Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightരോഷ്നി എന്ന...

രോഷ്നി എന്ന പെൺകരുത്ത്; പാമ്പുപിടിത്തത്തിലെ ‘വൈറൽ ഗേൾ’

text_fields
bookmark_border
രോഷ്നി എന്ന പെൺകരുത്ത്; പാമ്പുപിടിത്തത്തിലെ ‘വൈറൽ ഗേൾ’
cancel

ഒരു വനിതാദിനം കൂടി കടന്നുവരുമ്പോൾ അഭിമാനത്തിന്‍റെ നെറുകയിലേക്ക് ഒരു ചുവടുകൂടി വെക്കുകയാണ് ജി.എസ്. രോഷ്നി. പാമ്പുപിടിത്തത്തിലെ പെണ്‍കരുത്തെന്നതിനൊപ്പം രാജവെമ്പാലയെ വരെ വരുതിയിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥ കൂടിയാണ് രോഷ്‌നി. ഒട്ടേറെ അംഗീകാരങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കിയ രോഷ്നിയുടെ കരങ്ങളിലേക്ക് ഏറ്റവും ഒടുവിൽ ഇപ്പോൾ കേരള വനിത കമീഷന്‍റെ ‘സ്ത്രീ ശക്തി’ പുരസ്കാരവും തേടിയെത്തി. അതിന്‍റെ അഭിമാനം കൂടി ഈ വനിതാദിനത്തിൽ പങ്കുവെക്കുകയാണ് പെൺകരുത്തിന്‍റെ അടയാളം കൂടിയായ രോഷ്നി.

‘കരുത്തും തോറ്റുപോകും’ ഈ പെൺകരുത്തിൽ; എന്ന ഒറ്റവാക്കുകൊണ്ട് മാത്രമേ രോഷ്നിയെന്ന വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസറെകുറിച്ച് പറയാനാകൂ. ‘അദ്ഭുതപ്പെടുത്തുന്ന ധൈര്യം’ അല്ലെങ്കിൽ, ആറ് മനിറ്റുകൊണ്ട് 18 അടിയോളം നീളവും 25 കിലോയോളം തൂക്കവും വരുന്ന ഒരു കൂറ്റൻ രാജവെമ്പാലയെ പിടികൂടാൻ രോഷ്നിക്ക് കഴിയുമായിരുന്നില്ല. അങ്ങനെ ഭാഷയും, ദേശാന്തരങ്ങളും കടന്ന് രോഷ്നി മിന്നും താരമായി മാറി.

തന്‍റെ വ്യതസ്തമായ കർമമണ്ഡലത്തിലെ അനന്യസാധാരണമായ സേവനപ്രവർത്തനത്താൽ ലോകശ്രദ്ധ നേടിയിരുന്നു ആ ദൗത്യം. ശരിയെന്ന് മനസ്സാക്ഷി പറഞ്ഞതുമാത്രം രോഷ്നി നിർവഹിക്കും. അതിൽ പൂർണ സംതൃപ്തയാണ്. വിവാദങ്ങളോടും വിമർശനങ്ങളോടും തെല്ലും കടിപിടിക്കാൻ താത്‌പര്യവുമില്ല. ഭർത്താവും മക്കളും ഒപ്പം വലിയൊരു സുഹൃദ് വലയവും കാത്തു സൂക്ഷിക്കുന്ന രോഷ്നി വെറുമൊരു പാമ്പുപിടിത്തക്കാരി മാത്രമല്ല എന്നതാണ് വാസ്തവം. തലസ്ഥാനത്തിന്‍റെ മലയോരമേഖലയോട് ചേർന്ന്, തികച്ചും പ്രകൃതി രമണീയമെന്ന് പറയാവുന്ന ഒരു ഗ്രാമപ്രദേശത്തുകാരിയാണ് ഈ മിടുമിടുക്കി.

