Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഅക്ഷര വെളിച്ചം പകർന്ന്...

അക്ഷര വെളിച്ചം പകർന്ന് മൂന്നര പതിറ്റാണ്ട്

text_fields
bookmark_border
Teachers Day
cancel

റിയാദ്‌: തലമുറകൾക്കു മുന്നിൽ അറിവിന്റെ അക്ഷയഖനികൾ തുറന്നുവെച്ചും അക്ഷരവെളിച്ചം പ്രസരിപ്പിച്ചും സേവനത്തിന്റെ 33 വർഷം പിന്നിടുകയാണ് മീരാ റഹ്മാൻ എന്ന അധ്യാപിക. പതിനായിരത്തോളം കുട്ടികൾ പഠിക്കുന്ന റിയാദ്‌ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിന്റെ അക്കാദമിക് മേധാവിയാണ് ഈ ആലുവ സ്വദേശിനി.

സ്കൂളിലെ ആദ്യത്തെ വനിത പ്രിൻസിപ്പലാണ്. ആദ്യ മലയാളി പ്രിൻസിപ്പലും. ഒരുപക്ഷേ സൗദിയിലെതന്നെ ഇന്ത്യൻ സ്കൂളുകളിലെ ആദ്യ വനിത പ്രിൻസിപ്പൽ. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ പ്രിയപ്പെട്ട അധ്യാപികയും വഴികാട്ടിയും. സീനിയർ സെക്കൻഡറി അധ്യാപിക, സീനിയർ സെക്ഷനിലെ സൂപ്പർവൈസർ, ഹെഡ്മിസ്ട്രസ് മിഡിൽ സെക്ഷൻ, കൺട്രോളർ ഓഫ് എക്‌സാമിനേഷൻ, വൈസ് പ്രിൻസിപ്പൽ, സി.ബി.എസ്.ഇ സെൻട്രൽ ബോർഡ് പരീക്ഷ സൂപ്രണ്ട് തസ്തികകളിലൂടെ നീണ്ട പ്രയാണമാണ് പ്രിൻസിപ്പൽ എന്ന പദവിയിലെത്തിച്ചത്.

മുൻ പ്രിൻസിപ്പൽമാരായ ഡോ. അഫ്സൽ ഖാൻ, മൻസർ ജമാൽ സിദ്ദീഖ്, ഡോ. ഷൗക്കത്ത് പർവേസ്, മുതിർന്ന അധ്യാപകരായ സീനത്ത് ജാഫ്രി, നുസ്രത്ത് ജഹാൻ ബീഗം തുടങ്ങിയവരെല്ലാം ഈ നിലയിലേക്ക് ഉയരാൻ തന്നെ സഹായിച്ചവരാണെന്ന് മീരാ റഹ്‌മാൻ അനുസ്മരിക്കുന്നു. ''ആയിരങ്ങൾ പഠിക്കുന്ന സ്ഥാപനം സത്യത്തിൽ ഒരു വെല്ലുവിളിയാണ്. അക്കാദമിക കാര്യങ്ങൾ പോലെ അഡ്മിനിസ്ട്രേഷൻ, ഫിനാൻസ് എന്നിവ ഒരു വിട്ടുവീഴ്ചയും കൂടാതെ തുല്യപ്രാധാന്യത്തോടെ പരിപാലിക്കണം. ഭാഗ്യവശാൽ, ചെയർമാൻ അമാനുല്ല അർഷാദും മുഹമ്മദ് നസീറുദ്ദീൻ, മനാസ് അൽബുഖാരി, കാസി അഹമ്മദ് എന്നിവരുമടങ്ങുന്ന സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി നല്ല പിന്തുണയാണ് നൽകുന്നത്'' -അവർ പറയുന്നു.

ഒരു വിദ്യാർഥിയുടെ സ്കൂൾ കാലഘട്ടത്തിലാണ് വ്യക്തിത്വ സ്വഭാവ രൂപവത്കരണം നടക്കുന്നത്. അതിനാൽ വിദ്യാർഥികൾക്കുള്ള പതിവ് കൗൺസലിങ് സെഷനുകൾക്ക് പുറമെ മൂല്യങ്ങളും ധാർമിക പാഠങ്ങളും അവർക്ക് പകർന്നുകൊടുക്കാൻ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ശ്രമിക്കുമെന്നും മീരാ റഹ്മാൻ കൂട്ടിച്ചേർത്തു. കോവിഡ്‌കാലത്ത് പിന്നാക്കം പോയ വിദ്യാർഥികളെ ശാക്തീകരിക്കാനും നടപടി സ്വീകരിക്കുമെന്ന് അവർ പറഞ്ഞു.

