Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അസമിന്റെ ‘ഉരുക്കുവനിത’ ഇനി കോബ്രയുടെ തലപ്പത്ത്; ആദ്യ വനിതാ മേധാവിയായി സഞ്ജുക്ത പരാശർ

text_fields
bookmark_border
അസമിന്റെ ‘ഉരുക്കുവനിത’ ഇനി കോബ്രയുടെ തലപ്പത്ത്; ആദ്യ വനിതാ മേധാവിയായി സഞ്ജുക്ത പരാശർ
cancel

ന്യൂഡൽഹി: സി.ആർ.പി.എഫിന്റെ പ്രത്യേക കമാൻഡോ വിഭാഗമായ കോബ്രയുടെ ഇൻസ്പെക്ടർ ജനറലായി സഞ്ജുക്ത പരാശർ ചുമതലയേറ്റു. കോബ്രയുടെ നേതൃത്വം ഏറ്റെടുക്കുന്ന ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് സഞ്ജുക്ത. ‘അസം അയൺ ലേഡി’ എന്നറിയപ്പെടുന്ന അസം-മേഘാലയ കേഡറിലെ 2006 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയായ ഇവർ 1996 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ ദനേഷ് റാണക്ക് പകരമാണ് ചുമതലയേറ്റത്.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ സി.ആർ.പി.എഫിൽ ഇൻസ്പെക്ടർ ജനറലായി സഞ്ജുക്തയെ നിയമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആഗസ്റ്റ് ആറിന് ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോബ്രയുടെ പ്രവർത്തന ചുമതല ഏറ്റെടുത്തത്.

ഇടതുപക്ഷ തീവ്രവാദത്തിനെതിരായ നടപടികൾക്കായി 2008–09 കാലയളവിലാണ് കോബ്ര രൂപവത്കരിച്ചത്. കനത്ത വനമേഖലകളിലെ ദൗത്യങ്ങൾ, ഒളിയാക്രമണങ്ങൾ, ഐ.ഇ.ഡി ഭീഷണികൾ എന്നിവ നേരിടുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച കമാൻഡോകളാണ് വിഭാഗത്തിലുള്ളത്.

ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, ഒഡിഷ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ കോബ്ര പ്രവർത്തിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ മേഖലയിലെ സായുധ സംഘങ്ങൾക്കെതിരായ നടപടികളിലും വിഭാഗത്തെ വിന്യസിക്കാറുണ്ട്. മണിപ്പൂരിൽ അക്രമം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ രണ്ട് കോബ്ര യൂണിറ്റുകളെയും വിന്യസിച്ചിരുന്നു. 1979 ഒക്ടോബർ മൂന്നിന് അസമിൽ ജനിച്ച സഞ്ജുക്ത ഡൽഹി സർവകലാശാലയിലെ ഇന്ദ്രപ്രസ്ഥ കോളജ് ഫോർ വിമനിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി.

ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് അന്താരാഷ്ട്ര ബന്ധങ്ങളിലും അമേരിക്കൻ വിദേശനയത്തിലും മാസ്റ്റർ ബിരുദവും എംഫിലും പി.എച്ച്.ഡിയും നേടി. 2005ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 85-ാം റാങ്ക് നേടിയ അവർ ഐ.എ.എസിന് പകരം ഐ.പി.എസ് തിരഞ്ഞെടുത്തു. 2006 ആഗസ്റ്റ് 29നാണ് സർവീസിൽ പ്രവേശിച്ചത്.

മകും, ഉദൽഗുരി എന്നിവിടങ്ങളിലെ ആദ്യ നിയമനങ്ങളിൽ വംശീയ സംഘർഷങ്ങൾ കൈകാര്യം ചെയ്തു. സോനിത്പൂർ എസ്.പിയായിരിക്കെ 15 മാസത്തിനിടെ 16 പ്രധാന ഏറ്റുമുട്ടൽ നടപടികൾക്ക് നേതൃത്വം നൽകിയിരുന്നു. ഈ നടപടികളിൽ 16 സായുധ പ്രവർത്തകർ കൊല്ലപ്പെടുകയും 64 പേർ അറസ്റ്റിലാവുകയും ചെയ്തതായി റിപ്പോർട്ടുണ്ട്.

പിന്നീട് ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ) ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായും പ്രവർത്തിച്ചു. ദേശീയ സുരക്ഷ, ഭീകരവിരുദ്ധ അന്വേഷണങ്ങൾ എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, 2022ലെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് പരിശീലന മികവിനുള്ള മെഡൽ, റാണി ഗൈദിൻലിയു സെലിയാങ് പുരസ്കാരം എന്നിവയും സഞ്ജുക്തക്ക് ലഭിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sanjukta Parashar Becomes CoBRA Chief
Next Story