Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightപുസ്തകങ്ങളെ പ്രണയിച്ച...

പുസ്തകങ്ങളെ പ്രണയിച്ച കവി

text_fields
bookmark_border
പുസ്തകങ്ങളെ പ്രണയിച്ച കവി
cancel

80കളുടെ ആദ്യപാദത്തില്‍ എന്‍െറ കലാലയപഠനകാലത്താണ് ഷെല്‍വി ഗുരുവായൂരിലെ ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലേക്ക് വന്നത്തെിയത്. ടൗണ്‍ഷിപ് ലൈബ്രറിയിലും ദേവസ്വം ലൈബ്രറിയിലും കയറിയിറങ്ങി അമ്പലനടയിലെ കോഫീഹൗസില്‍ ഒത്തുകൂടുന്ന സൗഹൃദസംഘം. വളരെ വൈകുംവരെ കോഫിക്കപ്പുകള്‍ നിരത്തിയ മേശക്കുചുറ്റുമിരുന്ന് ചര്‍ച്ചതുടരും.
ബാങ്കിലെ ജോലി രാജിവെച്ചാണ് ഷെല്‍വി വന്നിരിക്കുന്നത്. പുതിയ പുസ്തകങ്ങളെപ്പോഴും കൈയിലുണ്ടാകും. കസന്‍ദ്സാക്കീസിന്‍െറയും മാര്‍കേസിന്‍െറയും നെരൂദയുടെയും ഒ.വി. വിജയന്‍െറയും സച്ചിദാനന്ദന്‍െറയും കടമ്മനിട്ടയുടെയുമൊക്കെ പുസ്തകങ്ങള്‍. ആ പുസ്തകങ്ങളില്‍നിന്ന് തന്നെ സ്പര്‍ശിച്ച ഭാഗങ്ങളുടെ ആസ്വാദനങ്ങള്‍ സുഹൃദ്സദസ്സില്‍ അവതരിപ്പിക്കും. പണത്തിന് ബുദ്ധിമുട്ടാകുമ്പോള്‍ പകുതിവിലക്ക് പ്രിയപ്പെട്ട ആ പുസ്തകങ്ങള്‍ സുഹൃത്തുക്കള്‍ക്ക് വില്‍ക്കുകയും ചെയ്യും.
ചില ദിവസങ്ങളില്‍ അയാള്‍ വരികയില്ല. ‘ജനകീയ സാംസ്കാരിക വേദി’ സംഘടിപ്പിക്കുന്ന കവിയരങ്ങുകളിലോ, മറ്റുപരിപാടികളിലോ പങ്കെടുക്കാന്‍ പോയതായിരിക്കും ആ ദിവസങ്ങളില്‍. പിന്നീട് വരുമ്പോള്‍ സച്ചിദാനന്ദന്‍െറയും കടമ്മനിട്ടയുടെയും കെ.ജി. ശങ്കരപിള്ളയുടെയും സിവിക് ചന്ദ്രന്‍െറയുമൊക്കെ കവിത ചൊല്ലലിലെ പ്രത്യേകതകളെക്കുറിച്ച് വാചാലനാകും. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പരിചയപ്പെട്ട് ചെലവഴിച്ച മണിക്കൂറുകളെപ്പറ്റി വിവരിക്കും. ഞങ്ങള്‍ ആകാംക്ഷാപൂര്‍വം അയാളുടെ അനുഭവവിവരണങ്ങള്‍ക്കായി കാതോര്‍ക്കും. രാത്രി വൈകി അവസാന ബസ്സിന് ഷെല്‍വി തിരിച്ചുപോകും.
