അങ്കത്തട്ടിലെ ഉണ്ണിയാർച്ച
text_fieldsആതിര കണ്ണൻ
ഒന്നര വയസ്സിൽ അച്ഛൻ ഉപേക്ഷിച്ച പെൺകുട്ടി. അമ്മയുടെ തണലിൽ കഷ്ടപ്പാടുകളും പ്രതിസന്ധികളും നിറഞ്ഞ കുട്ടിക്കാലം. അമ്മ പണിക്ക് പോകുന്ന വീടുകളിൽനിന്നും കിട്ടുന്ന ഭക്ഷണം കഴിച്ച് വിശപ്പടക്കിയിരുന്ന ദിവസങ്ങൾ. പാലക്കാട് ചന്ദ്രനഗർ ചെമ്പലോട് സ്വദേശിനിയായ ആതിര കണ്ണൻ എന്ന 26കാരിക്ക് തന്റെ കുട്ടിക്കാലവും കൗമാരവുമെല്ലാം കടന്നുപോയത് കയ്പ്പ് നിറഞ്ഞ ദിവസങ്ങളിലൂടെയായിരുന്നു. എന്നാൽ, അവിടെ അവൾക്ക് തുണയായതും ജീവിതം തന്നെ മാറ്റിമറിച്ചതും കളരി എന്ന ആയോധന കലയാണ്. കളരിയിലൂടെ തന്റെ ജീവിതം കെട്ടിപ്പടുത്ത ആതിര ഇന്ന് മോഡലിങ്ങിലും സിനിമയിലുമെല്ലാം താരമായി ഉദിച്ചുയരുകയാണ്. കളരിയിൽ ദേശീയതലത്തിൽ നിരവധി മെഡലുകളും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡും സ്വന്തമാക്കിയ ആതിരയുടെ ജീവിതവിശേഷങ്ങളിലേക്ക്.
കഷ്ടപ്പാടുകളുടെ കുട്ടിക്കാലം
അച്ഛൻ കണ്ണൻ ആതിരക്ക് ഓർമവെക്കും മുമ്പേ ഉപേക്ഷിച്ച് പോയതാണ്. ഊട്ടി സ്വദേശിയാണെന്ന് മാത്രമേ ആതിരക്ക് അറിയൂ. അച്ഛനെയോ അവരുടെ കുടുംബാംഗങ്ങളെയോ ഇതുവരെ കണ്ടിട്ടില്ല. അമ്മയും മുത്തശ്ശിയുമാണ് ആതിരയെ നോക്കിയിരുന്നത്. എന്നാൽ, മുത്തശ്ശിയുടെ മരണത്തോടെ അമ്മയും ആതിരയും തനിച്ചായി. സമീപത്തെ വീടുകളിൽ പണിയെടുത്താണ് അമ്മ എസ്. വസന്ത കുടുംബം പുലർത്തിയിരുന്നത്. ദിവസവും മൂന്നും നാലും വീടുകളിൽ ഓടിനടന്നു പണിയെടുക്കുമായിരുന്നു. ഇതിനിടെ തൊഴിലുറപ്പിനും പോകും. രാവിലെ ആറുമണി മുതൽ രാത്രി വരെ പണിയെടുക്കും. വീട്ടിൽ ഒറ്റക്കിരിക്കാൻ പേടിയായതിനാൽ സ്കൂൾ വിട്ട് വന്നാൽ ആതിരയും അമ്മയോടൊപ്പം പോകും. പലപ്പോഴും അവിടുന്ന് കിട്ടിയിരുന്ന ഭക്ഷണം കഴിച്ചാണ് പട്ടിണിയില്ലാതെ മുന്നോട്ടുപോയിരുന്നത്. നൃത്തത്തിലും അഭിനയത്തിലുമെല്ലാം ചെറുപ്പത്തിൽ തന്നെ താൽപര്യമുണ്ടായിരുന്ന ആതിര നാട്ടിലെ ഗാനമേളകൾക്കും ഡാൻസ് പരിപാടികൾക്കുമെല്ലാം മുൻനിരയിൽ തന്നെ ഉണ്ടാകുമായിരുന്നു.
