Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightഎഴുത്തിലൂടെ...

എഴുത്തിലൂടെ കൂകിവിളിച്ചൊരു പെണ്ണിന്‍ ജീവിതത്തെകുറിച്ച്...

text_fields
bookmark_border
എഴുത്തിലൂടെ കൂകിവിളിച്ചൊരു പെണ്ണിന്‍ ജീവിതത്തെകുറിച്ച്...
cancel

പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹമെന്ന് പലപ്പോഴും നാം സ്വയം പഴിക്കാറുണ്ട്. പ്രത്യേകിച്ചും സ്ത്രീ സമൂഹത്തിന്‍റ ഭാഗത്തുനിന്നും. എന്നാല്‍ തന്‍റ നേരെ ആക്രമണത്തിന് മുതിര്‍ന്നവരെ താന്‍ സ്വായത്തമാക്കിയ കായികശേഷിക്കൊണ്ട് ചെറുക്കാനും സ്ത്രീയെ അപഹസിക്കുന്നതെന്നും തോന്നിയ പ്രസംഗത്തിനെതിരെ കൂവി പ്രതിഷേധിക്കാനും ആര്‍ജവം കാണിച്ച അമൃതയും ആര്യയും മലയാളിയുടെ പ്രതികരണശേഷിയുടെ പ്രതീകങ്ങളാണ്. ‘അടക്കവും ഒതുക്ക’വുമുള്ള സ്ത്രൈണത പുരുഷ സങ്കല്‍പത്തിന്‍റ സൃഷ്ടിയാണെന്നും പൊട്ടിച്ചിരിക്കാനും പൊട്ടിക്കരയാനും പൊട്ടിത്തെറിക്കാനുമുള്ള ഇടം അവള്‍ക്കാവശ്യമാണെന്നും മലയാള സമൂഹം തിരിച്ചറിഞ്ഞു തുടങ്ങുന്നുണ്ട്. സൈദ്ധാന്തികമായും പ്രായോഗികമായും സ്ത്രീ വാദത്തിന്‍റ സജീവത വര്‍ധിച്ചുവരുന്നു; സമൂഹത്തിലും സാഹിത്യത്തിലും അത് പ്രതിഫലിക്കുന്നു. എഴുത്തുക്കാരിയുടെ ആത്മ പ്രകാശനമായും പെണ്ണനുഭവങ്ങളുടെ മൗലികാഖ്യാനമായും മാറുന്ന നിരവധി രചനകളിലൂടെ ഇന്നു നാം കടന്നുപോകുന്നുണ്ട്. എന്നാല്‍, നമ്മുടെ സാഹിത്യ ചരിത്രങ്ങള്‍ പരിശോധിച്ചാലോ? എഴുത്തുകാരികള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. സാമൂഹികമോ വിദ്യാഭ്യാസപരമോ ആയ പല കാരണങ്ങള്‍കൊണ്ടും എഴുത്തില്‍ സ്ത്രീ സാന്നിധ്യം വിരളമായിക്കാണാം. എന്നാല്‍ പ്രതികൂല സാഹചര്യങ്ങളില്‍പോലും തന്‍റ രചനയുടെ കരുത്തുതെളിയിച്ച വേറിട്ടൊരു കഥാകാരി നമുക്കുണ്ട് -കെ. സരസ്വതിയമ്മ.

ഒറ്റയ്ക്കു ജീവിച്ചും എഴുതിയും പൊരുതിയും പ്രചോദനമായവള്‍. ആത്മ പ്രകാശനത്തിന്‍റ ഭിന്നമുഖങ്ങള്‍ ചെറുകഥകളിലൂടെയും നോവലിലൂടെയും ശക്തമായി പ്രതിഫലിപ്പിച്ചവര്‍ ആ എഴുകാരിയെ എഴുത്തിലും ജീവിതത്തിലും തേടുന്ന പഠനഗ്രന്ഥമാണ് പി.കെ. കനകലതയുടെ ‘കെ. സരസ്വതിയമ്മ -ഒറ്റയ്ക്ക് വഴി നടന്നവള്‍’ സരസ്വതിയമ്മയുടെ ജീവിതവും എഴുത്തും ഒരുമിച്ചുചേര്‍ത്ത് ജീവചരിത്രപരമായി രചനകളെ പഠിക്കാനുള്ള ശ്രമമാണ് കനകലതയുടെ ഈ പുസ്തകം. സരസ്വതിയമ്മയുടെ എഴുത്തിനും ജീവിതത്തിനും അനുയോജ്യമായ പേരുതന്നെ പുസ്തകത്തിന് നല്‍കാന്‍ തീരുമാനിച്ചതില്‍ ഗ്രന്ഥകാരി അഭിനന്ദനം അര്‍ഹിക്കുന്നു. ഒറ്റയ്ക്ക് വഴി നടക്കുകയും പിന്‍ തലതമുറയ്ക്ക് വഴികാട്ടിക്കൊടുക്കുകയും ചെയ്ത എഴുത്തുകാരിയാണ് സരസ്വതിയമ്മ.
