Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightസ്നേഹം പൂക്കുന്ന...

സ്നേഹം പൂക്കുന്ന വഴികള്‍

text_fields
bookmark_border
സ്നേഹം പൂക്കുന്ന വഴികള്‍
cancel

വിദ്വേഷത്തിന്‍റെ കരിനിഴലുകള്‍ ലോകം കീഴടക്കുമ്പോഴും സ്നേഹത്തിന്‍റെ നിലവിളക്ക് കൊളുത്താന്‍ ദൈവം ചിലരെ നിയോഗിക്കും. അത്തരമൊരു കാഴ്ചയാണ് അമ്മ ഇഫ്താര്‍ സമ്മാനിക്കുന്നത്. പാലക്കാട് നെന്മാറ വല്ലങ്ങി സ്വദേശിയും ബ്രാഹ്മണ കുടുംബാംഗവുമായ മീനാക്ഷി ലക്ഷ്മിയമ്മ സ്നേഹം കൊണ്ട് സമൂഹത്തിലെ തിന്മകളെ മായ്ച്ചുകളയാന്‍ പരിശ്രമിക്കുകയാണ്. നാലുവര്‍ഷമായി തുടരുന്ന അമ്മ ഇഫ്താര്‍ നാനാജാതിയിലും പെട്ട മനുഷ്യരുടെ സംഗമവേദിയാണ്. ബംഗളൂരു അശോക നഗർ ആശീർവാദ് ഭവനിൽ വര്‍ഷം തോറുമുള്ള സംഗമത്തില്‍ പങ്കുചേരുന്ന ഓരോരുത്തരും ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം മുറുകെ പിടിക്കുന്നവരാണ്.

അമ്മ ഇഫ്താറിന്‍റെ തുടക്കം

2020ൽ കര്‍ണാടകയിലെ രണ്ടാം ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ സമയത്ത് സംസ്ഥാനത്തൊട്ടാകെ വര്‍ഗീയതയുടെ വിഷം കുമിഞ്ഞുകൂടിയിരുന്നു. അനീതിയും അക്രമവും നിറഞ്ഞ ഓരോ ആഘോഷങ്ങളും അസ്വസ്ഥത മാത്രമായിരുന്നു നല്‍കിയത്. മുസ്‍ലിം സമുദായത്തോട് ഭരണ വര്‍ഗം കാണിക്കുന്ന അസമത്വങ്ങള്‍ അമ്മയുടെ മനസ്സിനെ പിടിച്ചുലച്ചിരുന്നു. അന്ന് രാമനവമി ആഘോഷം നടക്കുന്നവേളയില്‍ അതൊരു ആഘോഷം മാത്രമായി ഒതുങ്ങിയില്ല. അക്രമം അഴിച്ചുവിടാനുള്ള ഒരു തുറന്നവേദി കൂടിയായി മാറി. ആഘോഷത്തിന്‍റെ മറവില്‍ ആളുകള്‍ പള്ളികള്‍ക്കെതിരെ തിരിയുകയും വിദ്വേഷം വമിക്കുന്ന വാക്കുകള്‍ ഉതിര്‍ക്കുകയും ചെയ്തു. ഇത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമായി ഒതുങ്ങിയില്ല. തുടര്‍ച്ചയായി ഇത്തരം അതിക്രമങ്ങള്‍ പള്ളികള്‍ക്കെതിരെ തൊടുത്തുവിട്ടു. ഹിജാബിനെതിരെയുള്ള ആക്രോശങ്ങളും മുഴങ്ങി. മതവും വിദ്യാഭ്യാസവും ഒരേ തട്ടില്‍ തൂങ്ങിയപ്പോള്‍ ഏത് തെരഞ്ഞെടുക്കണമെന്ന് ആശങ്ക പെണ്‍കുട്ടികളില്‍ വന്നുചേര്‍ന്നു. മതത്തിന് പ്രധാന്യം നല്‍കിയവര്‍ വീടകങ്ങളിലും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കിയവര്‍ മതത്തെ പിന്‍തള്ളിയും മുന്നോട്ട് നീങ്ങി. ചുരുക്കം ചിലര്‍ മതവും പഠനവും മുറുകെ പിടിച്ച് മുന്നോട്ടുവന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. കടുത്ത രാമഭക്തയായ അമ്മയുടെ മനസ്സിന് ഇത് വലിയ ആഘാതമായി. പത്രങ്ങളില്‍ തുടര്‍ച്ചയായി വന്ന മുസ്‍ലിം വിരുദ്ധ വാര്‍ത്തകള്‍ അസ്വസ്ഥതയുടെ ആഴം കൂട്ടി. പ്രാര്‍ഥനയും ഉപവാസവും ഒന്നും അമ്മയുടെ മനസ്സിലെ നീറ്റല്‍ കുറച്ചില്ല. അമ്മയുടെ ദുഃഖം കണ്ട് കാരണം അന്വേഷിച്ച മക്കളായ വെങ്കട് ശ്രീനിവാസനും ശോഭയും നിലവിലെ സാഹചര്യങ്ങളാണ് അമ്മയുടെ മനസ്സിനെ വേദനിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞു.

