Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightമോഡിയുടെയും...

മോഡിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്ത് നിര്‍ബന്ധമായും വായിക്കാന്‍ ഒരു പുസ്തകം

text_fields
bookmark_border
മോഡിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലത്ത് നിര്‍ബന്ധമായും വായിക്കാന്‍ ഒരു പുസ്തകം
cancel

രാജ്യത്തിന്‍െറ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം സ്വകാര്യവല്‍കരണം എന്ന ഒറ്റമൂലിയാണെന്നാണ് ഭരണകൂടം നമ്മെ വിശ്വസിപ്പിച്ചിരിക്കുന്നത്. കാലം ചെല്ലുന്തോറും ഈ പറച്ചിലുകളുടെ തീവ്രത കുടുകയാണ്. വ്യത്യസ്തമാണ് പ്രത്യയശാസ്ത്രമെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ നിലപാട്. എല്ലാ മാധ്യമങ്ങള്‍ക്കും അതേ വായ്ത്താരി. വികസനം എന്ന വാക്കിനൊപ്പം ഒട്ടിച്ചു ചേര്‍ത്തുവെക്കപ്പെട്ടിരിക്കുന്നു സ്വകാര്യവല്‍കരണ സ്തോത്രങ്ങള്‍.

നരേന്ദ്രമോഡിയും മന്‍മോഹന്‍സിങ്ങും ഉമ്മന്‍ചാണ്ടിയും പിണറായിയുമെല്ലാം പല തരത്തില്‍ അതേ ആശയംതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മന്‍മോഹന്‍സിങ്ങുപോലും മടിച്ചു നിന്ന ഉദാരവല്‍കരണനയം നടപ്പാക്കാന്‍ മോഡി തയ്യാറെടുക്കുകയും ഉമ്മന്‍ചാണ്ടി  അഴിമതിയുടെ ചെളിക്കുണ്ടില്‍ വീഴുകയും ചെയ്തിട്ടും ഇതിനോടെല്ലാം പൊരുത്തപ്പെടുന്ന ഒരു പൊതുബോധം ഇവിടെ നിലനില്‍ക്കുകയാണ്. വികസനം എന്ന മറയെ ഇതിനെല്ലാം ഭരണകൂടം സമര്‍ഥമായി ഉപയോഗിക്കുന്നു.

ആണവബാധ്യതാ നിയമം അമേരിക്കക്ക് അനുകൂലമായി മാറ്റിയിട്ടും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടില്ല. ഭരണാധികാരികളുടെ മേക്കപ്പ് മുറികളായ ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളുമാകട്ടെ ഉന്മാദം ബാധിച്ചവരെ പോലെ ഈ വായ്ത്താരി ആവര്‍ത്തിക്കുന്നതല്ലാതെ ഇതിന്‍െറ യഥാര്‍ഥ വസ്തുത അന്വേഷിക്കാറുമില്ല.


ഈ സാഹചര്യത്തിലാണ് 2001ല്‍ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ജോസഫ് സ്റ്റിഗ്ളിറ്റ്സിന്‍െറ THE GLOBALIZATION AND ITS DISCONTENTS (ആഗോളവത്കരണവും അതിന്‍െറ അസംതൃപ്തികളും) എന്ന പുസ്തകം വായിക്കേണ്ടത്.

സാമ്പത്തിക നയങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും സാധാരണക്കാരുടെ ജീവിതത്തെയാണ് ആഴത്തില്‍ ബാധിക്കുക. ഏതുനയങ്ങളും സാധാരണ മനുഷ്യരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായിരിക്കണമെന്നാണ് ഈ സാമ്പത്തിക ശാസ്ത്രജ്ഞന്‍െറ നിലപാട്. ആധികാരികമായ വിവരങ്ങളാല്‍ സമ്പന്നമാണ് 2002ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം. അതു തന്നെയാണ് പുസ്തകത്തെ വേറിട്ടു നിര്‍ത്തുന്നതും.

