കാല്‍ബൈശാഖിയും കര്‍ക്കിടകമഴയും
text_fieldsറാഹേലമ്മ ടീച്ചര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട, മുറിഞ്ഞും മുനിഞ്ഞും ഇരിക്കാന്‍ കുക്ക് മുസ്തഫ കൈ കൊണ്ട് അടിച്ചും തിരുമ്മിയും പതം വരുത്തിയ പൊറോട്ട വാങ്ങുകയെന്ന പതിവ് അതിരാവിലെ തന്നെ നടപ്പിലാക്കാനാണ് കവലയിലെ ജോസിന്‍െറ ചായക്കടയിലേക്ക് യോഹന്നാന്‍ സാര്‍ ചെന്നത്. റിട്ടയര്‍മെന്‍റിനും ഏക മകന്‍ ജോസ്മോന്‍ ബ്രിട്ടനിലേക്ക് കുടിയേറിപ്പാര്‍ത്തതിനും ശേഷം അതായിരുന്നു യോഹന്നാന്‍ സാര്‍ ദിവസവും അതിരാവിലെ കവലയിലേക്കിറങ്ങാന്‍ ഉണ്ടാക്കിയെടുത്ത പ്രധാനദിനചര്യകളിലൊന്ന്.
ജോസ് പൊറോട്ട പൊതിയാന്‍ എടുക്കുന്ന സമയം കൊണ്ട് യോഹന്നാന്‍ സാര്‍ ആ ചായക്കടയിലാകെ പരിചയക്കാര്‍ക്കായി പരതി. എതിരേ ബെഞ്ചില്‍ വന്നിരുന്നവനെ കണ്ടാല്‍ ആ നാട്ടുകാരനാണെന്നെ തോന്നൂ. പക്ഷേ അവനെ തനിക്കു ഓര്‍ത്തെടുക്കാന്‍ തക്ക പരിചയമില്ല്ളല്ളോയെന്നു യോഹന്നാന്‍ സാര്‍ ഓര്‍ത്തു. ഒരു കാലത്ത് താന്‍ പഠിപ്പിക്കാത്ത ഒരാള്‍ പോലും ഇല്ലാത്ത ഒരു വീടും ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. അന്ന് താന്‍ ഓരോരുത്തരെയും എവിടെ കണ്ടാലും പേര് ചൊല്ലി വിളിക്കുമായിരുന്നു.ഇപ്പോള്‍ താനും നഗരത്തില്‍ മകള്‍ക്കോപ്പം താമസിക്കുന്ന സക്കറിയ സാറിനെപ്പോലെയായി. തൊട്ടടുത്ത വീട്ടിലെ മരണം പോലും ഗേറ്റ് കടന്നു ശവവുമായി വരുന്ന ആംബുലന്‍സ് ഹോണ്‍ കേട്ട് അറിയേണ്ട അപരിചിചത്വം. അല്ളെങ്കില്‍ നഗരപ്രാന്തത്തിലെ ഏതെങ്കിലുമൊരു പൊതു ഇലക്ട്രിക് ശ്മശാനത്തില്‍ ആരുമറിയാതെ പുകഞ്ഞു തീരുന്ന അസ്ഥിക്കഷ്ണങ്ങള്‍.അല്ളെങ്കില്‍ അറിയണമെങ്കില്‍ വല്ല ‘ഐസ് ബക്കറ്റ് ചലഞ്ചോ’ അവയവദാനമോ നടത്തണം. അല്ലങ്കെില്‍ സര്‍ക്കാര്‍ പോലീസുകാര്‍ നിരന്നു നിന്ന് ആചാരവെടി മുഴക്കണം. അല്ളെങ്കിലും മരിക്കും; പുകഞ്ഞു തീരുകയും ചെയ്യും. ആരും അറിയില്ളെന്ന് മാത്രം.
യോഹന്നാന്‍ സാര്‍ എതിരേയിരുന്നവന്‍െറ മുഖം ഓര്‍മ്മയില്‍ പരതുമ്പോള്‍ ജോസ് എന്തുവേണമെന്ന് അവനോടു ചോദിച്ചതും ‘ഖാനേ കേ ലിയേ ക്യാ മിലേഗാ?’ എന്ന് മറുപടി വന്നതും ജോസും യോഹന്നാന്‍ സാറും ഒരുമിച്ച് അന്ധാളിച്ചു പോയതും സെക്കന്‍റുകളുടെ തലത്തല്ലിപ്പാച്ചിലിനിടയിലായിരുന്നു. രാഷ്ട്രഭാഷയായ ഹിന്ദി പണ്ട് കമുകറ യു.പി സ്കൂളിലെ ശാരദ ടീച്ചര്‍ മൂക്ക് വിറപ്പിച്ച് പറഞ്ഞിട്ടും, ചൂരല്‍ കൊണ്ട് കൈത്തണ്ടക്ക് അടിച്ചിട്ടും പഠിക്കാതിരുന്ന ജോസിന് അന്നാണ് അതിന് പ്രായോഗികജീവിതത്തിലുള്ള വില മനസിലായത്. താന്‍ ജോലി ചെയ്തിരുന്ന അതേ സ്കൂളില്‍ ടീച്ചര്‍ ആയിരുന്ന ഭാര്യ പ്രൈമറി ക്ളാസ്സില്‍ പഠിപ്പിച്ചിരുന്ന ഹിന്ദിയുടെ പേരില്‍ അവരെ സ്ഥിരം കളിയാക്കിക്കൊണ്ടിരുന്ന ഹിന്ദിയില്‍ മിതമായ അറിവുണ്ടായിരുന്ന യോഹന്നാന്‍ സാര്‍ ഒന്നും മിണ്ടിയില്ല.റാഹേലമ്മ ടീച്ചറിന് കുട്ടികള്‍ ഇട്ടിരുന്ന ‘ഇസലിയേ’ എന്ന ഇരട്ടപ്പേര് അക്കാലത്ത് യോഹന്നാന്‍ സാറും രഹസ്യമായി ആസ്വദിച്ചിരുന്നു. അതിനേക്കാളുപരി അപ്പോഴാണ് അവനൊരു ഹിന്ദിക്കാരന്‍ ആണെന്ന് യോഹന്നാന്‍ സാര്‍ അടക്കം സോഫിയ മോള്‍ ടീ സ്റ്റാളിലിരുന്ന എല്ലാവരും അറിഞ്ഞത്.
