You are here

ആനപാച്ചനും കാട്ടുകോഴിയും അണിനിരക്കുന്ന ‘മിന്നലിന്‍െറ’ ആത്മകഥ

10:37 AM
18/09/2013

ആത്മകഥ പൂര്‍ത്തിയാക്കിയശേഷം മടക്കം 

പോലിസിലെ പോയ കാലത്തെ ത്രസിപ്പിച്ച പേരായിരുന്നു ‘മിന്നല്‍’ എന്ന പരമേശ്വരന്‍ പിള്ള. 97 ാം വയസില്‍ അദ്ദേഹം ജീവിതത്തില്‍ നിന്നും മടങ്ങുന്നത് തന്‍െറ ആത്മകഥ പൂര്‍ത്തിയാക്കിയശേഷമാണ്. എന്നാല്‍  പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പെയായി അദ്ദേഹത്തിന്‍െറ മടക്കവും. 

 കിടിലം കൊള്ളിച്ച പോലീസ് ഓഫീസറായിരുന്നു മിന്നല്‍ പരമേശ്വരന്‍ പിള്ള. അരാജകത്വത്തിനും നിയമ ലംഘകര്‍ക്കും എതിരെ മാത്രമായിരുന്നു മിന്നലിന്‍െറ ഓരോ പ്രവര്‍ത്തിയും. ലോക്കപ്പ് മര്‍ദനങ്ങളോ കൊടിയ ക്രൂരതകളോ അദ്ദേഹം ഒരിക്കലും കേസ് അന്വേഷണത്തിന് അവംലംബിച്ചിരുന്നില്ല. മനശാസ്ത്ര തലത്തിലും ശാസ്ത്രീയവുമായ മാര്‍ഗങ്ങളിലൂടെയായിരുന്നു അദ്ദേഹം മുന്നോട്ട് പോയിരുന്നത്.  

ഏ.കെ.ജിയെയും ഇ.എം.എസിനെയും ഇഷ്ടപ്പെട്ടയാള്‍

സത്യസന്ധനും കുറ്റാന്വേഷണ രംഗത്തെ ഏറ്റവും മിടുക്കനുമായ അദ്ദേഹം തിരുവിതാംകൂര്‍, കൊച്ചി പോലീസ്, കേരള പോലീസ് എന്നിവയില്‍  പ്രവര്‍ത്തിച്ച ജീവിച്ചിരിക്കുന്നതില്‍ ഏക വ്യക്തി എന്ന ബഹുമതിക്കും ഉടമയായിരുന്നു. ഏ.കെ.ജിയെയും ഇ.എം.എസിനെയും ഒക്കെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.  തിരുവനന്തപുരം സ്വദേശിയും ഗാനരചയിതാവുമായ ശിവദാസ്  തുടര്‍ച്ചയായ മൂന്നരവര്‍ഷം കൊണ്ടാണ് മിന്നലിന്‍െറ ആത്മകഥ കേട്ടെഴുതിയത്. 1500 പേജുള്ള കയ്യെഴുത്ത് പ്രതിയുടെ അവസാന മിനുക്ക് പണി നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. 

റൗഡി ‘ആനപാച്ചനെ’ ഒറ്റയടിക്ക് വീഴ്ത്തി

എത്രയോ കുറ്റവാളികളെ മുട്ടുകുത്തിച്ച ചരിത്രമാണ് മിന്നല്‍ പരമേശ്വരന്‍ പിള്ളക്കുള്ളത്. ചവറയില്‍ 1950 ല്‍ എസ്.ഐ യായ കാലത്ത് അദ്ദേഹത്തെ കാത്തിരുന്നത്  ആനപാച്ചന്‍ എന്ന റൗഡിയായിരുന്നു. പല പോലീസ് ഉദ്യോഗസ്ഥര്‍ വിചാരിച്ചിട്ടും മുട്ടുകുത്തിക്കാന്‍ കഴിയാതിരുന്ന പാച്ചനെ തെരുവില്‍ ഒറ്റയടിക്ക് വീഴ്ത്തിയായിരുന്നു പരമേശ്വരന്‍ പിള്ളയുടെ അരങ്ങേറ്റം. പിന്നീട് ആനപാച്ചന്‍ അന്നത്തെ വക്കീല്‍ മളളൂര്‍ ഗോവിന്ദപിള്ളയെ കൊണ്ട് പരമേശ്വരന്‍ പിള്ളക്കെതിരെ മര്‍ദനത്തിന് കേസ് കൊടുത്തെങ്കിലും കേസ് തോറ്റുപോയി. 

