റിയ ട്രാക്കിലാണ്...
text_fieldsറിയ മേരി
എൻജിന്റെ ശബ്ദം മുഴങ്ങുന്ന, അതികഠിനമായ കല്ലും ചളിയും പാറക്കെട്ടുകളും നിറഞ്ഞ മലഞ്ചെരിവിൽ ആത്മവിശ്വാസത്തോടെ ഗിയർ മാറ്റുന്ന ഡ്രൈവറെ കണ്ട് കാണികൾ ഒന്ന് അമ്പരന്നു. പെൺകുട്ടികൾ അധികം കടന്നുചെല്ലാത്ത മേഖലയിൽ അനായാസം വളയം തിരിച്ച് തന്റെ ലക്ഷ്യ സ്ഥാനത്ത് വാശിയോടെ മുന്നേറുന്ന പെൺകരുത്തിനു മുന്നിൽ അവർ ആർപ്പുവിളിച്ചു.
ഓഫ്റോഡ് ഡ്രൈവർമാർക്കിടയിൽ സൂപ്പർസ്റ്റാറായ പാലാ കവീക്കുന്ന് സ്വദേശി ബിനോ ജോസിന്റെ മകൾ റിയ മേരി പിതാവിനൊപ്പം പാതകൾ കീഴടക്കുകയാണ്. പിതാവ് കണ്ട സ്വപ്നങ്ങൾ തന്റേതുകൂടിയാക്കി മാറ്റിയ ഈ 24കാരി പുതിയ ദൂരങ്ങൾ താണ്ടുകയാണ്. പാലാ ബ്രിട്ടീഷ് കിന്റർ സ്കൂളിലെ അധ്യാപികകൂടിയായ റിയയുടെ വിശേഷങ്ങൾ.
റിയയും പിതാവ് ബിനോ ജോസും
ഫസ്റ്റ് ഗിയർ
കുട്ടിക്കാലം മുതൽ വാഹനങ്ങളോട് കൗതുകമുണ്ടായിരുന്ന റിയ ഓഫ്റോഡ് ഇവന്റുകളിൽ കാഴ്ചക്കാരിയായി പോയിരുന്നു. വാഹനങ്ങൾ ഓടിക്കാനും ഓഫ്റോഡിങ്ങിനോടുമുള്ള താൽപര്യം ആ സമയത്തുതന്നെ തുടങ്ങി. ബുള്ളറ്റാണ് ആദ്യം ഓടിച്ചുതുടങ്ങിയത്. ബിനോ വണ്ടി ഓടിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതും കണ്ടാണ് റിയക്കും ഈ രംഗത്തേക്ക് താൽപര്യം വരുന്നത്. പിന്നീട് പിതാവിനൊപ്പം ജീപ്പിന്റെ വളയം പിടിക്കാൻ തുടങ്ങി. ട്രാക്കിലിറങ്ങുന്നത് ബിനോയുടെ മേജർ 2004 മോഡൽ ജീപ്പിൽതന്നെ.
ഓഫ് റോഡ് ഓൺ
വളരെ ശ്രദ്ധയും ധൈര്യവും വേണ്ട മത്സരമാണ് ഓഫ്റോഡിങ്. ഒന്നു രണ്ട് ട്രാക്കിൽ ഇറങ്ങിയപ്പോഴേക്കും പേടി മാറിത്തുടങ്ങിയെന്ന് റിയ പറയുന്നു. മത്സരങ്ങളിൽ കൂടെ കോഡ്രൈവറായി പിതാവുമുണ്ടാകാറുണ്ട്. അതുതന്നെയാണ് റിയക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയതും. 2019ൽ ഡിഗ്രി പഠനകാലത്ത് കോട്ടയം ഏറ്റുമാനൂരിൽ വെച്ച് വി-12 സംഘടിപ്പിച്ച മത്സരത്തിലായിരുന്നു ആദ്യമായി പങ്കെടുത്തത്. സമ്മാനമൊന്നും ലഭിച്ചില്ലെങ്കിലും കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ അത് കാരണമായി.
വാഗമണിൽ വെച്ച് സ്ത്രീകൾക്കായി നടന്ന മത്സരത്തിൽ വണ്ടി മറിഞ്ഞത് മറക്കാൻ കഴിയാത്ത അനുഭവമായി റിയ പങ്കുവെക്കുന്നു. യങ്ങസ്റ്റ് ലേഡി ഡ്രൈവറായി അന്ന് റിയ തെരഞ്ഞെടുക്കപ്പെട്ടു. പാലായിലെ തന്റെ വീടിന്റെ പിറകിലെ അതി കഠിനമായ വഴിയിൽ ഓടിച്ച് പഠിച്ചത് ഒരുപാട് മത്സരങ്ങളിൽ സഹായകരമായെന്ന് റിയ പറയുന്നു.
ഓഫ്റോഡിന് ആവശ്യമായ കൂടുതൽ മോഡിഫിക്കേഷനൊന്നും ജീപ്പിൽ വരുത്താറില്ല. മറ്റുള്ളവരെല്ലാം ലക്ഷങ്ങൾ മുടക്കി വാഹനം മത്സരത്തിനായി ഒരുക്കുമ്പോൾ പിതാവിന്റെ 2004 മോഡൽ ജീപ്പിൽ ട്രാക്കിലിറങ്ങുന്ന റിയ കാണികൾക്കെപ്പോഴും ആവേശമാണ്. നിലവിലെ ഓഫ്റോഡ് ജീപ്പുകളിൽ കട്ട് ബ്രേക്ക്, ലോക്കർ, വിലകൂടിയ സസ്പെൻഷൻ എന്നിവയെല്ലാം പതിവുകാഴ്ചയാണ്. എന്നാൽ, മത്സരത്തിനിറങ്ങും മുമ്പ് ടയർ മാത്രമാണ് റിയ മാറ്റാറ്. വണ്ടിയുടെ കഴിവിനെക്കാൾ ഡ്രൈവറുടെ വൈദഗ്ധ്യമാണ് മുഖ്യമെന്ന് പിതാവിനെപ്പോലെ റിയയും വിശ്വസിക്കുന്നു.