താനൊരു സാധാരണക്കാരിയായ സ്ത്രീ എന്ന് പറയാനാണ് രോഷ്നിക്ക് എപ്പോഴും ഇഷ്ടം. തിരുവനന്തപുരം, നെടുമങ്ങാടിന് സമീപം കുളപ്പടയാണ് സ്വദേശം. ബീറ്റ് ഫോറസ്റ്റ് ഓഫിസർ എന്ന സ്ഥാനത്തിനപ്പുറം വനം വകുപ്പ് റാപ്പിഡ് റസ്പോൺസ് ടീം (ആർ.ആർ.ടി) അംഗം, അംഗീകൃത സ്നേക്ക് ക്യാച്ചർ, ദൂരദർശൻ വാർത്ത അവതാരക, ആകാശവാണിയിൽ അനൗൺസൺ, വനസംരക്ഷണത്തെ കുറിച്ച് സ്കൂൾ- കോളജ് വിദ്യാർഥികൾക്ക് ക്ലാസ്സെടുക്കുന്ന അധ്യാപിക, റീൽസുകളിലെ താരമുഖം, പരസ്യചിത്രങ്ങളിലെ ക്യൂട്ടിഗേൾ.. അങ്ങനെ അവസാനിക്കാത്ത മുദ്രകൾ രോഷ്നിക്ക് സ്വന്തം.

പഠനവും സർക്കാർ സർവീസിലേക്കുള്ള പ്രവേശനവും

അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടുവരെയുള്ള പഠനം നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്ക്കൂളിലായിരുന്നു. അഞ്ചാംക്ലാസ് മുതൽ പ്ലസ്ടുവരെയും സ്ക്കൂൾ ലീഡറും ആയിരുന്നു. പ്ലസ്ടു കഴിഞ്ഞുള്ള ബിരുദപഠനം വഴുതക്കാട് വിമൻസ് കോളജിൽ. ബി.എസ്.സി ബോട്ടണി ആയിരുന്നു വിഷയം. അതു കഴിഞ്ഞ് 2007ൽ ദൂർദർശൻ കേന്ദ്രത്തിൽ അനൗൺസർ ആയി. തുടർന്ന് 2013ൽ ആകാശവാണിയിൽ ചേർന്നു. രണ്ടിടത്തുമായി ന്യൂസ് റീഡർ, അനൗൺസർ, പ്രെഡക്ഷൻ അസിസ്റ്റന്‍റ് എന്നീ തലങ്ങളിൽ ജോലിചെയ്തു. ഇപ്പോൾ ദൂരദർശനിൽ കാർഷിക വാർത്തകൾ വായിക്കുന്നവരിൽ ഒരാൾ രോഷ്നിയാണ്. 2017ൽ ആണ് വനംവകുപ്പിൽ പ്രവേശിക്കുന്നത്. ആ സമയത്താണ് കേരളത്തിൽ ആദ്യമായി വനിതകളെ വനംവകുപ്പിലെടുക്കുന്ന ആദ്യബാച്ച് വരുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ 18 ാമത്തെ റാങ്കായിരുന്നു. അങ്ങനെ വനംവകുപ്പിൽ ബി.എഫ്.ഒ ആയി സർവീസിൽ പ്രവേശിച്ചു.