വൈറ്റ് ഹൗസില്‍ നിന്നുള്ള വിമര്‍ശം

അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ബില്‍ ക്ളിന്‍റന്‍െറ ഇക്കണോമിക് കൗണ്‍സില്‍ ചെയര്‍മാനും പിന്നീട് ലോകബാങ്കിന്‍െറ ചീഫ് എക്കണോമിസ്റ്റും സീനിയര്‍ വൈസ് പ്രസിഡന്‍റുമായിരുന്നു സ്റ്റിഗ്ളിറ്റ്സ്. 1993 മുതല്‍ 2000 വരെയുള്ള കാലയളവിലായിരുന്നു അദ്ദേഹം ഈ പദവികള്‍ വഹിച്ചത്. വര്‍ഷങ്ങള്‍ നീണ്ട അധ്യാപന ജീവിതത്തിനും ഗവേഷണങ്ങള്‍ക്കും ശേഷമാണ് സ്റ്റിഗ്ളിറ്റ്സ് അമേരിക്കന്‍ ഭരണകൂടത്തിന്‍െറ ഉന്നതപദവിയില്‍ ആദ്യമായി അവരോധിക്കപ്പെടുന്നത്. ഇപ്പോള്‍ കൊളംബിയ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം പ്രൊഫസറാണ്.

ഐ.എം.എഫിന്‍െറയും ലോക ബാങ്കിന്‍െറയും നയങ്ങള്‍ വികസ്വര രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് സ്റ്റിഗ്ളിറ്റ്സ് ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യം പൂര്‍ണ വളര്‍ച്ചയില്‍ എത്താത്ത മൂന്നാം ലോക രാജ്യങ്ങളില്‍ അനിയന്ത്രിതമായ സ്വകാര്യവല്‍ക്കരണം രാജ്യത്തിന്‍െറ സമ്പത്ത് ഭരണകൂടത്തിന്‍െറ സ്വന്തക്കാര്‍ക്ക് തീറെഴുതി  നല്‍കലാവുമെന്നും ഇത് ആത്യന്തികമായി ജനങ്ങളെ ദരിദ്രരാക്കുമെന്നും നിരവധി രാജ്യങ്ങളുടെ ഉദാഹരണങ്ങളിലൂടെ സ്റ്റിഗ്ളിറ്റ്സ് പറയുന്നു. രാജ്യത്തിന്‍െറ വളര്‍ച്ച ലക്ഷ്യമിട്ടായിരിക്കണം സര്‍ക്കാറുകള്‍ നയങ്ങള്‍ രൂപവല്‍കരിക്കേണ്ടത്. ഈ വളര്‍ച്ച നീതിപൂര്‍വകമായി വിതരണം ചെയ്യപ്പെടുകയും വേണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും വില വര്‍ധന തടയാനും സ്വകാര്യവല്‍കരണത്തിന് സാധിക്കണം. എന്നാല്‍ കുത്തകവല്‍കരണത്തെ നിയന്ത്രിക്കാന്‍ കര്‍ശനമായ നിയമങ്ങളുണ്ടാവണം-സ്റ്റിഗ്ളിറ്റ്സ് വ്യക്തമാക്കുന്നു.

നട്ടെല്ലു മറക്കുന്ന ഭരണകൂടങ്ങള്‍

പാശ്ചാത്യരാജ്യങ്ങളിലേതുപോലുള്ള ശക്തമായ നിയമങ്ങളുടെ അഭാവവും അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യവും ചേരുമ്പോള്‍ വികസ്വര, ദരിദ്ര രാജ്യങ്ങളില്‍ സ്വകാര്യമേഖലയെ നിയന്ത്രിക്കുക അസാധ്യമാകുന്നു.

