Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightസ്ത്രീ സൗന്ദര്യം...

സ്ത്രീ സൗന്ദര്യം വിരിയുന്ന കഥാവസന്തം

text_fields
bookmark_border
സ്ത്രീ സൗന്ദര്യം വിരിയുന്ന കഥാവസന്തം
cancel

ഒരു പെണ്ണിന്‍െറ കണ്ണുകളോളം സൗന്ദര്യമെന്തെന്ന് പഠിപ്പിക്കാന്‍ കഴിയുന്ന കവി ഉലകത്തിലുണ്ടോയെന്ന് ഷെയ്ക്സ്പിയര്‍ Love’s Labor lost എന്ന നാടകത്തില്‍ ചോദിക്കുന്നു. സ്ത്രീ സൗന്ദര്യം എന്നും പുരുഷഭാവനയെ പ്രകോപിപ്പിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിന്‍െറ മാസ്മരികതയും നിഗൂഢതയുമാണ് ഫ്രോയ്ഡിനെ സ്ത്രീകളെ ഇരുണ്ട വന്‍കരയോട് ഉപമിക്കാന്‍ പ്രേരിപ്പിച്ചത്.
സ്ത്രീ സൗന്ദര്യമെന്ന പ്രമേയത്തെ ഉപ ജീവിച്ചെഴുതിയ രണ്ട് കഥകളെ കുറിച്ചാവട്ടെ ഈ ലക്കം. ആദ്യത്തേത് മലയാളക്കരയില്‍ നിന്ന് തന്നെ. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് 2011ല്‍ പ്രസിദ്ധീകരിച്ച മികച്ച കഥകളുടെ സമാഹാരത്തില്‍ ഇടം പിടിച്ച പി.എസ്. റഫീഖിന്‍െറ ‘പഴയൊരു പ്രേമകഥ’ (മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥകള്‍ 2011-മാതൃഭൂമി ബുക്സ്). 
കഥാഭാഷകന്‍െറ സുഹൃത്ത് സൈനുദ്ദീന്‍. സമ്പന്നത്തറവാട്ടിലെ വികൃതിപ്പയ്യന്‍. ബാപ്പ പേര്‍ഷ്യയില്‍; കൊല്ലാകൊല്ലം നാട്ടില്‍ വരും. വരുമ്പോള്‍ സൈനുദ്ദീന്‍െറ ചേലാകര്‍മത്തിനുള്ള ഒരുക്കങ്ങള്‍ പൊടിപൊടിക്കും പക്ഷേ, സൈനുദ്ദീന്‍ ഒരിക്കലും പിടികൊടുക്കില്ല. ‘സുന്നത്ത് കല്യാണത്തിനായി ഒരുക്കിയ ബിര്യാണിയെല്ലാം യതീമുകളും മിസ്കീനുകളും അകത്താക്കും. ഇത് പലതവണ ആവര്‍ത്തിച്ചു.
അവസാനം സൈനുദ്ദീന് കീഴടങ്ങേണ്ടി വന്നു. അവനെ തളച്ചതിന്‍െറ ക്രെഡിറ്റ് വീട്ടിലെ തോട്ടം പണിക്കാരനായ കണവതി (ഗണപതി)ക്ക്. ‘കണവതി’ ആ സമ്പന്ന തറവാട്ടിലെ ഒരു നിശ്ശബ്ദ സാന്നിധ്യം: ‘മരങ്ങള്‍ക്കിടയില്‍ മറ്റൊരു മരമായ്, മരങ്ങള്‍ക്ക് മുകളില്‍ ചിറകില്ലാത്ത പക്ഷിയായി അവന്‍ കഴിഞ്ഞു’
കഥയുടെ കേന്ദ്ര ‘മോട്ടീഫായി’ വര്‍ത്തിക്കുന്നത് മൂന്ന് ‘അഗ്രഛേദകര്‍മങ്ങള്‍’ അഥവാ മാര്‍ക്കകല്യാണങ്ങള്‍. സൈനുദ്ദീന്‍െറ കീഴടങ്ങലും അവന്‍െറ അവയവത്തില്‍ ഒസ്സാന്‍െറ   കത്തി വീഴുന്നതും കഥാഭാഷകനെ സ്വന്തം ഭൂതാനുഭവത്തിലേക്ക് ആനയിക്കുന്നു. ഒസ്സാന്‍െറ കത്തി വീണപ്പോള്‍ അയാള്‍ക്ക് തോന്നിയത് ‘ഒരു പാറ വിളുമ്പില്‍ ഒറ്റകൈയില്‍ തൂങ്ങിനില്‍ക്കുന്നത് ’ പോലെ ‘ഉടുത്തിരുന്നതെല്ലാം ‘കാറ്റ് കൊണ്ടുപോയത്  പോലെ (119). 
