റിപ്പബ്ലിക് ദിന പരേഡ്; ഡൽഹി പൊലീസിനെ നയിച്ചത് ചാലക്കുടി സ്വദേശി
text_fieldsശ്വേത കെ. സുഗതൻ
ചാലക്കുടി: രാജ്യതലസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിൽ നാടിന് അഭിമാനം പകർന്ന് ഡൽഹി പൊലീസിനെ നയിച്ചത് ചാലക്കുടി സ്വദേശി ശ്വേത കെ. സുഗതൻ. കിരൺ ബേദി, ഐബി റാണി എന്നിവരെ പോലെ അപൂർവം വനിതകൾ മാത്രമാണ് ഇതിനുമുമ്പ് ഡൽഹി പൊലീസ് സംഘത്തെ റിപ്പബ്ലിക് പരേഡിൽ നയിച്ചിട്ടുള്ളത്.
ചാണക്യപുരി അസിസ്റ്റന്റ് പൊലീസ് കമീഷണറാണ് ശ്വേത. 2019 കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. ചാലക്കുടി ഹെഡ് പോസ്റ്റ് ഓഫിസ് ഉദ്യോഗസ്ഥനും ഐ.ക്യു റോഡിൽ താമസക്കാരനുമായ സുഗതന്റെയും ചാലക്കുടി എൽ.ഐ.സി ഓഫിസ് ഉദ്യോഗസ്ഥ ബിന്ദുവിന്റെയും മകളാണ്. ചാലക്കുടി കാർമൽ സ്കൂളിൽനിന്ന് പ്ലസ്ടുവിന് മുഴുവൻ മാർക്കും നേടിയാണ് വിജയിച്ചത്.
ശ്വേതയുടെ വീട്ടുകാർ ഈ അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ചാനലുകളിൽ ശ്വേതയുടെ പരേഡ് കണ്ട് ചാലക്കുടിക്കാരും അഭിമാനം കൊണ്ടു.

