Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Renjini The Nokkuvidya String Puppeteer
cancel
camera_alt

നോക്കുവിദ്യ' പാവകളി‍ കലാകാരി രഞ്ജിനി

ഇത് അനുഷ്ഠാന കലകളിലെ അത്ഭുതം. തികച്ചും വ്യത്യസ്ത കലാരൂപം. തോൽപാവക്കൂത്ത്, നിഴൽപാവക്കൂത്ത്, ഓലപ്പാവക്കൂത്ത് തുടങ്ങിയ അനുഷ്ഠാന കലകളുമായി ബന്ധമില്ലാത്ത ആവിഷ്കാരം. 'നോക്കുവിദ്യ' എന്ന വാക്കിൽതന്നെയുണ്ട് ഈ കലാരൂപത്തിന്റെ പ്രത്യേകത. നോട്ടം തന്നെയാണ് ഈ കലയുടെ കാതൽ. നോട്ടംകൊണ്ടുള്ള പാവകളി. കൂത്തുമാടവും പുലവർ എന്നറിയപ്പെടുന്ന പുരുഷ കലാകാരന്മാരുമാണ് പാവക്കൂത്തുകളുടെ സ്വത്വമെങ്കിൽ, നോക്കുവിദ്യ പാവകളി അവതരിപ്പിക്കുന്നത് ഒരു സ്ത്രീയാണ്. കൂത്തുമാടത്തല്ല, പ്രകടനത്തിന് സൗകര്യമുള്ള ഏതിടവും ഇതിന് ഉത്തമം. പക്ഷേ, ഈ ‍വിദ്യ സ്വായത്തമാക്കാൻ നിരന്തര അഭ്യാസം അനിവാര്യം. മനസ്സ് ഒറ്റയിടത്ത് കേന്ദ്രീകരിച്ചുള്ള ദൃഷ്ടിയാണ് നോക്കുവിദ്യയുടെ മുഖമുദ്ര.

തലമുറകൾ കൈമാറി ലഭിച്ച കലാരൂപം മൂഴിക്കൽ പങ്കജാക്ഷിയമ്മ അവരുടെ അമ്മയിൽ നിന്ന് 70 വർഷം മുമ്പ് ഏറ്റെടുത്തതായിരുന്നു. സംസ്ഥാനം അവരെ ഫോക് ലോർ അക്കാദമി അവാർഡും ഫെലോഷിപ്പും നൽകി ആദരിച്ചപ്പോൾ, 86 വയസ്സുള്ള കലാകാരിയെ രാഷ്ട്രം കഴിഞ്ഞ വർഷം അംഗീകരിച്ചത് പത്മശ്രീ പുരസ്കാരം നൽകിയാണ്. എന്നാൽ, കേരളത്തിലെ ഏക നോക്കുവിദ്യ കലാകാരിയുടെ ദൃഷ്ടി-ഏകാഗ്രതയും ഓർമശക്തിയും സംസാരശേഷിയും പക്ഷാഘാതം തട്ടിയെടുത്തപ്പോൾ ശതാബ്ദങ്ങളുടെ പ്രാചീനതയുള്ളൊരു സംസ്കൃതിയുടെ മേൽ തിരശ്ശീല വീണെന്നു പലരും കരുതി. പക്ഷേ, അത് സംഭവിച്ചില്ല. പങ്കജാക്ഷിയമ്മയിൽ നിന്ന് ആ വരപ്രസാദം പൗത്രി രഞ്ജിനി ഏറ്റുവാങ്ങി.

രഞ്ജിനി

''അമ്മൂമ്മയുടെ ഏക മകളാണ് എന്റെ അമ്മ, രാധാമണി. നോക്കുവിദ്യ ഏറെ ഇഷ്ടമാണെങ്കിലും ഒട്ടും വഴങ്ങാത്ത പരിശീലനമായതിനാൽ അമ്മ പിന്മാറി. അതിനാൽ, സ്കൂൾ-കോളജ് പഠനത്തോടൊപ്പം ഞാൻ നോക്കുവിദ്യ അഭ്യസിച്ചു തുടങ്ങി. ഈ ദീപം അണഞ്ഞുപോകരുത്'' -രഞ്ജിനിയുടെ ശബ്ദത്തിൽ നിശ്ചയദാർഢ്യത്തിന്റെ കരുത്ത്. ആ യുവ കലാകാരിയുടെ വാക്കുകളിലൂടെ...