ആ നാളുകളിലാണ് പുതിയൊരു ജോലിതേടി തകഴി ശിവശങ്കരപിള്ള ചീഫ് എഡിറ്ററും, ഈയിടെ അന്തരിച്ച പ്രഫ. തുമ്പമണ്‍ തോമസ് എഡിറ്ററുമായുള്ള ‘കേരള സംസ്കാരം’ മാസികയില്‍ എത്തിപ്പെടുന്നത്. ഷെല്‍വി ആ പ്രസിദ്ധീകരണത്തില്‍ കാമ്പസ് എഡിറ്ററായി ചേര്‍ന്നു. ഒപ്പം മാസികക്ക് വരിക്കാരെ ചേര്‍ക്കാന്‍ ഗുരുവായൂര്‍ക്കാരനായ മോഹന്‍ദാസിനെയും കൂട്ടി പരിചയക്കാരെ തേടിയിറങ്ങി(കഥകള്‍ എഴുതിയിരുന്ന സഹൃദയനായ ആ സുഹൃത്താണ് പിന്നീട് ‘ശിഖ’ പബ്ളിക്കേഷന്‍സ് ആരംഭിച്ചപ്പോള്‍ കൂട്ടാളിയായത്). കേരളസംസ്കാരം മാസികയുടെ ഉള്ളടക്കത്തില്‍ പുതുമയുള്ള പലതും ഷെല്‍വി അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കുവേണ്ടിയുള്ള കാമ്പസ്പംക്തിയില്‍ നവീന കവിതകളും കഥകളും പ്രസിദ്ധീകരിച്ചു തുടക്കക്കാര്‍ക്ക് പ്രോത്സാഹനം നല്‍കി. അധികകാലം അവിടെ തുടര്‍ന്നില്ല. ഗുരുവായൂര്‍ കേന്ദ്രമായി ആരംഭിച്ച, ‘ശിഖ’ എന്ന സമാന്തര പ്രസാധനാലയത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
പ്രശസ്ത ജര്‍മന്‍ നാടകകൃത്തും കവിയുമായ ബെര്‍തോള്‍ഡ് ബ്രെഹ്തിന്‍െറ ‘സ്വറ്റ്സ്വാനിലെ നല്ല സ്ത്രീ’ ആയിരുന്നു ആദ്യപുസ്തകം. തുടക്കസംരംഭത്തിന് പ്രതിബന്ധങ്ങളേറെയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍െറ ‘ഉച്ചമയക്കം’ എന്ന കഥ ഷെല്‍വി വായിക്കുന്നത്. കെ. ചന്ദ്രമോഹനായിരുന്നു അതിന്‍െറ വിവര്‍ത്തകന്‍. വേറെയും കഥകള്‍ കിട്ടി. അന്നത്തെ പ്രശസ്ത കഥാകൃത്ത് വി.പി. ശിവകുമാര്‍ പരിഭാഷപ്പെടുത്തിയവ. എങ്കില്‍, മാര്‍കേസിന്‍െറ കഥകള്‍ പുസ്തകമാക്കിയാലോയെന്നാലോചിച്ചു. ജയനാരായണന്‍, സി.കെ. ബാലന്‍, പി. ഉദയഭാനു, വൈക്കം മുരളി, കെ.എസ്. രാമചന്ദ്രന്‍, ടി.എം. യേശുദാസന്‍ എന്നിവര്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കഥകളും സംഘടിപ്പിച്ചു. അപ്പോള്‍, മാര്‍കേസിന് നൊബേല്‍ സമ്മാനം ലഭിച്ചിരുന്നില്ല. ഷെല്‍വിയും ശിഖയുടെ മാനേജിങ് എഡിറ്ററായിരുന്ന മോഹന്‍ദാസും കൂടിയാലോചിച്ച് മാര്‍കേസ് കഥകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഏറെ സാമ്പത്തികപ്രയാസങ്ങള്‍ അഭിമുഖീകരിച്ചാണ്, ഒരു പുതുപ്രസാധന സ്ഥാപനത്തിന്‍െറ എല്ലാ ബാലാരിഷ്ടതകളും അനുഭവിച്ചിരുന്ന ‘ശിഖ’ അതിന്‍െറ രണ്ടാം പുസ്തകമായ ‘ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസ് കഥകള്‍’ അന്ന് അച്ചടിച്ചിറക്കിയത്. പുസ്തകക്കെട്ടുമായി കേരളത്തിലങ്ങോളമിങ്ങോളം അലഞ്ഞുനടന്നിട്ടാണ് അന്നത്തെ പുസ്തക വില്‍പന. കടംവാങ്ങിയും മറ്റും മാര്‍കേസ് കഥകള്‍ പുസ്തകമായി പുറത്തിറങ്ങുമ്പോഴേക്കും ആ വമ്പന്‍വാര്‍ത്ത വന്നുകഴിഞ്ഞിരുന്നു: 1982ലെ നൊബേല്‍ സാഹിത്യപുരസ്കാരം മാര്‍കേസിന്...! പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വളരെ വേഗം പുസ്തകങ്ങള്‍ വിറ്റുതീര്‍ന്നു.
