പുനർജന്മം പൂജ
text_fields2008 ഡിസംബർ നാല്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാന പാതയിൽ ഇരിക്കൂറിനടുത്ത പെരുമണ്ണ് ഗ്രാമം. പെരുമണ്ണ് നാരായണ വിലാസം എൽ.പി സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലേക്ക് നടന്നുപോവുകയാണ്. വരിയായി പോകണമെന്ന അധ്യാപകന്റെ നിർദേശം കൃത്യമായി പാലിച്ചാണ് നടത്തം. പെട്ടെന്നാണ് അമിതവേഗത്തിൽ കുതിച്ചെത്തിയ വാൻ കുട്ടികൾക്കിടയിലേക്ക് പാഞ്ഞ് കയറിയത്. നിലവിളിക്കാൻ പോലുമാകാതെ 11 പിഞ്ചോമനകൾ ഞെരിഞ്ഞമർന്നു. ആശുപത്രികൾ പരിക്കേറ്റ് ചോരയിൽ കുളിച്ച കുട്ടികളെക്കൊണ്ട് നിറഞ്ഞു.
നാടാകെ കണ്ണീരുമായി പ്രാർഥനയിൽ കാത്തുനിന്നു. മറ്റൊന്നും സംഭവിക്കല്ലേയെന്ന് പറഞ്ഞ് മനമുരുകി ആ നാട്. അതിനിടെ മരണവാർത്ത അവ്യക്തമായി പരന്നു. അപകടത്തിന്റെ തീവ്രതയറിയാൻ രാത്രി വൈകുവോളം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ ആ വാർത്തയെത്തി, 10 പേർ മരിച്ചിരിക്കുന്നു. കുട്ടികളെ കാത്തിരുന്ന അമ്മമാർ കുഴഞ്ഞുവീണു. റോഡിൽ ഇരുട്ടിൽ ചെരുപ്പും ബാഗും തപ്പി നടന്ന് ചോരച്ചാലുകൾ കണ്ട് തലയിൽ കൈവെച്ച് പൊട്ടിക്കരഞ്ഞവർ... ആ കറുത്ത ദിനത്തിന് 17 ആണ്ടുകൾ. ഗുരുതരമായി പരിക്കേറ്റ ഒരു രണ്ടാം ക്ലാസുകാരി മാത്രമാണ് ആ ദുരന്തത്തിൽനിന്ന് മാസങ്ങൾക്കുശേഷം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പൂജ മുരളീധരൻ. ദുരന്തശേഷം പിന്നീടങ്ങോട്ട് പൂജയെപ്പറ്റി അധികമാരുമറിഞ്ഞതുമില്ല.
ഓർമക്കിടക്കയിലവൾ
പൂജക്ക് ഇന്ന് വയസ്സ് 24. വർഷങ്ങൾക്കിപ്പുറം പഴയ ദുരന്തത്തിന്റെ ഓർമകൾ മനസ്സിൽനിന്ന് മായാതെ സങ്കടക്കടലുമായി പൂജ പെരുമണ്ണിലെ വീട്ടിലുണ്ട്. ദുരന്തത്തിൽ പരിക്കുപറ്റി ഇനി തിരിച്ചുവരില്ലെന്ന് പലരും പറഞ്ഞെങ്കിലും വൈദ്യശാസ്ത്രത്തിലെ അത്ഭുതമെന്ന പോലെ ആശുപത്രിക്കിടക്കയിൽനിന്ന് മാസങ്ങൾക്കുശേഷം അവൾ ജീവിതത്തിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയെങ്കിലും തന്റെ കളിക്കൂട്ടുകാരില്ലെന്നറിയാൻ അവൾ പിന്നെയും വർഷങ്ങളെടുത്തു. 2009 ഫെബ്രുവരി 25നാണ് പൂജ ആശുപത്രിവിട്ടത്. പെറുക്കിയെടുത്ത ഓർമകളും സംസാരവുമായാണ് മടക്കം. തലക്ക് സാരമായി പരിക്കേറ്റ് വലതു ഭാഗം ചലനശേഷിയും സംസാരശേഷിയും പൂർണമായും നഷ്ടപ്പെട്ടിരുന്നു.
