സബ്രീന പറയുന്നു; 'ബി പോസിറ്റീവ്'
text_fieldsസബ്രീന തയാറാക്കിയ കരകൗശലവസ്തുക്കൾ
കണ്ണൂർ: ശാരീരിക പരിമിതികളെ വകവെക്കാതെ ആത്മവിശ്വാസത്തോടെ പത്താം ക്ലാസ് യോഗ്യത നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് 35 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനി സബ്രീന. വാരം സി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംതരം തുല്യത പഠിതാവായ സബ്രീനയുടെ ആഗ്രഹം എന്തെങ്കിലും ജോലി സമ്പാദിക്കണം, തുടർപഠനം നടത്തണം എന്നതാണ്.
അവശതകൾ മറികടന്ന് പലതും ചെയ്യാൻ കഴിയും എന്ന തിരിച്ചറിവുണ്ടായത് പത്താം തരം തുല്യത ക്ലാസിൽ എത്തിയപ്പോഴാണെന്ന് സബ്രീന പറയുന്നു. പഠനത്തോടൊപ്പം എംബ്രോയ്ഡറിയും പാട്ടും സബ്രീന സ്വായത്തമാക്കിയിട്ടുണ്ട്. എല്ലാവരും അംഗീകരിക്കുന്ന ഈ സമയത്ത് പ്രേരക് രശ്മിയോടും പഠനത്തിന് അവസരം ഒരുക്കിയ സാക്ഷരത മിഷനോടുമാണ് സബ്രീനക്ക് നന്ദി പറയാനുള്ളത്.
തുടർപഠനം നടത്താൻ ഏറെ ആഗ്രഹം ഉണ്ടെങ്കിലും രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് ആഗ്രഹങ്ങളെ തളച്ചിടേണ്ടി വന്നു. സ്‌കൂൾ വിദ്യാഭ്യാസം ചെയ്തുവെങ്കിലും പത്താം ക്ലാസ് പാസാവാൻ കഴിഞ്ഞില്ല. മറ്റുള്ളവരുടെ സഹതാപമല്ല പിന്തുണയാണ് വേണ്ടതെന്ന് മനസ്സിൽ കരുതിയ നിമിഷമാണ് തുടർ പഠനത്തിന് പരിശ്രമം തുടങ്ങിയത്.
എംബ്രോയ്ഡറി കാര്യക്ഷമമായി എടുക്കണം, പത്താം ക്ലാസ് നന്നായി പാസാവണം, ഒന്നുമല്ലെന്ന് തോന്നിയവർക്ക് മുന്നിൽ എല്ലാമാണെന്ന് കാണിച്ചുകൊടുക്കണം -സബ്രീന പറയുന്നു. അഞ്ചു വയസ്സുകാരി മകളും സബ്രീനക്ക് കൂട്ടിനുണ്ട്. 28ാം വയസ്സിലായിരുന്നു സബ്രീനയുടെ വിവാഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