കളരിത്തട്ടിലേക്ക്
ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആതിര കളരിയിൽ ആദ്യ ചുവടുവെച്ചത്. പ്രദേശവാസികളായ യുവാക്കളെല്ലാം അന്ന് കളരിക്ക് പോകുമായിരുന്നു. ഇതുകണ്ടാണ് ആതിരക്കും കളരി എന്ന മോഹം ഉദിച്ചത്. വീടിന്റെ സമീപത്ത് തന്നെയായിരുന്ന ചന്ദ്രനഗർ കൈരളി കളരി സംഘത്തിലാണ് ചേർന്നത്. ശെൽവൻ ഗുരുക്കളുടെ കീഴിലായിരുന്നു പഠനം. ആതിരയിൽ നിന്നും ഒരു രൂപ പോലും ഫീസ് വാങ്ങാതെയാണ് അദ്ദേഹം കളരി അഭ്യസിപ്പിച്ചത്. അധികം വൈകാതെ കളരി ആതിരയുടെ ജീവിതത്തിന്റെ ഭാഗമായി. കളരി പഠനത്തിനനുസരിച്ച് ദിനചര്യ ചിട്ടപ്പെടുത്തി. മെയ്വഴക്കം അനുസരിച്ചാണ് കളരിയിൽ ഓരോ വിദ്യകൾ പഠിച്ച് മുന്നേറുന്നത്. ഉറുമിയിലാണ് ആതിര തന്റെ കഴിവ് കണ്ടെത്തിയത്. മെയ്ത്താരി, കോൽത്താരി, അങ്കത്താരി, വെറുംകൈ എന്നിങ്ങനെ നാല് ഘട്ടങ്ങളാണ് കളരിയിലുള്ളത്. ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ നടന്ന മത്സരങ്ങളിലെല്ലാം കൈരളി കളരി സംഘവും ആതിരയും മെഡലുകൾ വാരിക്കൂട്ടി. ഏഴുതവണ ദേശീയതലത്തിൽ ആതിര മെഡൽ നേടി. ഉറുമിയിലും വടിപ്പയറ്റിലും കൈപ്പോരിലുമായിരുന്നു നേട്ടം. ഡിഗ്രിക്ക് പഠിക്കുമ്പോൾ കല്ലേക്കാട് വ്യാസ വിദ്യാപീഠം സ്കൂളിൽ ഒരു വർഷത്തോളം കുട്ടികൾക്ക് കളരി പഠിപ്പിക്കാനും ആതിര പോയി. ശെൽവൻ ഗുരുക്കളുടെ മരണശേഷം മക്കളായ ശരൺ, വരുൺ എന്നിവരുടെ കീഴിലാണ് ഇപ്പോൾ അഭ്യസിക്കുന്നത്.
തനിച്ചായ രണ്ടുവർഷം
ഇതിനിടെ ആതിരയുടെ അമ്മ വീട്ടുപണിക്കായി ദുബൈയിലേക്ക് പോയി. അവിടെ ഒരു വീട്ടിൽ കുട്ടികളെ നോക്കലായിരുന്നു ജോലി. വീട്ടിലെ ദുരവസ്ഥ കൊണ്ട് പോയതാണെങ്കിലും സ്കൂൾ വിദ്യാർഥിനിയായിരുന്ന ആതിര നാട്ടിൽ തനിച്ചായി. ആ സമയത്ത് അമ്മയുടെ മൂന്നാമത്തെ സഹോദരിയുടെ പുതുശ്ശേരിയിലെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇടക്ക് സ്വന്തം വീട്ടിലും നിൽക്കും. അമ്മ അയച്ചുകൊടുത്ത പണം കൊണ്ട് പഠനവും വീട്ടുകാര്യങ്ങളും കടം തീർക്കലുമെല്ലാമായി തനിച്ച് ജീവിക്കാൻ ആതിര പഠിച്ചു. പാലക്കാട് ഗവ. വിക്ടോറിയ കോളജിലായിരുന്നു ഡിഗ്രി പഠനം. സ്വന്തമായി വരുമാനം കണ്ടെത്തണമെന്ന ആഗ്രഹത്തിൽ തുണിക്കടകളിലും ഇവന്റ് മാനേജ്മെന്റുകളിലും ഈ സമയത്ത് ജോലി നോക്കി. അമ്മ തിരിച്ചുവന്ന ശേഷവും വീട്ടുപണിയും തൊഴിലുറപ്പ് പണിയും തന്നെയായിരുന്നു പ്രധാന വരുമാന മാർഗം. ഇതിനിടെ ചില മലയാളം സിനിമകളിൽ ഗെസ്റ്റ് റോളുകൾ ചെയ്തിരുന്നു. നൃത്ത പരിപാടികളും ചെയ്തു. നാട്ടുകാരിൽനിന്നും കുത്തുവാക്കുകളും കേട്ടാണ് ആതിരയുടെ ഓരോ ദിവസവും മുന്നോട്ടുപോയിരുന്നത്. മകൾ എന്ത് ചെയ്താലും പൂർണ പിന്തുണ നൽകാൻ വസന്തയും തയാറായിരുന്നതിനാൽ ആതിരക്ക് മറ്റൊന്നും തടസ്സമായില്ല.