ആരെയും കൂസാതെ അവന്‍ കഴിച്ചിട്ട് കാശു കൊടുക്കാന്‍ ജോസിനരുകില്‍ ചെന്നപ്പോള്‍ ജോസ് മുപ്പത്തിരണ്ട്..,ബക്തീസ്..,ബൈംതീസ്.., എന്നൊക്കെ പറഞ്ഞ് കിടന്നുരുളാന്‍ തുടങ്ങി. “മുബ്ബത്തിറണ്ടല്ളേ..ബത്തീസ്” എന്നും പറഞ്ഞ് ആരോടും വഴിയൊന്നും ചോദിക്കാതെ അവന്‍ ചെന്നൊരു ബസില്‍ കയറി. ടൗണിലെ ബസുകളുടെ ബോര്‍ഡില്‍ പോലും ഹിന്ദിയില്‍ പേരുണ്ട്. യോഹന്നാന്‍ സാര്‍ യാത്ര പറഞ്ഞ് ഒരിക്കലും കഴുകാത്ത ചൂടു ഇരുമ്പുതട്ടില്‍ പാമോയിലിലും കുക്ക് മുസ്തഫയുടെ വിയര്‍പ്പിലും അലിയിച്ച പൊറോട്ടയും പൊതിഞ്ഞ് വീട്ടിലേക്കു പോകുമ്പോള്‍ ഉടമ ജോസ് പ്രത്യയശാസ്ത്രപരമായ വലിയ ഒരു ആശയക്കുഴപ്പത്തിലായിരുന്നു. നാട്ടിലത്തെിയിരിക്കുന്ന മുഴുവന്‍ ബംഗാളികളെയും ബീഹാറികളെയും എങ്ങനെ തന്‍െറ കടയിലത്തെിക്കാമെന്ന വാണിജ്യബുദ്ധി വരെ ആ നൈമിഷികഭൗതികവാദത്തിന്‍െറ ഭാഗമായി.
ആര്‍ട്ടിസ്ററ് കരുണാകരന്‍ സ്നേഹത്തില്‍ ചാലിച്ചു വരച്ചു തന്ന സോഫിയ മോള്‍ ടീ സ്റ്റാളിന് ഹിന്ദിയില്‍ ഉടനടി ഒരു ബോര്‍ഡ് ഉണ്ടാക്കണമെന്ന് ജോസ് ഉറപ്പിച്ചു.ടീ സ്റ്റാളിന് ഒത്ത ഹിന്ദി വാക്ക് കണ്ടു പിടിക്കാന്‍ റാഹേലമ്മ ടീച്ചറിനെ പോയിക്കാണാം. പണ്ട് മലയാളത്തില്‍ ടീ സ്റ്റാള്‍ എന്ന് രാത്രിയില്‍ എഴുതി പെയിന്‍റര്‍ ജെയിംസ്കുട്ടി പോയിക്കഴിഞ്ഞ് പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോള്‍ ജോസ് കണ്ടത് കട തീയിടാനും പൂട്ടാനും നില്‍ക്കുന്ന ഒരാള്‍ക്കൂട്ടത്തെയാണ്.
ബോര്‍ഡ് ഒന്നു കൂടി വായിച്ചപ്പോഴാണ് അമളി മനസിലായത്. ‘ടീ സ്റ്റാള്‍’ എന്നത് ഇംഗ്ളീഷില്‍ എഴുതി വന്നപ്പോള്‍ ‘ദി സ്റ്റാലിന്‍’ എന്നാണ് ജെയിംസ് കുട്ടി എഴുതിവെച്ചത്. അല്‍പം കാശു മുടക്കിയാലും വേണ്ടില്ല ഇത്തവണ കഴിയുമെങ്കില്‍ ബംഗാളിയിലും ബീഹാറിയിലും ഓരോ ബോര്‍ഡ് കൂടി വരച്ചെടുക്കണമെന്ന് ജോസിെന്‍റ കമുകറപ്പാലത്തിനപ്പുറം പോകാത്ത മനസ് പദ്ധതി മെനഞ്ഞു.