ആദ്യം 'നോക്കുവിദ്യ' അറിയണം

കവുങ്ങ് തടിയിൽനിന്ന് രണ്ടടി നീളത്തിൽ മുറിച്ചെടുത്ത കനം കുറഞ്ഞ ഒരു കമ്പ് ചെത്തി മിനുക്കി ചായം പൂശി ചേലുള്ളതാക്കുന്നു. ദണ്ഡിന്റെ മുകൾ ഭാഗത്താണ് പാവകളെ ഘടിപ്പിക്കുന്നത്. തല മേലോട്ടുയർത്തി, കമ്പിന്റെ അടിവശം മേൽചുണ്ടിനു മേലെ, മൂക്കിനു തൊട്ടു കീഴെയായിവെക്കും. കഥാഖ്യാനമനുസരിച്ച്, ഒന്നോ രണ്ടോ മൂന്നോ അതിൽ കൂടുതലോ പാവകളെ കമ്പിന്റെ മുകൾ ഭാഗത്ത് പ്രതിഷ്ഠിക്കും. ചില കഥാരംഗങ്ങൾ വരച്ചുകാട്ടാൻ പക്ഷി രൂപങ്ങളും ഇലകളും ചില്ലകളും ഉൾപ്പെടെയുള്ള മറ്റു വസ്തുക്കളും അണിനിരത്തേണ്ടിവരും. ചലിപ്പിക്കേണ്ടവയാണെങ്കിൽ അവയിൽനിന്ന് നേർത്ത ചരടുകൾ താഴോട്ടുവരുന്നു. സന്ദർഭോചിതമായി ചരടുകൾ വലിച്ച്, കലാകാരി തന്നെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകും. കഥാരംഗങ്ങൾ ഒരു ഗായകൻ ആലപിക്കും. ചിട്ടപ്പെടുത്തിയെടുത്ത കുറച്ചു വരികളിലൂടെ ഇതിഹാസങ്ങളിലെയും പുരാണങ്ങളിലെയും മറ്റും തിരഞ്ഞെടുത്ത ചില സന്ദർഭങ്ങൾ ഗാനരൂപത്തിൽ ആഖ്യാനം ചെയ്യപ്പെടുന്നു. ഗഞ്ചിറയും കൈമണിയുമാണ് പശ്ചാത്തല വാദ്യ ഉപകരണങ്ങൾ. കഥാരംഗത്തിന് ആവശ്യമായ രീതിയിൽ ചരടുകൾ വലിച്ച് ഞാൻ പാവകളെ ചലിപ്പിക്കും. നിലത്ത് പുൽപായ വിരിച്ച് അതിൽ നിലവിളക്ക് കത്തിച്ചുവെക്കും. ഈ പായയിൽ ഇരുന്നാണ് നോക്കുവിദ്യ അവതരിപ്പിക്കുന്നത്.

അൽപം ചരിത്രം

തിരുവിതാംകൂർ രാജാക്കന്മാർ പട്ടും വളയും നൽകി പ്രോത്സാഹിപ്പിച്ചിരുന്ന കലയാണ് നോക്കുവിദ്യ. ഓണംതുള്ളൽ എന്നാണ് പണ്ട് ഇത് അറിയപ്പെട്ടിരുന്നത്. ഓണം നാളുകളിൽ തെക്കൻ കേരളത്തിൽ വളരെ ജനപ്രിയമായി ഈ കലാരൂപം അരങ്ങേറിയിരുന്നു. പാവനാടകം തുടങ്ങുന്നതിനുമുമ്പ് ചെയ്യാറുണ്ടായിരുന്ന തുള്ളൽ ചടങ്ങ്, കാലക്രമേണ അവതരണത്തിൽനിന്ന് അപ്രത്യക്ഷമായി. അതിനാലാണ് നോക്കുവിദ്യ എന്ന പേരിൽ പിന്നീട് ഈ കലാരൂപം അറിയപ്പെടാൻ തുടങ്ങിയത്.

ഇന്നിത് പഠിക്കാനോ അവതരിപ്പിക്കാനോ കലാസ്നേഹികൾ മുന്നോട്ടുവരുന്നില്ല. ''ഞങ്ങളുടെ പൂർവികരെല്ലാവരും നോക്കുവിദ്യ കലാകാരന്മാരായിരുന്നെന്ന് മുത്തച്ഛനും മുത്തശ്ശിയും പറയാറുണ്ടായിരുന്നു. വേലപ്പണിക്കർ സമുദായക്കാർക്കു മാത്രമല്ലല്ലോ ഈ കല നിലനിർത്തി​ക്കൊണ്ടുപോകാനുള്ള ചുമതല. കലാസ്നേഹികളായ എല്ലാവരും മുന്നോട്ടുവരണമെന്നാണ് ഞങ്ങളുടെ അപേക്ഷ. അമ്മൂമ്മക്കുശേഷം, ഞാൻ മാത്രമാണ് ഇന്ന് ഈ കല അവതരിപ്പിക്കുന്നത്. ലോകത്തുതന്നെ നോക്കുവിദ്യ അറിയാവുന്നവർ ഒരുപക്ഷേ അമ്മൂമ്മയും ഞാനും മാത്രമായിരിക്കും. അങ്ങനെ ആകരുതല്ലോ'' - രഞ്ജിനി പറയുന്നു.

