Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകവിതയില്‍ കൊത്തിയ...

കവിതയില്‍ കൊത്തിയ പെണ്‍ശില്‍പങ്ങള്‍

text_fields
bookmark_border
കവിതയില്‍ കൊത്തിയ പെണ്‍ശില്‍പങ്ങള്‍
cancel

സ്ത്രീയുടെ കവിത, അവളത്തെന്നെ തുറന്നുവെക്കാന്‍ ധൈര്യം കാട്ടിത്തുടങ്ങിയിട്ട് അധികനാളായില്ല, നമ്മുടെ ഭാഷയില്‍. തന്നിലെ മാതൃത്വം, പ്രണയിനി തുടങ്ങിയ അവസ്ഥകളെ വിഗ്രഹവത്കരിക്കാനും അതുവഴി സ്വതന്ത്രയാകാനുമുള്ള അവളുടെ ഇച്ഛയെ മുളയിലേ കരിച്ചുകളയാനും സമൂഹം ദത്തശ്രദ്ധമാണ്. ആ മൂല്യവ്യവസ്ഥയെ സംരക്ഷിക്കുന്ന കവിതയാണ് സ്ത്രീ കവികള്‍പോലും എഴുതിവന്നിരുന്നത്. പുതു കവികളിലെ പെണ്‍ശബ്ദങ്ങള്‍പോലും കഥയിലോ നോവലിലോ നടക്കുന്നതുപോലെ എതിരൊലി മുഴക്കാനുള്ള ധൈര്യം നന്നെക്കുറച്ചേ കാട്ടിയുള്ളൂ. മലയാളത്തില്‍ ആണ്‍കവികളുടെ കവിതകളിലാണ് പെണ്ണനുഭവങ്ങള്‍ കുറെക്കൂടി ശക്തമായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത് എന്നുപറഞ്ഞാല്‍ പിണങ്ങുന്നവരുണ്ടാകും. എന്നാല്‍, തമിഴിലെ സെല്‍മയെയും കുട്ടിരേവതിയെയും പോലുള്ള എത്ര കവികള്‍ നമുക്കുണ്ട്? ബ്ളോഗിലും ഫേസ്ബുക്കിലും എഴുതുന്ന പുതു പെണ്‍ കവികളില്‍ ചിലര്‍ ഇതിനൊരു മാറ്റം കൊണ്ടുവരുന്നുണ്ട് എന്നത് ആശ്വാസം തരുന്നുണ്ട്.

മലികാ മര്‍യത്തിന്‍െറ കവിതാപുസ്തകം കൈയില്‍ കിട്ടിയപ്പോള്‍ തെല്ളൊരാഹ്ളാദം ഞാനനുഭവിച്ചു. സമകാലിക പെണ്ണനുഭവങ്ങളെ പൊള്ളുന്ന ഭാഷയില്‍ പറയാനുള്ള ഒരു ശ്രമം ഇതാ യൗവനത്തിലേക്ക് കാലൂന്നുന്ന ഈ കവി നടത്തുന്നു. സമകാലിക ഇന്ത്യനവസ്ഥയുടെ രാഷ്ട്രീയ സമസ്യകളെ സ്പര്‍ശിക്കുന്ന ഏതാനും കവിതകള്‍ മാറ്റിനിര്‍ത്തിയാല്‍ മലികയുടെ കവിതകളധികവും പെണ്ണിന്‍െറ സ്വത്വപ്രശ്നങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. ആണെഴുതുന്ന പെണ്‍കവിതപോലെ സഹതാപത്തിന്‍െറയും സഹാനുഭൂതിയുടെയും ഭാഷയിലല്ല, അനുഭവത്തിന്‍െറ മൂര്‍ച്ചയുള്ള രോഷത്തിന്‍െറയും ഉപഹാസത്തിന്‍െറയും സ്വരമുപയോഗിച്ചാണ് അവരെഴുതുന്നത്.

