Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

(നി)ശ്ശബ്ദതയുടെ പെൺസാക്ഷ്യങ്ങൾ

text_fields
bookmark_border
(നി)ശ്ശബ്ദതയുടെ പെൺസാക്ഷ്യങ്ങൾ
cancel

മൗനത്തിന്റെ അനേകം പാളികളെ തേടുന്ന കലായാത്രയാണ് ‘(നി)ശ്ശബ്ദം’. സ്ത്രീജീവിതങ്ങളെ രൂപപ്പെടുത്തുന്ന അദൃശ്യമായ മൗനങ്ങളെയും അവയുടെ ആഴങ്ങളെയും ദൃശ്യരൂപത്തിൽ അവതരിപ്പിക്കുകയാണ് അശ്വതി അരവിന്ദാക്ഷൻ. അതുകൊണ്ടുതന്നെ ഈ പ്രദർശനം കേവലം ഒരു ചിത്രപ്രദർശനമല്ല; പ്രതികരണങ്ങളുടെയും തിരിച്ചറിവുകളുടെയും പുതിയൊരു സംവാദവേദി കൂടിയാണ്. പ്രദർശനത്തിന്റെ ആശയകേന്ദ്രം അതിന്റെ ശീർഷകത്തിൽത്തന്നെയുണ്ട്. ‘ശബ്ദം’ ധ്വനിയെയും പ്രകടനത്തെയും അടയാളപ്പെടുത്തുമ്പോൾ ‘നിശ്ശബ്ദം’ മൗനത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ, ഇവിടെ മൗനം സംസാരത്തിന്റെ അഭാവമായി മാത്രമല്ല കാണുന്നത്. അനുഭവങ്ങളുടെ സാന്ദ്രതയും അർഥതലങ്ങളും നിറഞ്ഞ സാന്നിധ്യമായാണ് അവതരിപ്പിക്കപ്പെടുന്നത്. ശബ്ദത്തിനും നിശ്ശബ്ദതക്കുമിടയിലെ അതിർവരമ്പുകളെ ഇല്ലാതാക്കുന്ന തരത്തിലാണ് ശീർഷകത്തിലെ ‘(നി)’ എന്ന അടയാളം പ്രവർത്തിക്കുന്നത്.

പറയാത്ത ശബ്ദങ്ങൾ

സ്ത്രീജീവിതത്തിൽ പലപ്പോഴും പറയാതെ പോകുന്ന അനുഭവങ്ങളുണ്ട്. ഈ അദൃശ്യമായ അനുഭവങ്ങൾക്ക് ദൃശ്യഭാഷ നൽകുകയാണ് ‘(നി)ശ്ശബ്ദം’ ചെയ്യുന്നത്. പരിസ്ഥിതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കിയ ഇരുപത് മിക്സ്ഡ് മീഡിയ ഇൻസ്റ്റലേഷനുകളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉപയോഗിച്ചിരിക്കുന്ന ഓരോ വസ്തുവും സ്ത്രീജീവിതത്തിന്റെ ആത്മഗതങ്ങളെയും അനുഭവങ്ങളെയും ആവിഷ്കരിക്കുന്നതിൽ പ്രത്യേക പങ്കുവഹിക്കുന്നുണ്ട്. വസ്തുക്കൾ ഇവിടെ കേവലം കലാനിർമാണത്തിനുള്ള മാധ്യമങ്ങളല്ല; അവ ഓർമകളുടെയും അനുഭവങ്ങളുടെയും വികാരങ്ങളുടെയും വാഹകരായി മാറുകയാണ്. സ്വന്തം അനുഭവങ്ങളിലൂടെ ഉയിർക്കൊണ്ട കലാവിഷ്കാരമാണ് നിശ്ശബ്ദം. അ‍താകട്ടെ നാമോരോരുത്തരുടെയും ജീവിതത്തെയും രൂപപ്പെടുത്തുന്നു.

