Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightഉംബെര്‍ട്ടോ...

ഉംബെര്‍ട്ടോ എക്കോയുടെ ‘മലയിടുക്കി’ലൂടെ

text_fields
bookmark_border
ഉംബെര്‍ട്ടോ എക്കോയുടെ ‘മലയിടുക്കി’ലൂടെ
cancel

ഫാസിസം മറ്റേതു രാഷ്ട്രീയ പ്രത്യയശാസ്ത്രത്തേക്കാളും അതിരു വിസ്തീര്‍ണം കൂടിയ ആഖ്യാനമാണെന്നതിന് ഹിറ്റ്ലര്‍ക്കപ്പുറവും തെളിവുകളുണ്ട്. അത് ഒരു പ്രത്യേക കാലയളവില്‍ തുടങ്ങി അവിടെ തന്നെ അവസാനിച്ചു പോകുന്ന ഒന്നല്ളെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് ഉംബെര്‍ട്ടോ എക്കൊ മനോഹരമായി എഴുതിയിട്ടുണ്ട്. നമ്മള്‍ കടന്നുപോകുന്ന ചെറിയ കാര്യങ്ങളില്‍ വരെ ഫാസിസത്തിന്‍റെ വിഷവിത്തുകള്‍ മുളയ്ക്കാന്‍ പാകത്തില്‍ ത്രസിച്ചു കിടക്കുന്നതെങ്ങനെ എന്നു വ്യക്തമാക്കിക്കൊണ്ട്.

ഫാസിസത്തെക്കുറിച്ചുള്ള സൂക്ഷ്മചിന്തകള്‍ കഥയായി പ്രകാശനം നേടുമ്പോഴുള്ള ആഘാതശക്തി വ്യക്തമാക്കി തരുന്ന ചെറുനോവലാണ് ഉംബെര്‍ട്ടോ എക്കൊയുടെ ‘മലയിടുക്ക്. പതിനൊന്ന് വയസ്സുകാരനായ യാംബോ, ഫാസിസം കൊടുകുത്തി വാഴുന്ന കാലത്ത് ഇറ്റലിയിലെ സൊളാറോ എന്ന പട്ടണത്തില്‍ താന്‍ കൂടി പങ്കാളിയായ ഒരു പോരാട്ടത്തിന്‍റെ ഏട് ഈ കഥയിലൂടെ ഓര്‍ത്തെടുക്കുന്നു. അരാജകവാദിയും സോഷ്യലിസ്റ്റും അതിലേറെ മനുഷ്യസ്നേഹിയും റിബലുമായിരുന്ന ഗ്രഗ്നോല എന്ന ഗാരിബാള്‍ജിനി (ഏകാധിപത്യത്തിനെതിരെ പോരാടുന്ന ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ്) ചേര്‍ന്ന്  ജീവന്‍പോലും അപകടപ്പെടുത്തിക്കൊണ്ട്  ഫാസിസ്റ്റുകളായ  എസ്. എസി (ജര്‍മ്മന്‍ നാസി പട്ടാളസംഘം)ന്‍റെ  കയ്യില്‍ നിന്നും ഒരു കൂട്ടം കൊസാക്ക് പോരാളികളെ രക്ഷപ്പെടുത്തുന്ന ഉദ്വേഗജനകവും ഹൃദയസ്പൃക്കുമായ കഥയാണിത്. വിപ്ളവപ്രവര്‍ത്തനം വെച്ചുകെട്ടിയ തൊങ്ങലല്ല,സാഹചര്യത്തിന്‍റെ അനിവാര്യതയാണെന്ന് കഥ ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രീയ മിശിഹകളെ  പൊതുസമൂഹം പാടെ വിസ്മരിക്കുമ്പോഴും അവരോടൊത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ചിലരിലെങ്കിലും അവശേഷിക്കുന്ന അവരെക്കുറിച്ചുള്ള ഓര്‍മകള്‍  ഭാവിയുടെ വീര്യം നിറക്കുന്നതിന്‍റെ സത്യസന്ധമായ വിവരണമാണ് ഈ നോവല്‍ പങ്കുവെക്കുന്ന പ്രാഥമികമായ തലം.