പണ്ട് മേസ്തിരിപ്പണിക്കായി വന്നുകൊണ്ടിരുന്ന തമിഴര്‍ എല്ലാം അയ്യരുടെ ചായക്കടയിലേക്കാണ് പൊയ്ക്കോണ്ടിരുന്നത് .അവരെ തന്‍െറ പാളയത്തില്‍ എത്തിക്കാന്‍ ജോസ് തമിഴിലൊരു ബോര്‍ഡ് ഉണ്ടാക്കിയെങ്കിലും ഏശിയില്ല. അതിപ്പോള്‍ സമോവര്‍ തട്ടായി പുറകിലെവിടെയെങ്കിലും വിശ്രമജീവിതം നയിക്കുന്നുണ്ടാവണം.
തിരികെ വരുമ്പോള്‍ യോഹന്നാന്‍ സാര്‍ തനിക്ക് അധികാരം കാണിക്കാന്‍ കഴിയുന്ന ഏകസ്ഥലമായ പാരമ്പര്യമായി കിട്ടിയ ഇരുപതു സെന്‍റ് പാടത്ത് ചെന്നു. ചെന്നപാടെ ‘ഇത്തവണ കൊയ്തെങ്ങനെ ഉണ്ടാവും’ എന്ന ചോദ്യം ദിവാകരനെ ദേഷ്യം പിടിപ്പിച്ചു.
“ഞാറു നടാന്‍ ആളില്ല. അപ്പോഴോണോ കൊയ്ത്ത്.”
ശരിയാണ്.ഇപ്പോള്‍ പെണ്ണുങ്ങള്‍ ആരും കള പറിക്കാന്‍ വരില്ല. അവരെല്ലാം ഒന്നുകില്‍ തൊഴിലുറപ്പ് പണിക്ക് പോകും. അതുമല്ളെങ്കില്‍ വീട്ടില്‍ ചുരുണ്ടുകൂടിയിരുന്ന് സീരിയല്‍ കാണും. ചിലരാവട്ടെ മക്കള്‍ ഗള്‍ഫില്‍ പോയി എന്ന കാരണത്താല്‍ കുറച്ചിലാകുമെന്ന് കരുതി പോകില്ല.
ഇങ്ങനെ ഒട്ടനവധി കുന്നായ്മകളും നിഷ്കളങ്കതകളുമായി, മക്കള്‍ പണിയെടുക്കുന്ന പ്രവാസയിടങ്ങളില്‍ പൊട്ടുന്ന ഓരോ ബോംബും സ്വന്തം ഞെഞ്ചിനകത്തു തിരുകി വെച്ചു കൊണ്ടാണു അന്നാട്ടിലെ താനടക്കമുള്ള ഓരോ അച്ഛനമ്മമാരും നടക്കുന്നതെന്ന് സാറിന് തോന്നി. അവരുടെ മക്കള്‍ മരുഭൂമികളിലെ തിളങ്ങുന്ന സ്വര്‍ണ്ണവും സ്വര്‍ഗവും തേടിപ്പോയപ്പോള്‍ ബംഗാളികളും ബീഹാറികളും തങ്ങളുടെ മക്കള്‍ ജനിച്ചയിടങ്ങളില്‍ ഈ പച്ചപ്പിലേക്ക് സ്വര്‍ഗം തേടി വരുന്നു.
കയറി ചെന്നപ്പോള്‍ തിരിഞ്ഞു നിന്ന് ഞാറു നടുന്നവന്‍ അലസനായി അത് കുത്തി വെച്ച് പോവുകയാണ്.അങ്ങനെ നട്ടാല്‍ ഞാറിന് ചുവടുറക്കില്ല. ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ അത് വെള്ളത്തില്‍ മറിഞ്ഞു വീണു പഴുക്കും.
“ടാ,അങ്ങനെയല്ല നടേണ്ടത് ?.ഞാറിന്‍റെ ചൊവടുറയ്ക്കണം.”
“ക്യാ ബയ്യജി ?”
പരിഭ്രമിച്ചു പോയ യോഹന്നാന്‍ സാര്‍ കൈ കൊണ്ട് ആംഗ്യം കാട്ടിയെങ്കിലും ‘അബ് മേം ക്യാ കരൂ’എന്ന് അവന്‍ വീണ്ടും ചോദിച്ചതോടെ സാര്‍ കുഴങ്ങി. അതോടെ അത്ര കാലവും മട്ടത്രികോണത്തിന്‍േറയും സമപാര്‍ശ്വത്രികോണത്തിന്‍േറയും പോളിനോമിയലുകളുടേയും ആധിപത്യത്തില്‍ മാത്രം വിശ്വസിച്ച യോഹന്നാന്‍ സാര്‍ എന്ത് പറയണമെന്നറിയാതെ ശരിക്കും കുഴങ്ങി. ആ ജാള്യത മാറ്റാനാണ് ‘നീയി കീടനാശിനിയെല്ലാം അടിച്ച് ആളുകളെ കാന്‍സര്‍ രോഗികളാക്കു’മെന്ന് പറഞ്ഞു സാര്‍ ദിവാകരന് നേരെ തട്ടിക്കയറിയത്.
പാടത്തു നിന്നും തിരിച്ചു വന്നപ്പോള്‍ യോഹന്നാന്‍ സാര്‍ റാഹേലമ്മ ടീച്ചറോട് പറഞ്ഞു :
“നീ ഹിന്ദിയല്ലിയോ സ്കൂളില്‍ പഠിപ്പിച്ചിരുന്നത്. ആ പാടത്തൊരു ഹിന്ദിക്കാരനുണ്ട്. അവനോടൊന്നു ചെന്ന് പറ, ഞാറിന്‍്റെ ചുവടുറപ്പിച്ച് നടണമെന്ന്”.