സോവിയറ്റ് യൂനിയന്‍ കമ്യൂണിസം ഉപേക്ഷിച്ച് മുതലാളിത്തത്തെ പുല്‍കുമ്പോള്‍ വൈറ്റ് ഹൗസിലുണ്ടായിരുന്ന സ്റ്റിഗ്ളിറ്റ്സ്, രാജ്യത്തിന്‍െറ പ്രകൃതി വിഭവങ്ങള്‍ റഷ്യന്‍ പ്രസിഡന്‍റ് യെല്‍റ്റ്സിന്‍ സ്വന്തക്കാര്‍ക്ക് പതിച്ചു നല്‍കുമ്പോള്‍ ഒരു മാസം 15 ഡോളര്‍ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാറിന് പണമില്ലായിരുന്നുവെന്ന് പറയുന്നു.


1997ല്‍ കിഴക്കന്‍ ഏഷ്യയെ സാമ്പത്തിക പ്രതിസന്ധി പിടിച്ചുലച്ചപ്പോള്‍ സ്റ്റിഗ്ളിറ്റ്സ് ലോകബാങ്കിലുണ്ടായിരുന്നു. ആഗോള വത്കരണം സ്വതന്ത്ര വ്യാപാരത്തിനുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കാനും ദേശീയ സമ്പദ് വ്യവസ്ഥകളെ കൂടുതല്‍ അടുപ്പിക്കാനുമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ലോകത്തിലെ എല്ലാവരെയും പ്രത്യേകിച്ച് ദരിദ്രരെ ശാക്തീകരിക്കാനുള്ള സാധ്യതയും ഇതിനുണ്ടായിരുന്നു. എന്നാല്‍  ഈ ദിശയിലല്ല കാര്യങ്ങള്‍ നീങ്ങിയത്. പലപ്പോഴും തീരുമാനങ്ങളെടുക്കുന്നത് പ്രത്യയശാസ്ത്രത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയും  അടിസ്ഥാനത്തിലാണെന്നും അധികാരത്തിലിരിക്കുന്നവരുടെ താല്‍പര്യങ്ങളാണ് ഇതില്‍ പ്രകടമാകുന്നതെന്നും സ്റ്റിഗ്ളിറ്റ്സ് പറയുന്നു.

ഐ.എം.എഫും ലോക ബാങ്കും ചെയ്യുന്നത്

ലോക ബാങ്കിന്‍െറ അടിസ്ഥാന ലക്ഷ്യം ദാരിദ്ര്യം തുടച്ചു നീക്കുകയാണെങ്കില്‍ ആഗോള സാമ്പത്തിക സുസ്ഥിരത നിലനിര്‍ത്തുക എന്നതാണ് ഐ.എം.എഫിന്‍െറ ചുമതല. എന്നാല്‍ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഈ രണ്ട് സ്ഥാപനങ്ങളും നിര്‍ദേശിക്കുന്നതാകട്ടെ പാശ്ചാത്യ രാജ്യങ്ങളുടെയും കുത്തക കമ്പനികളുടെയും താല്‍പര്യം സംരക്ഷിക്കുന്ന നയങ്ങളാണ്.

ഇപ്പോള്‍ ഉദാരവല്‍കരണത്തെക്കുറിച്ച് വാചാലരാകുന്ന പാശ്ചാത്യ രാജ്യങ്ങള്‍ അവിടങ്ങളിലെ വ്യവസായങ്ങള്‍ സാങ്കേതികമായും സാമ്പത്തികമായും ശക്തമാകുന്നതുവരെ അവരുടെ വിപണി മറ്റു രാജ്യക്കാര്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല. ഈ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഉപഭോക്താക്കളെ കണ്ടത്തൊനാണ് വികസ്വര,ദരിദ്ര രാജ്യങ്ങളുടെ നയങ്ങള്‍ പൊളിച്ചഴെുതാന്‍ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുകയും രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലിയുടെ എല്ലിന്‍ കഷണങ്ങള്‍ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്നത്.