സൈനുദ്ദീന്‍െറ മാര്‍ക്കം കഴിഞ്ഞപ്പോള്‍ സുഹൃത്തിനെ കാണാന്‍ ആഖ്യാതാവ് ആ വലിയ വീട്ടിലേക്ക് പോയി. അപ്പോള്‍ ഒരു മാദക രൂപം മിന്നായം പോലെ ഇടനാഴിയിലൂടെ ചരിക്കുന്നത് അയാളുടെ കണ്ണുകളില്‍പ്പെട്ടു. ഒരേ സമയം മാസ്മരികതയും നിഗൂഢതയും ജനിപ്പിക്കുന്ന ഈ വിവരണത്തിലൊരുങ്ങുന്ന കഥയിലെ സ്ത്രീയുടെ പ്രത്യക്ഷ സാന്നിധ്യം.


അടുത്ത ‘മാര്‍ക്ക’ത്തിനുള്ള അവസരം കണവതിയുടേത്. അഞ്ച് വര്‍ഷത്തോളമായി അവന്‍െറ യജമാനന്‍ (സൈനുദ്ദീന്‍െറ ഉപ്പ) പേര്‍ഷ്യയിലാണ്. പണ്ട് തെങ്ങിന്‍ തലപ്പത്തും കവുങ്ങിന്‍ മുകളിലും കയറി സിനിമാ പാട്ടുകള്‍ ശ്രുതിമധുരമായി ചൊല്ലാറുണ്ടായിരുന്ന കണവതി ആളാകെ മാറിയിരുന്നു. അവന്‍ ഇപ്പോള്‍ മരം കയറി. പക്ഷേ, സിനിമാ പാട്ടുകള്‍ക്ക് പകരം അവന്‍െറ ചുണ്ടുകളില്‍ ഉച്ചാരണ സ്ഫുടതയോടെയുള്ള ഖുര്‍ആന്‍ വാക്യങ്ങള്‍. മാത്രമല്ല അവന്‍ ഭാവി പ്രവചിക്കുവാനും പലവിധ കറാമത്തുകള്‍ കാട്ടാനും തുടങ്ങി.
‘കണവതി’ ഒൗലിയായെന്നുറപ്പിച്ച നാട്ടുകാര്‍ അവനെ പൊന്നാനിക്കയച്ച് ‘മാര്‍ക്കം’ ചെയ്യിക്കുന്നു. ആറു മാസം കഴിഞ്ഞ് ഇസ്മായീല്‍ ഒൗലിയായി തിരിച്ചുവന്ന ‘കണവതി’ നേരെ പോയത് സൈനുദ്ദീന്‍െറ വീട്ടിലേക്ക്. അവിടത്തെ മരവാതില്‍ തുറന്നപ്പോള്‍ പുറത്ത് വരുന്നത് ഖാന്‍ സാഹിബിന്‍െറ മകനും സൈനുദ്ദീന്‍െറ ബാപ്പയുമായ സാക്ഷാല്‍ മൂസാന്‍ ഹാജി. അയാള്‍  ഉച്ചത്തില്‍ വിളിച്ചു ‘കണവതി’.
കണവതി തിരിഞ്ഞ് ഒരൊറ്റ ഓട്ടം. ആളുകള്‍ അവന്‍െറ പിന്നാലെ. മുമ്പ് സൈനുദ്ദീനെ മാര്‍ക്കത്തിന് തളക്കാനേ ആളുകള്‍ ഒറ്റമനസ്സായി ഇങ്ങിനെ ഓടിയിട്ടുള്ളൂ. കണവതി ആകാശം മുട്ടെയുള്ള ഒരു തെങ്ങില്‍ പാഞ്ഞ് കയറി. അവന്‍െറ അഗ്രചര്‍മങ്ങളില്‍നിന്ന് ചോരയിറ്റ് വീണു. അവന്‍ ഒരു പൊട്ടായി, വിദൂരതയില്‍ വിഹായസ്സില്‍ അപ്രത്യക്ഷനായി.