ടീച്ചര്‍ ഹിന്ദി ഹമാരാ രാഷ്ട്രഭാഷയെന്നു ഉറക്കെ പറഞ്ഞില്ളെന്നേ ഉള്ളൂ.
“ഇപ്പോഴെങ്കിലും നിങ്ങള്‍ അംഗീകരിച്ചല്ളോ മാത്സ് കൊണ്ട് ഒരു ഗുണവുമില്ളെന്ന്.ലോകത്തിന്‍െറ സ്പന്ദനം മാത്സിലാണെന്നായിരുന്നല്ളോ ഇത്ര കാലവും നിങ്ങളുടെ വെയ്പ്പ്. ഇപ്പോള്‍ മനസിലായല്ളോ ഹിന്ദിയുടെ പ്രയോജനം.‘ഹിന്ദി കാ ജരൂരി ക്യാ ഹേ’ എന്ന് ചോദിച്ച സകലര്‍ക്കും ഇപ്പോള്‍ മറുപടി കിട്ടിയലല്ളോ’’
തിരികെ വന്നപ്പോള്‍ കാവിലെ പാട്ടുമത്സരത്തില്‍ തോറ്റ പോലെ തല കുമ്പിട്ടിരിക്കുന്ന സാറിനെ കണ്ടപ്പോള്‍ ടീച്ചര്‍ പറഞ്ഞു.
“ഇവന്മാര്‍ക്ക് ഭാഷ അറിയത്തില്ലങ്കെിലും നന്നായി പണിയെടുത്തുകൊള്ളും. നമ്മളുടെ ആളുകളുടെ കൂട്ട് സുഖിമാന്‍മാരല്ല. ഈ പറമ്പൊക്കെ വൃത്തിയാക്കാന്‍ ഒരുത്തനെ കൊണ്ടു തരണമെന്ന് ഞാന്‍ ദിവകരനോട് പറഞ്ഞിട്ടുണ്ട്.
അവരെ ഞെട്ടിപ്പിച്ചു കൊണ്ട് പിറ്റ േദിവസം പറമ്പ് വൃത്തിയാക്കാന്‍ ദിവാകരന്‍ ഒരുത്തനേയും കൂട്ടിക്കോണ്ടു വന്നു. പൊക്കം കുറഞ്ഞ പല്ലുകള്‍ ചുവന്ന ഒരുത്തന്‍.
“ഇവനേതാ ,ഈ നാട്ടിലൊന്നും കണ്ടിട്ടില്ലല്ളോ” -ടീച്ചര്‍ ചോദിച്ചു.
“ഇവന്‍ ബീഹാറിയാ. പണിയെടുത്തോളും. നമ്മുടെ ആ മധുവിന്‍െറ കൂട്ട് ഉഴപ്പില്ല.” ദിവാകരന്‍ യോഹന്നാന്‍ സാറിനെ പാളി നോക്കിയിട്ട് പറഞ്ഞു.
തേങ്ങയിടാന്‍ വരുന്ന മധുവിനെ ടീച്ചറും സാറും പഠിപ്പിച്ചതാണ്.ഒരിക്കല്‍ അവന്‍ തേങ്ങയിടാന്‍ വന്നു. രാവിലെ തന്നെ കൈ വിറക്കുന്നു.കുടിക്കണമെന്നായി അവന്‍. കുറച്ചു കാശും വാങ്ങി അവന്‍ കുടിക്കാന്‍ പോയി. പിന്നെ തിരികെ വന്നതുമില്ല. കള്ളു ഷാപ്പില്‍ കണ്ട വേറൊരാള്‍ക്കോപ്പം അവിടെ നിന്ന് വേറൊരിടത്ത് മരം വെട്ടാന്‍ പോയെന്നു പിന്നീടറിഞ്ഞു. മൂന്നാം നാള്‍ അവന്‍െറ ഭാര്യ തൊട്ടടുത്ത വീടിന്‍െറ തട്ട് വാര്‍ക്കാന്‍ വന്ന തമിഴന്‍ മേസ്തിരിക്കോപ്പം പോയെന്ന വാര്‍ത്ത യോഹന്നാന്‍ സാര്‍ ഉള്‍പുളകത്തോടെയാണ് കേട്ടത്. ആളുകള്‍ക്ക് ഇറങ്ങിപ്പോകാനും ഒളിച്ചോടാനും പ്രത്യേക കാരണങ്ങള്‍ വേണ്ട. അത് ആരെയൊക്കെ ബാധിക്കുമെന്നും അവര്‍ക്കറിയേണ്ട കാര്യമില്ല.
“പക്ഷേ ഇവന് മലയാളം അത്ര പിടിയില്ല. ചെറുതായിട്ട് പറേം. ഹിന്ദി അറിയാവുന്ന ആരെങ്കിലും വേണം ഇവനെ ഒന്ന് മേക്കാന്‍. ഇവനെ ഇങ്ങോട്ട് കൊണ്ടുവരാന്‍ തന്നെ ഞാന്‍ മൂന്നു പേരുടെ സഹായം തേടി. ഞാനും ഒരു തുടക്കക്കാരനാണേ..”
