Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightദു:ഖശമനിയായി മാറുന്ന...

ദു:ഖശമനിയായി മാറുന്ന ഗ്രന്ഥം

text_fields
bookmark_border
ദു:ഖശമനിയായി മാറുന്ന ഗ്രന്ഥം
cancel

ഭൂമിയില്‍ മനുഷ്യന് ഏറ്റവുമാവശ്യം മനശ്ശാന്തിയാണ്. ശാസ്ത്രത്തിന് മനസ്സമാധാനം സമ്മാനിക്കാന്‍ സാധിക്കുമായിരുന്നെങ്കില്‍ സര്‍ ഐസക് ന്യൂട്ടനും ഐന്‍സ്റ്റൈനുമൊന്നും വിഷാദരോഗികളാകുമായിരുന്നില്ല. വലിയ ദര്‍ശനങ്ങള്‍ക്ക് മനശ്ശാന്തി നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കാലം കണ്ട ഏറ്റവും കടുത്ത നാസ്തിക ദാര്‍ശനികനായ നീത്ഷേ മുഴു ഭ്രാന്തനാകുമായിരുന്നില്ല. കാള്‍ മാര്‍ക്സ് മകന്‍ എഡ്ഗാറിന്‍െറ മരണവേളയില്‍ കടുത്ത അശാന്തിക്കടിപ്പെടുമായിരുന്നില്ല. ലോകപ്രശസ്ത മാര്‍ക്സിയന്‍ ചിന്തകനായ അല്‍ത്യൂസര്‍ മുഴുഭ്രാന്തനായി സ്വന്തം ഭാര്യയുടെ കഴുത്ത് ഞെരിച്ചു കൊല്ലുകയാണല്ളോ ഉണ്ടായത്. സാഹിത്യത്തിന് മനസ്സമാധാനം കൊടുക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ ധീരനായ സാന്തിയാഗോവിന് ‘കിഴവനും കടലു’മെന്ന കൃതിയിലൂടെ ജന്മംനല്‍കിയ ഏണസ്റ്റ് ഹെമിങ്വേ സ്വന്തം വായിലേക്ക് വെടിവെച്ച് സ്വയം മരിക്കുമായിരുന്നില്ല. മനശ്ശാസ്ത്രംപോലും മനസ്സമാധാനം നല്‍കുന്നതില്‍ പരാജയപ്പെടുന്നെന്നാണല്ളോ ആധുനിക മനശ്ശാസ്ത്രത്തിന്‍െറ പിതാവ് സിഗ്മണ്ട് ഫ്രോയ്ഡ് വിഷാദരോഗിയായിരുന്നുവെന്ന വസ്തുത തെളിയിക്കുന്നത്.
ജീവിത സൗകര്യങ്ങളും മനസ്സമാധാനവുമായി വല്ല ബന്ധവുമുണ്ടായിരുന്നെങ്കില്‍ ഭൂമിയില്‍ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്ന കണ്ണില്ലാത്തവരും കാലില്ലാത്തവരുമൊക്കെയാണല്ളോ ആത്മഹത്യ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, ഒരു കൈയില്‍ ഊന്നുവടിയും മറുകൈയില്‍ ഭിക്ഷാ പാത്രവുമായി അങ്ങാടികളിലും ബസ്സ്റ്റാന്‍ഡുകളിലും യാചിച്ചുനടക്കുന്ന ഒരൊറ്റ അന്ധനും ആത്മഹത്യ ചെയ്ത വാര്‍ത്ത കഴിഞ്ഞ നാലു പതിറ്റാണ്ടിനുള്ളില്‍ വായിക്കേണ്ടി വന്നിട്ടില്ല. അതേസമയം, ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും പ്രഫസര്‍മാരും ലക്ഷപ്രഭുക്കളും കോടിപതികളുമൊക്കെ ധാരാളമായി ആത്മഹത്യ ചെയ്യാറുണ്ട്. സാഹിത്യകാരന്മാരും കലാകാരന്മാരും നടീനടന്മാരും ഇക്കാര്യത്തില്‍ ഏറെ മുന്നിലുമാണ്. അപ്പോള്‍ ശാസ്ത്രത്തിനും സാങ്കേതികവിദ്യക്കും കലക്കും സാഹിത്യത്തിനും ഭൗതിക വിഭവങ്ങള്‍ക്കും ജീവിതസൗകര്യങ്ങള്‍ക്കും മനശ്ശാന്തി നല്‍കാനും ദു$ഖമകറ്റാനും സാധ്യമല്ളെങ്കില്‍ എവിടെനിന്ന് എങ്ങനെ ഇത് സാധ്യമാകും? സമകാലിക സമൂഹത്തില്‍ നിരന്തരം ഉന്നയിക്കപ്പെടുന്ന ഈ ചോദ്യത്തിനുള്ള ഗംഭീരവും ഫലപ്രദവും യുക്തിഭദ്രവും പ്രമാണയുക്തവുമായ മറുപടിയാണ് ആഇദുല്‍ഖര്‍നിയുടെ ‘ലാ തഹ്സന്‍’ (ദു$ഖിക്കരുത്) എന്ന ബൃഹദ്ഗ്രന്ഥം. 2009ല്‍ 23ാം പതിപ്പ് പ്രസിദ്ധീകരിക്കുമ്പോഴേക്കും 30ല്‍ ഏറെ ലക്ഷം കോപ്പിയാണ് വിറ്റഴിക്കപ്പെട്ടത്. അറബ് ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന കൃതിയായി ഇത് മാറിയിരിക്കുന്നു. റിയാദിലെ അബീകന്‍ മയലസമിയാണ് 400ലേറെ പേജുകളുള്ള ഈ പുസ്തകത്തിന്‍െറ പ്രസാധകര്‍.
