സന്തോഷിന്‍റെ ബിരിയാണിയും ചില ഓൺലൈൻ വായനകളും

14:22 PM
24/08/2016

സന്തോഷ് ഏച്ചിക്കാനം എഴുതിയ 'ബിരിയാണി' കേരളത്തിൽ അടുത്തിടെ വ്യാപകമായി ചർച്ച ചെയ്യപ്പെട്ട കഥയാണ്. കഴിഞ്ഞ വാരം പ്രമുഖ ആഴ്ചപതിപ്പിൽ അച്ചടിച്ചുവന്ന കഥ പലതരത്തിൽ വായിക്കപ്പെട്ടു. കഥയുടെ മുസ്ലിം വിരുദ്ധത ഇതിനോടകം  വിവാദമായി. കഥാകാരൻ ഊന്നിയ കേരളത്തിലെ ഭക്ഷണ ധൂർത്ത് വേണ്ട രീതിയിൽ ചർച്ച ചെയ്യപ്പെട്ടോ എന്ന സംശയവും നിലനിൽക്കുന്നു. കഥയെക്കുറിച്ച് നവമാധ്യമങ്ങളിൽ ചില പ്രമുഖർ എഴുതിയ അഭിപ്രായങ്ങൾ.

മുസ്ലിം വിരുദ്ധ പൊതുബോധത്തിനായുള്ള ആസൂത്രിത ശ്രമം- റൂബിൻ ഡിക്രൂസ്

കേരളത്തിൽ ഉണ്ടാക്കിക്കൊണ്ടുവരുന്ന മുസ്ലിം വിരുദ്ധ പൊതുബോധത്തിനായുള്ള ആസൂത്രിതമായ ഒരു ശ്രമത്തിലെ ഏറ്റവും ഭയാനകമായ ഒരു അധ്യായമാണ് ഈ രചന. ഇത്തരം സാംസ്കാരികോല്പന്നങ്ങളുടെ പ്രവർത്തനം എങ്ങനെ എന്ന് അറിഞ്ഞുകൂടാത്ത ചില ശുദ്ധമനസ്കരുണ്ട്. അതിൽ എഴുത്തുകാർ പോലുമുണ്ട്. പക്ഷേ, ഈ കഥ എഴുതിയ സന്തോഷ് ഏച്ചിക്കാനമോ അതിനെക്കുറിച്ചെഴുതിയവരോ അത്തരം ബുദ്ധികുറഞ്ഞവരല്ല. അതിനാലാണതിനെ ആസൂത്രിത ശ്രമം എന്നു ഞാൻ വിളിക്കുന്നത്.

കഥയിലെ ചില ഭാഗങ്ങളിലൂടെ ഒന്നു നോക്കൂ:

"പണ്ട് തളങ്കരയില് നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്.... ജീവിച്ചിരിക്കുന്ന നാലു ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയി എന്നല്ലാതെ ഹാജിയുടെ ഓര്മശക്തിക്ക് ഒരു കുഴപ്പവുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം." എന്നൊക്കെയുള്ള നാടോടിക്കഥയുമായാണ് സന്തോഷ് ഏച്ചിക്കാനം തുടങ്ങുന്നത്.

"ഹാജിക്കാന് ആമിനയില് ഉണ്ടായ മകള് റുഖിയ. റുഖിയയുടെ മകൻ റിസ്വാൻ. അമേരിക്കയിൽ കാര്ഡിയാക് സര്ജനാണ്. അവന്റെ നിക്കാഹ് കഴിഞ്ഞ ആഴ്ച ബാംഗ്ലൂർ വച്ചായിരുന്നു."

പട്ടിണികൊണ്ട് അന്തംവിട്ട് ദുബായി വരെ ഉരുവിൽ കയറി പോയ കലന്തൻ ഹാജിയുടെ ചെറുമകൻ റിസ്വാൻ ഇപ്പോഴത്തെ ആധുനികതയ്ക്കും മറ്റും പിന്നിലുള്ള പട്ടിണിക്കാലവും അമേരിക്കയിലെ കാര്ഡിയാക് സര്ജൻ ബാംഗ്ലൂർ വച്ച് കെട്ടുമ്പോഴും ഉപ്പുപ്പാന്റെ നാലുകെട്ടിന്റെ പാരമ്പര്യം ഓര്ക്കണെമന്നുമാണ് കഥാകൃത്ത് ആശിക്കുന്നത്.