പഠനകാലത്തിനുശേഷം ഞാന്‍ മരുഭൂമിയുടെ നാട്ടിലേക്ക് ജോലിതേടിപ്പോയപ്പോള്‍ (1984-85) ഷെല്‍വി ‘ശിഖ’യില്‍നിന്നു പിരിഞ്ഞ് കോഴിക്കോട് സ്വന്തമായി ‘മള്‍ബറി’ തുടങ്ങി. മിഠായിത്തെരുവിലെ ആര്യഭവനില്‍ വാടകക്കെടുത്ത ഒറ്റ മുറിയിലാണത് ഒൗദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ‘ചിന്തയുടെ മുഖം എപ്പോഴും സൂര്യാഭിമുഖമായിരിക്കണമെന്ന് ശഠിക്കുന്നവര്‍ക്ക്, മനുഷ്യന്‍െറ ലോകത്തില്‍ കടലുകള്‍ മള്‍ബറിത്തോട്ടങ്ങളായി മാറുമെന്ന് വിശ്വസിക്കുന്നവര്‍ക്ക്...’ എന്ന പ്രതീക്ഷാവാക്കുകളുമായിട്ടായിരുന്നു ഷെല്‍വിയുടെ പ്രസാധനാലയത്തിന്‍െറ തുടക്കം. 80കളിലെയും 90കളിലെയും മലയാള വായനാ സംസ്കാരത്തെ പരിപോഷിപ്പിക്കുന്നതില്‍ ഷെല്‍വിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ‘മള്‍ബറി’ പ്രധാന പങ്കുതന്നെയാണ് വഹിച്ചത്. വായനക്കാരുടെ ഹൃദയത്തോടു ചേര്‍ത്തുപിടിക്കാവുന്ന ഒരു സൗന്ദര്യാത്മകതലവും പുസ്തകനിര്‍മിതിയില്‍ ഷെല്‍വി കൊണ്ടുവന്ന പരിവര്‍ത്തനമായിരുന്നു. പുസ്തകക്കമ്പോളത്തിലെ വന്‍കിടക്കാര്‍ക്കുപോലും പിന്നീടതവഗണിക്കാന്‍ കഴിയാതിരുന്നത് ഷെല്‍വിയുടെ സ്വാധീനംമൂലമുണ്ടായ പോസിറ്റീവായ ഒരു കാര്യം തന്നെയായിരുന്നു. ഈ രംഗത്തെ അതികായനായ ഡി.സി കിഴക്കേമുറിയില്‍നിന്നുവരെ പ്രശംസ പിടിച്ചുപറ്റിയ മലയാള പുസ്തക പ്രസാധനത്തിലെ മള്‍ബറിയുടെ സംഭാവനകള്‍ പിന്നീട് ചരിത്രം രേഖപ്പെടുത്തിയതാണല്ളോ.
അകാലത്തിലുള്ള ഷെല്‍വിയുടെ മരണവൃത്താന്തം ഗള്‍ഫിലായിരിക്കുമ്പോഴാണ് ഞാനറിയുന്നത്. അവിടത്തെ റേഡിയോയില്‍ മലയാള പ്രക്ഷേപണവുമുണ്ട്. മണിക്കൂറുകള്‍ ഇടവിട്ട് വാര്‍ത്തകളുണ്ടാകും. 2003 ആഗസ്റ്റ് 21ന് വാര്‍ത്തയില്‍ ഈ ദുരന്തവൃത്താന്തം കേട്ട് അന്ന് സ്കൂള്‍ വിദ്യാര്‍ഥിനിയായിരുന്ന എന്‍െറ മകളാണ് ഫോണിലൂടെ ജോലിസ്ഥലത്തേക്ക് അതറിയിച്ചത്. ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട്, മുറിവേല്‍പ്പിക്കപ്പെട്ട മനസ്സോടെ ഞാന്‍ നിന്നു.