സ്നേക്ക് റസ്ക്യൂ ലൈസൻസ്

പാമ്പുകളെ തല്ലിക്കൊല്ലുന്നത് നാട്ടിൽ വ്യാപകമായതോടെയാണ് വനംവകുപ്പ് ഇക്കാര്യത്തിൽ ഇടപൊൻ പദ്ധതി ആവിഷ്കരിച്ചത്. വനസംരക്ഷണ നിയമത്തിൽ ഷെഡ്യൂൾ രണ്ടിൽ ഉൾപ്പെടുന്നവയാണ് പാമ്പുകൾ. അതിനാൽ ശാസ്ത്രീയമായി ഇവയെ പിടികൂടി അതിന്‍റെ സ്വഛതയിലേക്ക് തുറന്നുവിടാനാണ് പദ്ധതി ആവിഷ്കരിച്ചത്. അങ്ങനെ 2019ൽ പാമ്പുകളെ ശാസ്ത്രീയമായി റസ്ക്യൂ ചെയ്യുന്നതിനുള്ള ലൈസൻസ് വനംവകുപ്പ് നൽകുന്നതായി അറിഞ്ഞു. അങ്ങനെ താൽപര്യം തോന്നി അങ്ങോട്ടുപോയി ചോദിച്ച് പേരുനൽകി. വനംവകുപ്പ് നൽകിയ പരിശീലനത്തിനുശേഷം ലൈസൻസ് എടുത്തു. അന്ന് പരിശീലനം നടന്നപ്പോൾ തന്നെ 2.7 സെക്കൻഡിൽ ഒരു മൂർഖൻപാമ്പിനെ റസ്ക്യൂ ചെയ്ത് പരീശീലനത്തിൽ തന്നെ ശ്രദ്ധപിടിച്ചുപറ്റി. അതും പത്രമാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.

റാപ്പിഡ് റസ്പോൺസ് ടീമിലേക്ക്

തലസ്ഥാന ജില്ലയിലെ പരുത്തിപ്പള്ളി റേഞ്ച്, കുളത്തൂപ്പുഴ റേഞ്ച്, കോട്ടൂർ എന്നിവിടങ്ങളിൽ ജോലിചെയ്തു. അങ്ങനെ 2021ൽ വന്യമൃഗങ്ങളെ റസ്ക്യൂ ചെയ്യുന്ന റാപ്പിഡ് റസ്പോൺസ് ടീം (ആർ.ആർ.ടി) രൂപവത്കരണം നടന്നു. അവിടെയും താൽപര്യം തോന്നി അവസരം ചോദിച്ചുവാങ്ങി. ആർ.ആർ.ടിയിൽ എത്തിയശേഷവും ഉൾവനത്തിലുൾപ്പെടെ ചെന്ന് വന്യമൃഗങ്ങളെ രക്ഷിക്കുന്ന ദൗത്യത്തിലേർപ്പെട്ടു. രാത്രികാലങ്ങളിൽ ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ തുരത്താൻ പോകാറുണ്ട്. കാട്ടാനകളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ആക്രമണങ്ങളിൽ നിന്ന് ഓടി രക്ഷപ്പെട്ടിട്ടുണ്ട്. അടുത്തിടെ പാലോട് വനാതിർത്തിയോട് ചേർന്ന പ്രദേശത്ത് പരിക്കേറ്റ നിലയിൽ കണ്ട ആനയെ മയക്കുവെടിവെച്ച് ചകിത്സിക്കാനുളള സംഘത്തിലും സജീവമായിരുന്നു.

രോഷ്നി

രാത്രിയെന്നോ പകലെന്നോ നോക്കാറില്ല

2021 മുതലാണ് സജീവമായി പാമ്പുപിടിത്തം തുടങ്ങിയത്. ഭയപ്പെട്ടാൽ ഈ ജോലി ചെയ്യാൻപറ്റി ല്ലെന്നാണ് രോഷ്നി പറയുന്നത്. കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ ഉഗ്രവിഷമുള്ളതും ഇല്ലാത്ത തുമായ ആയിരത്തോളം പാമ്പുകളെയും അല്ലാതെ മാൻ, മയിൽ, മുള്ളൻപന്നി, കുരങ്ങുകൾ, മരപ്പട്ടി, മലയണ്ണാൻ തുടങ്ങി വന്യജീവികളെയും റസ്ക്യൂചെയ്തിട്ടുണ്ട്. അർധരാത്രിയെന്നോ പകലെന്നോ നോക്കാറില്ല. ഫോൺവിളിവരുമ്പോൾ ഇറങ്ങിചെല്ലും ചിലപ്പോൾ സ്വന്തംവാഹനത്തിൽ തന്നെയാവും പോവുക. ഏത് പ്രതിസന്ധിയിലും ഇറങ്ങി ഇവയെ പിടികൂടി രക്ഷിക്കും. ഒപ്പം ഇത്തരം ജീവികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കുകയുമാണ് ദൗത്യമെന്നാണ് രോഷ്നി പറയുന്നത്. അതുകൊണ്ട് ജോലിചെയ്യാൻ ഒരുമടിയുമില്ല.