അമ്മയുടെ ഉള്ളിലെ തീയുടെ കാഠിന്യം കുറക്കാന്‍ മക്കള്‍ തീരുമാനിക്കുകയായിരുന്നു. വ്യത്യസ്തമായ രീതിയില്‍ ഇഫ്താര്‍ സംഘടിപ്പിക്കുക എന്ന മക്കളുടെ ആശയം അമ്മക്കും സന്തോഷം നല്‍കി. മുസ്‍ലിം സഹോദരങ്ങളെ വിളിക്കുകയും ഒരു സൗഹൃദ സംഗമം നടത്തുകയുമായിരുന്നു ലക്ഷ്യം. മതേതരത്വം ആഘോഷിക്കുക എന്നതിലുപരി മുസ്‍ലിം സമുദായത്തോട് ക്ഷമ ചോദിക്കുക കൂടിയായിരുന്നു ഇതിന് പിറകിലെ ഉദ്ദേശ്യമെന്ന് അവർ പറയുന്നു. ‘ഹിന്ദു മതം ഉദ്ഘോഷിക്കുന്നത് സമൂഹത്തോട് ഈ രീതിയില്‍ പെരുമാറാനല്ല. ദൈവങ്ങള്‍ പിന്തുടരുന്നത് സ്നേഹത്തിന്‍റെ രീതിയാണെന്നും സമൂഹത്തോട് വിളിച്ചുപറയണം എന്നു തോന്നി. ഇന്ത്യ നാനാത്വത്തില്‍ ഏകത്വം പുലര്‍ത്തുന്ന നാടാണ്. ഈ അതിക്രമങ്ങള്‍ ഹിന്ദുത്വ ആശയത്തിന് എതിരാണ്. അമ്മ ഇഫ്താര്‍ സംഘാടകനും മീനാക്ഷി ലക്ഷ്മിയമ്മയുടെ മകനുമായ വെങ്കട് പറയുന്നു.

അമ്മ ഇഫ്താറില്‍നിന്ന്

അമ്മ പറയുന്നത്...

‘രാമഭക്തയായതിനാൽ എപ്പോഴും ഉപവാസത്തിലൂടെയും പ്രാര്‍ഥനയിലൂടെയും തന്‍റെ ഉള്ളിലെ രാമനെ കണ്ടെത്താനുള്ള ശ്രമമായിരുന്നു. ബ്രാഹ്മണരായ ഞങ്ങള്‍ക്ക് നിരവധി ആചാര ചടങ്ങുകളുണ്ട്. മറ്റുള്ളവരോട് മോശമായി പെരുമാറാൻ കഴിയില്ല. രാമന്‍റെ ജീവിതോപദേശങ്ങളിലൊന്നും എവിടെയും വിദ്വേഷത്തിനൊരു സ്ഥാനവുമില്ല. രാമന്‍റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. എല്ലാവരും നമ്മളെ പോലെയുള്ള ആളുകള്‍ തന്നെയല്ലേ. എന്താണ് വ്യത്യാസം’ എന്ന് അമ്മ ചോദിക്കുന്നു. ‘ഭര്‍ത്താവ് സുഖമില്ലാതെ കിടന്നപ്പോള്‍ കുടുംബക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അയല്‍വാസിയായ ബംഗാളിയാണ് സഹായത്തിനായി വന്നത്. ഏതൊരു സാഹചര്യത്തിലും തൊട്ടടുത്ത ആളുകളാണ് എപ്പോഴും നമ്മെ സഹായിക്കാന്‍ ഉണ്ടാവുക. അതില്‍ ജാതിയോ മതമോ ഒന്നുമില്ല. ആര് സഹായം ചോദിച്ചാലും സഹായിക്കാറുണ്ട്. പരസ്പരം സഹായിക്കണം. സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ആരെയും ഉപദ്രവിക്കരുത്. മതം നോക്കാതെ എല്ലാവരും ഒത്തുചേർന്ന് ജീവിക്കണം എന്നാണ് പുതുതലമുറയോട് പറയാനുള്ളത്. നമ്മുടെ ഉള്ളില്‍ ദൈവത്തെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ മറ്റുള്ളവരിലും ദൈവത്തെ കണ്ടെത്താന്‍ കഴിയും.’ പിന്നെ എങ്ങനെയാണ് മറ്റുള്ളവരെ വെറുക്കാന്‍ സാധിക്കുന്നത് എന്നാണ് അമ്മയുടെ ചോദ്യം.

നാല് വര്‍ഷമായി നല്ല രീതിയില്‍ അമ്മയുടെ ഇഫ്താര്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഉടനീളം വെറുപ്പാണ് ഇപ്പോള്‍, ഇതെല്ലാം മാറി സ്നേഹം നിറയണമെന്നാണ് ആഗ്രഹമെന്ന് മീനാക്ഷിഅമ്മ പറയുന്നു.

സ്നേഹത്തിന്റെ വൈകുന്നേരം

സമൂഹത്തിന്‍റെ നാനാ തുറകളില്‍നിന്നും നിരവധിയാളുകള്‍ ഇഫ്താറില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയം ഒന്നുതന്നെ. എല്ലാ മതക്കാരും ചേര്‍ന്ന ഒരു പച്ചത്തുരുത്താണ് ഇവിടം. രാജ്യത്തെ മറ്റിടങ്ങളില്‍നിന്നും അകന്നു മാറി സമാധാനത്തിന്‍റെ സന്ദേശവാഹകരായ ആളുകളുള്ള തുരുത്ത്. നൂറുകണക്കിനാളുകൾ പങ്കെടുത്ത സംഗമത്തില്‍ ഓരോരുത്തരും വാക്കുകളിലൂടെ പറയാന്‍ ശ്രമിക്കുന്നത് ഒന്നു മാത്രം, സ്നേഹത്തിന്റെ,സൗഹൃദത്തിന്റെ വർത്തമാനങ്ങൾ.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Life storylife women
News Summary - Ways love blooms
Next Story