മുമ്പൊരിക്കല്‍ കോഴിക്കോട് നഗരത്തിനടുത്തുള്ള കൊളത്തറയിലെ ഷെല്‍വിയുടെ ‘ഷെഹ്നായ്’ എന്ന് പേരിട്ട വീട്ടില്‍ അതിഥിയായി ചെന്നപ്പോള്‍ ഉമ്മറക്കോലായില്‍ ഒരു പൂച്ചക്കുട്ടിയുമായി സൗഹൃദം പങ്കിട്ടിരിക്കുന്ന ഷെല്‍വിയുടെ കൊച്ചുമകള്‍ സുലാമിതയെ ഞാന്‍ മനസ്സില്‍കണ്ടു. പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒന്നിച്ച ഡെയ്സിയുടെ വിഷാദഭാരം നിറഞ്ഞ മുഖവും എന്‍െറയുള്ളില്‍ നിറഞ്ഞു. അച്ചടിക്കുന്നതിനും മുന്നേ ആ കവിതകള്‍ വായിച്ചുകേള്‍പ്പിക്കാന്‍ ഇനി, എന്‍െറ പ്രിയ സുഹൃത്തില്ളെന്ന സത്യം ഞാന്‍ വേദനയോടെ ഓര്‍ത്തു.
‘ഒരു പാഴ്മരം
കരഞ്ഞുതീര്‍ന്നതാണീ
കടലാസു മുഴുവന്‍
ഒരു ജന്മം
കരിഞ്ഞുതീര്‍ന്നതാണീ
പുസ്തകം...!’
ഒടുവില്‍, അക്ഷരം മറന്നവന്‍െറ ലോകത്തുനിന്ന് പരലോകത്തേക്ക് പുസ്തകത്തെ നാടുകടത്തുന്നു.
‘ഓരോ പുസ്തകവും
ഓരോ മരണമാണ്...’

ഷെല്‍വിയുടെ ‘ജൂലായ് കുറിപ്പുകള്‍’ എന്ന കവിതയിലെ വരികള്‍ ഉഷ്ണക്കാറ്റ് വീശുന്ന ഉച്ചവെയില്‍പ്പടവുകള്‍ കയറി എന്നെത്തേടി വന്നു. പുസ്തകങ്ങളോട് കുഞ്ഞുങ്ങളോടുള്ളതുപോലുള്ള സ്നേഹവാത്സല്യങ്ങളായിരുന്നു ഷെല്‍വിക്ക്. പുസ്തകത്തിന്‍െറ കെട്ടിലും മട്ടിലും എത്രമാത്രം മനോഹാരിത പകരാമോ അത്രക്കും അത് നിര്‍വഹിക്കാന്‍ വല്ലാത്ത തിടുക്കംതന്നെയായിരുന്നു. ‘ആര്യഭവനിലെ മുറിപൂട്ടി പുറത്തിറങ്ങുമ്പോള്‍ പുസ്തകങ്ങള്‍ക്ക് ശ്വാസംമുട്ടാതിരിക്കാന്‍ ഒരു ജനല്‍പ്പാളിയെങ്കിലും അവന്‍ തുറന്നിടുമായിരുന്നു’ എന്നാണ് ഷെല്‍വിയുമായി ആത്മബന്ധമുണ്ടായിരുന്ന സാഹിത്യകാരന്‍ പി.കെ. പാറക്കടവ് അനുസ്മരിക്കുന്നത്.

‘ഷെല്‍വി നിര്‍മിച്ച പുസ്തകങ്ങള്‍ തീര്‍ച്ചയായും കലാകാരനെന്ന നിലയില്‍ അയാളുടെ സ്മാരകങ്ങളാകും. എന്നാല്‍, അയാളുടെ കവിതകള്‍ അതില്‍ക്കൂടുതല്‍ അയാളുടെ ജീവിതത്തെ ന്യായീകരിക്കും’. ഷെല്‍വിയെ അടുത്തറിഞ്ഞ പ്രശസ്ത കവി വി.ജി. തമ്പി തുടരുന്നു:
‘ഷെല്‍വി മരിച്ച ആ രാത്രി തുടങ്ങിയതാണ് ചിങ്ങമാസത്തിലെ തോരാത്ത മഴ. ഷെല്‍വിയുടെ കവിതകളെല്ലാം ജലനിര്‍മിതമായ അക്ഷരങ്ങളാണെന്നു തോന്നും’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story