വൈറൽ വിഡിയോ

2021 സമത്താണ് വാവ സുരേഷിന് പാമ്പുകടിയേൽക്കുന്ന സംഭവം ഉണ്ടാകുന്നത്. ഗുരുതരാവസ്ഥയിലായ വാവസുരേഷ് കുറെ നാൾ ആശുപത്രിയിൽ കഴിയുകയും പിന്നീട് ജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്തു. അന്ന് ഒട്ടേറെ വിമർശനങ്ങൾ വാവസുരേഷിനെതിരെ ഉയർന്നു. ശസ്ത്രീയമായല്ല പാമ്പുപടിത്തം എന്നാണ് പ്രധാന പരാതി ഉയർന്നത്. ആ സമയത്താണ് നെടുമങ്ങാട്, വെള്ളനാടിന് സമീപം പുനലാൽ എന്ന സ്ഥലത്തുവെച്ച് മൂർഖൻപാമ്പിനെ ശാസ്ത്രീയമായി രോഷ്നി റസക്യൂ ചെയ്തത്. അത് ഞൊടിയിടയിൽ വൈറലാവുകയും ചെയ്തു. വാർത്താമാധ്യമങ്ങളിൽ നിറഞ്ഞ രോഷ്നിക്ക് പിന്നീട് തിരഞ്ഞുനോക്കേണ്ടി വന്നില്ല. അംഗീകാരങ്ങളും ബഹുമതികളും കൊണ്ട് നിറഞ്ഞു. അതിന് ശേഷം ഇങ്ങോട്ട് ഒരു ജൈത്രയാത്ര ആയിരുന്നു. പിടികൂടിയവയിൽ 200 ഓളം പെരുമ്പാമ്പുകൾ മാത്രമുണ്ട്. മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങി രാജവെമ്പാലയെയും വലയിലാക്കി. ഇപ്പോഴും ആ യാത്ര തുടരുകയാണ്.

ഡോക്ടറേറ്റ് ഉൾപ്പെടെ അംഗീകാരങ്ങൾ

സേവന- സാമൂഹിക രംഗത്തെ പ്രതിബദ്ധത കൂടി മുൻനിർത്തി സോഷ്യൽ സർവീസിൽ ഗ്ലോബൽ ഹ്യൂമൻ പീസ് യൂനിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് അടുത്തിടെ കരസ്തമാക്കി. പുറമെ നൂറിലധികം അംഗീകാരങ്ങളും 200 ഒളാം പുരസ്കാരങ്ങളും തേടിയെത്തി. ബി.എസ്.എസിന്‍റെ നാഷനൽ അവാർഡ്, സ്ത്രീരത്ന പുരസ്കാരം, വയലാർരാമവർമ അവാർഡ്, പ്രേംനസീർ പുരസ്കാരം, ഇന്ത്യൻകരസേന മെഡൽഓഫ് എക്സലൻസ് അവാർഡ്, കാർഗിൽ ദിവസ് കീർത്തിമുദ്ര പുരസ്കാരം,കുടുംബശ്രീ ജില്ല മിഷൻ പുരസ്കാരം, ഹരിശ്രീ വനിതവേദി പുരസ്കാരം, വിവിധ പഞ്ചായത്തുകളുടെ പുരസ്കാരങ്ങൾ തുടങ്ങിയവ നിരവധി അംഗീകാരങ്ങൾ. ഏറ്റവും ഒടുവിലാണ് വനിത കമീഷന്‍റെ ‘സ്ത്രീ ശക്തി’ പുരസ്കാരം ലഭിച്ചത്.