ഉപരിപ്ളവമായി കഥകള്‍ വായിക്കുന്നതില്‍ മിടുക്കുള്ളവര്‍ ഈ കഥയില്‍ എന്ത് പ്രണയമെന്ന് ചോദിച്ച് കൈമലര്‍ത്തും. എന്നാല്‍ ചവര്‍പ്പുണ്ടാക്കുന്ന ടി വി പരമ്പരകളിലെ പ്രണയ രംഗങ്ങള്‍ക്കപ്പുറം കണ്ണ് പായിക്കാനറിയുന്ന സഹൃദയര്‍ക്ക് ഇതിലെ വരികളില്‍ ചാലിക്കുന്ന പ്രണയം വായിച്ചെടുക്കാന്‍ ഒട്ടും മെനക്കെടേണ്ടതില്ല.
ദേഹം മുഴുവന്‍ പുതച്ച് കണ്ണുകള്‍ കൊണ്ട് മാത്രം പുറം ലോകവുമായി സംവദിക്കുന്ന സൈനുദ്ദീന്‍െറ ഉമ്മയുടെ സൗന്ദര്യം നാട്ടിലെ സംസാരമായിരുന്നു. ഇതിഹാസ സ്വരൂപിണിയായ അവര്‍ സ്വര്‍ഗത്തിലെ ഹൂറിയെപ്പോലെയാണെന്ന് നാട്ടുകാര്‍ അടക്കം പറയാറുണ്ടായിരുന്നു.
അവരെ കല്യാണം കഴിച്ചതില്‍ പിന്നെ മൂസാന്‍ ഹാജി വര്‍ഷത്തിലൊരിക്കലെ നാട്ടില്‍ വരാറുള്ളൂ. കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി പേര്‍ഷ്യയില്‍ തങ്ങി. ഈ കാലമത്രയും ‘കണവതി’ ആ വീട്ടിലുണ്ടായിരുന്നു. അവനെ ഖുര്‍ആന്‍ പഠിപ്പിച്ചതാര്? അവന്‍ മരത്തലപ്പുകളില്‍നിന്ന് ഉച്ചത്തില്‍ സിനിമാപ്പാട്ടുകള്‍ പാടിയത് ആര് കേള്‍ക്കാന്‍? ലളിതമായ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളില്‍ കഥയവതരിപ്പിക്കുന്ന പ്രണയക്കടങ്കകളുടെ ഉത്തരമുണ്ട്.
കാര്യങ്ങള്‍ നേര്‍ക്കുനേരെ വിവരിക്കാതെ, സമര്‍ഥമായി ദ്യോതിപ്പിച്ച് വായനക്കാരന്‍െറ കൗതുകത്തെ ഉദ്ദീപിപ്പിക്കുകയാണ് റഫീഖ് ചെയ്യുന്നത്. കഥയുടെ വിജയവും ഇതു തന്നെ. പക്ഷേ അവസാന ഖണ്ഡികയില്‍ ആവശ്യത്തിലേറെ സൂചകങ്ങള്‍ നല്‍കിയത് കഥയെ നേരിയ പരുക്കേല്‍പ്പിക്കുന്നു.

ഗെബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിന്‍െറ ‘വിമാനവും ഉറങ്ങുന്ന സുന്ദരിയും’ എന്ന കഥ:

അവള്‍ സുന്ദരിയും ഊര്‍ജസ്വലയുമായിരുന്നു; അപ്പത്തിന്‍െറ നിറത്തിലുള്ള മൃദുല ചര്‍മവും പച്ച ആല്‍മോണ്ടിന്‍െറ തിളക്കമാര്‍ന്ന കണ്ണുകളും അവളുടെ നിവര്‍ന്ന തലമുടികള്‍ ഇരു തോളുകളിലേക്കും നീണ്ടു. ഇന്തോനേഷ്യനോ ആന്‍ഡിയനോ എന്ന് തിട്ടപ്പെടുത്താനാകാത്ത ഒരു പ്രാക്തന പ്രഭ അവര്‍ പ്രസരിപ്പിച്ചു’’
ഈ മാദക സുന്ദരിയെ മാര്‍ക്കേസ് കാണുന്നത് പാരീസിലെ ഡിഗോല്‍ എയര്‍പോര്‍ട്ടില്‍. ഒരു നിമിഷം മുനിഞ്ഞ് കത്തിയ അവളുടെ രൂപം പൊടുന്നനെ മഹാപുരുഷാരത്തിനിടയില്‍ അപ്രത്യക്ഷമായി. 