"ഈ കാണുന്നതാണ് കലന്തൻ ഹാജിയുടെ പൊര. പൊരയല്ല കൊട്ടാരം. താല്ക്കാലികമായി ഉണ്ടാക്കിയ പന്തലിന്റെ പ്രധാന കവാടത്തില് നിന്ന് വീടുവരെ എത്താന് കുറേ നടക്കണം.... വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത പൂക്കൾ കൊണ്ടാണ് വേദി ഉണ്ടാക്കുന്നത്. സല്ക്കാരം കഴിഞ്ഞാലും ആ വേദിയെപ്പറ്റി നാട്ടുകാർ കുറേക്കാലം പറഞ്ഞു നടക്കും." കേരളത്തിലെ സാഹിത്യപാരമ്പര്യം ഉറൂബിന്റെയും പൊറ്റക്കാടിന്റെയും എംടിയുടെയും കാലത്ത് ഇത്തരത്തിൽ വംശീയ അസൂയയുടെ കുത്തിപ്പൊക്കലായിരുന്നില്ല.

കഥയിലെ ഹാജിയുടെ വിശ്വസ്തന് അസൈനാര്ച്ച സ്ഥലക്കച്ചോടത്തിലെ കൂട്ടുപ്രതി കൂടെയാണ്. ഗള്ഫ് പണം കൊണ്ട് മുസ്ലിങ്ങള് സ്ഥലം വാങ്ങിക്കൂ്ട്ടുകയാണെന്നാണല്ലോ ആരോപണം. ടൌണിൽ കട നടത്തുന്ന രാമചന്ദ്രനെ (ശ്രീ) അസൈനാർച്ച വിളിച്ച് ഉത്തരവുകൾ കൊടുക്കുന്നു. രാമചന്ദ്രന്റെ കടയിലേക്ക് വരുന്ന വരവ് നോക്കൂ, "ഹസൈനാർച്ചയുടെ ഫോർച്യൂണർ വന്നു. വണ്ടിയിൽ നിന്നിറങ്ങി സാധാരണ ചെയ്യാറുള്ളതുപോലെ ട്രൌസറിന്റെ കീശയിൽ കൈയിട്ട് തുടയ്ക്കും വൃഷണസഞ്ചിക്കും ഇടയിൽ ചൊറിഞ്ഞുകൊണ്ട് ഹസൈനാര്ച്ച രാമചന്ദ്രന്റെ കടയിലേക്ക് വന്നു." അല്ലെങ്കിലും മുസ്ലിങ്ങൾ ഇങ്ങനെയാണല്ലേ? പണക്കൊഴുപ്പ്, വഷളത്തരം, സംസ്കാരമില്ലായ്മ, നാലുകെട്ട്...

"ഹസൈനാര്ച്ച ഒരു വില്സ് എടുത്ത് കത്തിച്ചു. 'അല്ല... എന്താണ് ഹസൈനാര്ച്ച, ഭയങ്കര പരിപാടിയാണെന്നാണല്ലോ കേക്കണത്. ബിരിയാണിയിണ്ടാക്കാന് ഹൈദ്രാബാദിന്നും അബുദാബിന്നുമൊക്കെ ആളെ കൊണ്ടുവന്നിറ്റിണ്ടെന്ന് കേട്ടു.' രാമചന്ദ്രന് ചോദിച്ചു,
'ബെറും ബിരിയാണിയല്ല, കുയിമന്തിവരെയിണ്ട് മോനേ. ഇദ് ഈട്ത്തെ ലോക്കല് ഇച്ചാമ്മാരെ മംഗലത്തിന് കിട്ട്ന്ന ചല്ല്പുല്ല ബിരിയാണിയല്ല. ഒന്നാംതരം ബസ്മതി അരീന്റെ ബിരിയാണിയാ. പഞ്ചാബ്ന്ന് ഒരു ലോഡ് അങ്ങനെ തന്നെ എറക്കി. "

ശ്രീകൃഷ്ണഭഗവാന്റെ നാട്ടിൽ നിന്ന് വന്ന ഗോപാൽ യാദവ് എന്നു തന്നെ പേരുള്ള ഒരാളെയാണ് ഹസൈനാര്ച്ച എച്ചില് കുഴിവെട്ടി മൂടാൻ വിളിച്ചോണ്ട് പോകുന്നത്. ശ്രീകൃഷ്ണ ഭഗവാൻ ഇപ്പോഴാണ് ജീവിച്ചിരുന്നതെങ്കിൽ ഗോപാൽ യാദവ് എന്നായിരുന്നേനെ പേര്, അല്ലേ?