വൈറലായ രാജവെമ്പാല ഓപ്പറേഷൻ

പൊതുസ്ഥലത്ത് നിന്ന് രാജവെമ്പാലയെ ഒരു സ്ത്രീ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥ റസ്ക്യൂ ചെയ്യുന്നത് ഇതാദ്യമാണ്. അതിനാൽ ‘ഓപ്പറേഷൻ രാജവെമ്പാല’ ആറുമനിറ്റ് വിഡിയോ ഭാഷകളും ദേശങ്ങളും കടന്ന് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡോ. ശശിതരൂർ എം.പി, ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെണ്ടുൽക്കർ മുൻ മന്ത്രി പി.കെ. ശ്രീമതി അടക്കം നിരവധി പ്രമുഖരാണ് ധീരതയെ പ്രശംസിച്ച് ആശംസകൾ അറിയിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ തമിഴ്, തെലുഗു, കന്നട, ഹിന്ദി തുടങ്ങി ബി.ബി.സി അടക്കം ഇതരഭാഷകളിലും വാർത്താ ചാനലുകളിലും ശ്രദ്ധേയമായ വാർത്തകളാണ് നൽകിയത്. സോഷ്യൽ മീഡിയകളിൽ ലക്ഷക്കണക്കിന് ആളുകളാണ് വിഡിയോ കണ്ടതും ഷെയർ ചെയ്തതും. വിവിധ ഭാഷകളിലെ പ്രധാന വാർത്താചാനലുകളും ഓൺലൈൻ മാധ്യമങ്ങളും തയാറാക്കിയ രോഷ്നിയുടെ ഇന്‍റർവ്യൂകളും കാഴ്ചക്കാരാൽ നിറയുന്നതും കാണാമായിരുന്നു.


സ്ത്രീയെന്ന വെല്ലുവിളി

സ്ത്രീകള്‍ അധികമാരും കടന്ന് വരാത്ത ഒരു മേഖലയാണ് പാമ്പുപിടിത്തം. അതുകൊണ്ട് തന്നെ അതിന്റേതായ വെല്ലുവിളികൾ പല ഘട്ടത്തിലും നേരിട്ടു. പുരുഷന്‍മാരായിരുന്നു ഇത്തരം ഒരു ഫീല്‍ഡില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ഓരോ ഘട്ടത്തിലും സംഭവിച്ച മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിസന്ധികളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നോട്ട് പോയി. വിഡിയോ ശ്രദ്ധിക്കപ്പെട്ടതില്‍ വളരെയധികം സന്തോഷം ഉണ്ട്. അത്രമാത്രം പ്രാധാന്യം ആ വിഡിയോക്ക് ലഭിക്കുന്നതിന് കാരണമായത് ഒരു സ്ത്രീ ആയത് കൊണ്ടാണ്. അതില്‍ എനിക്ക് വളരെയധികം അഭിമാനമുണ്ട്. ഇതുവരെയും സ്ത്രീകളാരും തന്നെ രാജവെമ്പാലയെ റെസ്‌ക്യൂ ചെയ്തിട്ടില്ല. അതുകൊണ്ടായിരിക്കണം അത്രയും വലിയ അംഗീകാരം സമൂഹം എനിക്ക് തന്നത്. പല ഘട്ടത്തിലും അതിനുള്ള അവസരം വന്നിട്ടും അത് തന്നില്‍ നിന്ന് തട്ടിത്തെറിച്ച് പോയിട്ടുണ്ട്. താനൊരു സ്ത്രീയായത് കൊണ്ട് തന്നെ പലപ്പോഴും ഇത്തരം അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും രോഷ്‌നി പറയുന്നു.