കനത്ത ഹിമപാതത്തത്തെുടര്‍ന്ന് ഡി ഗോല്‍ എയര്‍പോര്‍ട്ട് അടച്ചിട്ടതായിരുന്നു. ആ വര്‍ഷമുണ്ടായ ഏറ്റവും കനത്ത ഹിമപാതമാണതെന്ന് കൗണ്ടറിലെ സ്ത്രീ പറഞ്ഞു. ‘‘അവള്‍ പറഞ്ഞത് തെറ്റായിരുന്നു, അത് ആ നൂറ്റാണ്ടിലെ ഏറ്റവും കനത്തായിരുന്നു.’’ മാര്‍ക്കേസിന്‍െറ കണ്ണുകള്‍ അവള്‍ക്കായി പരതി. എങ്ങും അവളുടെ ഒരു സൂചനപോലും കണാനായില്ല. നീണ്ട മണിക്കൂറുകള്‍ക്ക് ശേഷം മഞ്ഞ് ശമിച്ചു. വിമാനത്തിന്‍െറ ഫസ്റ്റ് ക്ളാസ് മിനുമിനുപ്പില്‍ ചാരിയിരിക്കുമ്പോള്‍ തൊടുത്ത് ആ യുവ സുന്ദരി. ഒരു കാരണവശാലും തന്നെ ഉണര്‍ത്തരുതെന്നും തനിക്ക് ഭക്ഷണമൊന്നും വേണ്ടെന്നും അവള്‍ എയര്‍ഹോസ്റ്റസിനെ ചട്ടം കൊട്ടുന്നു. തന്‍െറ കൈവശമുള്ള സൗന്ദര്യവര്‍ധക സാധനങ്ങളുടെ കൊച്ചുപെട്ടിയില്‍ നിന്ന് സ്വര്‍ണ്ണ നിറത്തിലുള്ള രണ്ട് ഗുളികകള്‍ അവള്‍ അകത്താക്കി. പിന്നെ മാര്‍ക്കേസിനു നേരെ പുറം തിരിഞ്ഞ് നീണ്ട നിദ്രയിലമര്‍ന്നു. ഒറ്റക്കിടപ്പ്. യാതൊരനക്കവുമില്ല. അവര്‍ക്ക് ജീവനുണ്ടോയെന്ന് പോലും സംശയിക്കണം. എട്ട് മണിക്കൂര്‍ നീണ്ട ഒരു മഹാനിദ്ര. മാര്‍ക്കേസ് വിവരിക്കുന്നു: ‘‘അതൊരു വല്ലാത്ത യാത്രയായിരുന്നു. ഒരു സുന്ദരിയായ സ്ത്രീയോളം മനോഹരമായ കാഴ്ച ഭൂമിയിലില്ളെന്ന് ഞാന്‍ എന്നും വിശ്വസിച്ചു. ആ കാല്‍പ്പനിക ജീവിയുടെ മാസ്മരിക ബന്ധനത്തില്‍ നിന്ന് ഒരു നിമിഷം പോലും കുതറി മാറാന്‍ എനിക്ക് കഴിഞ്ഞില്ല. അത്താഴം കഴിഞ്ഞപ്പോള്‍ വിളക്കുകള്‍ മെല്ളെ കണ്ണ് ചിമ്മി. കാണാനാരുമില്ളെങ്കിലും സ്ക്രീനില്‍ ഒരു ചലച്ചിത്രം തെളിഞ്ഞു. ലോകത്തിന്‍െറ മഹാന്ധകാരത്തില്‍ ഞങ്ങളിരുവരും ഒറ്റക്ക്. നൂറ്റാണ്ടിലെ ഏറ്റവും കനത്ത ഹിമവര്‍ഷം അടങ്ങിയിരുന്നു... 
കഴിഞ്ഞ വസന്തത്തിലായിരുന്നു യാസുനാരി കവാബത്തയുടെ മനോഹരമായ ആ നോവല്‍ വായിച്ചത്. സുന്ദരികളായ യുവതികള്‍ സുഖനിന്ദ്ര കൊള്ളുന്നത് കാണാന്‍ ഏറെ പണം ചെലവഴിക്കാറുണ്ടായിരുന്ന ക്യോട്ടോയിലെ പ്രായം ചെന്ന ധനാഢ്യരെ കുറിച്ചായിരുന്നു ആ  നോവല്‍... അവരെ ഉണര്‍ത്താനോ ശല്യം ചെയ്യാനോ അവര്‍ക്കനുവാദമുണ്ടായിരുന്നില്ല; അവരതിന് ഒട്ടും ശ്രമിച്ചതുമില്ല. കാരണം ഉറക്കത്തില്‍ ആ സുന്ദരികളെ കാണുന്നതിലായിരുന്നു അവരുടെ ആനന്ദം. ആ രാത്രി ആകാശസുന്ദരിയുടെ  ഉറക്കം കണ്ടപ്പോള്‍ വൃദ്ധസഹജമായ ആ ആനന്ദം ഞാന്‍ മനസ്സിലാക്കുകയായിരുന്നില്ല; മറിച്ച് പൂര്‍ണമായി അനുഭവിച്ചറിയുകയായിരുന്നു’
വിമാനം താഴെയിറങ്ങുന്നു. സ്ത്രീ അവരുടെ രോമത്തോലില്‍ തീര്‍ത്ത ജാക്കറ്റണിഞ്ഞ് പുറത്തേക്ക് പോകുന്നു; കഥയവസാനിക്കുന്നു.