ഫാസിസത്തെ അതിന്‍റെ സൂക്ഷ്മമായ അവസ്ഥയിലും ഗ്രഗ്നോള തിരിച്ചറിയുന്നുണ്ട്. ബൈബിളിലെ പത്തു കല്പനയില്‍ നിന്നും  ദൈവമെന്ന ഫാസിസ്റ്റിനെ ഡീകണ്‍സ്ട്രക്റ്റ് ചെയ്യുന്ന ഗ്രഗ്നോള, യാംബോയോട് ചോദിക്കുന്നുണ്ട്. ‘മോഷ്ടിക്കരുത്’ എന്ന കല്‍പനയുള്ളപ്പോള്‍ ‘മറ്റൊരാളുടെ സാധനങ്ങള്‍ ആഗ്രഹിക്കരുത്’ എന്നൊരു കല്‍പന വീണ്ടും എങ്ങിനെ വന്നെന്ന് എപ്പോഴെങ്കിലും നീ ആലോചിച്ചിട്ടുണ്ടോ? നിന്‍റെ കൂട്ടുകാരന്‍റേതു പോലൊരു സൈക്കിള്‍ നിനക്കും വേണമെന്നാഗ്രഹിക്കുന്നത് അത്ര വലിയ പാപമാണോ? നീ അവനില്‍ നിന്നും അത് മോഷ്ടിക്കുന്നതല്ല. ഈ കല്പന വെറും അധമ വികാരമായ അസൂയയെ ഇല്ലാതാക്കാന്‍ ഉദ്ദശേിച്ചുള്ളതാണെന്ന് തോന്നാം. നിന്‍റെ സുഹൃത്തിന് സൈക്കിളുണ്ട്. നിനക്ക് ഇല്ല. അതു കൊണ്ട് കുന്നില്‍ ചെരുവില്‍ വച്ച് അതുമായി ഓടിച്ചു വരുമ്പോള്‍ താഴെ വീണ് അവന്‍റെ കഴുത്തൊടിയും എന്നു നീ വിചാരിക്കുന്നെങ്കില്‍ അത് ചീത്ത അസൂയയാണ്. നിന്‍റെ കൂട്ടുകാരനുള്ളതു പോലെ ഒരു സൈക്കിള്‍ അതു ഉപയോഗിച്ചതാണെങ്കിലും വേണ്ടില്ല ,വാങ്ങിക്കാന്‍ വേണ്ടി നീ ചന്തി നോവുന്നതു വരെ പണിയെടുക്കുകയാണെങ്കില്‍ അതു നല്ല അര്‍ത്ഥത്തിലുള്ള അസൂയയാണ്. ലോകം മുന്നോട്ടുരുളുന്നത്, അങ്ങനെയുള്ള വികാരങ്ങളാലാണ്. വേറൊരുതരം അസൂയയുമുണ്ട്, നീതിക്കു വേണ്ടിയുള്ള അസൂയ. ഈ ലോകത്ത് കുറച്ചാളുകള്‍ എല്ലാ സൗകര്യങ്ങളോടെയും രമിക്കുമ്പോള്‍  വലിയൊരു വിഭാഗം മനുഷ്യര്‍ പട്ടിണി കിടന്ന് ചാവുന്നതിന് ഒരു കാരണം കണ്ടത്തൊന്‍ നിനക്ക് കഴിയാതെ വരുമ്പോഴാണ് അതുണ്ടാവുന്നത്. മികച്ച ഒരു മാനുഷിക ഭാവമായ ആ സോഷ്യലിസ്റ്റ് അസൂയ നിന്‍റെ ഉള്ളില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ നീ ഒരു പുതിയ ലോകം നിര്‍മ്മിക്കുന്ന തിരക്കിലായിരിക്കും. എപ്പോഴും കൂടുതല്‍ ധനികരായ ആളുകളുള്ള, അവര്‍ സമൂഹത്തില്‍ നന്നായി വിന്യസിക്കപ്പെട്ടിട്ടുള്ള, ഒരു ലോകം. ഈ  പ്രവര്‍ത്തനത്തിനാണ് പത്താം കല്പന കൃത്യമായി തടയിടുന്നത്. അത് സാമൂഹിക വിപ്ളവത്തെ തടയുന്നു. എന്‍റെ കുഞ്ഞേ, നിന്നെ പോലുള്ള പാവപ്പെട്ട കുട്ടികളെ കൊല്ലരുത്. അവരില്‍ നിന്നും ഒന്നും മോഷ്ടിക്കരുത്. ശരി, എന്നാല്‍ മറ്റുള്ളവരില്‍ നിന്നും കവര്‍ന്നെടുത്തത് തിരിച്ചെടുക്കാന്‍ നീ മുന്നോട്ടു തന്നെ പോകുക വേണം . അതാണിനി വരാന്‍ പോകുന്ന കാലത്തിന്‍റെ സൂര്യന്‍.