വിക്ടറി ട്രാക്ക്
പത്തിലധികം മത്സരങ്ങളിൽ ഇതുവരെ റിയ പങ്കെടുത്തിട്ടുണ്ട്. ഇടുക്കി പൂപാറയിൽ കാസ്ക് നടത്തിയ മത്സരത്തിലാണ് ആദ്യമായി ഒന്നാം സ്ഥാനം ലഭിക്കുന്നത്. പങ്കെടുക്കുന്ന മിക്ക ഓഫ്റോഡ് ഇവന്റുകളിലും ഏതെങ്കിലും സ്ഥാനം കരസ്ഥമാക്കാതെ ഇപ്പോൾ റിയ മടങ്ങാറില്ല. പെരുമ്പാവൂരിൽ വെച്ച് എ.ടി.സി നടത്തിയ മത്സരത്തിലെ ട്രാക്കാണ് തനിക്ക് ഏറ്റവും ഇഷ്ടമായതെന്ന് റിയ പറയുന്നു. അതിൽ ലേഡീസ് ക്ലാസിൽ ഒന്നാം സ്ഥാനം നേടാനും റിയക്ക് കഴിഞ്ഞു. കേരളത്തിന് പുറത്തേക്കും മത്സരത്തിനായി പോകണമെന്നാണ് റിയയുടെ ആഗ്രഹം.
ട്രാക്കിൽ വാഹനം കുതിച്ചു പായുമ്പോൾ കാണികളുടെ ആർപ്പുവിളിയും കൈയടിയും മത്സരങ്ങളെ ആവേശമാക്കിമാറ്റുമെന്ന് റിയ പറയുന്നു. പെൺകുട്ടിയാണെന്നു പറഞ്ഞ് എവിടെയും മാറ്റിനിർത്താതെ എല്ലാ മത്സരങ്ങളിലും റിയയെ ഒപ്പം കൂട്ടാറുണ്ടെന്ന് ബിനോ പറയുന്നു. ബിനോ ഇല്ലാത്ത മത്സരങ്ങളിൽ കോഡ്രൈവറായി ബിനോയുടെ സഹോദരൻ ജോസ് ആണ് റിയക്കൊപ്പം കൂട്ട്. കുടുംബത്തിന്റെ കൂട്ടായ പിന്തുണയാണ് റിയയുടെ കരുത്ത്. ഓഫ്റോഡ് ട്രാക്കിലെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുമ്പോൾ കമന്റുകളുമായി വിദ്യാർഥികളും എത്താറുണ്ട്.
ട്രാക്ക് ഓൺ റീൽ
2021ൽ പുറത്തിറങ്ങിയ ‘മഡ്ഡി’ എന്ന ഓഫ് റോഡിങ് പശ്ചാത്തലമുള്ള ചിത്രത്തിൽ റിയയും പിതാവ് ബിനോയും ചേർന്ന് ജീപ്പ് ഓടിക്കുന്ന കാഴ്ചകൾ ശ്രദ്ധേയമായിരുന്നു. ബിനോയുടെ മേജർ ജീപ്പാണ് നായകൻ ഉപയോഗിച്ചത്. അതിൽ അവസാന രംഗങ്ങളിൽ ലേഡി ഡ്രൈവറുടെ റോൾ അഭിനയിച്ചത് റിയയാണ്. തങ്ങളുടെ മറ്റു വാഹനങ്ങളായ ജിപ്സിയും കട്ട് ചേസ് ജീപ്പുമാണ് ബിനോയും റിയയും ഓടിച്ചത്. ഫഹദ് ഫാസിൽ നായകനായി വരുന്ന ‘ഹനുമാൻ ഗിയർ’ എന്ന സിനിമ ബിനോയുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് പറയപ്പെടുന്നു. കോതമംഗലത്തുവെച്ച് ബിനോയുടെ വൈറലായ ചിത്രത്തിന്റെ മാതൃകയിലാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും.
ബി പോസിറ്റിവ്
പരിശീലനം തന്ന ശക്തിയാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് റിയ പറയുന്നു. പല സ്ത്രീകളും ലൈസൻസ് എടുക്കാറുണ്ട് പക്ഷേ, ഭയംമൂലം ഡ്രൈവിങ് പാതിവഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്. അതികഠിനമായ ട്രാക്കുകൾ വരെ തനിക്ക് തരണം ചെയ്യാമെങ്കിൽ ഏതു സ്ത്രീക്കും വളരെ എളുപ്പത്തിൽ ഡ്രൈവിങ് പഠിക്കാൻ കഴിയുമെന്നും റിയ പറയുന്നു. കുഴികളിൽ വീണുപോയാലും ഗട്ടറുകൾ തടസ്സമായി വന്നാലും ആത്മവിശ്വാസമുണ്ടെങ്കിൽ ഏത് കടമ്പയും തരണംചെയ്യാൻ കഴിയുമെന്ന ജീവിതപാഠം കൂടിയാണ് റിയ പഠിപ്പിക്കുന്നത്. ആശയാണ് റിയയുടെ മാതാവ്. റോസ്, റോണ, റിച്ചു എന്നിവർ മറ്റു സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