അടിയുറച്ച ദൈവവിശ്വാസം, എപ്പോഴും അവനില്‍ ഭരമേല്‍പിക്കാനുള്ള കരുത്ത്, മരണാനന്തരജീവിതത്തെ സംബന്ധിച്ചും അവിടെ കൃത്യമായി നീതിപുലരുമെന്നതിനെക്കുറിച്ചുമുള്ള ദൃഢബോധ്യം, ദൈവവുമായുള്ള ആത്മബന്ധത്തിലൂടെ ജീവിതവിജയം വരിക്കുമെന്ന പ്രതീക്ഷ ഇവയൊക്കെ ഏവര്‍ക്കും എന്നും എവിടെയും എപ്പോഴും ദു$ഖമകറ്റി മനശ്ശാന്തി ഉറപ്പു വരുത്തുമെന്ന് ആഇദുല്‍ഖര്‍നി പ്രമാണങ്ങളുടെയും ചരിത്രവസ്തുതകളുടെയും വെളിച്ചത്തില്‍ തെളിയിക്കുന്നു.
രക്ഷാമാര്‍ഗങ്ങളൊക്കെയും കൊട്ടിയടക്കപ്പെട്ട് അപകടത്തിലും പ്രതിസന്ധിയിലും അകപ്പെടുമ്പോള്‍ ആരും അഭയം തേടുക സ്രഷ്ടാവിലാണെന്ന വസ്തുത ഓര്‍മിപ്പിച്ചാണ് ആഇദുല്‍ഖര്‍നി തന്‍െറ വര്‍ത്തമാനം ആരംഭിക്കുന്നത്. തുടര്‍ന്ന്, ജീവിതവിജയത്തിനുള്ള വഴികള്‍ വിശദീകരിക്കുന്നു. ഭൂതകാലത്തെയോര്‍ത്ത് ദു$ഖിക്കുന്നതിലെ നിരര്‍ഥകത ഓര്‍മിപ്പിച്ച് വര്‍ത്തമാന കാലത്തെ ആത്മവിശ്വാസത്തോടെ ഉപയോഗപ്പെടുത്താനാവശ്യപ്പെടുന്നു.
മറ്റുള്ളവരില്‍നിന്ന് നന്ദി പ്രതീക്ഷിക്കാതിരിക്കുക, ഹൃദയവിശാലതയോടെ മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുക, കര്‍മനിരതമായ ജീവിതം നയിക്കുക, ദൈവവിധിയില്‍ വിശ്വാസമര്‍പ്പിക്കുക, പ്രയാസത്തോടൊപ്പമായിരിക്കും എളുപ്പമെന്ന പ്രകൃതി നിയമം ഉള്‍ക്കൊള്ളുക, അസൂയ അകറ്റുക, ജീവിതയാഥാര്‍ഥ്യങ്ങളെ മനസാ അംഗീകരിക്കുക, സദാ പ്രാര്‍ഥനാ നിരതനായിരിക്കുക, പരീക്ഷണങ്ങളെ ധീരമായി നേരിടുക, തന്നേക്കാള്‍ താഴെയുള്ളവരെ ശ്രദ്ധിച്ച് താനനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ അനുസ്മരിക്കുക, പ്രതിസന്ധികളില്‍ ക്ഷമ പാലിക്കുക, അനാവശ്യകാര്യങ്ങളില്‍നിന്ന് വിട്ടകലുക, മറ്റുള്ളവരോടു തന്നെ താരതമ്യം ചെയ്യാതിരിക്കുക, കിട്ടിയതു കൊണ്ട് തൃപ്തിപ്പെടുക, സ്വര്‍ഗീയാനുഭവങ്ങള്‍ ഭൂമിയില്‍വെച്ച് മനസ്സു കൊണ്ട് ആസ്വദിക്കുക, അങ്ങനെ അവിടം നേടിയെടുക്കല്‍ ലക്ഷ്യമായി അംഗീകരിക്കുക, മുഖം സദാ പ്രസന്നവും പ്രസാദാത്മവുമാക്കുക, മടുപ്പിനോട് വിട പറയുക തുടങ്ങി മനശ്ശാന്തി ലഭിക്കുന്ന നൂറു കണക്കിന് വഴികള്‍ ഈ കൃതിയിലൂടെ വരച്ചു കാണിക്കുന്നു.