ഗ്രഗ് നോള യാംബോയോട് ഇങ്ങനെ സൂക്ഷ്മമായി തന്നെ ഫാസിസത്തേയും സോഷ്യലിസ്റ്റ് ആശയത്തേയും പറ്റി പറഞ്ഞു കൊടുക്കുമ്പോള്‍, ആ ബാലന്‍റെ ഉള്ളില്‍ അവന്‍ തന്നെ അറിയാതെ ഇത്തരം നീതി നിഷേധങ്ങള്‍ക്കെതിരെയുള്ള മനസ്സ് രൂപം കൊള്ളുന്നു. സ്വാഭാവികമായി തന്നെ അവന്‍ പിന്നീട്  ധീരവും, വിപ്ളവകരവുമായി ഗ്രഗ് നോളയുടെ  കൂടെ പ്രവര്‍ത്തിക്കുന്നതിന്  ഇത്തരം സൗഹൃദപരവും ജ്ഞാനപരവുമായ ഉപദേശങ്ങള്‍ കാരണമായി ഭവിക്കുന്നു. ഗ്രഗ് നോള കഴുത്തില്‍ തൂക്കിയിട്ടിരിക്കുന്ന ലാന്‍സെറ്റ് (കത്തി) താനൊരു ഭീരുവായതിനാല്‍ മാത്രമാണ് തൂക്കിയിട്ടിരിക്കുന്നതെന്നും, ഫാസിസ്റ്റുകളാല്‍ പിടിക്കപ്പെട്ടു കഴിഞ്ഞാല്‍ അവരുടെ പീഡനത്തില്‍ തന്‍റെ സഖാക്കളെ ഒറ്റിക്കൊടുക്കേണ്ടി വരുമെന്ന ഭയമുള്ളതിനാല്‍, പിടിക്കപ്പെട്ട ഉടനെ ആ കത്തികൊണ്ട്  കഴുത്തു മുറിക്കുമെന്നും  യാംബോയോട് പറയുന്നുണ്ട്. ഫാസിസ്റ്റുകള്‍ക്ക് ഒരു രഹസ്യവും തന്നില്‍ നിന്നും കിട്ടിയില്ളെന്നതുകൊണ്ടും, പാതിരികള്‍ താന്‍ ആത്മഹത്യ എന്ന പാപം ചെയ്തു എന്നു കരുതുന്നതു കൊണ്ടും, ദൈവം തീരുമാനിച്ച സമയത്തല്ല താന്‍ ചാവുന്നത് സ്വയം തെരെഞ്ഞെടുത്ത സമയത്താണ്  എന്നതിനാലും എല്ലാവരും നാണം കെട്ടു പോകുമെന്നും പറയുന്ന അയാള്‍ തന്‍റെ അജയ്യയെ ഉറപ്പിക്കുകയാണ്.

ഉംബര്‍ട്ടോ എക്കൊയുടെ The Gorge ന്‍റെ മനോഹരമായ പരിഭാഷയാണ് മലയിടുക്ക് എന്ന നോവലൈറ്റ്. എക്കൊ തന്‍റെ തൂലികയില്‍ വരച്ചിടുന്ന ഗ്രഗ് നോളയുടെ ആദര്‍ശ ധീരലോകം വായനക്കാരന്‍റെ മനസ്സില്‍ അസ്വസ്ഥതയോടെ, ഏറെക്കാലം പുകഞ്ഞു നില്‍ക്കും. നമ്മളില്‍ അവശേഷിക്കുന്ന  സാമൂഹിക പ്രതിബദ്ധതയെ ആര്‍ജ്ജവത്തോടെ ധീരതയോടെ  മുന്നോട്ട് നയിക്കുന്നതിന് ഒരു കൈത്താങ്ങാവുന്നുണ്ട് ഈ  കഥ.  ഇത്തരം ആദര്‍ശ ശുദ്ധിയോടെ അതിലേറെ വിപ്ളവബോധത്തോടെ പോരാടി മണ്ണടിഞ്ഞ്, ഓര്‍മ്മകളില്‍ പോലും അവശേഷിക്കാതെ പോവുന്ന,അരാജകവാദി എന്നു സംശയം തോന്നിയേക്കാവുന്ന വ്യക്തികളുടെ ബാക്കിപത്രമാണ്, നമ്മളെല്ലാം ഇന്നും ജീവിക്കുന്ന പുരോഗമന സാമൂഹിക ഘടനയെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട് ‘മലയിടുക്ക്’. ഗ്രഗ് നോളയുടെ വ്യക്തിത്വത്തെയും നിലപാടുകളെയും ഓരോ വായനക്കാരന്‍റെയും ഉള്ളില്‍ ആഴത്തില്‍ കോറിയിടുന്ന വിവരണകലയെ മലയാളത്തിലേക്ക് പകര്‍ത്തുമ്പോള്‍ നഷ്ടമായേക്കാവുന്ന ജൈവികതയെ പരിഭാഷകനായ ശിവകുമാര്‍  മനോഹരമായി മറികടക്കുന്നുണ്ട്.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story