“നിന്നെ സ്കൂളില്‍ ഹിന്ദി പണ്ട് പഠിപ്പിച്ചതല്ലയോ. അന്ന് പഠിക്കണമായിരുന്നു” -ടീച്ചര്‍ എടുത്ത വായില്‍ പറഞ്ഞു.
“എന്‍െറ ടീച്ചറേ, ആ ഹിന്ദിയോട് പുലബന്ധമില്ലാത്ത ഹിന്ദിയാ ഇവന്‍ പറയുന്നേ”.
“അതിനിവിടെ എന്‍െറ ഭാര്യയുണ്ട്” -യോഹന്നാന്‍ സാര്‍ ഇടയ്ക്കു കയറി ഇരുവരേയും സമാധാനപ്പെടുത്തി.
റാഹേലമ്മ ടീച്ചര്‍ പഠിച്ച ഹിന്ദിയുമായിരുന്നില്ല അവന്‍െറ ഹിന്ദി. അവന്‍ സകലവ്യാകരണവും തെറ്റിക്കും. പണ്ട് ആറാം ക്ളാസില്‍ വെച്ച് ടീച്ചറുടെ അടി പേടിച്ച് തോമസ് കുട്ടിയും ജോമോനും സിദ്ധാര്‍ത്ഥനും ‘കാ’ യുടേയും ‘കേ’യുടേയും ‘ഇസലിയേ’യുടേയും സ്ഥാനം തെറ്റിക്കില്ലായിരുന്നു. തെറ്റിച്ചാല്‍ അന്നേരം അടി വീഴും. മൂന്നു തലമുറയെ തന്‍െറ ചൂരല്‍ത്തുമ്പില്‍ നിര്‍ത്തിയ ടീച്ചര്‍ എന്നിട്ടും കുറേ നേരം തന്‍െറ തോല്‍വി സമ്മതിക്കാതെ അവന്‍െറ മുന്‍പില്‍ അങ്ങനെ നിന്നു.
ഒരു മാസം തികച്ചില്ല. എവിടെയോ മേസ്തിരിപ്പണി കിട്ടിയപ്പോള്‍ അവനും പോയി. അവന്‍െറ നിര തെറ്റിയ, പക്ഷേ ജീവിക്കാന്‍ വേണ്ടിയുള്ള ‘കോ’യും ‘ആസ്-പാസും’ ‘സാമ്നേ’യും കൊണ്ട് അവന്‍ പോയപ്പോള്‍ ഒരു വഴക്കാളി കുട്ടിയെ ക്ളാസിനു പുറത്തിറക്കി നിര്‍ത്തിയ ഫീല്‍ ടീച്ചര്‍ക്കുണ്ടായി. പക്ഷേ ഓരോ ശിഷ്യനോടും ഉണ്ടാവാറുള്ളത് പോലെ ടീച്ചറുടെ ഉള്ളിലെവിടെയോ സ്നേഹം പൊടിഞ്ഞു.
പിന്നീടൊരിക്കല്‍ അവനെ വഴിയില്‍ വെച്ച് ടീച്ചര്‍ മേസ്തിരി സെല്‍വനൊപ്പം കണ്ടു. സെല്‍വനും ആദ്യം ജോലി കൊടുത്തത് ടീച്ചറാണ്. അവന് പണികള്‍ പിടിച്ചു കൊടുത്തത് യോഹന്നാന്‍ സാറാണ്. ഒരിക്കല്‍ പണിക്ക് വിളിച്ചിട്ട് തിരക്കായത് കൊണ്ടവന്‍ വന്നില്ല. ആ ദേഷ്യത്തിന് അന്നവന്‍ കൈയ്യറക്കാതെ കെട്ടിയ മതില്‍ ഇപ്പോഴും കാറ്റത്തു നിന്നാടുമെന്ന് പിന്നീടു സാര്‍ തന്നെ പറഞ്ഞു പരത്തി.
“വേല എപ്പടിയിരുക്ക്?” -ടീച്ചര്‍ സെല്‍വനോട് ലോഹ്യം ചോദിച്ചു.
“എന്നുടെ നാട്ടുകാരൊക്കെ ഗള്‍ഫിന് പോയ്. പണ്ടബര്‍ക്ക് ഇബിടമായിരുന്നു ഗള്‍ഫ്. ഇപ്പോള് ബംഗാളികള്‍ക്കും ബീഹാരികള്‍ക്കും ആണിത് ടീച്ചറേ ഗള്‍ഫ്.” അന്നാട്ടുകാരി യമുനയെ കെട്ടിയ സെല്‍വനും മലയാളം പഠിച്ചെന്ന് ടീച്ചര്‍ക്ക് മനസിലായി.
“ഇന്ത ബീഹാറി ഉങ്കളുടെ കീളിലാ വേല തിരുമ്പുന്നത് ?” -ടീച്ചര്‍ തനിക്കും കുറേശ്ശെ തമിഴ് അറിയാമെന്ന മട്ടില്‍ തമിഴ് പടങ്ങളില്‍ നിന്ന് പഠിച്ചെടുത്ത മലയാളം കലര്‍ത്തിയ ഭാഷയില്‍ ചോദിച്ചു.
“ടീച്ചറേ,ഇവന്‍ താന്‍ മുഖ്യമാന പ്രശനം.”
“എന്ന പ്രശനം?”