ഗോപാൽ യാദവിന് നാട്ടിലെ ഷുക്കൂർ മിയയുടെ കടയിൽ വച്ചാണ് ആറുമാസം ഗര്ഭിണിയായ ഭാര്യ മാതംഗി, ബസുമതി അരി കാട്ടിക്കൊടുക്കുന്നത്. അത് വാങ്ങി ചോറു വയ്ക്കാനും വേണ്ടി വരുമാനമില്ല. എന്നാലും കൊതികൊണ്ട് അമ്പത് ഗ്രാം തൂക്കിത്തരാൻ ഷുക്കൂർ മിയാനോട് പറഞ്ഞു. വീട്ടിലെത്തും മുമ്പ് മാതംഗി അത് ചവച്ചരച്ചു തിന്നു, "അരിമാവ് പശുവിന്പാലു പോലെ അവളുടെ കടവായിലൂടെ ഒഴുകി വന്നപ്പോൾ അത് തുടയ്ക്കാൻ സമ്മതിക്കാതെ ഗോപാൽ ആ കണ്ണുകളിലേക്ക് നോക്കിനിന്നു. ഒരു പശുക്കുട്ടിയെ കാണുന്നതുപോലെ."
ഇവിടെയും ഷുക്കൂർ മിയ തന്നെ ശത്രുപക്ഷം. പിന്നെ, മാതംഗി, പശുക്കുട്ടി... എന്താ രചനാ വിരുത്!!

നിക്കാഹ് വീട്ടിൽ ചെന്നതും ഒരു ചെറുക്കനാണ് ശ്രീകൃഷ്ണന് ഉത്തരവുകൾ കൊടുക്കുന്നത്. "പത്തിരുപത് വയസ്സുണ്ട്. അവന്റെ മുന്നിൽ നിന്നപ്പോൾ അത്തറിന്റെ കുപ്പി വീണു പൊട്ടിയതുപോലെ ഗോപാൽ യാദവിന് തോന്നി."
ഭായീരെ നീളത്തിനും വീതിക്കും ഒരു കുഴിയെടുക്കാനാണ് ചെക്കന് പറയുന്നത്. അവനാണെങ്കിൽ അതിനിടയില് സെല്ഫി എടുക്കലും അത് അസംഖ്യം ഗേള്ഫ്രണ്ട്സിനയച്ചുകൊടുക്കലും. ദം പോട്ടിക്കുകപോലും ചെയ്യാത്ത ബിരായണി വരെ ശ്രീകൃഷ്ണന് അവിടെ ചവിട്ടി നിരപ്പാക്കി കുഴിച്ചു മൂടേണ്ടി വന്നു.നമുക്കൊരു മാതംഗി. ഇവന്മാർക്കെത്ര പെണ്ണുങ്ങളാ! ഗോപാലിനെക്കൂടി ചേര്ത്ത് മൊബൈലിൽ ഒരു സെല്ഫിക്ക് പോസ് ചെയ്തുകൊണ്ട് സിനാൻ ചോദിച്ചു,
"'ഭായി ഭായിക്കെത്ര മക്കളാ'
'ഒരു മോള്.'
'എന്താ പേര്?'
'ബസ്മതി.'
'നിക്കാഹ് കയിഞ്ഞാ?'
' ഇല്ല.'
.........
' പഠിക്ക്യാണോ?'
'അല്ല.'
'പിന്നെ?'
'മരിച്ചു.'
.....
'എങ്ങനെ?'
'വിശന്നിട്ട്.'
ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണുകൂടി ബസ്മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു."

മുസ്ലിങ്ങള് കഴിച്ച് എച്ചിലാക്കിയ ബസ്മതിയുടെ / ബസ്മതിയുടെ കുഴിയിലയാള് മണ്ണുവെട്ടിയിട്ടുകൊണ്ട് ശ്വാസം വലിച്ചടുക്കുകയാണ്. ശ്വാസം വലിച്ചടുത്ത് കയ്യിലിരിക്കുന്ന തൂമ്പ കൊണ്ട് തന്റെ ദുഖത്തിന് പ്രതികാരം ചെയ്യണമെന്നാണോ കഥാകൃത്ത് ആഗ്രഹിക്കുന്നത്.