ഈ ഗ്രനഥത്തിന്‍്റെ മര്‍മം ഇങ്ങനെ സംഗ്രഹിക്കാം: ദൈവം നീതിമാനാണ്. അവന്‍ ആരോടും അല്‍പവും അനീതി കാണിക്കുകയില്ല. ഭൂമിയിലെ ജീവിതം ഒരു പരീക്ഷണം മാത്രമാണ്. വളരെ താല്‍ക്കാലികവും. ഇവിടെ പ്രത്യക്ഷത്തില്‍ തന്നെ അനീതിയും വിവേചനവുമുണ്ട്. കണ്ണുള്ളവരും ഇല്ലാത്തവരുമുണ്ട്. ആരോഗ്യവാന്മാരും രോഗികളുമുണ്ട്. കരുത്തരും ദുര്‍ബലരുമുണ്ട്. പണക്കാരും പാവങ്ങളും പണ്ഡിതന്മാരും പാമരന്മാരും പ്രതിഭാശാലികളും മന്ദബുദ്ധികളും ആണും പെണ്ണുമൊക്കെയുണ്ട്.
ഇതൊക്കെയും ഇങ്ങനെ ചെയ്തത് ദൈവമാണെങ്കില്‍ ദൈവവും പ്രകൃതിയാണെങ്കില്‍ പ്രകൃതിയും കടുത്ത വിവേചനവും ക്രൂരതയുമാണ് ചെയ്തത്. എന്നാല്‍ മതം പറയുന്നു: ഇവിടെ ഓരോരുത്തര്‍ക്കും ലഭ്യമായ സ്വാതന്ത്ര്യത്തിനും സാധ്യതക്കുമനുസരിച്ചാണ് ബാധ്യത. കണ്ണുള്ളവന്‍്റെ അത്ര ബാധ്യത അന്ധനോ പണക്കാരന്‍്റെയത്ര ബാധ്യത പാവപ്പെട്ടവനോ ഇല്ല. ഓരോരുത്തര്‍ക്കും ലഭ്യമായ സാധ്യതക്കനുസൃതമായ ബാധ്യത പൂര്‍ത്തീകരിച്ചാല്‍ മറുലോകത്തെ ശാശ്വത ജീവിതത്തില്‍ സുഖ സമ്പൂര്‍ണമായ സ്വര്‍ഗം ലഭിക്കും. ഇല്ളെങ്കില്‍ കൊടിയ നരകശിക്ഷയും.
ഭൂമിയില്‍ അക്രമികളും കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നില്ല. സുകര്‍മികള്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നുമില്ല. മഹദ്കൃത്യങ്ങള്‍ പലപ്പോഴും പാഴ്വേലകളായിത്തീരുന്നു. അഥവാ, കര്‍മങ്ങള്‍ക്കനുസൃതമായ പ്രതിഫലം ലഭിക്കുന്നില്ല.
മരണശേഷം അതുണ്ടാകുമെന്നും ഇവിടെ നഷ്ടപ്പെട്ടതെല്ലാം അവിടെ കിട്ടുമെന്നും അംഗീകരിച്ച് ജീവിക്കുന്നവര്‍ എപ്പോഴും സന്തുഷ്ടരും സംതൃപ്തരുമായിരിക്കും. അംഗീകരിക്കാത്തവര്‍ ഭൗതിക സൗകര്യങ്ങള്‍ക്ക് നടുവിലും അസ്വസ്ഥരും.
കഴിഞ്ഞുപോയ നൂറ്റാണ്ടുകളിലൂടെ കടന്നുപോയ നിരവധി തലമുറകളിലെ ഒട്ടേറെ ചരിത്ര വസ്തുതകള്‍ ഉദ്ധരിച്ച് ആഇദുല്‍ഖര്‍നി ഇക്കാര്യം സംശയരഹിതമായി തെളിയിക്കുന്നു.
പണവും പദവിയും പ്രതാപവും പ്രൗഢിയുമുള്ള പലരും കൊടിയ ദു$ഖത്തിനടിപ്പെട്ടതിന്‍െറയും കഠിനമായ രോഗവും ശാരീരിക പ്രയാസങ്ങളും സാമ്പത്തിക ക്ളേശങ്ങളുമെല്ലാമുണ്ടായിരിക്കത്തെന്നെ തികഞ്ഞ സന്തോഷവും സംതൃപ്തിയും അനുഭവിച്ചതിന്‍െറയും അനേകം അനുഭവങ്ങള്‍ ഈ കൃതി അനാവരണം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story