മനുഷ്യചരിത്രത്തിന്‍െറ തുടര്‍ച്ചയില്‍നിന്ന് സ്ത്രീയെങ്ങനെയാണ് പുറത്താവുന്നതെന്ന സങ്കടമാണ് യുദ്ധാനന്തരം എന്ന കവിത. പ്രസവിച്ചതും വേദന മുഴുവന്‍ സഹിച്ചതും അവളാണ്. എന്നാല്‍, പിറന്ന കുഞ്ഞ് അച്ഛനെപ്പോലെയാണെന്നുപറഞ്ഞ് സ്ഥാപിച്ചുകൊണ്ട് കുഞ്ഞിലൂടെ ചരിത്രത്തില്‍ തുടരാനുള്ള അവളുടെ അര്‍ഹതയെ സമൂഹം റദ്ദാക്കിക്കളയുന്നു. തന്‍െറ കുഞ്ഞിലൂടെ തനിക്കൊരു തുടര്‍ച്ചയില്ളെന്ന വേദനനിറഞ്ഞ പെണ്ണിന്‍െറ തിരിച്ചറിവ്, ചരിത്രത്തില്‍നിന്നു പുറത്താക്കപ്പെടുന്ന അനുഭവമായി ഈ കവിതയിലെ അമ്മ തിരിച്ചറിയുന്നുണ്ട്. ദാമ്പത്യം, പ്രസവം ഇത്യാദി അനുഭവങ്ങള്‍ സ്ത്രീക്ക് സമ്മാനിക്കുന്നത് യുദ്ധസമാനമായ ദുരന്തമാണെന്നു ധ്വനിപ്പിക്കാന്‍ യുദ്ധാനന്തരം എന്ന തലവാചകത്തിനുകഴിയുന്നുണ്ട്.
ഈ സമാഹാരത്തിലെ ഏറ്റവും മികച്ച കവിതകളായി തോന്നിയ കക്ക്, മഴന്‍ എന്നിവയുടെ പ്രമേയവും പെണ്‍ജീവിതം നേരിടുന്ന ദുരനുഭവങ്ങള്‍ തന്നെ. കക്ക് കളിക്കുന്ന പെണ്‍കുട്ടി, കക്ക് കഷണം കളത്തിന് അകത്തോ പുറത്തോ ചവിട്ടിത്തെറിപ്പിക്കേണ്ടതെന്ന ധര്‍മസങ്കടത്തിലാണ്. കക്ക് ഊക്കോടെ കളത്തിനുപുറത്തേക്ക് വലിച്ചെറിയണമെന്നവള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍, അത്രയും ദൂരം ചാടിച്ചെന്ന് കാലുകൊണ്ടതിനെ തൊടാന്‍ അവള്‍ക്കാകുമോ? അതിനാല്‍ വരകള്‍ക്ക് പുറത്തുകടക്കാനുള്ള ഇച്ഛയെ അവള്‍ ഉപേക്ഷിക്കുന്നു. സുരക്ഷിതമായ ഇരുള്‍കവചത്തെ സ്വീകരിച്ച് കളത്തിനകത്തുതന്നെ സ്ഥിതിചെയ്യാന്‍ അവള്‍ തീരുമാനിക്കുന്നു. ഒരു പാവാടക്കാരിയുടെ കളിയനുഭവത്തിലൂടെ സ്ത്രീ നേരിടുന്ന കുരുക്കുകള്‍, അവളുടെ സ്വാതന്ത്ര്യത്തിന്‍െറ കളങ്ങള്‍ എത്ര ചെറുതാണെന്ന വാസ്തവം ഒട്ടും കൃത്രിമത്വം തോന്നാതെ മലിക അവതരിപ്പിച്ചിരിക്കുന്നു. കാവ്യഭാഷ പ്രഭാഷണ പരതയിലേക്ക് വീണുപോകുന്നില്ല. രോഷപ്രകടനത്തില്‍ കാവ്യാംശം ഹോമിക്കപ്പെടുന്നില്ല. ഈ കവിത വായിക്കുന്ന ഏതൊരു സ്ത്രീയും അതിലെ പാവാടക്കാരിയായി സ്വയം തിരിച്ചറിയും. വായിക്കുന്ന ആളിന്‍െറ ആത്മകഥയായി മാറുമ്പോഴാണ് ഒരു കലാസൃഷ്ടി അതിന്‍െറ സാഫല്യം നേടുന്നത്. അതിനെല്ലാം പുറമെ ഏതോ തരത്തിലുള്ള ശൈശവ നിഷ്കളങ്കതകൊണ്ട് ആ കവിത അടിമുടി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നതായും വായനയില്‍ തോന്നി.
