അടൂര്‍: പെട്ടി ഓട്ടോയിൽ മീനുമായി എത്തുന്ന ശ്രീദേവി മറ്റുള്ളവർക്ക് കൗതുകക്കാഴ്ചയാണ്. ജീവിത പ്രാരബ്ധങ്ങളോടുള്ള പടപൊരുതലാണ് ശ്രീദേവിക്ക് മീൻകച്ചവടം.ഒന്നുമില്ലായ്മയില്‍ തളരാതെ മനക്കരുത്തുകൊണ്ട് പ്രതിസന്ധികളെ അതിജീവിച്ച് നിത്യജീവിതവരുമാനം കണ്ടെത്തുന്ന ഈ വീട്ടമ്മ ചെറുവേദനയില്‍ തളരുന്ന സ്ത്രീകള്‍ക്കൊരു പാഠമാണ്.
സ്വന്തമായുള്ള ഗുഡ്സ് ഓട്ടോ തനിയെ ഓടിച്ച് പുലര്‍ച്ച ആലപ്പുഴയിലോ നീണ്ടകരയിലോ എത്തി മത്സ്യം ശേഖരിച്ചാണ് പറക്കോട് ചിഞ്ചു ഭവനില്‍ എസ്. ശ്രീദേവിയുടെ ദിനം ആരംഭിക്കുന്നത്. ദുരിതം മാത്രമായിരുന്നു ശ്രീദേവിയുടെ കൂട്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ കുടുംബഭാരം തലയിലായി.
ഉപജീവനത്തിനു തൊഴില്‍ തേടിയിറങ്ങുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിലെ ജോലിയോടൊപ്പം ഓട്ടോ ഓടിക്കാന്‍ പഠിച്ച് ലൈസന്‍സ് നേടി. വായ്പയെടുത്ത് പാസഞ്ചർ ഓട്ടോ വാങ്ങി. ഓട്ടോ മറിഞ്ഞ് അപകടം ഉണ്ടായിട്ടും അവര്‍ തളര്‍ന്നില്ല. ഇതുകൊണ്ടുമാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാതെ വന്നതോടെ ഹോട്ടല്‍ നടത്തി. അതിലും പ്രതിസന്ധി നേരിട്ടു. മകളെ വിവാഹം ചെയ്തയച്ചതോടെ സഹായത്തിന് ആളില്ലാതെ ആയി. അതോടെ ഹോട്ടല്‍ പൂട്ടി വീണ്ടും ഓട്ടോയുമായി നിരത്തില്‍ ഇറങ്ങി.
കോവിഡ് കാലത്ത് ഓട്ടമില്ലാതായതോടെ ഓട്ടോ വിറ്റ് ഗുഡ്സ് ഓട്ടോ വാങ്ങി മീന്‍ കച്ചവടം തുടങ്ങുകയായിരുന്നു. പറക്കോട്, ഹൈസ്കൂള്‍, ശക്തി തിയറ്റര്‍, ഏഴംകുളം കവലകള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം. കനാല്‍ പുറമ്പോക്കിലെ കുടിലില്‍ കഴിഞ്ഞാണ് മകളെ വളര്‍ത്തിയതും ജീവിതം മുന്നോട്ടു കൊണ്ടുപോയതും. ഭൂമിക്കു പട്ടയം ലഭിച്ചിട്ടില്ല. സ്വന്തമായി അല്പം സ്ഥലവും അതിലൊരു കൂരയും ശ്രീദേവിയുടെ സ്വപ്നമാണ്.