‘മൃഗങ്ങളെക്കാൾ മോശം മനുഷ്യർ’

പാമ്പുകൾ എന്നല്ല, മൃഗങ്ങശളക്കാൾ മോശം മനുഷ്യർ തന്നെയാണ്. ഒരു സംശയവുമില്ല. ഒരു സ്ത്രീ മുമ്പിലോട്ട് വരുന്നതിൽ, സ്ത്രീശാക്തീകരണം ഒക്കെ പറയുമെങ്കിലും ഏതെങ്കിലും മേഖലയിൽ സ്ത്രീ ഉയരങ്ങളിലേക്ക് വരുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന സാഹചര്യമാണ്. ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ നേരായ മാർഗത്തിലല്ല, വളഞ്ഞവഴിയലൂടെ മനസ, വാചാ, കർമണ അറിയാത്ത കാര്യങ്ങളിലാണ് കൂടുതൽ ഉപദ്രവിച്ചിട്ടുള്ളത്. പിടിക്കുന്ന പാമ്പുകളെ സമീപത്ത് എവിടെയെങ്കിലും വിട്ടിട്ട് വീണ്ടും പിടിക്കുന്നു എന്നുവരെ പറയുമായിരുന്നു. ഇതൊന്നും ഒരു പ്രചാരണത്തിന് വേണ്ടിചെയ്യുന്നതല്ല, കിട്ടുമ്പോൾ വിഡിയോ കൂടി എടുക്കുന്നതാണ്. അല്ലാതെ അതിനുവേണ്ടി കൊണ്ടിട്ടിട്ട് വിഡിയോ എടുക്കുന്നു എന്ന് പറയുന്നത് വിഷമകരമാണ്. പിന്നെ മുൻകരുതൽ എടുക്കില്ലെന്നാണ് മറ്റൊരു പരാതി. എങ്കിൽ എല്ലാ മുൻകരുതലും ഇട്ടുകൊണ്ട് അവർ വന്ന് പിടിക്കട്ടെ. എന്നാൽ അവർക്കതിന് പറ്റില്ല, ഭയം. താൽപര്യമുള്ള ആർക്കും വനംവകുപ്പ് ലൈസൻസ് കൊടുക്കുന്നുണ്ട്. അതിനാൽ സ്ത്രീയെ അങ്ങനെയങ്ങ് തളർത്തിക്കളയാം എന്ന് ആരും വിചാരിക്കെണ്ട.

സിനിമയിലേക്കുള്ള ക്ഷണം

റീൽസുകളിലും മോഡലിങിലുമുള്ള കഴിവുകണ്ട് സിനിമയിലേക്കും സീരിയലുകളിലേക്കും അഭിനയിക്കാൻ നിരവധി ക്ഷണങ്ങൾ തേടിയെത്തി. എന്നാൽ എല്ലാം സ്നേഹത്തോടെ നിരസിച്ചു. ജോലിയും അഭിനയവും ഒരുമിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടായതിനാലാണ് നിരസിച്ചത്. ദൂരദർശനിൽ വാർത്തവായനക്ക് ശേഷം വീട്ടിലെത്തിയാൽ ഒരു റീൽസ് നിർബന്ധമാണ്. അത് സ്വന്തമായാണ് എല്ലാം ചെയ്യുന്നത്. ഷൂട്ടിങ്, എഡിറ്റിങ്, ഡബ്ബിങ് ആരുടെയും സഹായമില്ലാതെ സ്വന്തമായി ചെയ്യും. സിനിമകളിലെ പലഷോട്ട്സും ലിപ് മൂവ്മെന്‍റ് പോലും തെറ്റാതെ അഭിനയിക്കാൻ പ്രത്യേക കഴിവുമുണ്ട്. റീൽസുകളിലൂടെ ഇൻസ്റ്റയിൽ നിരവധി ഫോളോവേഴസിനെയും സ്വന്തമാക്കിയിട്ടുണ്ട്.

ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരക

മൂന്ന് പെൺകുട്ടികളാണ്. മൂന്നുപേരും ഒരു സർക്കാർ ജോലി വാങ്ങണം എന്നു അമ്മക്ക് ഭയങ്കര താല്പര്യമായിരുന്നു. രണ്ട് ചേച്ചിമാരും സർക്കാർ ഉദ്യോഗസ്ഥരാണ്. 2007 മുതൽ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലും ആകാശവാണിയിലും അനൗൺസറും ന്യൂസ് റീഡറും ആയിരുന്നു. പിഎസ്.സി വഴി 2017-ലാണ് വനം വകുപ്പിൽ ഫോറസ്റ്റ് ഓഫിസർ ആയി ജോലി കിട്ടുന്നത്. ഫാമിലി നല്ല സപ്പോർട്ടാണ്. തുടക്കത്തിൽ അമ്മക്ക് ബുദ്ധിമുട്ടായിരുന്നു. വാവ സുരേഷിനെ കോട്ടയത്ത് വെച്ച് പാമ്പ് കടിച്ച് ഭയങ്കര സീരിയസ് ആയിട്ട് മെഡിക്കൽ കോളജിൽ കിടക്കുന്ന സമയത്താണ് ആദ്യത്തെ വിഡിയോ വൈറലാകുന്നത്. അപ്പോള്‍ അമ്മ കരച്ചിലും വിളിയും ഒക്കെ ആയിരുന്നു. ഈ ജോലി വേണ്ട എന്ന് പറയുമായിരുന്നു.

രാജവെമ്പാലയെ വരെ പിടിച്ചല്ലോ, ഇനിയെങ്കിലും ഇത് മതിയാക്കിക്കൂടെ എന്ന് ചോദിക്കാറുണ്ട്. പക്ഷേ സമൂഹം നമുക്ക് തരുന്ന ഒരു അംഗീകാരം എന്ന് പറയുന്നത് നമ്മുടെ ഉത്തരവാദിത്തം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് മതിയാക്കാൻ എന്തായാലും തീരുമാനിച്ചിട്ടില്ല. കഴിയുന്നിടത്തോളം എത്ര നാൾ പറ്റുമോ അത്രയും സമയം വരെ വന്യജീവികളുടെ സംരക്ഷണം എന്ന് പറയുന്നതാണ് ജോലി. നമ്മളെപ്പോലെ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവരാണ് അവർ. അപ്പോൾ അവരെ സംരക്ഷിക്കുക എന്ന് പറയുന്നത്, ദൈവം എനിക്ക് അതിനൊരു അവസരം തന്നതായിട്ട് കരുതുന്നു. അത് ഭംഗിയായി വിനിയോഗിക്കണം എന്നുള്ളത് എനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും രോഷ്നി പറയുന്നു.

സച്ചിന്‍ ഷെയര്‍ ചെയ്‌തപ്പോള്‍

രാജവെമ്പാലയെ പിടിക്കുന്ന വിഡിയോ സച്ചിന്‍ ഷെയര്‍ ചെയ്‌തപ്പോള്‍ വലിയ സന്തോഷം തോന്നി. അതിലും വലിയൊരു അംഗീകാരം കിട്ടാനില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചാണ് ഇവിടം വരെ എത്തിയത്. നമ്മുടെ കൂടെ ഇരിക്കുന്ന ഒരാൾ ചിലപ്പോൾ നമ്മളെ പ്രശംസിക്കാന്‍ മടി കാണിക്കുമ്പോഴും സച്ചിൻ തെൻഡുൽക്കറിനെ പോലെ ഒരാള്‍ നമ്മളെ അഭിനന്ദിക്കുമ്പോള്‍, അഭിമാനവും സന്തോഷവുമാണ് തോന്നിയത്. എനിക്കൊരു ഓസ്കാർ അവാർഡ് കിട്ടുന്നതിനേക്കാൾ വലിയ ഒരു അംഗീകാരമായാണ് കാണുന്നത്.

