Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightമൂന്നുവയസ്സുകാരന്‍െറ...

മൂന്നുവയസ്സുകാരന്‍െറ ജീവചരിത്രം

text_fields
bookmark_border
മൂന്നുവയസ്സുകാരന്‍െറ ജീവചരിത്രം
cancel

ചിത്രങ്ങള്‍ എപ്പോഴും കാലവും ദേശവും തമ്മിലുള്ള ആവര്‍ത്തിക്കാനാവാത്ത സന്ധിക്കലിന്‍െറ പകര്‍പ്പാണ്. അവ പലപ്പോഴും രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന ചരിത്രമുഹൂര്‍ത്തത്തിനു പകരമാകുന്നു.
ഫന്‍ ഥി കിം ഫുക്കിനെ ഓര്‍ക്കുന്നില്ളേ? അങ്ങനെ പറഞ്ഞാല്‍ മനസ്സിലാക്കാന്‍ പ്രയാസമായിരിക്കും; വിയറ്റ്നാമില്‍ നാപാം ബോംബാക്രമണത്തില്‍നിന്ന് വിവസ്ത്രയായി ഓടിയ ഒമ്പതുവയസ്സുകാരി പെണ്‍കുട്ടി. അവള്‍ വലുതായി, യുദ്ധവിരുദ്ധപ്രവര്‍ത്തകയായി, കാനഡയിലെ നാഗരികയായി. പിന്നെ രഘു റായ് എടുത്ത ഭോപാല്‍ ദുരന്തത്തിലെ മുഖം മാത്രം അനാവൃതമായ കുട്ടിയുടെ ചിത്രം. ഈ കൂട്ടത്തില്‍ പെടുത്താവുന്നതാണ് ഗുജറാത്ത് നരഹത്യകാലത്തെ കുത്ത്ബുദ്ദീന്‍ അന്‍സാരിയുടെ കൈകൂപ്പിനില്‍ക്കൂന്ന ചിത്രം.
ഇവയെല്ലാം ചരിത്രചിഹ്നങ്ങളാണ്. ഒരു കാലത്ത് ഒരു ദേശത്തിന്‍െറ അവസ്ഥയെ അവ പിടിച്ചെടുത്തു.


എന്നാല്‍, കൊച്ചു ഐലന്‍െറ ഹൃദയഭേദകമായ ചിത്രം ചരിത്രത്തെ മാറ്റി. അതെടുത്ത ഫോട്ടോഗ്രാഫര്‍ കുറച്ചുകൂടി പിറകോട്ട് പോയിരുന്നെങ്കില്‍ ആ കടല്‍ത്തീരത്ത് പിന്നെയും ശവശരീരങ്ങള്‍ കണ്ടേനേ. ബോട്ടുകളില്‍ രക്ഷപ്പെടുന്ന അഭയാര്‍ഥികളുടെ ദുരന്തം ഇതാദ്യമായിട്ടല്ല ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്നത്. മ്യാന്മറില്‍നിന്ന് ഇന്തോനേഷ്യയില്‍ നൗകകളില്‍ അഭയം തേടിയ റോഹിങ്ക്യന്‍ മുസ്ലിംകളുടെ  ദുരന്തകഥകള്‍ നമുക്കറിയാം.
തുര്‍ക്കിയിലെ ഒരു കടല്‍ത്തീരത്ത് ഒരു പേരില്ലാത്ത കുട്ടിയുടെ ശവശരീരമായിട്ടാണ് ആ ചിത്രത്തിന്‍െറ കഥ തുടങ്ങുന്നത്. ആദ്യ നോട്ടത്തില്‍ത്തന്നെ ലോകം ഞെട്ടിത്തരിച്ചിരുന്നു. പിന്നെയാണ് ആ കുട്ടിക്ക്  ഒരു പേരുണ്ടാകുന്നത്. ഐലന്‍. മൂന്നു വയസ്സുകാര്‍ക്ക്   സാധാരണ ആരും ജീവചരിത്രം എഴുതുകയില്ല. പക്ഷേ, ഐലന്‍െറ കഥ ആളുകള്‍ക്ക് മുഴുവനും അറിയണമായിരുന്നു.


