എവറസ്റ്റോളം ഉയരെ മലയാളി പെൺകരുത്ത്; കൊടുമുടി കീഴടക്കുന്ന ആദ്യ മലയാളി വനിത
text_fieldsസഫ്രീന ലത്തീഫ് ഇന്ത്യയുടെയും ഖത്തറിന്റെയും പതാകയുമായി എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ
ദോഹ: ലോകത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി വനിത ആരെന്ന ചോദ്യത്തിന് സ്വന്തം പേര് ചരിത്രപുസ്തകത്തിൽ കുറിച്ച് ഉത്തരം നൽകി കണ്ണൂർ വേങ്ങാട് സ്വദേശിന സഫ്രീന ലത്തീഫ്. 8848 മീറ്റർ ഉയരെ, മഞ്ഞുകണങ്ങളാൽ അതിശയിപ്പിക്കുന്ന എവറസ്റ്റിനെ മലയാളികൾ ഉൾപ്പെടെ ഒരുപിടി ഇന്ത്യക്കാർ ഇതിനകം കാൽക്കീഴിലാക്കിയെങ്കിലും ആ ഉയരത്തിന് മുകളിലെത്തുന്ന ആദ്യ മലയാളി വനിതയായി ഖത്തർ പ്രവാസിയായ സഫ്രീന മാറി.
സഫ്രീന ലത്തീഫ്, ശ്രീഷ രവീന്ദ്രൻ
മേയ് 18ന് ഞായറാഴ്ച പ്രാദേശികസമയം രാവിലെ സമയം 10.25ഓടെയാണ് പർവതാരോഹണ സംഘത്തിന്റെ പിന്തുണയോടെ സഫ്രീന എവറസ്റ്റിന് മുകളിലെത്തിയത്. ആദ്യമായൊരു മലയാളി വനിത എവറസ്റ്റിന് മുകളിലെത്താൻ വർഷങ്ങൾ കാത്തിരിപ്പുവേണ്ടിവന്നുവെങ്കിലും സഫ്രീനക്കു തൊട്ടുപിന്നിലായി മറ്റൊരു മലയാളി പെൺകൊടികൂടി ചൊവ്വാഴ്ച ആകാശ ഉയരത്തിലെത്തി. പാലക്കാട് ഷൊർണൂർ കണയംതിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ ശ്രീഷ രവീന്ദ്രനാണ് രണ്ടാമതായി ഇവിടെയെത്തിയത്. ചൊവ്വാഴ്ച രാവിലെ കൊടുമുടിയിലെത്തിയ ഇവർ ബേസ് ക്യാമ്പിലേക്കുള്ള മടക്കയാത്രയിലാണ്.
പർവതാരോഹണം ശീലമാക്കിയ സഫ്രീനയും ഭർത്താവ് ഡോ. ഷമീൽ മുസ്തഫയും 5985 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ, അർജൻറീനയിലെ അക്വൻകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5642 മീറ്റർ) എന്നിവ ഇതിനകം കീഴടക്കിക്കഴിഞ്ഞു. രണ്ടുവർഷം മുമ്പ് കസാഖ്സ്താനിലെ ഉയരമേറിയ ഹിമഗിരിയിൽ ഐസ് പരിശീലനവും പൂർത്തിയാക്കി.
എവറസ്റ്റിലേക്കുള്ള തയാറെടുപ്പിനിടെ ഷമീൽ പരിക്കിനെ തുടർന്ന് പിൻവാങ്ങിയപ്പോൾ മനസ്സാന്നിധ്യം കൈവിടാതെ സഫ്രീന മുന്നേറി. 25 വർഷമായി ഖത്തറിലുള്ള സഫ്രീന കേക്ക് ആർട്ടിസ്റ്റ് എന്ന നിലയിൽ പ്രശസ്തയാണ്. തലശ്ശേരി പുന്നോൽ പി.എം. അബ്ദുൽ ലത്തീഫിന്റെയും വേങ്ങാട്ടെ കെ.പി. സുബൈദയുടെയും മകളാണ്. ഏകമകൾ: മിൻഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

