പരിമിതികളെ സംഗീതത്തിലൂടെ അവഗണിച്ച റിദമോള്‍ക്ക് ‘വിജയാമൃതം’
text_fieldsറിദമോള്‍
പെരുമ്പാവൂര്‍: സെറിബ്രൽ പാള്‍സിയും സമ്പൂര്‍ണ ചലന-കാഴ്ച-ബൗദ്ധിക പരിമിതികളെയും സംഗീതത്തിലൂടെ അവഗണിച്ച കെ.എന്‍. റിദമോള്‍ സാമൂഹിക നീതി വകുപ്പ് നല്‍കുന്ന ‘വിജയാമൃതം’ വിദ്യാഭ്യാസ പുരസ്‌കാരത്തിന് അര്‍ഹയായി. വാഴക്കുളം പഞ്ചായത്തില്‍ മുടിക്കല്‍ കുമ്പശ്ശേരി വീട്ടില്‍ കെ.എം. നാസറിന്റെയും ലൈല ബീവിയുടെയും ഇളയമകളാണ്. പ്രാഥമികതലം മുതല്‍ പൊതുവിദ്യാലയങ്ങളിലും തുടര്‍ന്ന് കാലടി സംസ്‌കൃത സര്‍വകലാശാലയുടെ മുഖ്യകേന്ദ്രത്തില്‍നിന്ന് സംഗീതത്തില്‍ രാജ്യത്ത് ആദ്യമായി ബിരുദം നേടിയതും പരിഗണിച്ചാണ് പുരസ്‌കാരം.
ഇതിനകം ഭാരത സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഹിന്ദി പ്രചാരസഭയുടെ ദേശീയ വിശിഷ്ട സ്ത്രീശക്തി കലാപുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ സംഗീതത്തില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. അന്താരാഷ്ട്രഭിന്നശേഷി ദിനമായ ബുധനാഴ്ച ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ ‘അന്‍പ് 2025’ ചടങ്ങില്‍ കലക്ടര്‍ ജി. പ്രിയങ്ക ഐ.എ.എസ് കാഷ് അവാര്‍ഡും ശില്‍പവും ബഹുമതിപത്രവും അടങ്ങുന്ന പുരസ്‌കാരം റിദ മോള്‍ക്ക് സമ്മാനിക്കും.
2025ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്മാരക വിദ്യാഭ്യാസ പുരസ്‌കാരവും രാജ്യാന്തര പ്രവാസി ഭാരതി കര്‍മ ശ്രേഷ്ഠ കലാപുരസ്‌കാരവും പുതുച്ചേരി ആഭ്യന്തര വകുപ്പ് മന്ത്രി ഡോ. എ. നമശിവായത്തില്‍നിന്ന് റിദമോള്‍ സ്വീകരിച്ചിരുന്നു. വിവിധ ശാരീരിക ചലന കാഴ്ച പരിമിതികളെ അതിജീവിച്ച് സംഗീതത്തില്‍ രാജ്യത്ത് ആദ്യമായി ബിരുദം നേടിയ റിദയെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു നേരത്തേ അനുമോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

