ഓർമകളിലെ റിപ്പബ്ലിക് ദിനവും ടീച്ചറുടെ വെട്ടും
text_fieldsചിത്രീകരണം ജോജീ ജോസ്
ഓർമ്മകളിൽ ഒരു പഴയ ജനുവരിയുടെ തണുപ്പൻ പ്രഭാതം. അന്ന് റിപ്പബ്ലിക്ക് ദിനമാണ്. ഹൃദയത്തിന്റെ കോണുകളിൽ എവിടെയോ സംതൃപ്തമായതെന്തോ ചെയ്തു തീർത്ത സന്തോഷം. ഇടക്ക് ബാഗിൽ നിന്നും നോട്ട് ബുക്കെടുത്ത് മറിച്ചു നോക്കി. എഴുതിയിട്ട വരികളിലൂടെ ആവർത്തന സഞ്ചാരങ്ങൾ. വരികളിൽ ഗാന്ധിയുണ്ട്, നെഹ്‌റുവുണ്ട്, സുഭാഷ് ചന്ദ്രബോസും സരോജിനി നായിഡുവുമുണ്ട്.
ഒരു രാത്രിയിൽ നിന്നും അപഹരിച്ച സമയം, നഷ്ടപ്പെടുത്തിയ പാതിയുറക്കം, എങ്കിലും എഴുതിയിട്ടത് ഇന്നത്തെ ദിവസത്തെ പൂർണമാക്കുമെന്ന ആത്മവിശ്വാസം എന്നിൽ നിറഞ്ഞു നിന്നിരുന്നു.
'എന്താണ് റിപ്പബ്ലിക് ഡേ...? '
കഴിഞ്ഞ ദിവസം അവസാന പിരീഡിൽ ടീച്ചർ ചോദിച്ചു. കലപിലകളായി മുഴങ്ങിയ ഒരുപാട് ഉത്തരങ്ങൾ.
'എഴുതി വരു.. '
ക്ലാസ്സ് നിശബ്ദമായി.
ടീച്ചർ ആവർത്തിച്ചു.
'എല്ലാരും നാളെ റിപ്പബ്ലിക്ഡേയെ കുറിച്ച് എഴുതി വരണം. ഏറ്റവും മികച്ച എഴുത്ത് അസംബ്ലി ഗ്രൗണ്ടിൽ വായിപ്പിക്കും.. '
ഞാൻ എഴുതി,
തുടക്കം ഇങ്ങനെയായിരുന്നു.
"ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മകൾ വർഷം തോറും രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നു..."
എഴുത്ത് എവിടെ അവസാനിപ്പിച്ചു എന്നത് ഓർമ്മയിലില്ല. എങ്കിലും, അർധരാത്രിയിൽ പ്രഖ്യാപിക്കപ്പെട്ട സ്വാതന്ത്ര്യവും ശേഷം 1950 വരെയുള്ള കാലയളവില്‍ ജോര്‍ജ് ആറാമന്‍ രാജാവിന്‍റെ ഇന്ത്യൻ ഭരണവും, ഡോ. രാജേന്ദ്രപ്രസാദിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്‍റ് പദവിയും തുടങ്ങി ആ ദിനത്തിന്‍റെ പ്രാധാന്യങ്ങൾ മുഴുവനും ഉള്‍ക്കൊള്ളാൻ എഴുത്തിൽ ഞാൻ ശ്രമിച്ചിരുന്നു.
സ്കൂളിലെത്തി ആദ്യത്തെ ജോലി എഴുതി കൊണ്ടുവന്നത് ടീച്ചറേ ഏൽപ്പിക്കലായിരുന്നു. ഓരോ എഴുത്തും സൂക്ഷ്മം വായിച്ച ടീച്ചർ എന്‍റെ എഴുത്തിന് പ്രത്യേക ഇടം നൽകി പരിഗണിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. വായനകൾക്ക് ഒടുവിൽ എന്റെ പേര് എടുത്തു പറഞ്ഞ് കൊണ്ട് ടീച്ചർ പ്രശംസിച്ചു.