രണ്ടാം ജന്മത്തിൽ അച്ഛൻ, അമ്മ എന്നിവ ക്രമേണ അവൾ ഓർത്തുതുടങ്ങി. തന്റെ കളിക്കൂട്ടുകാർ വരാത്തതറിഞ്ഞ് അവൾ തേങ്ങി. പിന്നെയാണ് അവരെങ്ങോ മറഞ്ഞെന്ന് അവളറിഞ്ഞത്. തുടർന്ന് മറ്റൊരു വിദ്യാലയത്തിൽ തുടർപഠനം. ഏഴാം തരം കഴിഞ്ഞതോടെ നായാട്ടുപാറ കെ.പി.സി ഹയർ സെക്കൻഡറിയിൽ ചേർന്നു. പിന്നീട് ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടർപഠനം. പിതാവിന്റെ വഴിയിൽ ടീച്ചറാവണമെന്ന മോഹവുമായി ബിരുദവും ടി.ടി.സിയും പൂർത്തിയാക്കി.
കളിക്കൂട്ടുകാരുടെ മണ്ണിൽ
പത്ത് കളിക്കൂട്ടുകാർ പെരുമണ്ണ് സംസ്ഥാന പാതയോരത്ത് ഉറങ്ങുകയാണ്. പൂജ എന്നും അവരെ കാണും. ഒരിറ്റു കണ്ണീരുമായി ഓർമകളെ കടിച്ചമർത്തി കടന്നുപോകും. ഒന്നും ഇനിയും താങ്ങാനാവില്ലെന്ന് മനസ്സിനെ ബോധ്യപ്പെടുത്തി പ്രതീക്ഷയുടെ പുതു വഴിയിലേക്കാണ് ആ യാത്ര. അത്ര വലിയ ദുരന്തത്തിന്റെ ഉയിർപ്പാണവൾ. പിതാവ് റിട്ട. അധ്യാപകൻ മുരളീധരനും മാതാവ് ഗീതയും അവളുടെ കൈപിടിച്ച് എന്നും കൂടെയുണ്ട്.
ആ ദുരന്തദിനം പെരുമണ്ണുകാർ ഇന്നും കണ്ണീരോടെ ഓർക്കുന്നു. അനുശ്രീ, അഖിന, സോന, സഞ്ജന, സാന്ദ്ര, വൈഷ്ണവ്, കാവ്യ, മിഥുന, റംഷാന, നന്ദന എന്നീ 10 കുട്ടികളാണ് അന്നില്ലാതായത്. ഒരമ്മയുടെ രണ്ട് മക്കളും ഒരേ ക്ലാസിലെ കുട്ടികളും ഇക്കൂട്ടത്തിലുണ്ട്. തൊട്ടടുത്ത വീടുകളിലെ കുട്ടികളാണെല്ലാവരും. മരിച്ച മിഥുനയുടെ വീടിനു മുന്നിലായിരുന്നു അപകടം.
ഇവിടെ അവരുറങ്ങുന്നു
അപകടശേഷം മൃതദേഹം സംസ്കരിക്കാൻ നാട്ടുകാരും അധികൃതരും തിരക്കിട്ട് ചർച്ച നടത്തുന്നതിനിടെ ദുരന്തത്തിന്റെ ദൃക്സാക്ഷികളിലൊരാളായ കൃഷ്ണവാര്യർ തന്റെ വീടിനോട് ചേർന്നുള്ള സംസ്ഥാന പാതയോരത്തെ ഭൂമി കുട്ടികളെ അടക്കം ചെയ്യാൻ ദാനം നൽകി. ‘കുഞ്ഞുമക്കൾക്ക് ഉറങ്ങാനൊരിടം ഞാൻ കൊടുക്കുന്നു. അവരെ എനിക്കത്രക്ക് ഇഷ്ടമാണ്. ഞാനിത് ചെയ്തില്ലെങ്കിൽ പിന്നെന്തിനാണീ ജീവിതം...’ അന്ന് വാര്യർ പറഞ്ഞ വാക്കുകൾ നാട്ടുകാരുടെ കാതിൽ ഇപ്പോഴുമുണ്ട്.
ഇവിടെ ആ കുരുന്നുകളുടെ ഓർമക്കായി ഒരു സ്തൂപവുമുണ്ട്. സ്മൃതി മണ്ഡപത്തിൽ ദിനംപ്രതി നിരവധി ആളുകളാണ് സന്ദർശനം നടത്തുന്നത്. ഓരോ വർഷവും പെരുമണ്ണ് ദുരന്തവാർഷിക ദിനത്തിൽ നാടൊന്നാകെ റോഡരികിലെ കുട്ടികൾ ഉറങ്ങുന്ന സ്തൂപത്തിലെത്തി പുഷ്പാർച്ചനയും അനുസ്മരണവും നടത്തും. അന്ന് വാഹനമോടിച്ചിരുന്നയാൾക്ക് കോടതി നൂറുവർഷം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

