ഉൽപന്ന വൈവിധ്യങ്ങളുമായി ഈങ്ങാപ്പുഴ കുടുംബശ്രീ ഷോപ്പി
text_fieldsഈങ്ങാപ്പുഴ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ
ഷോപ്പി സംരംഭം
താമരശ്ശേരി: പുതുപ്പാടി സി.ഡി.എസിന്റെ നേതൃത്വത്തിൽ ഈങ്ങാപ്പുഴയിൽ ആരംഭിച്ച കുടുംബശ്രീ ഷോപ്പി സംരംഭം കുടുംബശ്രീ പ്രസ്ഥാനത്തിന് മറ്റൊരു മുതൽക്കൂട്ടാകുന്നു. ഈങ്ങാപ്പുഴ ബസ് സ്റ്റാൻഡിലെ ഗ്രാമപഞ്ചായത്ത് കെട്ടിടത്തിൽ ഒന്നരവർഷം മുമ്പ് ആരംഭിച്ച ‘ഷോപ്പി’യിൽ എല്ലാ കുടുംബശ്രീ ഉൽപന്നങ്ങളും മിതമായ
നിരക്കിൽ ലഭിക്കും. ഈങ്ങാപ്പുഴയിൽ തലയുയർത്തി വ്യാപാര മേഖലയിൽ നിറസാന്നിധ്യമായി നിൽക്കുന്ന കുടുംബശ്രീ ഷോപ്പിക്ക് കുറഞ്ഞ കാലയളവിൽ തന്നെ കൂടുതൽ വിൽപന നേടാൻ സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. പുതുപ്പാടി പഞ്ചായത്തിലെ വിവിധ സംരംഭകരുടെയും മറ്റു പഞ്ചായത്തിലെ സംരംഭകരുടെയും ഉൽപന്നങ്ങളാണ് പ്രധാനമായും വിൽക്കുന്നത്.
ഗുണമേന്മ ഉറപ്പുവരുത്തിയ വിവിധയിനം കറി മസാലകൾ, സാമ്പാർ കൂട്ട്, ചക്കിലാട്ടിയ വെളിച്ചെണ്ണ, നാടൻ പലഹാരങ്ങൾ, കോഴിമുട്ട, സോപ്പുകൾ, വിവിധതരം അച്ചാറുകൾ, തേൻ, നെയ്യ്, ക്ലീനിങ് ലോഷനുകൾ തുടങ്ങി വീട്ടിലേക്കാവശ്യമായ സാധനങ്ങളെല്ലാം ഇവിടെ ലഭിക്കും. മലയോര മേഖലയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ നാടൻ ഉൽപന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കാൻ വേണ്ടി ഇവിടെ നിന്നും സാധനങ്ങൾ വാങ്ങുന്നതിനായി എത്തുന്നുണ്ട്.
ആഴ്ചയിൽ ഒരു തവണ ആഴ്ചച്ചന്തയും നടത്താറുണ്ട്. കൂടാതെ ജനകീയ ഹോട്ടലിലെ പൊതിച്ചോറും ഇവിടെ എല്ലാ ദിവസവും ലഭ്യമാക്കും. ഷോപ്പിക്ക് കുറഞ്ഞ കാലം കൊണ്ടുതന്നെ ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞതായി സി.ഡി.എസ് ചെയർപേഴ്സൻ ഷീബ സജി പറഞ്ഞു.
കരുണ കുടുംബശ്രീ അംഗം ഷിജി വർഗീസ് ആണ് സെയിൽസ് മാനേജരായി പ്രവർത്തിക്കുന്നത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന് ജില്ല കുടുംബശ്രീ മിഷന്റെ മികച്ച സി.ഡി.എസിനുള്ള അവാർഡുകൾ മൂന്നുതവണ ലഭിച്ചിട്ടുണ്ട്.
പിങ്ക് കഫെ, സാസ് ഷി കെയർ നാപ്കിൻ യൂനിറ്റ്, സിനർജിയ ന്യൂട്രി മിക്സ്, ജനകീയ ഹോട്ടൽ, പ്രിയം കറിമസാല, സെലിൻസ് ഫ്ലോർമിൽ, തെളിമ നെയ്യ്, എം.കെ ചിപ്സ്, കിയോസ്ക് പെട്ടിക്കട, സ്റ്റിച് ടൈം ടെയ്ലറിങ് യൂനിറ്റ് തുടങ്ങിയ വിജയകരമായി പ്രവർത്തിക്കുന്ന സംരംഭങ്ങൾക്കും പുതുപ്പാടിയിലെ കുടുംബശ്രീ അംഗങ്ങൾ നേതൃത്വം നൽകുന്നുണ്ട്.
(തുടരും)