പിന്നീടറിഞ്ഞു. കട്ട കെട്ടാന്‍ പറഞ്ഞാല്‍ ഒരു മടിയും കൂടാതെ അവന്‍ കട്ട കെട്ടിപ്പൊക്കും.ചിലത് പുറത്തേക്കു തള്ളിയിരിക്കും.ചിലത് കണ്ടാല്‍ ഇപ്പോള്‍ പൊളിഞ്ഞു വീഴുമെന്ന മട്ടില്‍. മരിച്ചു കിടന്ന് പണി ചെയ്യും. പക്ഷേ ഭംഗിയായി പണി ചെയ്യാന്‍ അറിയില്ല.
“എന്തായാലും ഞാന്‍ ഒരുത്തനെ സഹായത്തിന് നോക്കി നടക്കുവാ. ഇപ്പോള്‍ കോളനിയില്‍ നിന്ന് വരുന്ന പെണ്ണുങ്ങളും പണിക്കു വരുന്നില്ല. അവര്‍ക്ക് തൊഴിലുറപ്പില്‍ പുല്ലു ചത്തൊന്‍ പോയാല്‍ അതിനേക്കാള്‍ കൂടുതല്‍ കിട്ടുമത്രേ” .
വഴിയില്‍ വെച്ച് ദിവാകരനെ കണ്ടപ്പോഴും ടീച്ചര്‍ അത് തന്നെ ആവര്‍ത്തിച്ചു.
അടുത്തതായിട്ടാണ് അവന്‍ വന്നത്, ഒന്നരയാഴ്ച കഴിഞ്ഞ്. ‘ഇവന്‍ ബംഗാളിയാ’ എന്ന മുഖവുരയോടെ ഒരു മഴയ്ക്ക് വേറൊരു കാല്‍ബൈശാഖി മഴയേയും കൊണ്ടു വരുന്നത് പോലെ ദിവാകരന്‍ അവനെയും കൊണ്ട് കയറി വന്നു. ഗുവാഹത്തി എക്സ്പ്രസ്സില്‍ നിന്നും ഇറങ്ങിയ പാടെ അവനെ ദിവാകരന് കിട്ടിയതാണ്. കൃഷിപ്പണി കുറച്ചു ദിവാകരനിപ്പോള്‍ ബംഗാളികളേയും ബീഹാറികളെയും ആവശ്യത്തിന് സപൈ്ള ചെയ്യുന്ന ചെറുകോണ്‍ട്രാക്ടറാണ്. കൂട്ടത്തില്‍ ‘കണ്‍ട്രാക്ക്’ എന്ന പേരും പതിച്ചു കിട്ടി.
ടീച്ചര്‍ കുളിമുറിയില്‍ വീണ് കാലിലെ എല്ലില്‍ പൊട്ടലായി ഇരിക്കുമ്പോള്‍ തന്നെ അവനെ കിട്ടിയത് അനുഗ്രഹമായെന്ന് യോഹന്നാന്‍ സാറിനും തോന്നി. എങ്കിലും ‘ഇവന്‍െറയടുത്ത് നിന്‍െറ ഹിന്ദി വിലപോകില്ല. ഇവന്‍ ബംഗാളിയാണെന്നും, കമ്യൂണിസ്റ്റ് ആണോ എന്നും കൂടി അറിഞ്ഞിട്ട് മതി ഇവനെ ഇവിടെ നിര്‍ത്തുന്നതെന്നും അല്ളെങ്കില്‍ നാളെ ഇവന്‍ ഇവിടെയും യൂണിയന്‍ ഉണ്ടാക്കുമെന്നുമുള്ള’ നവമുതലാളിത്തത്തിന്‍െറ പ്രതീക്ഷയും പള്ളിക്കമ്മിറ്റി സെക്രട്ടറിയുമായ യോഹന്നാന്‍ സാറിന്‍െറ കളിയാക്കല്‍ ടീച്ചര്‍ കാര്യമായിട്ടെടുത്തില്ല.
ഒത്തിരി നാളുകള്‍ക്ക് ശേഷം അന്ന് വൈകുന്നേരം മകന്‍ ജോസ്മോന്‍ വിളിച്ചു. അവന്‍െറ തിരക്കുകളുടെ കഥ പറയാന്‍. ബിസിനസ് ട്രിപ്പുകള്‍. നാട്ടിലേക്കു വരാതിരിക്കാനുള്ള കാരണങ്ങള്‍. ദേഷ്യത്തോടെ ഫോണ്‍ വെക്കുമ്പോള്‍ യോഹന്നാന്‍ സാര്‍ പറയുന്നത് റാഹേലമ്മ ടീച്ചര്‍ കേട്ടു.
“ഇനി നീ എന്നാ വരുന്നേ എന്‍െറ ശവമടക്കത്തിനോ”
പ്രാര്‍ത്ഥനാമുറിയിലിരുന്ന് റാഹേലമ്മ കണ്ണീര്‍ പൊഴിച്ചത് യോഹന്നാന്‍ സാര്‍ കണ്ടില്ല.
പിറ്റന്നേ് വീണ്ടും ജോസ്മോന്‍ വിളിച്ചപ്പോള്‍ യോഹന്നാന്‍ സാര്‍ പൊട്ടിത്തെറിച്ചു.
“കൊച്ചുമോനെയും കാണാന്‍ പറ്റിയിട്ടില്ല. എന്തൊരു ഗതികേടാണ്, അങ്ങോട്ട് വരാനാണെങ്കില്‍ ഞങ്ങള്‍ക്ക് അതിനുള്ള ആരോഗ്യവുമില്ല”.
