'ഒരു രൂപ ഇഡലി പാട്ടി'യുടെ രുചിപ്പെരുമക്ക് അഞ്ച് പതിറ്റാണ്ടിന്റെ തിളക്കം
text_fieldsകോയമ്പത്തൂർ: കോയമ്പത്തൂരിലെ ഒരു രൂപ ഇഡലി പാട്ടി തൊണ്ണൂറാം വയസ്സിലും തിരക്കിലാണ്. വടിവേലം പാളയത്ത് താമസിക്കുന്ന കമലത്താൾ (90) മുത്തശ്ശിയെ സ്നേഹപൂർവം നാട്ടുകാർ ഒരു രൂപ ഇഡലി പാട്ടി എന്നാണ് വിളിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലധികമായി മുത്തശ്ശി പ്രദേശത്ത് കൊച്ചു ഭക്ഷണശാല വഴി ഇഡലി വിതരണം നടത്തുന്നുണ്ട്. തുടക്കത്തിൽ 25 പൈസക്കും 50 പൈസക്കും ഇഡലി വിറ്റിരുന്ന മുത്തശ്ശി കഴിഞ്ഞ 15 വർഷമായി ഒരു രൂപക്കാണ് വിൽക്കുന്നത്.
വിലക്കയറ്റങ്ങൾക്കിടയിൽ ഒരു രൂപക്ക് ഇഡലി കിട്ടുന്നത് പാവപ്പെട്ടവർക്ക് വലിയ അനുഗ്രഹമാണ്. സാമ്പാർ, ചട്ണി എന്നിവയും വളരെ രുചിയോടെ സ്വന്തമായി തയാറാക്കിയും നൽകുന്നുണ്ട്. തുടക്കത്തിൽ ആട്ടുകല്ലിൽ അരി അരച്ചാണ് ഇഡലിയുണ്ടാക്കിരുന്നത്.
വിറക് അടുപ്പിൽ നൂറുകണക്കിന് ഇഡലികൾ തയാറാക്കിയിരുന്നു. പിന്നീട് ഗ്രൈന്റർ വാങ്ങി. പുലർച്ചെ മൂന്നിന് എഴുന്നേൽക്കുന്ന പാട്ടി ദൈനംദിന ജോലിക്ക് ശേഷം ഇഡലി നിർമാണം ആരംഭിക്കും. ഏഴ് മണി മുതൽ വിൽപനയും ആരംഭിക്കും. ബിസിനസുകാരനായ ആനന്ദ് മഹീന്ദ്ര മുത്തശ്ശിയെക്കുറിച്ച് അറിയുകയും അവരുടെ സേവനത്തെ അത്ഭുതകരമാണെന്ന് പ്രശംസിക്കുകയും ചെയ്തിരുന്നു. കമലാത്താളിന് ഗ്യാസ് സ്റ്റൗവും മറ്റ് ആവശ്യമായ ബിസിനസ് സൗകര്യങ്ങളും അദ്ദേഹം ചെയ്തുനൽകി. മുൻ മന്ത്രി എസ്.പി. വേലു മണി രണ്ട് സെൻറ് ഭൂമി വാങ്ങി നൽകി. വടിവേലംപാളയത്ത് ലഭിച്ച സ്ഥലത്ത് പുതിയ വീട് നിർമിക്കുകയും 2022ൽ മാതൃദിനത്തിൽ ആനന്ദ് മഹീന്ദ്ര വീട് കൈമാറുകയും ചെയ്തു. ഗ്യാസ് കമ്പനി സൗജന്യ കണക്ഷനുകളും നൽകി. ഇതിനിടെ സൗജന്യ പാചക വാതക സിലിണ്ടറുകൾ ഗ്യാസ് കമ്പനി നൽകിയിരുന്നത് നിർത്തലാക്കിയത് തിരിച്ചടിയായി.
പാവങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭിച്ച പൊതുസേവനത്തെ സാരമായി ബാധിച്ചത് മുത്തശ്ശിയെ വിഷമത്തിലാക്കി. തുടർന്ന് മുത്തശ്ശി കോയമ്പത്തൂർ ജില്ല കലക്ടറെ നേരിൽ സന്ദർശിച്ച് സൗജന്യ എൽ.പി.ജി സിലിണ്ടർ നൽകാൻ നിവദനം നൽകി. പിന്നാക്ക ക്ഷേമ മന്ത്രി സമ്പത്ത് കുമാറിന്റെ ഇടപെടലിനെ തുടർന്ന് ജില്ല കലക്ടർ പവൻകുമാർ സൗജന്യ ഗ്യാസ് സിലിണ്ടർ പുനഃസ്ഥാപിച്ച് നൽകി. പാചകവാതക സിലിണ്ടറുകൾ പുനഃസ്ഥാപിച്ചതിന് എല്ലാവരോടും നന്ദിയറിയിച്ച് കമലാത്താൾ തന്റെ രുചിപ്പെരുമ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

