വെർച്വൽ ബലാത്സംഗങ്ങളും ഡീപ്ഫേക് ഇരകളും വർധിക്കുന്നു; മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭ
text_fieldsന്യൂയോർക്ക്: പൊതുരംഗത്ത് സ്ത്രീകൾ സങ്കീർണമായ ഓൺലൈൻ അതിക്രമങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ. നിർമിതബുദ്ധിയുടെ സഹായത്തോടെയുള്ള വെർച്വൽ ബലാത്സംഗങ്ങൾ ഇപ്പോൾ കുറ്റവാളികളുടെ വിരൽത്തുമ്പിലാണെന്നും യു.എൻ മുന്നറിയിപ്പ് നൽകി. ഡിജിറ്റൽ ഇടങ്ങളിൽ സ്ത്രീകളുടെ അപകടസാധ്യതകൾ വർധിപ്പിക്കുന്ന തരത്തിലാണ് എ.ഐ അടക്കമുള്ളവയുടെ ഉപയോഗം. മുഖം വ്യക്തമാക്കാതെ, ആരാണെന്നറിയിക്കാതെ നടക്കുന്ന ഡിജിറ്റൽ അതിക്രമങ്ങളെ ചെറുക്കാൻ ഫലപ്രദമായ നിയമങ്ങളില്ലാത്തതാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഗുരുതരമാക്കുന്നതെന്നും യു.എൻ വിമൻസ് റിപ്പോർട്ട് ചുണ്ടിക്കാട്ടുന്നു.
പൊതുരംഗത്തുള്ള 1500ലധികം സ്ത്രീകളിൽ ആറ് ശതമാനം പേർ തങ്ങൾ ഡീപ്ഫേക്കുകളുടെ ഇരകളാണെന്ന് പറയുന്നു. അതേസമയം മൂന്നിലൊന്ന് പേർ ഓൺലൈനിൽ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ഏകദേശം 12 ശതമാനം പേരുടെ സ്വകാര്യ ദൃശ്യങ്ങളടക്കം സമ്മതമില്ലാതെ സൈബർ ഇടങ്ങളിൽ ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ‘ദുരുപയോഗങ്ങളും ചൂഷണങ്ങളും എളുപ്പമാക്കുകയാണ് നിർമിത ബുദ്ധി ഇപ്പോൾ ചെയ്യുന്നത്. എ.ഐയിലെ അജ്ഞതയും ഉള്ളടക്കങ്ങൾ പ്രചരിക്കുന്ന വേഗതയും അപകടങ്ങളുണ്ടാക്കുന്നുണ്ട്.’ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള യു.എൻ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന കല്ലിയോപി മിംഗൈറോ പറഞ്ഞു.
വ്യാഴാഴ്ച പുറത്തിറങ്ങിയ ഈ യു.എൻ റിപ്പോർട്ട്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഭീഷണിയായി മാറുന്നതിന്റെ തെളിവുകൾ വർധിപ്പിക്കുകയാണ്. ഈ വർഷം ആദ്യം ഇലോൺ മസ്‌കിന്റെ എ.ഐ പ്ലാറ്റ്ഫോമായ ഗ്രോക്കിൽ സ്ത്രീകളുടെ ഫോട്ടോകളിൽനിന്ന് വസ്ത്രങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് അഭ്യർഥനകൾ വന്നതായി പുറത്തുവന്നിരുന്നു. ഇതോടെ ഈ ഭീഷണിയുടെ വ്യാപ്തി പൊതുജനശ്രദ്ധയിൽ വന്നു. മാസങ്ങൾക്ക് ശേഷം, ജർമൻ ടി.വി താരം കോളിയൻ ഫെർണാണ്ടസ് തന്റെ മുൻ ഭർത്താവ് തന്റെ എ.ഐ ജനറേറ്റഡ് അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതായി ആരോപിച്ചു.
യു.എൻ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സർവേയിൽ പങ്കെടുത്ത വനിതാ പത്രപ്രവർത്തകരിൽ നാലിലൊന്ന് പേർക്കും ഓൺലൈൻ അക്രമം മൂലം ഉത്കണ്ഠയോ വിഷാദമോ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 13 ശതമാനം പേർക്ക് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉണ്ടെന്നും കണ്ടെത്തി. ഓൺലൈൻ അക്രമം നേരിടേണ്ടിവരുമോ എന്ന ഭയം പലരെയും സെൻസിറ്റീവ് വിഷയങ്ങൾ ഒഴിവാക്കാനോ നിശബ്ദത പാലിക്കാനോ പ്രേരിപ്പിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. 45 ശതമാനം വനിതാ മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിൽ സ്വയം സെൻസർ ചെയ്യുന്നതായും 22ശതമാനം പേർ തങ്ങളുടെ പ്രഫഷനിൽ സ്വയം സെൻസർ ചെയ്യുന്നതായും പറയുന്നു.
ഇത്തരത്തിലുള്ള ദുരുപയോഗങ്ങളും അക്രമങ്ങളും തടയുന്നതിന് സംവിധാനങ്ങളുണ്ടാക്കണമെന്ന് മിംഗൈറോ ആവശ്യപ്പെട്ടു. സൈബർ പീഡനത്തിൽ നിന്നോ സൈബർ സ്റ്റാക്കിങ്ങിൽനിന്നോ സ്ത്രീകളെ സംരക്ഷിക്കുന്നതിന് നിയമങ്ങൾ നിലവിലുള്ളത് 40 ശതമാനത്തിൽ താഴെ രാജ്യങ്ങൾക്ക് മാത്രമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