മതം തിരഞ്ഞ് വിദ്വേഷം പടർത്തണോ? ബെന്യാമിൻ

സന്തോഷ് ഏച്ചിക്കാനത്തിന്‍റെ കഥ നന്നെന്ന് പറഞ്ഞതിന് എന്തിനാണ് എന്നെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതെന്ന് എനിക്ക് ശരിക്കും മനസിലായിരുന്നില്ല. നല്ലത് കേൾക്കുമ്പോഴുള്ള അസ്കിത എന്നേകരുതിയുള്ളൂ. എന്നാൽ ഇത് അതുക്കും മേല എന്ന് ഇന്നൊരു കുറിപ്പ് കണ്ടപ്പോൾ മനസ്സിലായി.
റോബിൻ ഡിക്രൂസ് എന്നൊരു മുൻഷി എഴുതിയതാണ് അതെന്ന് മനസ്സിലാവുന്നു. ഇങ്ങനെയാണ് അത് തുടങ്ങുന്നത്.' മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സന്തോഷ് ഏച്ചിക്കാനം എഴുതിയ ബിരിയാണി എന്ന കഥ എന്നെ ഞെട്ടിച്ചു എന്നതിനേക്കാളും പി.പി രാമചന്ദ്രൻ, മനോജ് കുറൂർ, ഹരീഷ് വാസുദേവൻ തുടങ്ങിയ സുമനസുകളായ സുഹൃത്തുക്കൾ അതിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം എന്നെ ഞെട്ടിച്ചു എന്നു പറയാനാണ് ഈ കുറിപ്പ്.

തുടർന്ന് ഈ കഥയിലെ ഒരു കഥാപാത്രം മുസ്ലിമും മറ്റൊരാൾ ഹിന്ദുവും ആയതു കൊണ്ട് ( നായകനും വില്ലനും അല്ല, അങ്ങനെ രണ്ടു പേർ ഈ കഥയിൽ ഇല്ല!) 'മുസ്ലീം വിരുദ്ധ പൊതുബോധത്തിനായുള്ള ഒരു അസൂത്രിത ശ്രമത്തിലെ ഏറ്റവും ഭയാനകമായ ഒരു അധ്യായമാണ് ഈ രചന' എന്ന് തുടർന്ന് പറയുന്നു .
എന്നു പറഞ്ഞാൽ ഹിന്ദുവായ ഒരെഴുത്തുകാരനും മറ്റ് മൂന്ന് ഹിന്ദുക്കളും ചേർന്ന് ഇവിടെ ഒരു മുസ്ലീം വിരുദ്ധ പൊതുബോധം സൃഷ്ടിക്കുന്നു എന്നാണ് വിദ്വാൻ പറഞ്ഞു വയ്ക്കുന്നത്. ഈ കഥയെ പ്രശംസിച്ച ബെന്യാമിൻ എന്നു പേരായ ബഷീർ എന്നു പേരായ സുബൈർ എന്നും ജോസഫ് എന്നും പേരുള്ള അനേകം സാധാരണ വായനക്കാരെ, കഥയുടെ ആസ്വാദകരെഡിക്രൂസ് സാർ കണ്ടില്ല . കണ്ടാൽ തന്റെ മനസിലിരിപ്പ് പുറത്തു വിടാൻ കഴിയില്ലല്ലോ.

കഥയുടെ കാമ്പ് തിരയാതെ കഥാപാത്രങ്ങളുടെയും എഴുത്തുകാരന്റെയും അഭിപ്രായം പറഞ്ഞവരുടെയും മതം തിരഞ്ഞ് വിദ്വേഷം പടർത്താൻ ശ്രമിക്കുന്ന ഇത്തരം ഡിക്രൂസുമാരെ എന്തു ചെയ്യണമെന്ന് വായനക്കാർ തീരുമാനിച്ചു കൊൾക!