ചില പ്രതിഭകള്‍ കാലത്തിന് മുമ്പേ സഞ്ചരിക്കുന്നവരാണ്. സ്വത്വരാഷ്ട്രീയവും ആവിഷ്കാര സ്വാതന്ത്ര്യവും സ്ത്രീ രചനകളിലെ വൈവിധ്യവും പല തരത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സന്ദര്‍ഭമാണിത്. ഇങ്ങനെയൊരു കാലഘട്ടത്തില്‍ എഴുതേണ്ടവയായിരുന്നില്ളേ സരസ്വതിയമ്മയുടെ രചനകളെന്ന് അവയില്‍ ചിലതുവായിച്ചപ്പോള്‍ തോന്നിയിട്ടുണ്ട്. സമൂഹം അനുശാസിക്കുന്ന ശരികളെ ചോദ്യം ചെയ്യുകയും അത്തരം മൂല്യബോധത്തിന്‍യും നിയമാവലികളുടെയും പൊള്ളത്തരങ്ങള്‍ക്കെതിരെ ജീവിതം കൊണ്ട് കലഹിക്കുകയും ചെയ്ത നിരവധി കഥാപാത്രങ്ങളെ സരസ്വതിയമ്മ സൃഷ്ടിച്ചിട്ടുണ്ട്.

ആ കഥാകാരിയെയും അവരുടെ കഥാപാത്രങ്ങളുടെ വേറിട്ട വ്യക്തിത്വത്തെയും പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന കൃതിയാണ് ‘ഒറ്റക്ക് വഴി നടന്നവള്‍’ ഒരുപക്ഷേ, കാലത്തിന് മുമ്പേ പാഞ്ഞതുകൊണ്ടാകാം എഴുതിയ കാലത്ത് അവര്‍ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയതും.
വ്യത്യസ്തമായൊരു രീതി ശാസ്ത്രമാണ് വ്യക്തിയെയും കൃതികളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഈ പഠനത്തിന് കനകലത സ്വീകരിച്ചിട്ടുള്ളത്. അതിന് പിന്‍ബലമായി ഫ്രഞ്ച് സാഹിത്യ ചിന്തകന്‍ സാങ്ബോവ് അവതരിപ്പിക്കുന്ന സിദ്ധാന്തത്തെ ഗ്രന്ഥകാരി സ്വീകരിക്കുന്നു. കൃതിയോടൊപ്പം കര്‍ത്താവിനെയും പരിഗണിച്ചുകൊണ്ടുള്ള എഴുത്തുക്കാരന്‍റ ജീവിതാനുഭവങ്ങളും എഴുത്തും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആ പഠന രീതിയാണ് സരസ്വതിയമ്മയെ പഠിക്കാന്‍ കനകലത ഇവിടെ സ്വീകരിക്കുന്നത്. സരസ്വതിയമ്മയുടെ ഡയറിക്കുറിപ്പുകള്‍ സൂക്ഷ്മമായി പരിശോധിച്ചും അവരുടെ പല സുഹൃത്തുക്കളുമായും ഏറെ നേരംചെലവിട്ട് വ്യക്തി വിവരങ്ങള്‍ ശേഖരിച്ചും നേടിയെടുത്ത ജീവ ചരിത്രപരമായ വിവരങ്ങള്‍ ഗ്രന്ഥത്തിന്‍റ ആധികാരികത വര്‍ധിപ്പിക്കുന്നു. വ്യക്തിപരമായ സ്ത്രൈണവബോധത്തിന്‍റ ശക്തമായ ആവിഷ്കാരങ്ങളാണ് സരസ്വതിയമ്മയുടെ ഓരോ കഥാപാത്രവും എന്ന് കനകലത നിരീക്ഷിക്കുകയും ചെയ്യുന്നു.