സിറിയയിലെ കൊബാനിയില്‍ ഖുര്‍ദ് വംശജനായിട്ടാണു അവന്‍ ജനിക്കുന്നത്. കുര്‍ദുകളെ കൊന്നൊടുക്കാനുള്ള ഐ.എസിന്‍െറ  ആക്രമണങ്ങളെ പേടിച്ച് ഐലന്‍െറ കുടുംബം തുര്‍ക്കിയില്‍ പോയി.
തുര്‍ക്കിയിലും അവര്‍ക്ക് രക്ഷയുണ്ടായിരുന്നില്ല. അവര്‍ക്ക് വിസയോ അഭയാര്‍ഥിപദവിയോ ലഭിച്ചില്ല. മൂന്നു തവണ തുര്‍ക്കിയില്‍ നിന്ന് സിറിയയിലേക്ക് അവന്‍െറ കുടുംബം വന്നും പോയും കൊണ്ടിരുന്നു. ഇതിനിടയില്‍ അവന്‍െറ പിതാവ് കാനഡയില്‍ അഭയാര്‍ഥി പദവിക്ക്  അപേക്ഷ നല്‍കിയത് കനേഡിയന്‍ സര്‍ക്കാര്‍ നിരാകരിച്ചു. ഒടുവില്‍ അവര്‍ യൂറോപ്പിലേക്ക് കുടിയേറാന്‍ തീരുമാനിച്ചു.
ഗ്രീസിലെ ഒരു ദ്വീപായിരുന്ന കോസ് അവര്‍ താമസിച്ചിരുന്ന തുര്‍ക്കിയിലെ കടലോരപട്ടണത്തില്‍ നിന്നു വെറും നാലു കിലോമീറ്റര്‍ മാത്രം ദൂരെയായിരുന്നു. ഒരു ഹ്രസ്വനൗകയാത്ര. സെപ്റ്റംബര്‍ രണ്ടിന് ഗ്രീസിലേക്ക് പുറപ്പെട്ട ബോട്ട് അഞ്ചു മിനിറ്റ് യാത്ര ചെയ്തപ്പോള്‍ തന്നെ മറിഞ്ഞു.
നാട്ടുകാര്‍ ഐലന്‍െറയും മറ്റൊരു കുട്ടിയുടെയും മൃതശരീരങ്ങള്‍ കണ്ടത്തെി. അവന്‍ തുറന്നുപിടിച്ച കണ്ണുകളോടെയായിരുന്നു. ആരോ അവന്‍െറ കണ്ണുകള്‍ അടച്ചു. ഫോട്ടോഗ്രാഫര്‍ നിലൂഫര്‍ ദമിര്‍ അവനെ തിരിച്ചിട്ട് പടമെടുത്തു. ലോകത്തിലെ എല്ലാ മാതാപിതാക്കളെയും അവരുടെ കുട്ടികള്‍ നിഷ്കളങ്കരായി ഉറങ്ങുന്നത് ഓര്‍മിപ്പിക്കുന്ന ചിത്രം.


പടമെടുത്ത രീതിയുടെ നൈതികതയെപ്പറ്റി പറയുകയാണെങ്കില്‍ എല്ലാ കലകളെ പോലെ ഫോട്ടോഗ്രഫിയും അത്യന്തം രാഷ്ട്രീയം കലര്‍ന്നതാണ്. ഈ രാഷ്ട്രീയം കടന്നുവരുന്നത് എന്ത് സ്വീകരിക്കുന്നുവോ എന്ത് ത്യജിക്കുന്നുവോ എന്നതിലൂടെയാണ്. ഒറ്റ ക്രോപ്പിങ്ങില്‍ മാറാനുള്ളതേയുള്ളൂ പടത്തിന്‍െറ രാഷ്ട്രീയം. നിലൂഫറിന്‍െറ നൈതികതയെ ചോദ്യംചെയ്ത യൂറോപ്പിലുള്ളവര്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിസമ്മതിക്കുന്ന യാഥാസ്ഥിതികരാണ്.
ഐലന്‍െറ ചിത്രം ചരിത്രത്തെ പല തരത്തിലാണ് ബാധിച്ചത്.  ജര്‍മനി തുടങ്ങിയ യൂറോപ്പിലെ രാജ്യങ്ങള്‍ അഭയാര്‍ഥികള്‍ക്കായി വാതില്‍ തുറന്നു. അഭയാര്‍ഥിപ്രശ്നം ലോകത്തിനുമുന്നില്‍ മുമ്പൊരിക്കലും ഇല്ലാത്ത പ്രാധാന്യത്തോടെ ചര്‍ച്ചാവിഷയമായി. സിറിയയുടെ അടുത്തുകിടക്കുന്ന സൗദി തുടങ്ങിയ അറബ് രാജ്യങ്ങള്‍ സിറിയക്കാരെ സ്വീകരിക്കാന്‍ കാണിച്ച വൈമനസ്യവും  നിശിതമായ ചര്‍ച്ചകള്‍ക്ക് വിധേയമായി. അങ്ങ് ദൂരെ കാനഡയില്‍ 2015ലെ പൊയ്ഹു തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് എതിരായുള്ള ഏറ്റവും വലിയ വിമര്‍ശമായിരുന്നു ഐലന്‍െറ കുടുംബത്തിന്‍െറ അഭയാര്‍ഥിപദവി നിരസിക്കാനുള്ള തീരുമാനം.  
ഐലന്‍െറ അന്തിമചിത്രം ഒരു ചരിത്രചിഹ്നമല്ല, മറിച്ച് ചരിത്രം തന്നെയാണ്. നിലൂഫര്‍ ദമിര്‍ എന്ന ഫോട്ടോഗ്രാഫര്‍ ചരിത്രത്തിന്‍െറ വയറ്റാട്ടിയും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story