മലയാളിയുടെ മനസ്സാക്ഷിയെ കുത്തിനോവിക്കുന്ന കഥ - പി.പി.രാമചന്ദ്രൻ

ഉള്ളതു പറയണമല്ലോ. അടുത്തകാലത്തു വായിച്ച ഹൃദയസ്പര്‍ശിയായ ഒരു കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി. ഗര്‍ഭിണിയായ ഭാര്യക്ക് വാക്കൂളായി ബസ്മതി അരി അമ്പതുഗ്രാം വാങ്ങിക്കൊടുക്കുന്ന, അവളുടെ കടവായിലൂടെ ഒലിക്കുന്ന വെളുത്ത ഉമിനീരില്‍ നോക്കി പശുക്കുട്ടിയെ സങ്കല്പിക്കുന്ന, ബസ്മതി എന്നുതന്നെ മകള്‍ക്കു പേരിടുന്ന, ഒടുക്കം ബിരിയാണിവേസ്റ്റ് കുഴിയില്‍ തട്ടി മൂടുമ്പോള്‍ വിശന്നുചത്തുപോയ തന്റെ കുഞ്ഞിനെ ഓര്‍ക്കുന്ന - ഗോപാല്‍ യാദവ് എന്ന കഥാപാത്രം മറവിയുടെ മണ്ണിട്ട് എത്ര മൂടിയാലും മലയാളിയുടെ മനസ്സാക്ഷിയെ കുത്തിനോവിച്ചുകൊണ്ടിരിക്കും.

ഒരു ശരാശരിക്കഥ - സുധീഷ് കോട്ടേമ്പ്രം

ബിരിയാണി ഇപ്പോഴാണ് വായിച്ചത്, കണ്ടതും. (കഥ വായിക്കാനുള്ളത് മാത്രമല്ലല്ലോ കാണാനുമുള്ളതാണിന്ന് പ്രിന്‍റിലായാലും സ്‌ക്രീനിലായാലും) സാഹിത്യമോ കലയോ ഉല്‍പാദിപ്പിക്കുന്ന പുതിയൊരുതരം 'ഞെട്ടല്‍' ബിരിയാണി ഉണ്ടാക്കിയില്ല. കൂടുതലാളുകള്‍ ഇഷ്ടപ്പെടുന്നതുകൊണ്ട്/ ജനപ്രിയത മോശമാണെന്ന് കരുതുന്നതുകൊണ്ട്/ കഥയുടെ സൗന്ദര്യത്തികവില്ലായ്മ കൊണ്ട്/ കഥ ഒളിച്ചുകടത്തുന്നു എന്ന് വിമര്‍ശിക്കപ്പെട്ട അതിന്റെ മതാടിസ്ഥാനങ്ങളെക്കൊണ്ട് ഒന്നുമല്ല എനിക്കിത് ശരാശരി കഥയാണെന്ന് തോന്നിയത്. മറിച്ച് ദാരിദ്ര്യം എന്ന എക്കാലത്തെയും വലിയ പ്രമേയത്തെ കൈകാര്യം ചെയ്യുന്നതിലെ 'പുറംനോട്ടത്തിന്റെ' പ്രശ്‌നമാണ് അത് മുന്നോട്ട് വെക്കുന്നതെന്ന് തോന്നി.

കഥക്കൊപ്പമുള്ള ഷെരീഫിന്‍റെ ചിത്രങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ അത് ബോധ്യമാവും. താഴോട്ട് നോക്കുന്ന പുരുഷമുഖത്തിന്‍റെ ക്ലോസപ്പ്, തൂമ്പയുമായി നില്‍ക്കുന്ന മനുഷ്യരൂപത്തിന്റെ രണ്ട് ചിത്രങ്ങള്‍, കല്ലുകള്‍ക്കിടയില്‍ തലകീഴായി നിക്കുന്ന മനുഷ്യരൂപം, കുത്തിവരകള്‍ക്കിടയില്‍ ഉണ്ണാനിരിക്കുന്ന പെണ്‍കുട്ടി ഇത്രയുമാണ് ഷെരീഫിന്റെ 'ബിരിയാണി'. സ്വതേ ദാരിദ്ര്യചിഹ്നങ്ങളായി അവതരിക്കുന്ന ഷെരീഫിന്റെ മനുഷ്യരൂപങ്ങള്‍ക്കോ, ഇരുണ്ട പശ്ചാത്തലങ്ങള്‍ക്കോ ഈ കഥയില്‍ സവിശേഷമായി ഒന്നും ചെയ്യാനില്ല. അതുകൊണ്ടുതന്നെ കുത്തിവരകള്‍ ചിത്രപ്രമേയമായി പ്രത്യക്ഷപ്പെടുന്നതുകാണാം. ബിരിയാണിയുടെ കഥാകാരന്‍ ഏറ്റെടുത്ത ദാരിദ്ര്യമെഴുതലിന്റെ വെല്ലുവിളിയുടെ അടുത്തുപോലുമെത്തില്ല ഷെരീഫിന്റെ ഉദ്യമം.കഥയില്‍ നുള്ളിപ്പെറുക്കി ഒന്നും കിട്ടാതെ വരുന്ന ഒരില്ലസ്‌ട്രേറ്ററുടെ സങ്കടം മാത്രമല്ല അത്. ദാരിദ്ര്യത്തെ വരക്കാന്‍ ശ്രമിച്ച ഒട്ടനേകം കലാകൃത്തുക്കള്‍ അഭിമുഖീകരിച്ച 'പുറം നോട്ടത്തിന്റെ' കൂടി പ്രശ്‌നമാണത്. ബംഗാള്‍ ക്ഷാമകാലത്തെ വരച്ച സോമനാഥ് ഹോറിലും, ചിത്തപ്രസാദിലും ഒക്കെ സാമൂഹികസന്ദര്‍ഭവും കലാഭാഷയും തമ്മില്‍ കലഹിക്കുന്നതിന്റെ ചരിത്രസാക്ഷ്യങ്ങളുണ്ട്. 'സോഷ്യല്‍ റിയലിസം' എന്ന് കലാചരിത്രം അതിനെ വിളിക്കുന്നു.