മഴ എന്ന വാക്കേ നാം കേട്ടിട്ടുള്ളൂ. ‘മഴന്‍’ എന്ന പ്രയോഗം മലികയുടെ സംഭാവനയാണ്. മഴ എന്നത് മലയാളത്തില്‍ നപുംസകലിഗം വാചിയായ ശബ്ദമാണ്. അതിനെ ‘മഴന്‍’ എന്ന പുല്ലിംഗ ശബ്ദമാക്കി മാറ്റുന്ന കവികര്‍മത്തില്‍ ഭാഷാശാസ്ത്ര പ്രശ്നം മാത്രമല്ല, ഉള്ളടങ്ങിയിട്ടുള്ളത്. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതിലൂടെ കവിതക്ക് കൈവരുന്ന പ്രഹരശേഷി ഓരോ വായനയിലും നമ്മെ നടുക്കും. തന്നെ തൊട്ടുനോക്കിയും ഭയപ്പെടുത്തിയും പാവാടത്തുമ്പുയര്‍ത്തി വിവസ്ത്രയാക്കിയും മഴ കാണിക്കുന്നതൊക്കെയും ഒരാണിന്‍െറ ചെയ്തികളാണ്. കാല്‍പനിക കവിതയിലെ പ്രണയിനിയുടെ പ്രതീകമായി, ഇക്കാലം മഴയെ വായിക്കാന്‍ മലിക ഒരുക്കമല്ല. പ്രകൃതിഭാവങ്ങള്‍ക്കുപോലും പുരുഷന്‍െറ ഹിംസാത്മകത കൈവരുന്നതായി തോന്നുന്ന മനോനിലയിലേക്ക് സ്ത്രീയെ കൊണ്ടുചെന്നത്തെിച്ചത് പുരുഷാധികാര വ്യവസ്ഥയാണ്. ഒന്നിനും അവളെ രക്ഷിക്കാനാവുന്നില്ല. ആശ്വസിപ്പിക്കാന്‍ കഴിയുന്നില്ല. ഈ നിസ്സഹായതയുടെ കലാത്മകമായ ആവിഷ്കാരമാണ് മഴന്‍.
പ്രണയാനുഭവംപോലും ആണ്‍ ചതിയുടെ മറ്റൊരു പേരാണെന്ന തിരിച്ചറിവ് വൊളന്‍ററി റിട്ടയര്‍മെന്‍റ് എന്ന കവിതയില്‍ സ്ഫുരിക്കുന്നു. മഴവെള്ളച്ചാട്ടംപോലെ വന്ന അവന്‍െറ പ്രണയം പാറപ്പുറംപോലെ വരണ്ടതാവാന്‍ അധിക സമയമെടുക്കില്ല. ചിലപ്പോഴത് വഴിമാറിപ്പോവാനുമിടയുണ്ട്. അതിനാല്‍
‘അറിവെന്നെ കരയിക്കുംമുമ്പ്
ഞാന്‍ പ്രണയത്തില്‍നിന്നും
വിരമിച്ചിരിക്കുന്നു’ എന്നവള്‍ തീരുമാനിക്കുന്നു. തീക്ഷ്ണമായ ഉപഹാസം ഉള്ളടക്കം ചെയ്യപ്പെട്ട കവിതയാണിത്.
എല്ലാ കവിതയെയും ഇങ്ങനെ ഇതള്‍ വിടര്‍ത്തി, വായനക്കാരന് കിട്ടേണ്ടുന്ന സുഗന്ധത്തെ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കാവ്യഭാഷയില്‍ കൂടുതല്‍ പുതുക്കം വന്നുചേരേണ്ടതായിട്ടുണ്ട്. ചില കവിതകളിലെങ്കിലും വികാരത്തള്ളിച്ച പ്രകടമാണ്. എഴുതിയെഴുതി സ്വന്തം പരിമിതികളെ മറികടക്കാനുള്ള പ്രതിഭ ഈ കവിക്കുണ്ട് എന്നു ഞാന്‍ വിചാരിക്കുന്നു. മലികയുടെ ശബ്ദംകൂടി ചേര്‍ന്നായിരിക്കും നാളത്തെ മലയാള കവിതയുടെ സ്വരം രൂപപ്പെടുക എന്ന പ്രത്യാശയും എനിക്കുണ്ട്.

Show Full Article
TAGS:
Next Story