സിനിമയിലേക്ക്
ചില മലയാളം സിനിമകളിൽ ആൾക്കൂട്ടത്തിനിടയിലും ഗെസ്റ്റ് റോളുകളിലും ആതിര മുഖം കാണിച്ചിരുന്നു. ചില മലയാളം ചാനലുകളിലെ പരിപാടികളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. തമിഴ് സൂപ്പർ താരം സൂര്യയുടെ ഒപ്പം അഭിനയിക്കാനായത് ഒരിക്കലും മറക്കാനാകാത്ത അനുഭവമാണെന്നും ആതിര പറയുന്നു. സംവിധായകൻ ശിവ ഒരുക്കിയ ‘കങ്കുവ’ എന്ന വൻ ബജറ്റ് ചിത്രത്തിലാണ് സൂര്യക്കൊപ്പം പ്രാധാന്യമുള്ള വേഷം ചെയ്തത്. സൂര്യയുടെ ശിഷ്യയായാണ് ആതിര അഭിനയിച്ചത്. മലയാളത്തിൽ ഗാർഡിയൻ ഏയ്ഞ്ചൽ എന്ന സിനിമയിലും അഭിനയിച്ചു. ‘പെരിഞ്ച കാതലിങ്ക’ എന്ന സിനിമ ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് റിലീസ് ചെയ്തു. മലയാളം സംവിധായകൻ സുരേന്ദ്രൻ തരൂരിന്റെ ‘ഗം ഗിലാ ഗിലാ’ വരുന്ന ഏപ്രിലിൽ റിലീസ് ചെയ്യും. ഇതിലെ പ്രധാന കഥാപാത്രമാണ് ആതിര.
കളരിയിലെ നേട്ടം
കളരിയിലെ വിവിധ ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി രണ്ട് മണിക്കൂർ വിവിധ അഭ്യാസങ്ങൾ അവതരിപ്പിച്ചതിന് 2025ൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. വാൾ, പരിച, ഉറുമി, കഠാര, കത്തി, ചെറുവടി എന്നിവ ഉപയോഗിച്ച് ഏറ്റവും കൂടുതൽ സമയം അഭ്യാസങ്ങൾ കാണിച്ചതിനാണ് നേട്ടം. ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് മൂന്നുമണി വരെ നിർത്താതെയാണ് അഭ്യാസങ്ങൾ കാണിച്ചത്. ഒരിക്കൽ അഭ്യാസത്തിനിടെ ഉറുമി മുഖത്തിന്റെ ഇടതുഭാഗത്ത് തട്ടി പരിക്കേൽക്കുകയും ചെയ്തു. ചെറിയ ചതവ് ആയിരുന്നെങ്കിലും രണ്ടുദിവസം കഴിഞ്ഞതോടെ മുഖത്തിന്റെ ഒരു ഭാഗം തളർന്നു. പിന്നീട് ഫിസിയോതെറപ്പി ചെയ്താണ് ശരിയാക്കിയത്. ഏഴുതവണ ദേശീയ തലത്തിൽ മെഡലുകൾ നേടിയിട്ടുണ്ട്. വരുന്ന മാർച്ച് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. പുറത്ത് കളരി പഠിപ്പിക്കാൻ പോകാറുണ്ട്. സ്വന്തമായിട്ട് കളരി പഠനകേന്ദ്രം തുടങ്ങണമെന്നാണ് ആതിരയുടെ ഇപ്പോഴത്തെ ആഗ്രഹം.
പെൺകുട്ടികൾ കല പഠിക്കണം
ജീവിതത്തിൽ എന്നും ഒറ്റപ്പെടലാണ് കൂടുതലും ഉണ്ടായിട്ടുള്ളതെന്ന് ആതിര പറയുന്നു. പിന്തുണക്കാൻ ആരും ഉണ്ടായിരുന്നില്ല. ഒറ്റക്കാണ് പോരാടിയത്. വിദ്യാഭ്യാസമില്ലെങ്കിലും മകളുടെ ആഗ്രഹങ്ങൾക്കെല്ലാം അമ്മ പൂർണ പിന്തുണയോടെ കൂടെ നിന്നതാണ് ആതിരയുടെ ശക്തി. എന്നാലിപ്പോൾ സഹൃത്തുക്കളുണ്ട്. വിഷമങ്ങളെല്ലാം മറക്കാനും മാനസികമായി ശക്തി നേടാനും കളരി എന്ന കല തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ആതിര അഭിമാനത്തോടെ പറയുന്നു.
ഇന്ന് സമൂഹത്തിൽ പെൺകുട്ടികൾക്കുനേരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ പ്രതിരോധിക്കാനും ശാരീരികമായും മാനസികമായും തളരാതെ മുന്നേറാനും എന്തെങ്കിലും കലകൾ എപ്പോഴും സഹായിക്കുമെന്നും ആതിര പറയുന്നു. കളരിയിലും മോഡലിങ്ങിലും സിനിമയിലും നാടിന്റെ പ്രതീക്ഷമായി മാറുകയാണ് ആതിര കണ്ണൻ.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