മര്‍ക്കേസ് എന്ന മന്ത്രികനുമായി റഫീഖിനെ താരതമ്യം ചെയ്യുന്നതില്‍ അപാകതയുണ്ടാവാം. എങ്കിലും രതിരസപ്രധാനമായ ഈ കഥകള്‍ ഇരുവരും സവിശേഷ വിരുതോട് കൂടിയാണ് അവതരിപ്പിച്ചതെന്ന് സമ്മതിച്ചേ മതിയാകൂ.

ചേരുവകളുടെ അനുപാതയുക്തമായ പ്രയോഗമാണ്  കഥകളെ ചേതോഹരമാക്കുന്നത്. ഒരു പ്രതീചി പശ്ചാതലം തീര്‍ക്കുന്ന പരദേശീ പരിമളം (A Scent of the exotic orient) ഇരു കഥാകൃത്തുക്കളും സമര്‍ഥമായി വിനിയോഗിച്ചിരിക്കുന്നു. സൈനുദ്ദീന്‍െറ ബാപ്പയുടെ പേര്‍ഷ്യന്‍ പശ്ചാത്തലം ഉദാഹരണം. പേര്‍ഷ്യക്ക് പകരം ബോംബെയോ കല്‍ക്കത്തയോ ആയിരുന്നു അയാളുടെ പ്രവാസകേന്ദ്രമെങ്കില്‍ അയാളുടെ ഭാര്യയുടെ ഹൂറീഭാവത്തിന് ഇതേ മൊഞ്ചുണ്ടാകുമായിരുന്നില്ല. ഇതുപോലെ മാര്‍ക്കേസിന്‍െറ സുന്ദരി ഇന്തോനേഷ്യനോ ആന്‍ഡിയനോ അല്ലായിരുന്നുവെങ്കില്‍ അവര്‍ സ്ഥിരം സൗന്ദര്യകല്‍പ്പനകളുടെ സ്വാഭാവികതയില്‍ അച്ചടിക്കപ്പെടുമായിരുന്നു. 
സ്ത്രീയെ വശീകരിക്കാനും വരുതിയില്‍ നിര്‍ത്താനുമുള്ള പുരുഷ കാമനയുടെ മൂര്‍ത്തരൂപങ്ങളായി ഫെമിനിസ്റ്റ് നിരൂപകര്‍ ഈ കഥകളെ ആക്ഷേപിച്ചേക്കാം. അവര്‍ക്ക് വേണമെങ്കില്‍ ഓര്‍ലാന്‍േറായില്‍ പുരുഷ സൗന്ദര്യത്തെ വിവരിക്കാന്‍ വെര്‍ജീനിയാ വൂള്‍ഫ് ഉപയോഗിക്കുന്ന ഉജ്ജ്വല വിവരണങ്ങളില്‍ ഇതിന്‍െറ മറുപുറം വായിക്കാം.
വാല്‍ക്കഷ്ണം: ജപ്പാനീസ് കിളവന്‍മാരും നയനഭോഗത്തെ കുറിച്ച് വായിച്ചപ്പോള്‍ ഓര്‍മ വന്നത്: 97 വയസ്സായ ഹോളീവുഡ് കലാകാരന്‍ യൂബി ബ്ളെയ്ക്കിനോട് അഭിമുഖത്തിനിടെ ചോദ്യം: എത്ര വയസ്സാകുമ്പോഴാണ് ഒരാള്‍ക്ക് തന്‍െറ ലൈംഗികത്വരകളില്‍നിന്ന് മോചനം നേടാനാവുക? ബ്ളെയ്ക്കിന്‍െറ മറുപടി: ഇക്കാര്യം അല്‍പ്പം കൂടി പ്രായമുള്ള വല്ലവരോടും ചോദിക്കണം.

Show Full Article
TAGS:
Next Story