന്വേഷണങ്ങള്‍ക്കും സംവാദങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ ഈ ഗ്രന്ഥത്തിന് കഴിയും.

ഒരു പഴയകാല നക്‌സലൈറ് പ്രവര്‍ത്തകന്‍, ഒരു സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത് ഈ പുസ്തകം രാഷ്ട്രീയമായി വീണ്ടും പ്രചോദിപ്പിക്കുന്നു എന്നാണ്. താന്‍കൂടി പ്രവര്‍ത്തിച്ച ഒരു പ്രസ്ഥാനത്തിലെ വിശാല ജീവിത വിതാനങ്ങള്‍ തെരഞ്ഞത് ഈ പുസ്തകത്തിലൂടെയായിരുന്നു എന്നും സൂചിപ്പിച്ചു. പ്രസ്ഥാനത്തിനകത്തും പുറത്തും നിന്നവര്‍ക്ക് പുതിയ അന്വേഷണത്തിലേക്കും അവലോകനത്തിലേക്കും കടക്കാനുള്ള ജാലകമാണിത്. കല, സംസ്‌കാരം, പ്രസാധനം, പത്രപ്രവര്‍ത്തനം തുടങ്ങിയ തുടങ്ങിയവയില്‍ സൃഷ്ടിച്ച രാഷ്ട്രീയ ഭാവുകത്വത്തെക്കുറിച്ചുള്ള പഠനത്തിനുള്ള ദൃഢമായ അടിത്തറ കൂടിയാണ് പുസ്തകം നിര്‍മിച്ചിരിക്കുന്നത്. നക്‌സല്‍ ദിനങ്ങള്‍ വായനയിലെ ആഹ്ലാദമല്ല, ചുവന്ന കാലത്തിന്‍റെ തിരയിളക്കമാണ് സൃഷ്ടിക്കുന്നത്.

Show Full Article
TAGS:naxal dingangal naxal history kerala 
Next Story