ആദ്യത്തെ രണ്ടധ്യായങ്ങളില്‍ സരസ്വതിയമ്മയുടെ ജീവിതരേഖയും ആദ്യകാല എഴുത്തുകാരികളില്‍ സരസ്വതിയമ്മയുടെ ഇടവും അവതരിപ്പിക്കുന്നു. തുടര്‍ന്നുള്ള മൂന്നധ്യായങ്ങളിലാണ് സരസ്വതിയമ്മയുടെ കൃതികളെ അവരുടെ വിശകലനം. കഥാകൃത്തിന്‍റ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളെയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും അത് കഥാപാത്ര സൃഷ്ടിയെ സ്വാധീനിച്ചതെങ്ങനെയെന്ന് വിശകലനപരമായി വിശദീകരിക്കുകയും ചെയ്യുന്നുണ്ട് കനകലത. സരസ്വതിയമ്മയുടെ രചനകളെക്കുറിച്ചുള്ള സാമാന്യധാരണ പകര്‍ന്നുതരാന്‍ പര്യാപ്തമായിട്ടുള്ള ഈ ഭാഗം കഥാകൃത്തിന്‍െറ മൂന്ന് കാഴ്ചപ്പാടുകളിലാണ് ഊന്നുന്നത് -‘വിവാഹം, ദാമ്പത്യ ‘പ്രണയം,രതി’; ‘സൗഹൃദം’ എന്നിങ്ങനെ സരസ്വതിയമ്മയുടെ ജീവിത ദര്‍ശനം’ എന്ന അധ്യായത്തോടെയാണ് കൃതി അവസാനിക്കുന്നത്. (അനുബന്ധമായി ചില രചനകള്‍ നല്‍കിയിട്ടുണ്ട്) സരസ്വതിയമ്മയുടെ ജീവിത ദര്‍ശനത്തെ ഗ്രന്ഥകര്‍ത്രി ഇപ്രകാരം കണ്ടത്തെുന്നു.
‘സരസ്വതിയമ്മയില്‍, ആഗ്രഹിക്കുന്നത് നേടിയെടുക്കാനുള്ള തീവ്രമായ ഇച്ഛാശക്തി എക്കാലത്തും ഉണ്ടായിരുന്നു. ആ ഇച്ഛാശക്തിയാണ് അവര്‍ക്ക് അസാമാന്യമായ തന്‍റടം നല്‍കിക്കൊണ്ടിരുന്നത്....
എഴുത്തുകാരിയാകാനുള്ള ഇച്ഛാശക്തികൊണ്ടുമാത്രം എതിര്‍പ്പുകള്‍ വകവെക്കാതെ തുടരത്തെുടരെ എഴുതി കഥാലോകത്ത് അവര്‍ സ്ഥാനമുറപ്പിച്ചു.... നിലവിലുള്ള പുരഷാധിപത്യ വ്യവസ്ഥിതിയെ വെല്ലുവിളിച്ചുകൊണ്ട് സ്ത്രീയുടെ സ്വാതന്ത്ര്യവും സ്വത്വാവബോധവും വിഭാവനം ചെയ്തതുകൊണ്ടാണ് സരസ്വതിയമ്മക്ക് സ്വത്വ പ്രതിസന്ധി അനുഭവിക്കേണ്ടിയും അങ്ങനെ ഒറ്റപ്പെടേണ്ടിയും വന്നത്’’ (പുറം 220, 225)
ആരും പ്രോത്സാഹിപ്പിക്കാനില്ലാതിരുന്ന എഴുത്തിനെക്കുറിച്ച് ഗ്രന്ഥകാരി തുടര്‍ന്നും വാചാലയാകുന്നുണ്ട്. ഒരവതാരികപോലുമില്ലാതെ പന്ത്രണ്ട് കഥാസമാഹരങ്ങളും നോവലും നാടകവും പ്രസിദ്ധീകരിച്ച മലയാളത്തിലെ ഒരേയൊരു എഴുത്തുകാരി സരസ്വതിയമ്മയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. അവിവാഹിതയായി ജീവിക്കുന്നതില്‍ സന്തോഷം കണ്ടത്തെുന്ന കഥാപാത്രങ്ങള്‍ തന്‍റ അവിവാഹിത ജീവിതത്തെ ഉയര്‍ത്തിക്കാട്ടാനുള്ള കഥാകാരിയുടെ വ്യഗ്രതയായി ഗ്രന്ഥകാരി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. സൂക്ഷ്മ വിശകലനങ്ങളിലൂടെ തന്‍റതായ നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന കനകലത, മലയാളത്തിലെ സ്ത്രീ വാദ സാഹിത്യത്തിന്‍റ തുടക്കം സരസ്വതിയമ്മയില്‍ കണ്ടത്തെുകയാണ് ചെയ്യുന്നത്.
