പോളിയോ തോറ്റു, പിന്നല്ലേ ഇരുമ്പ്
text_fieldsജാനകി കൊല്ലപ്പണിശാലയിൽ
ചെറുപ്പത്തിൽ പോളിയോ ബാധിച്ച് ശരീരം തളർന്നപ്പോൾ ഇനിയെന്ത് ജീവിതമെന്ന് എല്ലാവരും വിധിയെഴുതി. മുടന്തിയ കാലുമായി മുന്നോട്ട് നീങ്ങി പോളിയോയെയും ഇരുമ്പിനെയും തോൽപിച്ചാണ് ജാനകി കണ്ടു നിന്നവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചത്. കളിപ്പാട്ടമില്ലാതെ കൊല്ലപ്പണിശാലയിൽ വളർന്നതിനാലാവും ഈ പെൺകരുത്തിനു മുന്നിൽ ഇരുമ്പും വഴങ്ങിയത്.
ജീവിത സായാഹ്നത്തിലും എരിയുന്ന കനലിൽ ഇരുമ്പിനെ പ്രണയിച്ച് പണിയായുധങ്ങൾക്ക് ജന്മം നൽകുകയാണ് ഏരുവേശി ചെളിംപറമ്പിലെ ജാനകി എന്ന 88കാരി. അവശതയേറെയുണ്ടെങ്കിലും അവയൊന്നും വകവെക്കുന്നില്ല. ഇപ്പോഴും ആയുധങ്ങൾ മിനുക്കാനും പുതിയവ പണിയാനുമുള്ള ഇവരുടെ കഴിവും ആവേശവും വേറെ തന്നെയാണ്. പത്താം വയസ്സിലാണ് കൊല്ലപ്പണി തുടങ്ങിയത്.
പോളിയോ ബാധിച്ച് കാലുകൾക്ക് സ്വാധീനക്കുറവുണ്ടായതിനാൽ നാലു മക്കളിൽ ഇളയവളായ ജാനകിയെ ശങ്കരൻ -പാറു ദമ്പതിമാർ കൊല്ലപ്പണിശാലയിലേക്ക് കൂട്ടുകയായിരുന്നു. തീയും ചുട്ടുപഴുത്ത ഇരുമ്പും കണ്ട് മനസ്സിൽ ധൈര്യം കയറി. ക്രമേണ ഇരുമ്പ് പണിയും പഠിച്ചു.
ആരോഗ്യ പ്രശ്നമുള്ളതിനാലും പ്രായമെത്താത്തതിനാലും മാതാപിതാക്കൾ നിരുത്സാഹപ്പെടുത്തിയെങ്കിലും പണിയിൽ സഹായിയായി തുടർന്നു. അത് ജാനകിയെ അച്ചടക്കമുള്ള കൊല്ലപ്പണിക്കാരിയാക്കി. കത്തിക്കു പുറമെ കലപ്പയും ഞേങ്ങോലും (നില മുഴുന്നതിനുള്ള ഉപകരണം) ഉൾപ്പെടെ അന്ന് നിർമിച്ചിട്ടുണ്ട്.
എറണാകുളം മുളന്തുരുത്തിയിലാണ് ജനിച്ചതെങ്കിലും വിവാഹശേഷം ജാനകി ഏരൂവേശിയിലെത്തി. നാല് മക്കൾ പിറന്ന ശേഷം അധികനാൾ കഴിയും മുമ്പേ ഭർത്താവ് കുടുംബത്തിൽ നിന്നകന്നു. ജീവിത ദുരിതക്കയത്തിൽ നിന്ന് കരകയറാനും മക്കളെ പോറ്റാനും ജാനകി പഠിച്ച പണി പരീക്ഷിക്കാനിറങ്ങുകയായിരുന്നു.
വീടിനോട് ചേർന്ന് നിർമിച്ച ആലയിൽ ഈ പെൺകരുത്തിൽ ആയുധങ്ങൾ ജന്മം കൊണ്ടു. മൂർച്ച കൂട്ടി ആയുധങ്ങൾ തിളങ്ങിയപ്പോൾ ആവശ്യക്കാർ തേടിയെത്തി. കറിക്കത്തി, മൺവെട്ടി, വാക്കത്തി, പിച്ചാത്തി ... തുടങ്ങി അരിവാൾ വരെ ജാനകിയുടെ കൈകളിൽ പിറവിയെടുത്തതോടെ ഡിമാന്റും ഏറി.
മൂന്ന് പെൺമക്കളെ വിവാഹം ചെയ്തയച്ചു. വിഡിയോഗ്രാഫർ കൂടിയായ മകൻ ഷാജുവും ഭാര്യ സിനിയും മാതാവിന് സഹായമേകാനുണ്ട്. ഇവരുടെ മക്കളായ നന്ദനയും നയൻ ദേവും ക്ലാസില്ലാത്ത ദിനങ്ങളിൽ മുത്തശ്ശിക്കൊപ്പമുണ്ട്. പ്രായത്തിന്റെ അവശതയിൽ പഴയതുപോലെ കണ്ണും കൈയും വഴങ്ങുന്നില്ലെങ്കിലും കനലിൽ ഇരുമ്പിനെ ജാനകി വഴിക്കു വരുത്തും.