പക്ഷെ സ്കൂൾ അസംബ്ലിയിൽ അത് വായിക്കാനുള്ള അവകാശം എനിക്ക് നിഷേധിച്ചു. ക്ലാസിലെ ഏറ്റവും മിടുക്കിയായ വിദ്യാർഥിനിയെ നിഷ്കരുണം ടീച്ചർ അത് ഏൽപ്പിക്കുമ്പോൾ ഇന്ത്യയിലെ 450 വർഷത്തോളം നീണ്ട യൂറോപ്യൻ അധിനിവേശത്തിന്‍റെ തീവ്രമായ വേദന എനിക്ക് ഉള്ളിലൂടെ കടന്നുപോയി.
സ്കൂൾ അസംബ്ലിയിൽ മറ്റൊരാൾ എന്‍റെ എഴുത്ത് വായിക്കുന്നു. വായന അവസാനിക്കുമ്പോൾ ഉയരുന്ന കയ്യടികൾ, വായിച്ച വിദ്യാർഥിനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങൾ, സ്നേഹത്തോടെയുള്ള ആലിംഗനങ്ങൾ....
എഴുതിയ വിദ്യാർഥിയെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല. നിമിഷനേരങ്ങൾ കൊണ്ട് കലങ്ങിമറിയുന്ന എന്‍റെ മനസ്സ് തിരകളടങ്ങാത്ത ഒരു കടലായി പരിണമിച്ചു. അവിടെ നാവികനായ വാസ്കോഡാ ഗാമ 170 നാവികരുമൊത്ത് കപ്പൽ ഇറങ്ങി.
പതാക ഉയർത്തുമ്പോഴും മധുരം വിതരണം ചെയ്യുമ്പോഴും ഇന്ത്യൻ സ്വാതന്ത്യസമരത്തിന്‍റെ ഓർമകളിലൂടെ വേദി സഞ്ചരിക്കുമ്പോഴുമൊക്കെയും അനീതിയുടെ കയ്പ് എന്നെ ദുഃഖിപ്പിച്ചു. ഞാൻ അനുഭവിക്കുന്ന ഈ വേദന തന്നെയല്ലേ യുഗങ്ങളോളം ഇന്ത്യൻ ജനതയും അനുഭവിച്ചത്. നമുക്ക് അവകാശപ്പെട്ട നമ്മുടേത് മാത്രമായൊന്നിലേക്ക് അന്യതയോടെ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥയാണത്.
വർഷങ്ങൾ പിന്നിട്ടു. പഴയ സ്കൂൾ ഗ്രൗണ്ട് എനിക്ക് മുന്നിൽ ഇന്നൊരു രാജ്യമാണ്. അനീതിയുടെ ചുവയുള്ള ജലം കൊണ്ട് എന്റെ ദാഹം അടങ്ങുന്നില്ലെങ്കിലും ഞാൻ മൗനം പിന്തുടരുന്നു.
എന്താണ് സ്വാതന്ത്ര്യം..? എന്തുകൊണ്ട് എനിക്ക് എന്‍റെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാൻ കഴിയാതെ പോകുന്നു. ഞാൻ മാത്രമാണെന്ന് കരുതുന്നില്ല. നിശബ്ദം അസമത്വങ്ങളെ അനീതികളെ നോക്കി നിൽക്കുക തന്നെയല്ലേ ഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളും ചെയ്യുന്നത്.
ഓരോ റിപ്പബ്ലിക്ക് ദിനങ്ങളും നമ്മെ ഓർമ്മപ്പെടുത്തേണ്ടത് സ്വയം നഷ്ടപ്പെടുത്തുന്ന അവകാശങ്ങളെ കുറിച്ചുള്ള ബോധവും ഭരണഘടന എഴുതപ്പെട്ടത് നമുക്ക് വേണ്ടിയാണെന്നുള്ള ബോധ്യവുമായിരിക്കണം.
"ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നിൽക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു..... "
ടാഗോറിന്‍റെ വരികൾ കുറിക്കുന്നു...
തുറന്നിട്ട ജനാലകൾക്ക് അപ്പുറം വഴിപോക്കാനെ പോലെ കടന്നുപോകുന്ന ലോകം നാളെ നിന്റെ സ്വാതന്ത്ര്യം കണ്ട് അസൂയപ്പെടട്ടെ എന്ന് മാത്രം ആശംസിക്കുന്നു...