30 വർഷത്തിനുശേഷം അവതരിപ്പിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയം സ്വാഗതാർഹമാണ്. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ഒരുപടികൂടി ഉയരും. പ്രാദേശിക ഭാഷയിൽ പഠിപ്പിക്കുന്നത് തീർച്ചയായും ഒരു നിഷേധാത്മക ഘടകമായിരിക്കും, അത് സമൂഹത്തിലെ വിഭാഗങ്ങൾ തമ്മിലുള്ള വിടവ് വർധിപ്പിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഗ്രീൻ കാമ്പസ് തന്റെ ഒരു സ്വപ്നമാണ്. പേപ്പറുകളുടെ ഉപയോഗം കുറക്കുകയും പ്ലാസ്റ്റിക്കും അലുമിനിയം ഫോയിലും ഇല്ലാതാക്കുകയും വേണം. വിവിധയിനം ചെടികളുള്ള പൂന്തോട്ടം സ്കൂളിൽ നിർമിക്കാൻ തുടക്കം കുറിച്ചെന്നും അവർ പറഞ്ഞു. പിതാവ് ഡോക്ടറായി കാണാനാണ് ആഗ്രഹിച്ചതെങ്കിലും ഒടുവിൽ അധ്യാപനത്തെ പ്രണയിച്ച തന്നെ പിന്തുണക്കുകയായിരുന്നു. ഇഷ്ടപ്പെട്ട വിഷയങ്ങളും കോഴ്സുകളും തെരഞ്ഞെടുക്കാൻ എല്ലാ സ്വാതന്ത്ര്യവും നൽകി. ആലുവയാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഡിഗ്രിതലം വരെ ആലുവയിൽ തന്നെയായിരുന്നു. യൂനിയൻ ക്രിസ്ത്യൻ കോളജിൽനിന്ന് ഡിഗ്രി, കോഴിക്കോട് ഫാറൂഖ് കോളജിൽനിന്ന് എം.എസ്.സി, ബി.എഡ് എന്നിവയും കരസ്ഥമാക്കി.

എം.എസ്.സിക്കും ബി.എഡിനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ ഒന്നാം റാങ്കും ഗോൾഡ് മെഡലും സ്‌കൂൾ അഡ്മിനിസ്ട്രഷൻ ആൻഡ് സൂപ്പർവിഷൻ വിഷയത്തിൽ പി.ജി ഡിപ്ലോമയും നേടി തിളക്കമറ്റ നേട്ടങ്ങളാണ് അക്കാദമിക് ജീവിതത്തിൽ കൈവരിച്ചത്. നാലുവർഷം മുമ്പ്‌ യു.എസിൽ നടന്ന വേൾഡ് സ്‌കൗട്ട് ജമ്പൂരിയിൽ ഇന്ത്യൻ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

ഏറ്റവും നല്ല അധ്യാപികക്കുള്ള ഹിമാക്ഷര അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ആലുവ ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂൾ റിട്ട. ഹെഡ്മാസ്റ്റർ പടിഞ്ഞാറെ ചാലിൽ മുഹമ്മദ് അലി-ഖദീജ ദമ്പതികളുടെ മകളാണ് മീരാ റഹ്മാൻ. ഭർത്താവ് അബ്ദുറഹ്മാൻ യൂസുഫ് റിയാദിലെ സ്വകാര്യ കമ്പനിയിൽ പേഴ്‌സനൽ മാനേജറാണ്. ഡോ. അഹ്‍ലാം അബ്ദുറഹ്മാൻ, ആബിദ് അബ്ദുറഹ്മാൻ എന്നിവർ മക്കളാണ്. മരുമകൻ: ഡോ. സൻജാൻ അൻസാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teacher's Day
News Summary - Today is Teacher's Day: Three-and-a-half decades since the light of letters
Next Story