അമൂർത്തതയും ഇൻസ്റ്റലേഷൻ കലയും ചേർന്നുവരുന്ന ഈ ആവിഷ്കാരരീതി പ്രേക്ഷകന് കലാസൃഷ്ടിയെ ഒതുക്കിനിർത്തേണ്ട സാഹചര്യം ഒഴിവാക്കുന്നു. ഓരോ പ്രേക്ഷകനും സ്വന്തം അനുഭവങ്ങളുടെയും ഓർമകളുടെയും പശ്ചാത്തലത്തിൽ ചിത്രങ്ങളെയും വസ്തുക്കളെയും വായിച്ചെടുക്കാം. അതിനാൽ കലാകാരിയുടെ അനുഭവം മാത്രമല്ല, കലാസ്വാദകന്റെ അനുഭവവും ഈ സൃഷ്ടികളുടെ അർഥനിർമിതിയുടെ ഭാഗമാവുകയാണ്. വ്യക്തിജീവിതത്തെയും സാമൂഹികജീവിതത്തെയും സ്വാധീനിക്കുന്ന ദൃശ്യവും അദൃശ്യവുമായ നിശ്ശബ്ദതകളോടാണ് ‘(നി)ശ്ശബ്ദം’ സംവദിക്കുന്നത്. കേൾക്കാതെ പോകുന്ന ശബ്ദങ്ങളെ തിരിച്ചറിയാനും മൗനത്തിനുള്ളിലെ അർഥങ്ങളെ കണ്ടെത്താനും പ്രദർശനം പ്രേക്ഷകനെ ക്ഷണിക്കുന്നു. ക്ലാസ് മുറിക്കും സർഗാത്മകതക്കും പുറത്ത് സജീവ സാന്നിധ്യമാണ് അശ്വതി അരവിന്ദാക്ഷൻ. ഓൾ ഇന്ത്യ റേഡിയോയുടെ Good English പരിപാടിയിലെ സ്ഥിരം അവതാരകയായും സ്ത്രീകേന്ദ്രിത ടെലിവിഷൻ പരിപാടികളുടെ അവതാരകയുമാണ്. ഫോട്ടോഗ്രഫി, യാത്രകൾ, ഭക്ഷണചരിത്രപഠനം തുടങ്ങിയ മേഖലകളോടുള്ള താൽപര്യവും എടുത്തുപറയേണ്ടതാണ്. ജീവിതത്തിലെ വിവിധ അനുഭവങ്ങളെ കലയും സാഹിത്യവും വഴി പുനർവായിക്കാനുള്ള ശ്രമമാണ് അശ്വതിയുടെ കലാസൃഷ്ടിക‌‌ൾ.

അസാധാരണത്വം

അശ്വതിയുടെ കലാദർശനത്തിൽ കല മനുഷ്യനെ ജീവിതത്തിന്റെ തിരക്കിൽ നിന്ന് അൽപനേരം മന്ദഗതിയിലാക്കുന്ന അനുഭവമാണ്. സാധാരണ ജീവിതത്തിൽ അസാധാരണമായ അർഥങ്ങൾ കണ്ടെത്താനും നമ്മെ പരസ്പരം ബന്ധിപ്പിക്കുന്ന നിശ്ശബ്ദതകളെ തിരിച്ചറിയാനും കലയും സാഹിത്യവും സഹായിക്കുന്നു എന്ന വിശ്വാസമാണ് അശ്വതിയുടെ സൃഷ്ടികളുടെ അന്തർധാര. അതുകൊണ്ടുതന്നെ ‘(നി)ശ്ശബ്ദം’ മൗനത്തെ വെറും ശൂന്യതയായി കാണാതെ അനുഭവങ്ങളും ഓർമകളും വികാരങ്ങളും പ്രതിഷേധങ്ങളും തിരിച്ചറിവുകളും നിറഞ്ഞ സജീവസാന്നിധ്യമായി അവതരിപ്പിക്കുന്നു. ഡോ. അശ്വതി അരവിന്ദാക്ഷന്റെ ‘(നി)ശ്ശബ്ദം’ സമകാലിക കലയിൽ സ്ത്രീയനുഭവങ്ങളെ അടയാളപ്പെടുത്തുന്ന ശ്രദ്ധേയമായ കലാപ്രവർത്തനമാണ്. എഴുത്തുകാരിയെന്ന നിലയിലും ചിത്രകാരിയെന്ന നിലയിലും അവർ നടത്തുന്ന അന്വേഷണങ്ങളുടെ സ്വാഭാവികമായ തുടർച്ചയായിട്ടുവേണം ഈ പ്രദർശനത്തെ വീക്ഷിക്കാൻ. ശബ്ദമില്ലാത്ത ഇടങ്ങളിലും അർഥങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്നും മൗനത്തിനും അതിന്റേതായ ഒരു ഭാഷയുണ്ടെന്നും ഓർമിപ്പിക്കുന്ന ‘(നി)ശ്ശബ്ദം’ കലാകാരിയും കലാസ്വാദകനും തമ്മിൽ പുതിയൊരു സംവാദത്തിന് വാതിൽ തുറക്കുകയാണ്.

എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. അശ്വതി അരവിന്ദാക്ഷൻ തിരുവനന്തപുരം നീറമൺകര എൻ.എസ്.എസ് വനിത കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. അധ്യാപനം, എഴുത്ത്, ചിത്രരചന, പ്രഭാഷണം, അവതരണം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ഒരേസമയം സജീവമായി ഇടപെടുന്ന ബഹുമുഖ പ്രതിഭയാണ്. ഇംഗ്ലീഷ് സാഹിത്യത്തിലും വിദ്യാഭ്യാസ ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയ അശ്വതി അരവിന്ദാക്ഷൻ കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷിൽ പിഎച്ച്.ഡി കരസ്ഥമാക്കിയിട്ടുണ്ട്. ഇരുപത് വർഷത്തിലേറെയായി കേരള സർവകലാശാലയുടെ കീഴിലുള്ള വിവിധ കോളജുകളിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചുവരുന്ന അശ്വതി ഇംഗ്ലീഷ് ഭാഷാധ്യാപനത്തിൽ പ്രത്യേക വൈദഗ്ധ്യവും നേടിയിട്ടുണ്ട്.

സാഹിത്യലോകം

അക്കാദമിക രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം സാഹിത്യവും കലയും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്ന അശ്വതി Absences–Of Intimacies and Solitude (2020) എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെയും പഞ്ചിമിട്ടായി (2023) എന്ന മലയാള കവിതാസമാഹാരത്തിന്റെയും തള (2024) എന്ന ചെറുകഥാ സമാഹാരത്തിന്റെയും രചയിതാവാണ്. Meraki (2021), Glass Bangles (2022) എന്നീ ഇംഗ്ലീഷ് കവിതാസമാഹാരങ്ങളുടെ സഹ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും വായനക്കാർക്കും സാഹിത്യ-കലാസ്വാദകർക്കുമായി പഠനസാമഗ്രികളും സൃഷ്ടിപരമായ രചനകളും പങ്കുവെക്കുന്ന ashlit എന്ന അക്കാദമിക-സാഹിത്യ വേദിയുടെ ക്യൂറേറ്ററുമാണ്.

അശ്വതിയുടെ കലാജീവിതത്തിലെ മറ്റൊരു പ്രധാന മേഖല അമൂർത്ത ചിത്രരചനയാണ്. സ്ത്രീജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളാണ് അവരുടെ ചിത്രങ്ങളിൽ പ്രധാനമായും പ്രതിഫലിക്കുന്നത്. കൊച്ചിൻ ആർട്ട് ഫെസ്റ്റിവൽ (2022), എംബ്ലേസ് ആർട്ട് ഷോ (2023) എന്നിവയിലൂടെയും കേരള ലളിതകലാ അക്കാദമിയിൽ നടന്ന Alchemy (2024), Rajaswala (2025) എന്നീ ഏകാംഗ ചിത്രപ്രദർശനങ്ങളിലൂടെയും കലാസൃഷ്ടികൾ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ കലാപ്രവർത്തനത്തിന്റെ തുടർച്ചയായാണ് ‘(നി)ശ്ശബ്ദം’ എന്ന കലാപ്രദർശനത്തെ കാണേണ്ടത്. നിശ്ശബ്ദതയിൽ നിന്നുയരുന്ന ശബ്ദങ്ങൾ സ്ത്രീയനുഭവത്തിന്റെ നേരനുഭവങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Female Testimonies of Silence through Art and Literature
Next Story