വിഷമം ഉണ്ടാക്കിയ അനുഭവം

എല്ലാത്തിനെയും റെസ്ക്യൂ ചെയ്യാറുണ്ട്. കുരങ്ങന്‍, മാൻ, മയിൽ, മരപ്പട്ടി, മുള്ളംപന്നി അങ്ങനെയുള്ള എല്ലാ ജീവികളെയും, പിന്നെ രാത്രി ആന, കടുവ, പുലി എന്നിവ ഇറങ്ങുമ്പോൾ ഓടിക്കാൻ പോകും, ഒരിക്കല്‍ കരടിയെ കിണിറ്റില്‍ നിന്നും റെസ്ക്യൂ ചെയ്യാന്‍ പോയിട്ടുണ്ട്. എനിക്ക് ഇതുവരെ ഞാൻ ചെയ്തിട്ടുള്ള ഒരു റെസ്ക്യൂവും ബുട്ടിമുട്ടായി തോന്നിയിട്ടില്ല. എല്ലാം ഞാൻ അത്രത്തോളം ഇഷ്ടപ്പെട്ട് ചെയ്യുന്നതാണ്. കരടി കിണറിൽ വീണപ്പോള്‍ റെസ്ക്യൂ ചെയ്യാൻ വേണ്ടി പോയത് വിഷമത്തിലാണ് അവസാനിച്ചത്. മയക്കുവെടി വെച്ചപ്പോൾ അത് കിണറിനകത്ത് വെച്ച് ചത്തുപോയിരുന്നു. അത് ശരിക്കും ജീവിതത്തിൽ ഏറ്റവും വിഷമം ഉണ്ടാക്കിയ ഒരു സംഭവമായിരുന്നു. അതിന്റെ മരണം എന്ന് പറയുന്നത് മാനസികമായി വളരെയധികം തളർത്തിക്കളഞ്ഞ ഒരു സംഭവമായിരുന്നു.

രോഷ്നി കുടുംബത്തോടൊപ്പം

എല്ലാ പിന്തുണയുമായി കുടുംബവും

ചുരുക്കിപറഞ്ഞാൽ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല. എന്നാൽ തന്‍റെ തിരക്കും ജോലിയും അറിഞ്ഞുകൊണ്ട് ഭർത്താവും മക്കളും എല്ലാ പിന്തുണയുമായും ഒപ്പമുണ്ട്. രാവിലെ ഓഫിസിലേക്ക് ഇറങ്ങിയാൽ രാത്രി വൈിയാണ് എത്താറ്. ഇതിന് പുറമെ പുറത്ത് പല പ്രോഗ്രാമുകൾക്കും അതിഥിയായും ചെല്ലാറുണ്ട്. വന്നശേഷം ഒന്ന് വീട്ടുകാര്യം നോക്കുമ്പോഴേക്കും വിളിവരും. കോഴിക്കൂട്ടിൽ പാമ്പുകയറി, അല്ലെങ്കിൽ ബെഡ്റൂമിൽ മൂർഖനിരിക്കുന്നു. ഒന്നും ആലോചിക്കാറില്ല, എല്ലാം നിർത്തി ഇറങ്ങിപുറപ്പെടും. ഒരുദിവസം രാത്രി ചപ്പാത്തി റെഡിയാക്കി കറിയുണ്ടാക്കാൻ തുടങ്ങുമ്പോഴായിരുന്നു കോൾ. ഒന്നും നോക്കിയില്ല ഇറങ്ങി. രണ്ട് മണിക്കൂർ കഴിഞ്ഞ് എത്തിയപ്പോൾ ഭർത്താവും മക്കളും ചപ്പാത്തിക്ക് മുന്നിലിരിക്കുന്നു. പിന്നെയാണ് കറിയുണ്ടാക്കി എല്ലാപേരും കൂടി ഭക്ഷണം കഴിച്ചത്. ഇത് പുതുമയല്ലെന്നും ശീലമാണെന്നും രോഷ്നിയുടെ തമാശ. ഭർത്താവ് സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ സജിത് കുമാർ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. മക്കൾ പ്ലസ് വണിൽ പഠിക്കുന്ന ദേവനാരായണനോടും എട്ടാംക്ലാസുകാരൻ സൂര്യനാരായണനോടും അമ്മയെ കുറിച്ച് ചോദിച്ചാൽ ധൈര്യശാലി എന്നാണ് മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens daySnake RescueKerala NewsRoshni G.S
News Summary - roshni gs forest department snake rescues
Next Story