പെട്ടെന്ന് ഫോണ്‍ കട്ടായി. പണ്ട് സ്കൈപ്പില്‍ വരാറുണ്ടായിരുന്ന മരുമകള്‍ ഇപ്പോള്‍ അതിലും വരാറില്ല. അതിനായി വാങ്ങിയ ലാപ്ടോപ് പൊടി പിടിച്ചു തുടങ്ങിയിരിക്കുന്നു. പിന്നെ കുറേ നാളുകള്‍ക്കു ശേഷമാണ് ജോസ്മോന്‍ വിളിച്ചത്. വീണ്ടും തിരക്കുകളുടെ കഥ. വരാന്‍ കഴിയാത്തതിന്‍െറ വിശദീകരണങ്ങള്‍. ഒടുവില്‍ സാര്‍ പറഞ്ഞു.
“നീ വരണ്ട.ഞാനീ സ്ഥലവും എന്‍െറ സര്‍വതും പള്ളിക്കെഴുതി വെയ്ക്കും.”
ഫോണ്‍ കട്ടായി.
അടുത്ത തവണ ആരും എടുക്കാതായപ്പോള്‍ ബംഗാളിയാണ് ഫോണ്‍ എടുത്തത്.
“കോനേ? “
“നീയാരെടാ എന്‍െറ വീട്ടിലെ ഫോണ്‍ എടുക്കാന്‍ ?” -ജോസ്മോന്‍െറ അങ്ങേപ്പുറത്തു നിന്നുള്ള അലര്‍ച്ച അങ്ങോട്ട് വന്ന യോഹന്നാന്‍ സാര്‍ വരെ കേട്ടു.
“അതിവിടെ നില്‍ക്കുന്നവനാ.ഇപ്പോള്‍ അവനാണ് ഏക ഒരു തുണ. നീ കിടന്നു ഭയപ്പെടേണ്ട. ഞാന്‍ പള്ളിക്കെഴുതി കൊടുക്കുന്നത് തീരുമാനിച്ചിട്ടുണ്ട് ” ഫോണ്‍ പിടിച്ചു വാങ്ങിയിട്ട് യോഹന്നാന്‍ സാര്‍ പറഞ്ഞു. ജോസ്മോന്‍െറ ചീത്ത കേട്ട് ബംഗാളി വിരണ്ടു പോയി. ഫോണ്‍ കട്ടായി.
“സ്ഥലം പള്ളിക്ക് കൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ ജോസ്മോന് പേടിയായിക്കാണും. അവനിങ്ങ് പറന്നു വന്നോളും.” യോഹന്നാന്‍ സാര്‍ റാഹേലമ്മ ടീച്ചറോട് പറഞ്ഞു ചിരിച്ചു. പിറ്റേ ദിവസം വീണ്ടും ഫോണ്‍ അടിച്ചു. ബെല്‍ തുടരത്തെുടരെ അടിച്ചു. ആരും ഫോണ്‍ എടുത്തില്ല. ജോസ്മോന്‍ വന്നപ്പോള്‍ വീട് അടച്ചിട്ടിരിക്കുന്നു. ആ ബംഗാളി അവിടില്ല.
വീട് പൊളിച്ചു അകത്തു കടന്നിട്ടും ജോസ്മോന്‍ ആരെയും കണ്ടില്ല. നടന്നു നടന്ന് കാലു കഴച്ചപ്പോള്‍ ജോസ്മോന്‍ പലയിടത്തും സ്വന്തം നിലക്ക് അന്വേഷിക്കാന്‍ തുടങ്ങി. അന്വേഷണം വഴിമുട്ടി പോലീസ് സ്റ്റേഷനില്‍ കയറി ചെന്നു. നടന്നതിനേക്കാള്‍ കൂടുതല്‍ അവിടെ നിന്നു. കുറേക്കഴിഞ്ഞപ്പോള്‍ ഒരു പോലീസുകാരന്‍ മുറുമുറുക്കുന്നത് ജോസ്മോന്‍ കേട്ടു:
“മകന്‍െറ സ്നേഹം കിട്ടാത്ത അച്ഛനമ്മമാര്‍ അടുത്തിടെ ഏതോ ഒരാളെ മകനായി സ്വീകരിച്ച കേസ് ഉണ്ടായിരുന്നു.അങ്ങനെ വല്ളോം ആണോ ഇതും ?”.
ജോസ്മോന്‍ മൂന്നു ദിവസം കാത്തിരുന്നു കഴിഞ്ഞപ്പോള്‍ പോലീസിന്‍െറ ഫോണ്‍ വന്നു.
“ഒന്ന് വരണം. ചെറിയൊരു പ്രശ്നമുണ്ട്.”
നെഞ്ചിടിപ്പോടെ പോലീസ് ജീപ്പില്‍ നിന്നിറങ്ങി ഒരു ഇടവഴിയിലൂടെ നടന്ന് ടിന്‍ഷീറ്റുകള്‍ കൊണ്ട് മറച്ച ഒരിടത്ത് ചെന്ന് നിന്നു. അവിടെ ഒരു ബംഗാളി തല താഴ്ത്തി നില്‍ക്കുന്നു. ജോസ്മോന്‍ ആദ്യമായി അവനെ കാണുകയാണ്.ഇവനെക്കുറിച്ചാണ് അച്ഛന്‍ ‘കുടുംബത്തിലെ ഒരംഗം’ എന്ന് തന്നോട് പറഞ്ഞതെന്ന് ജോസ്മോന്‍ ഓര്‍ത്തു. അവനെ അടുത്തുള്ള വേശ്യാലയത്തില്‍ നിന്ന് പിടി കൂടിയതാണ്. ചുറ്റിനും വലിയ ആള്‍ക്കൂട്ടമുണ്ട്.