ഐ.എം.എഫിന്‍െറ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ദിവസങ്ങള്‍ മാത്രമാണ്. ഇവര്‍ താമസിക്കുന്നതാകട്ടെ വന്‍ നഗരങ്ങളിലെ മുന്തിയ ഹോട്ടലുകളിലും. രാജ്യത്തിന്‍െറ വിദൂര സ്ഥലങ്ങളില്‍ ജനങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ഇവര്‍ അറിയാറില്ല. എല്ലാ രാജ്യങ്ങളിലും സങ്കീര്‍ണമായ സാമൂഹ്യ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടാകും.

എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയുള്ള നയങ്ങളായിരിക്കും ഐ.എം.എഫ് നിര്‍ദേശിക്കുക. ഈ നയങ്ങള്‍ പരാജയപ്പെടുന്നതോടെ രാജ്യത്ത് കലാപമുണ്ടാവുകയോ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുകയോ ചെയ്യന്നു. ഐ.എം.എഫും ലോകബാങ്കും അതിന്‍െറ അടിസ്ഥാന നയങ്ങളില്‍ നിന്നും ഏറെ വ്യതിചലിച്ചു. ലോകത്തിലെ 280 കോടി ജനങ്ങളുടെ ഒരു ദിവസത്തെ വരുമാനം രണ്ടുഡോളറില്‍ താഴെയാണ്. ഇത് ലോക ജനസംഖ്യയുടെ 45 ശതമാനത്തിലേറെ വരും.

വായ്പ എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൊലിക്കുന്നവര്‍

ലോകബാങ്കിന്‍െറയും ഐ.എം.എഫിന്‍െറയും നയങ്ങളും സ്വകാര്യവല്‍കരണവും നമ്മുടെ രാജ്യത്തെ ജനജീവിതം മെച്ചപ്പെടുത്തുമോ എന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ ബോധമുള്ള ഭരണകൂടത്തിനു മാത്രമേ ഈ ചതിക്കുഴികളില്‍ നിന്ന് രക്ഷപ്പെടാനാവൂ. അല്ളെങ്കില്‍ സ്റ്റിഗ്ളിറ്റ്സ് വ്യക്തമാക്കുന്നതുപോലെ ഭരണകൂടത്തോട് ഒട്ടി നില്‍ക്കുന്നവര്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരം മാത്രമായി ഇത് ചുരുങ്ങും. ഐ.എം.എഫിന്‍െറ നയങ്ങള്‍ അതേപടി നടപ്പാക്കില്ളെന്ന് ദരിദ്ര രാഷ്ട്രമായ എത്യോപ്യന്‍ പ്രധാനമന്ത്രി മെലസ് സെനവി ചങ്കൂറ്റത്തോടെ പറഞ്ഞിരുന്നു. ഒടുവില്‍ ഐ.എം.എഫിന് മുട്ടുമടക്കേണ്ടി വന്നു. വിദേശ വായ്പ എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെളളമൊലിപ്പിച്ച് നില്‍ക്കുന്ന നമ്മുടെ ഭരണവര്‍ഗം ഫണ്ട് ധൂര്‍ത്തടിക്കാനുള്ള അവസരമായിട്ടാണ് പലപ്പോഴും ഇതിനെ കാണുന്നത്. ഈ പണം നല്‍കുന്നതിന് പിന്നില്‍ നിഗൂഢ താല്‍പര്യമുണ്ടെന്നും ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്നുമുള്ള തിരിച്ചറിവാണ് വേണ്ടത്. 

സ്വകാര്യവല്‍കരണത്തിന്‍െറ കൊടുമുടി കയറാനും പൊതുമേഖലയെ പൂര്‍ണമായും കൈയൊഴിയാനും നില്‍ക്കുന്ന  മോഡിയും  എല്ലാ ദിവസവും വികസനം എന്ന് നൂറുതവണ പറഞ്ഞില്ളെങ്കില്‍ ഉറക്കം വരാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമുള്ള ഇന്ത്യന്‍ സാഹചര്യത്തില്‍ ജോസഫ് സ്റ്റിഗ്ളിറ്റിസിന്‍െറ വാക്കുകള്‍ പ്രസക്തമാണ്.

 

Show Full Article
TAGS:
Next Story