‘കാട്ടുകോഴി ചാക്കോ’ യെ അടിച്ചൊതുക്കി 

കാഞ്ഞിരപ്പള്ളിയില്‍ എസ്. ഐ യായി ചാര്‍ജെടുത്ത പരമേശ്വരന്‍ പിള്ള ‘കാട്ടുകോഴി ചാക്കോ’ എന്ന റൗഡിയെ നടുറോഡില്‍ അടിച്ചൊതുക്കി പേരെടുത്തു.
ആറ്റുകാല്‍ പൊങ്കാല നടക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ചില അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ട പരമേശ്വരന്‍പിള്ള  ക്ഷേത്രത്തില്‍ പൊങ്കാല നടക്കുമ്പോള്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന് ക്ഷേത്രകമ്മിറ്റിക്ക് കര്‍ശന നിര്‍ദേശം നല്‍കി. . 1954 ലെ ഈ നിര്‍ദേശത്തെ തുടര്‍ന്നാണ് സ്ത്രീകളുടെ ശബരിമല എന്ന വിശേഷണം ആറ്റുകാല്‍ ക്ഷേത്രത്തിന് ലഭിച്ചതെന്നും ആത്മകഥയില്‍ പറയുന്നതായി ആത്മകഥ എഴുതാന്‍ സഹായിച്ച ശിവദാസ് പറയുന്നു. 

മിന്നല്‍’  പട്ടം നല്‍കിയത് പഴയ കോട്ടയം കളക്ടര്‍

പരമേശ്വരന്‍പിള്ളയ്ക്ക് ‘മിന്നല്‍’ എന്ന പട്ടം നല്‍കിയത് കോട്ടയം കളക്ടറായിരുന്ന ഗോവിന്ദമോനോനായിരുന്നു. അന്ന് കസബ സ്റ്റേഷനില്‍ എസ്.ഐ യായിരുന്ന പരമേശ്വരന്‍പിള്ള  ഊടുവഴികളില്‍ കൂടി സൈക്കിളില്‍ മിന്നല്‍ വേഗത്തില്‍ എത്തി കുറ്റവാളികളെ പിടികൂടുക പതിവാക്കി. 

കണ്ണ് നനയിച്ച ഒരു കേസ് അന്വേഷണം

ധീരനും ധര്‍മ്മിഷ്ഠനുമായ മിന്നലിന്‍െറ കണ്ണ് നനയിച്ച ഒരു കേസ് അന്വേഷണം ആത്മകഥയിലുണ്ട്. കൊല്ലം ജില്ലയില്‍ ചാര്‍ജെടുത്തപ്പോള്‍ പ്രദേശത്തെ ഒരു റൗഡിയെ വിളിച്ച് വരുത്തി. നല്ല ആകാരസൗഷ്ടവും  25 വയസിന് താഴെ പ്രായവുമുള്ള യുവാവിനെ മിന്നല്‍ ഉപദേശിച്ച് വിടുകയാണുണ്ടായത്. ഉപദേശം ഫലിക്കുകയും യുവാവ് റൗഡിസം  ഉപേക്ഷിക്കുകയും ചെയ്തു. റൗഡിസം പ്രധാന വരുമാനമായിരുന്ന യുവാവ് ഇതുമൂലം പട്ടിണിയിലുമായി. ദിവസങ്ങളോളം പട്ടിണി കിടന്ന് മടുത്ത യുവാവ് അടുത്തുള്ള ഒരു ജന്‍മിയെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ജന്‍മി ഇയ്യാളെ മര്‍ദിക്കുകയായിരുന്നു. യുവാവ് ആകട്ടെ ജന്‍മിയുടെ മകനെ കുത്തിവീഴ്ത്തിയാണ്  പ്രതികാരം ചെയ്തത് . ഈ സംഭവത്തില്‍ കേസ് അന്വേഷണം നടത്തിയ ‘മിന്നല്‍’ യുവാവിനോട് അനുകമ്പ ഉണ്ടായിരുന്നെങ്കിലും കേസ് അന്വേഷണത്തില്‍ അണുകിട വ്യതിചലിച്ചില്ല. തുടര്‍ന്ന്  പ്രതിയെ കോടതി തൂക്കിക്കൊല്ലാന്‍ വിധിച്ചു. ആ സംഭവത്തില്‍ ഏറെ വിഷമമുണ്ടായിരുന്നു മിന്നല്‍സാറിന്. അതുപോലെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ തന്‍െറ ശമ്പളത്തില്‍ നിന്ന് നല്ളൊരു പങ്ക് സംഭാവന ചെയ്തിരുന്നു.

TAGS
Loading...
COMMENTS