ആശയങ്ങളുടെയും ചില വാക്കുകളുടെയും ആവര്‍ത്തനം കൃതിയിലുടനീളം കാണാന്‍ കഴിഞ്ഞു. കുടുംബമെന്ന സ്ഥാപനം, വ്യവസ്ഥാപിത പ്രണയം, വ്യവസ്ഥാപിത സമൂഹം/ ജീവിതം, സാമ്പ്രദായിക മൂല്യബോധം തുടങ്ങിയ പ്രയോഗങ്ങള്‍ വിശകലനത്തില്‍ ധാരാളമായി കടന്നുവന്നിട്ടുണ്ട്. ഇതുതന്നെ നിഗമനത്തിലും ആവര്‍ത്തിക്കുന്നു. വ്യവസ്ഥക്ക് നേരെയുള്ള പൊരുതലാണ് സരസ്വതിയമ്മയുടെ രചനകളെന്ന് രണ്ടാമധ്യായത്തില്‍ തന്നെ ഗ്രന്ഥകാരി ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള അധ്യായങ്ങളില്‍ അമിതമായ ഈ ആവര്‍ത്തനം ഒഴിവാക്കാന്‍ ശ്രമിക്കാമായിരുന്നു. മറ്റൊന്ന്, കൃതിയിലൂടെ ചെന്നെത്തേണ്ട ആശയം അഥവാ നിഗമനം ആദ്യം മുതല്‍ പലയിടത്തായി ചിതറിക്കിടക്കുന്നു എന്നതാണ്. ഒരു പക്ഷേ, രണ്ടുതരം സമീപന രീതികളെ സമന്വയിച്ചപ്പോഴുണ്ടായ രീതി ശാസ്ത്രപരമായവയായിരിക്കാം ഈ തോന്നലിന് കാരണം. രചനകളും ജീവിതവുമായി ചില വിശകലങ്ങളില്‍ ഇഴ ചേര്‍ന്നുവരുന്നുണ്ട്. അത് ഈ സമീപനരീതിയുടെ സ്വാഭാവമാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. ഏതായാലും, സരസ്വതിയമ്മ എന്ന കഴിഞ്ഞ നൂറ്റാണ്ടിന്‍റ കഥാകാരിയെ എഴുത്തിന്‍റയും ജീവിതത്തിന്‍റയും വഴികളിലൂടെ പുതു വായനാ സമൂഹത്തിനു മുന്നിലവതരിപ്പിക്കുന്ന ഈ ഗ്രന്ഥം കഥാചരിത്രം അന്വേഷിക്കുന്നവര്‍ക്കും മലയാള സാഹിത്യത്തിലെ സ്ത്രീ പക്ഷ രചനകള്‍ പഠിക്കുന്നവര്‍ക്കും സരസ്വതിയമ്മയെ അടുത്തറിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും നിരവധി വിവരങ്ങളും ധാരണകളും പകര്‍ന്നുതരുന്നതാണ്. കൃതിയിലെ ഭാഷ സൈദ്ധാന്തികമായി പരുക്കനല്ലാത്തത് പുസ്തകത്തിന്‍റ വായനാ ക്ഷമതയെ താരതമ്യേന ലളിതമാക്കി നിലനിര്‍ത്തുന്നുണ്ടെന്നത് എഴുത്തുപറയേണ്ട പ്രത്യേകതതന്നെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story