87ലും 84ലും വൈറലായി നഗരത്തിരക്കിലെ ‘സ്കൂട്ടർ സഹോദരിമാർ’; വാഹനം ഓടിക്കാൻ പഠിച്ചത് 63ാം വയസ്സിൽ
text_fields87 വയസ്സുള്ള മന്ദാകിനി ഷായെയും 84 വയസ്സുള്ള സഹോദരി ഉഷാ ബെന്നിനെയും പ്രായം തോൽപിച്ചിട്ടില്ല. എത്രയോ കാലമായെന്നപോലെ ഏറെ അനായാസ്യതയോടെ അവർ അഹമ്മദാബാദ് നഗരത്തിലെ ഗതാഗതത്തിരക്കിലൂടെ സ്കൂട്ടറിൽ സഞ്ചരിക്കുന്നു. ‘ബൈക്കർ ഡാഡിസ്’ എന്ന ഇഷ്ടത്തോടെയുള്ള വിളിപ്പേരും അവർക്ക് നഗരവാസികൾ നൽകി.
സമൂഹ മാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോകളിൽ, മന്ദാകിനി എന്ന മന്ദാ ബെൻ തന്റെ ക്രിസ്പി കോട്ടൺ സാരിയിൽ നഗര റോഡുകളിലൂടെ ചടുലമായി സഞ്ചരിക്കുന്നതു കാണാം. ഒപ്പം അനിയത്തി ഉഷാ ബെൻ ‘സൈഡ് കാറി’ൽ അവരുടെ അരികിലും ഇരിക്കുന്നു. ഓൺലൈൻ ആരാധകർ ഈ ജോഡിയെ ‘ഷോലെ’ സിനിമയിലെ ഇതിഹാസ ബോളിവുഡ് ജോഡികളായ ജയ്, വീരു എന്നിവരുമായാണ് താരതമ്യം ചെയ്യുന്നത്. ഇരുവരുടെയും സാഹസികതയെ പ്രശംസിക്കുന്നു.
‘എന്റെ സഹോദരിയോടൊപ്പം ഞാൻ എല്ലായിടത്തും ഈ സ്കൂട്ടറിൽ പോകാറുണ്ട്. എന്നെ കണ്ടതിനുശേഷം, ചില പുരുഷന്മാർ ഭാര്യമാരെ ഭയമില്ലാതെ ഇരുചക്ര വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കാറുണ്ട്. തങ്ങൾക്ക് വാഹനം ഓടിക്കാൻ പ്രചോദനമായിട്ടുണ്ടെന്ന് ചില സ്ത്രീകൾ എന്നോട് പറഞ്ഞു. സ്ത്രീകൾ വാഹനമോടിക്കാൻ പഠിക്കണമെന്നും ആരെയും ആശ്രയിക്കരുതെന്നും അവർ കൂട്ടിച്ചേർത്തു.
ആറ് സഹോദരങ്ങളിൽ മൂത്തവളും ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകളുമായ മന്ദാബെൻ, സ്കൂട്ടർ ഓടിക്കുന്നത് ഏറെക്കാലം സ്വപ്നം കണ്ടിരുന്നു. എന്നാൽ, ചെറുപ്പത്തിൽ ഒരു വാഹനം സ്വന്തമാക്കാൻ ഒരിക്കലും കഴിഞ്ഞില്ല. പിന്നീട് 62ാം വയസ്സിലാണ് അവർ വണ്ടിയോടിക്കാൻ പഠിച്ചത്. ഇപ്പോഴും ഒരു ബുദ്ധിമുട്ടും കൂടാതെ അവരതു തുടരുന്നു. ‘എന്റെ ഇച്ഛാശക്തി കാരണം ഈ പ്രായത്തിലും എനിക്ക് സ്കൂട്ടർ ഓടിക്കാൻ കഴിയും. അതും നഗരത്തിലെ ഈ ഗതാഗതക്കുരുക്കിൽ. ഞാൻ പോകുമ്പോഴെല്ലാം കുട്ടികൾക്ക് ലിഫ്റ്റ് നൽകാറുണ്ട്. അപരിചിതർക്കും ലിഫ്റ്റു നൽകും. അവരെ അവരുടെ ലക്ഷ്യസ്ഥാനത്ത് ഇറക്കിക്കൊടുക്കും’- മാന്ദാബെൻ പറയുന്നു. ഒരു മുൻ അധ്യാപിക കുടിയായ ഇവർ വിവാഹം കഴിച്ചിട്ടില്ല.
വൈറലായതിനുശേഷം തങ്ങൾക്ക് ലഭിച്ച ഊഷ്മളതമായ സ്വീകാര്യതയിൽ ഈ സഹോദരിമാർ സന്തുഷ്ടരാണ്. അഹമ്മദാബാദ് റോഡുകളിലെ താമസക്കാർ ഇവരെ പരിചിതരായ വ്യക്തികളായി കണക്കാക്കുന്നുവെന്നും സ്നേഹവും അഭിനന്ദനവും ചൊരിയുന്നുവെന്നും മന്ദബെൻ പറഞ്ഞു. ‘പ്രശസ്തയാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അപരിചിതർപോലും എന്നെ വിളിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. വളരെ നന്നായി വണ്ടിയോടിക്കുന്നുവെന്ന് പറഞ്ഞ് ആളുകൾ പ്രചോദിപ്പിക്കുന്നു. എങ്കിലും, ചിലർ പ്രായം കാരണം വീട്ടിൽ ഇരിക്കാൻ ഉപദേശിക്കാറുണ്ടെന്നും’ മന്ദാബെൻ പറഞ്ഞു.
തന്റെ മൂത്ത സഹോദരിയോടൊപ്പം സൈഡ്‌കാറിലിരുന്ന് യാത്ര ചെയ്യുന്നത് ആസ്വദിക്കുന്ന ഉഷാബെൻ, ആളുകൾ അവരെ ശ്രദ്ധിക്കുന്നതും ‘ജയ്-വീരു’ എന്ന് വിളിക്കുന്നതും ഏറെ ആസ്വദിക്കുന്നുവെന്ന് പറഞ്ഞു. ‘ഞങ്ങൾ ഈ സ്കൂട്ടറിൽ നഗരം മുഴുവൻ ചുറ്റി സഞ്ചരിക്കാറുണ്ട്. നേരത്തെ, മനേക് ചൗക്കിലെയും കലുപൂരിലെയും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. എന്നിട്ടും, ആ പ്രദേശങ്ങളിലും എന്റെ സഹോദരി അനായാസമായി വാഹനമോടിച്ചിരുന്നു. പ്രായം ഞങ്ങൾക്ക് ഒരു തടസ്സമേയല്ല. മറ്റ് സ്ത്രീകൾ ഞങ്ങളിൽ നിന്ന് പ്രചോദനം ഉൾകൊള്ളുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും’ അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

