കുപ്പികൾകൊണ്ട് 'ഖത്തർ' എഴുതി ഗിന്നസിലേക്ക്
text_fieldsസീഷോർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ 14,183 പ്ലാസ്റ്റിക് കുപ്പികൾ നിരത്തി ‘ഖത്തർ’ എന്ന് എഴുതിയപ്പോൾ
ദോഹ: നൂറും ആയിരവുമല്ല, 14,183 കുപ്പികൾ അടുക്കിവെച്ച് നീലക്കളറിൽ 'ഖത്തർ' എന്നെഴുതി വീണ്ടും ഗിന്നസ് റെക്കോഡ് പുസ്തകത്താളിൽ ഇടംപിടിച്ച് ഖത്തർ. മലയാളി ഉടമസ്ഥതയിലുള്ള സീഷോർ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഇത്തവണ അപൂർവമായൊരു റെക്കോഡ് ഖത്തറിന് സമ്മാനിച്ചത്. പുനഃചംക്രമണം ചെയ്ത പ്ലാസ്റ്റിക് കുപ്പികൾകൊണ്ട് ഇംഗ്ലീഷിൽ ഖത്തർ എന്നെഴുതിയാണ് ഗിന്നസിൽ പ്രവേശിച്ചത്. 2021ൽ 5387 കുപ്പികൾകൊണ്ടെുള്ള ഏഴുത്തിന്റെ റെക്കോഡാണ് ഇത്തവണ മറികടന്നത്. കഴിഞ്ഞ വർഷം ജൂണിൽ സൗദി അറേബ്യയിലെ അൽ ഇത്തിഫാക് ക്ലബാണ് അറബിയിൽ 'സലാം' എന്നെഴുതി നേരത്തേ റെക്കോഡ് കുറിച്ചത്.
സീഷോർ ഗ്രൂപ്പിനു കീഴിലെ സീഷോർ റീസൈക്ലിങ് ആൻഡ് സസ്റ്റയ്നബിലിറ്റി സെൻററാണ് അപൂർവ നേട്ടത്തിനു പിന്നിൽ. ഉദ്യോഗസ്ഥരും ഗിന്നസ് പ്രതിനിധികളും പൊതുജനങ്ങളും പങ്കെടുത്തു.സംഘാടനത്തെയും ചിട്ടയായ പ്രവർത്തനത്തെയും ഗിന്നസ് വേൾഡ് റെക്കോഡ് വിധികർത്താവ് പ്രവീൺ പട്ടേൽ അഭിനന്ദിച്ചു. 'ഏറെ കഠിനമായ ദൗത്യമായിരുന്നു ഗിന്നസ് റെക്കോഡ് പരിശ്രമം.
പ്രത്യേകിച്ച് 5387 എന്ന നമ്പർ മറികടക്കുകയെന്നത്. നമ്പറുകളേക്കാൾ പ്രധാനം കർശനമായ മാർഗനിർദേശങ്ങൾ പാലിച്ച് ലക്ഷ്യം പൂർത്തിയാക്കുകയെന്നതുമാണ്. എന്നാൽ, ആ നിർദേശങ്ങളെല്ലാം പാലിച്ചാണ് ദൗത്യം പൂർത്തിയാക്കിയത്. രണ്ടു ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഇൗ നേട്ടം. 14,183 എന്ന കൂറ്റൻ സംഖ്യയിലെത്തിച്ച സംഘാടകർക്ക് അഭിനന്ദനങ്ങൾ' -പ്രവീൺ പട്ടേൽ പറഞ്ഞു. ഗിന്നസ് അധികൃതർ സർട്ടിഫിക്കറ്റ് കൈമാറി.
ഗിന്നസ് പുരസ്കാരം സീഷോർ ഗ്രൂപ് പ്രതിനിധികൾ ഏറ്റുവാങ്ങുന്നു
പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗ ബോധവത്കരണം കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. പ്ലാസ്റ്റിക് കുപ്പികൾ സംസ്കരിച്ച് പാക്കിങ് ടാപ്പ് ഉൾപ്പെടെ വസ്തുക്കൾ നിർമിക്കുന്ന പദ്ധതികളും സീഷോർ റീസൈക്ലിങ് ആൻഡ് സസ്റ്റയ്നബിലിറ്റി യൂനിറ്റിനുണ്ട്.ഗിന്നസ് ബുക്കിൽ രാജ്യത്തിന് ഇടംനേടിക്കൊടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടന്ന് സീഷോർ ഗ്രൂപ് ചെയർമാൻ സലിം സഈദ് അൽ മുഹന്നദി പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗവും സംസ്കരണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ബോധവത്കരിക്കാൻ ഗിന്നസ് റെക്കോഡ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
'സീഷോർ റീസൈക്ലിങ് പ്രകൃതി സൗഹൃദ ആശയങ്ങൾ വ്യത്യസ്തമായതും നൂതനവുമായ വഴികളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാനും അവരെകൂടി പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമാക്കാനും ശ്രമിച്ചിട്ടുണ്ടെന്നും സി.ഇ.ഒ ആഷിഖ് പി.കെ. പറഞ്ഞു. ഷബീബ് ചോരത്ത്, ദർശന രാജഗോപാൽ അടക്കമുള്ള സീഷോർ റീസൈക്ലിങ് ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇസ്‍ലാമിക് ആർട്ട് മ്യൂസിയം പരിസരത്ത് ചൊവ്വാഴ്ചവരെ പൊതുജനങ്ങൾക്ക് സന്ദർശനത്തിന് അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

