സീക്രറ്റ് ഓഫ് കശ്മീർ-കശ്മീരി സ്ത്രീകളുടെ അതിജീവനത്തിന്‍െറ കഥ
text_fields
നിതാന്ത സംഘര്‍ഷങ്ങള്‍ ശിഥിലമാക്കുന്ന മനുഷ്യജീവിതങ്ങള്‍ക്കിടയില്‍ ഒരുസംഘം കശ്മീരി സ്ത്രീകളുടെ അതിജീവനത്തിന്‍െറ കഥ പറയുന്ന കൃതിയാണ് ‘സീക്രട്ട് ഓഫ് കശ്മീര്‍.’ അമേരിക്കയില്‍ പ്രവാസജീവിതം നയിക്കുന്ന ഫര്‍ഹാന ഖാസിയുടെ ഏറ്റവും പുതിയ രചന. ഫര്‍ഹാനയുടെ ആമുഖ വാക്യങ്ങള്‍ ഉദ്ധരിക്കാം: കശ്മീരിലേക്കുള്ള എന്‍െറ പ്രഥമ യാത്രയില്‍ത്തന്നെ സംഘര്‍ഷം സ്ത്രീകളുടെ കണ്‍കോണിലൂടെ കാണാന്‍ ഞാന്‍ ശ്രമിക്കുകയുണ്ടായി. തുടര്‍യാത്രകളിലും ഞാന്‍ ഇതേ കാഴ്ചപ്പാടില്‍ പ്രശ്നത്തെ സമീപിച്ചു.

ഗ്രാമങ്ങളിലും തെരുവുകളിലും കഴിയുന്ന സ്ത്രീകളുമായി നിരന്തര സമ്പര്‍ക്കത്തിലൂടെ ആക്രമണങ്ങളും പീഡനവും ജയില്‍വാസവും സൃഷ്ടിക്കുന്ന സംഭ്രാന്തിയുടെ ആഘാതങ്ങളുടെ വ്യാപ്തി എനിക്ക് മുന്നില്‍ ചുരുള്‍ നിവര്‍ന്നു. ജീവിതത്തെ അടിമുടി തിരുത്തിക്കുറിച്ച സംഭവങ്ങള്‍ വിതുമ്പലോടെ ആ സ്ത്രീകള്‍ പങ്കുവെച്ചു. തങ്ങളുടെ അവസ്ഥാ വിപര്യയങ്ങള്‍ പഠനവിധേയമാക്കാന്‍ അമേരിക്കയില്‍നിന്ന് എത്തിയതാണെന്ന് പറയവേ അവര്‍ സ്നേഹവായ്പോടെ എന്നെ ആലിംഗനം ചെയ്തു. മനോഹരമായ ഒരു ഭൂപ്രദേശം രക്തം വാര്‍ന്ന് മൃതപ്രായമായതിന്‍െറ നോവുകള്‍ ഇപ്പോഴും എന്‍െറ ഹൃദയഭിത്തികളെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. രക്തസാക്ഷികളുടെ മാതാക്കള്‍, തീവ്രവാദികളുടെ പത്നിമാര്‍, തടവുകാരുടെ കുടുംബാംഗങ്ങള്‍, പ്രതിഷേധിക്കുന്ന സ്ത്രീകള്‍, രാഷ്ട്രീയ പ്രവര്‍ത്തകകള്‍...തുടങ്ങി ഭിന്നമേഖലയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെ വ്യക്ത്യനുഭവങ്ങളുടെ ആവിഷ്കാരമാണ് ഈ പുസ്തകം.
കശ്മീര്‍ സംഘര്‍ഷങ്ങള്‍ ആഴത്തില്‍ പഠനവിധേയമാക്കിയ ബ്രിട്ടീഷ് ഗ്രന്ഥകാരി വിക്ടോറിയ സ്കോഫീല്‍ഡ് അവതാരികയില്‍ പുസ്തകത്തോടൊപ്പം കശ്മീര്‍ ജനതയെയും വാഴ്ത്തുന്നു. ഫീനിക്സ് പക്ഷിയെപ്പോലെ ചാരക്കൂനയില്‍നിന്ന് കശ്മീര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രത്യാശയാണ് അവര്‍ പങ്കുവെക്കുന്നത്. കശ്മീരില്‍ ജനഹിത പരിശോധന നടത്താമെന്നതുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങള്‍ നടപ്പാക്കപ്പെടാതെ പോയതാണ് ഇന്നും പുകയുന്ന പ്രശ്നങ്ങള്‍ക്കു പിന്നിലെ ഹേതുവെന്നും വിക്ടോറിയ ചൂണ്ടിക്കാട്ടുന്നു. സമാധാന സംഭാഷണങ്ങള്‍ പരാജയപ്പെടാനിടയാക്കുന്നതും ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ അവശേഷിക്കുന്നതുമൂലമാണ്. അതേസമയം, കശ്മീര്‍ തര്‍ക്കം പരിഹൃതമാകുമെന്ന ശുഭാപ്തിവിശ്വാസം വിക്ടോറിയ കൈവിടുന്നില്ല. പ്രകൃതി മനോഹാരിത ആസ്വദിച്ച് സ്വച്ഛജീവിതം നയിക്കുന്ന, ശാന്തി കളിയാടുന്ന ദേശമായി കശ്മീര്‍ വീണ്ടും അനുഗൃഹീതയാകുമെന്ന് അവര്‍ കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