“അവളുമാരിക്കൂടെയിവന്മാര്‍ എയ്ഡ്സ് ഈ നാട് മുഴുവന്‍ പരത്തും.”
ആരോ അടക്കം പറഞ്ഞു. അവന്‍ നിര്‍ദയം മൃതദേഹങ്ങള്‍ കുഴിച്ചിട്ടയിടങ്ങള്‍ കാണിച്ചു കൊടുത്തു. ആരോക്കെയോ ചേര്‍ന്ന് അവിടം കുഴിക്കാന്‍ തുടങ്ങി. പിന്നെ അവന്‍ താമസിക്കുന്ന ലേബര്‍ ഷെഡ്ഡിലേക്ക് പോലീസും ജോസ്മോനും നടന്നു. അതിന്‍െറ ഉള്ളില്‍ ടിന്നില്‍ ഇട്ടു വെച്ചിരിക്കുന്ന സ്വര്‍ണവും കുറേ രൂപയും അവര്‍ക്ക് അവന്‍ കാട്ടിക്കൊടുത്തു.
പോലീസ് അക്കൂട്ടത്തില്‍ നിന്നൊരു കടലാസില്‍ പൊതിഞ്ഞ പേപ്പര്‍ എടുത്തു. മുകളില്‍ സര്‍ക്കാര്‍ മുദ്രയുള്ള ആധാരമാണ്. രക്തം പടര്‍ന്ന ആ പേപ്പറിലാണ് അവന്‍ പണം പൊതിഞ്ഞു വെച്ചിരുന്നത്.
അവരെ കൊന്നതിന്‍െറ തലേന്ന് അവര്‍ അവനു ഒപ്പിടാന്‍ കൊടുത്ത പേപ്പറാണത്. അവനെ ദത്തെടുക്കാനുള്ള സമ്മതപത്രം. അതിന്‍െറ താഴെ യോഹന്നാന്‍ സാര്‍ ഒൗട്ട് ഹൗസും അതിന്‍റെ പുരയിടവും അവനു ദാനാധാരമായി ഒപ്പിട്ടു കൊടുത്ത മുദ്ര പേപ്പറും ഉണ്ടായിരുന്നു.
പോലീസത് ജോസ്മോന് കൈമാറി. അപ്പോഴും അവന്‍ ഭാവഭേദമില്ലാതെ തലതാഴ്ത്തി നിന്നു. ജോസ്മോന്‍ ആരും കാണാതെ ആ പേപ്പര്‍ കയ്യിലിട്ട് ചുരുട്ടി.
“അത് തിരിച്ചു തരണം. രൂപ പൊതിഞ്ഞ തൊണ്ടിയാണ്” -അതു കണ്ട പോലീസുകാരന്‍ ചെവിയില്‍ പറഞ്ഞു.
അപ്പോള്‍ വരണ്ടു കിടന്ന മണ്ണിലേക്ക് കര്‍ക്കിടകമഴ പെയ്തു തുടങ്ങി. മണ്ണ് ഋതുമതിയായി പൂത്ത മണം അവിടെമാകെ പരന്നു. ചാറ്റലിന് തൊട്ടു പുറകെ മൃതദേഹങ്ങളില്‍ നിന്ന് നാറ്റം ഉയര്‍ന്നു. അവനെയും കൊണ്ടു വന്ന കാല്‍ബൈശാഖി മഴ തന്ത്രപരമായി പിന്‍വലിയാന്‍ തുടങ്ങി.
മഴ വീണ് പാതി ചീഞ്ഞളിഞ്ഞ മൃതദേഹങ്ങളിലേക്ക് നനവ് പടര്‍ന്നപ്പോള്‍ സാറിന്‍െറയും ടീച്ചറുടേയും മുഖത്തും കയ്യിലും പറ്റിപ്പിടിച്ചിരുന്ന മണ്ണിളകാന്‍ തുടങ്ങി. ആ രണ്ടു ആത്മാക്കളും ഒരുമിച്ചു നനഞ്ഞു കുതിര്‍ന്ന് തുടങ്ങി. നന്മമരം നട്ട ആ ആത്മാക്കള്‍ നനയാതിരിക്കാന്‍ ആരോ ഒരു ടാര്‍പോളിന്‍ മുകളിലേക്ക് വലിച്ചിട്ടു.
ചില ആത്മാക്കള്‍ അങ്ങനെയാണ്. ആരില്‍ നിന്നും ഒന്നും തിരികെ പ്രതീക്ഷിക്കാതെ, വരും വരായ്കകള്‍ ഗൗനിക്കാതെ, അതെപ്പറ്റി ആലോചിക്കാതെ, അവര്‍ക്ക് എല്ലാവരേയും വെറുതെ സ്നേഹിച്ചുകൊണ്ടിരിക്കാനേ കഴിയൂ. വെറുതേ സ്നേഹിച്ച് കൊണ്ടേയിരിക്കാന്‍...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
