ആരാണ് സോഷ്യൽമീഡിയ തിരഞ്ഞ ശിവാംഗി സിങ്
text_fieldsരാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം ശിവാംഗി സിങ്
ഹരിയാനയിലെ അംബാല വ്യോമസേന താവളത്തിൽനിന്ന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു റഫാൽ വിമാനത്തിൽ പറന്നത് വലിയ വാർത്തയായിരുന്നു. രാഷ്ട്രപതിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത പൈലറ്റ് ശിവാംഗി സിങ്ങിന്‍റെ ഫോട്ടോയും അതോടൊപ്പം തന്നെ വാർത്തകളിൽ ഇടം പിടിച്ചു. രാഷ്ട്രപതി സഞ്ചരിച്ച റഫാൽ വിമാനം പറത്തിയവരിൽ ഒരാൾ അവളായിരുന്നു. ഇന്ത്യയുടെ ഏക വനിത റഫാൽ പൈലറ്റായ സ്ക്വാഡ്രൺ ലീഡർ ശിവാംഗി സിങായിരുന്നു അത്.
ആരാണ് ശിവാംഗി സിങ്?
ബിഹാറിലെ മുസാഫർനഗർ ജില്ലയിലെ സ്കൂൾ അധ്യാപകനായ ഹരിഭൂഷൺ സിങ്ങിന്‍റെയും പ്രിയങ്ക സിങ്ങിന്‍റെയും മകളാണ് ശിവാംഗി. സ്വന്തം ഗ്രമത്തിലെ രാഷ്ട്രിയ റാലികൾക്കായി രാഷ്ട്രിയക്കാർ ഹെലികോപ്റ്ററും അത് പറത്തുന്ന പൈലറ്റുമാണ് അവളെ ആദ്യമായി വിമാനം പറത്തുന്ന സ്വപ്നത്തിലേക്കെത്തിച്ചത്.
തന്‍റെ പത്താം വയസിൽ നെഞ്ചിലേറ്റിയ ആ സ്വപ്നം യാഥാർഥ്യമാക്കാൻ അവൾ കഠിനമായി പരിശ്രമിച്ചു. ന്യുഡൽഹിയിലെ എയർഫോഴ്സ് മ്യൂസിയം സന്ദർശിച്ചതോടെ ആഗ്രഹത്തിന് ചിറകുകൾ മുളക്കുകയായിരുന്നു. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശിവാംഗി നാഷണൽ കേഡറ്റ് കോർപ്സിന്‍റെ എയർ വിങ്ങിന്‍റെ ഭാഗമായിരുന്നു. 2017 ൽ ഐ.എ.എഫിന്‍റെ വനിത പൈലറ്റുമാരുടെ രണ്ടാമത്തെ ബാച്ചിലാണ് ശിവാംഗി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.
എയർഫോഴ്സ് അക്കാദമി, ഇന്ത്യൻ നേവൽ എയർ സ്ക്വാഡ്രൺ 550, ഐ.എൻ.എസ് ഗരുഡ, കൊച്ചി എന്നിവിടങ്ങളിൽ രണ്ടുഘട്ടങ്ങളായി നടത്തിയ ഒരു വർഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് പൈലറ്റാവുകയെന്ന അവളുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടത്. ഏഴിമല നേവൽ അക്കാദമിയിൽ നിന്നും നേവൽ ഓറിയന്‍റേഷൻ കോഴ്സ് പൂർത്തിയാക്കി.
ഐ.എൻ.എസ് ഗരുഡയിലെ ഡ്രോണിയർ സ്ക്വാഡ്രണായ ഐ.എൻ.എസ് 550 ൽ വിദഗ്ധ പരിശീലനവും നേടി. ബുദ്ധിമുട്ടേറിയ എന്നാൽ അതിവേഗത്തിൽ പറക്കുന്ന വിമാനമായ മിഗ്-21 ബൈസണിലായിരുന്നു ശിവാംഗി ഫ്ളൈയിങ് കരിയർ ആരംഭിച്ചത്. 2020 ൽ റഫാൽ പൈലറ്റായി തെരഞ്ഞെടുക്കുകയും ആദ്യമായി റഫാൽ യുദ്ധവിമാനം പറത്തുകയും ചെയ്തു.
പാകിസ്താന്‍റെ കളളക്കഥകളിലെ വനിത
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയത് ഓപറേഷൻ സിന്ദൂറിലൂടെയായിരുന്നു. ശിവാംഗി സിങ്ങിനെ പിടിക്കൂടിയതായി അന്ന് വ്യാപകമായി പാകിസ്താൻ നുണകൾ പ്രചരിപ്പിച്ചു. യുദ്ധവിമാനം വെടിവെച്ചിട്ട് ശിവാംഗിയെ പിടികൂടി എന്നായിരുന്നു പാകിസ്താന്‍റെ അവകാശവാദം. ശിവാംഗി സിങ്ങിനെ കാണാതായെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് പറയുന്നതായുളള വ്യാജ വിഡിയോയും പാക് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു.
അത് തെറ്റാണെന്ന് ഇന്ത്യ അന്നേ അറിയിരുന്നു. ഈ കള്ളക്കഥകൾക്കുള്ള മറുപടി കൂടി രാഷ്ട്രപതിക്കൊപ്പമുളള ശിവാംഗി സിങിന്‍റെ ഫോട്ടോ. നിലവിൽ അംബാല ആസ്ഥാനമായ ഗോൾഡൺ ആരോസ് സ്ക്വാഡ്രണിലെ അംഗമാണ് ശിവാംഗി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനൊപ്പം പറന്ന റഫാൽ പൈലറ്റ് 17 സ്ക്വാഡ്രൺ ആരോസിലാണ് അവർ സേവനമനുഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