സോഷ്യല്‍ റിയലിസം സൗന്ദ്ര്യശാസ്ത്ര ബോധ്യങ്ങളെ അനുഭവങ്ങളുടെയോ, സാമൂഹികസന്ദര്‍ഭങ്ങളുടെയോ ഒറ്റക്കുറ്റിയില്‍ കെട്ടുകയും 'ഇത് ഇതാണ് ഇത് മാത്രമാണ്' എന്ന് പറയുകയും ചെയ്യുന്നു. കലാസമൂഹങ്ങള്‍ക്ക് പുറത്തെ ആള്‍ക്കൂട്ടഭാവനയെ അത് എളുപ്പം തൃപ്ത്തിപ്പെടുത്തുകയും ചെയ്യും. കലാ-സാഹിത്യ-രാഷ്ട്രീയ സമ്പന്നമായ ഒരു സര്‍ഗാത്മകസമൂഹത്തില്‍ 'ബിരിയാണി' പ്രതിഫലിപ്പിക്കുന്നതും അത്തരമൊരു പൊതുഭാവുകത്വത്തിന്റെ ആള്‍ക്കൂട്ടമനശാസ്ത്രമാണ്. അതില്‍ കലാനുഭവത്തേക്കാള്‍ മുഴച്ചുനില്‍ക്കുക സിംപതിയാവുന്നതും യാദൃശ്ചികമല്ല. 'ആടുജീവിതം' മുന്നോട്ടുവെച്ചതും അത്തരമൊരു സഹാനുഭൂതിയില്‍ തീര്‍ത്ത 'അനുഭവ'ത്തെയാണല്ലോ. കലയെ കവിഞ്ഞ് പോകുന്ന ഉള്ളടക്കമെന്ന് എഴുത്തുകാരന് സന്തോഷിക്കാനുണ്ടതില്‍. വായന അപ്പോഴും ശൂന്യമായ പാത്രത്തില്‍ അതിന്റെ കൈകള്‍ തിരഞ്ഞുകൊണ്ടിരിക്കുക തന്നെ ചെയ്യും.

പന്തിഭോജനത്തിന്‍റെ മെനുവിൽ ബിരിയാണി കാണുമോ? ശ്രീബാല കെ.മേനോൻ

സന്തോഷിന്റെ പന്തിഭോജനം എന്ന കഥക്ക് തിരക്കഥ എഴുതി ഒരു ഷോർട്ട് ഫിലിം ചെയ്ത ആളാണ് ഞാൻ. തിരക്കഥ എഴുതാൻ ഇരിക്കുമ്പോൾ മുഴുവൻ ഞാൻ ആലോചിച്ചിരുന്ന ഒരു കാര്യം ഒറിജിനൽ പന്തിഭോജനത്തിന്‍റെ മെനു എന്തായിരിക്കും? എന്തൊക്കെയായിരിക്കും അന്ന് അവർ കഴിച്ചത്? എന്താ കഴിച്ചേന്ന് ഇന്നും എനിക്ക് അറിഞ്ഞൂടാ. പക്ഷേ അത് ബിരിയാണി അല്ല എന്ന് ഉറപ്പാണ്.

Loading...
COMMENTS