ഏകാംഗ നാടകാഭിനയത്തിൽ അരങ്ങുകൾ വാണ് സിന്ധു ഉല്ലാസ്
text_fieldsപ്ലാവ് മാടൻ നാടകത്തിൽ നാണിതള്ളയായി സിന്ധു ഉല്ലാസ് അരങ്ങിലെത്തിയപ്പോൾ
മൂവാറ്റുപുഴ: ഏകാങ്ക നാടകാഭിനയരംഗത്ത് അരങ്ങ് വാഴുകയാണ് മൂവാറ്റുപുഴ സ്വദേശിനി സിന്ധു ഉല്ലാസ്. കാലടി സംസ്കൃത സർവകലാശാല ജീവനക്കാരിയാണ്.
ഈ രംഗത്തേക്ക് കൂടുതൽ പ്രതിഭകൾ എത്താത്തതും ചമയമടക്കം കാര്യങ്ങൾക്ക് വൻതുക ചെലവഴിക്കേണ്ടിവരുന്നതുമാണ് ഏകാങ്കനാടകം തട്ടകമായി തെരഞ്ഞെടുക്കാൻ കാരണമെന്ന് എഴുത്തുകാരിയും പുരോഗമനകലാ സാഹിത്യസംഘം ജില്ല ഭാരവാഹിയുമായ സിന്ധു പറയുന്നു. ഒരാളിലൂടെ അനേക കഥാപാത്രങ്ങളെ അനായാസം അരങ്ങിലെത്തിക്കുന്ന സിന്ധു ഇതിനകം പ്രേക്ഷേകശ്രദ്ധ നേടി.
സാധാരണ വീട്ടമ്മയായ നാണിതള്ള ഓമനിച്ച് നട്ടുവളർത്തിയ പ്ലാവിനെ രക്ഷിക്കാൻ വിശ്വാസമെന്ന പൊടിക്കൈ പ്രയോഗിച്ച് പ്ലാവുമാടൻ എന്ന മൂർത്തിയാക്കി മാറ്റുന്നതാണ് ‘പ്ലാവ് മാടൻ’ നാടകത്തിന്റെ കഥാതന്തു. കേട്ടറിഞ്ഞ ധാരാളം ആളുകൾ പ്ലാവുമാടനെ കാണാൻ എത്തുന്നു. സംഭവത്തിലെ പൊള്ളത്തരവും സത്യാവസ്ഥയും നാണിതള്ളയെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ട്.
സഹജീവികളെ സഹായിക്കാൻ മനസ്സില്ലാത്തവർ വിശ്വാസത്തിന്റെ പേരിൽ പണം വാരിയെറിയുന്നതിന്റെ പൊള്ളത്തരം നാടകം മുന്നോട്ടുവെക്കുന്നു. ആൾദൈവങ്ങൾ സ്വരുക്കൂട്ടുന്ന പണം എങ്ങനെ ജനങ്ങൾക്ക് ഉപകരിക്കുന്ന തരത്തിലേക്ക് മാറ്റാമെന്ന് ഹാസ്യത്തിന്റെ മേമ്പൊടി കലർത്തി ‘പ്ലാവ് മാടൻ’ പറഞ്ഞുതരുന്നു.
സമകാലിക രാഷ്ട്രീയ സംഭവങ്ങളുടെ ചുവടുപിടിച്ചാണ് ഈ നാടകം പുരോഗമിക്കുന്നത്. വനിത സാഹിതിയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന വനിത നാടകോത്സവത്തിലാണ് ‘പ്ലാവ് മാടൻ’ അരങ്ങേറ്റം കുറിച്ചത്. തൊടുപുഴ സ്വദേശി വികാസ് ബാബു രചിച്ച നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റായ സിന്ധു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ ഡി. ഉല്ലാസിന്റെ ഭാര്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