രഞ്ജിനി അമ്മ രാധാമണിക്കും മുത്തശ്ശി പങ്കജാക്ഷിയമ്മക്കുമൊപ്പം

രശ്മി രാധാകൃഷ്ണൻ ഈയിടെ തയാറാക്കിയ ഡോക്യുമെന്ററി 'Nokkuvidya, the life of a lone string puppeteer' ഈ ആവിഷ്കാരത്തിന്റെ ചരിത്രം തിരക്കുന്നുണ്ട്. അമ്മൂമ്മയും പൗത്രിയും പ്രധാന കഥാപാത്രങ്ങളായുള്ള ചലച്ചിത്രം. ഇതിനകം തന്നെ നിരവധി രാജ്യാന്തര ഫിലിം ഫെസ്റ്റുകളിൽ ഇത് പ്രദർശിപ്പിച്ചുകഴിഞ്ഞു.

ഏകാഗ്രത എന്ന രഹസ്യം

ഏകാഗ്രതയുള്ള മനസ്സും ശരീരവുമാണ് നോക്കുവിദ്യയുടെ വിജയ രഹസ്യം. പാവയിൽ സമഗ്രമായി ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ കുത്തനെ വെക്കുന്ന കമ്പിന്റെ സന്തുലനാവസ്ഥ നിലനിർത്താൻ കഴിയൂ. കമ്പ് മേൽചുണ്ടിനുമേൽ ഭദ്രമായി ഇരിക്കണമെങ്കിൽ ഇമവെട്ടാതെ മേലോട്ടുതന്നെ ശ്രദ്ധിക്കണം. നോട്ടം ഒരു നിമിഷം ദൃഷ്ടികേന്ദ്രത്തിൽനിന്ന് വ്യതിചലിച്ചാൽ, കമ്പും പാവയും മറിഞ്ഞു താഴെവീഴും.

''ഈയിടെ ഒരു ഫോട്ടോഗ്രാഫർ ക്ലോസപ്പ് ഷോട്ടുകളെടുക്കാൻ എന്നോട് വല്ലാതെ ചേർന്നുനിന്നു. അനൈച്ഛിക പ്രതികരണം പോലെ, എന്റെ ശ്രദ്ധ ഒരുനൊടി പാവയിൽനിന്ന് വികേന്ദ്രീകരിച്ചു. കമ്പ് മറിഞ്ഞുവീണു. കണ്ണുകൾ ചിമ്മുന്ന സമയം അൽപം കൂടിപ്പോയാൽ പോലും സന്തുലനം തകരും. കാറ്റുവീശിയാലും ബാലൻസ് നഷ്ടപ്പെടും. ശ്രദ്ധ നോട്ടത്തെയും, ഇവ രണ്ടും നേരിട്ട് ശരീരത്തിന്റെ നിശ്ചലാവസ്ഥയെയും തൽക്ഷണം ബാധിക്കും. ജാഗ്രതക്കുറവ് ഒട്ടും അനുവദിക്കാത്ത ആവിഷ്കാര കലയാണ് നോക്കുവിദ്യ പാവകളി. ഇത്രയും നിർണായകമായ അവസ്ഥ കാത്തുസൂക്ഷിച്ചുകൊണ്ട് അനുഷ്ഠിക്കേണ്ട മറ്റൊരു രംഗകലയുമില്ല'' -രഞ്ജിനിയുടെ വാക്കുകൾ.

ഐക്യവും വേണം ഏകാഗ്രതക്കൊപ്പം

''വില്ല്, പാറവളയം, സീതാസ്വയംവരം, രാവണ-ജടായു യുദ്ധം, രാമ-രാവണ യുദ്ധം, ഭീമൻ-ബകൻ യുദ്ധം, ആലും കിളിയും മുതലായവ പ്രധാന ഇനങ്ങളിൽ ചിലതാണ്. ചുണ്ടത്ത് ഏകദേശം 45 ഡിഗ്രിയിൽ ചെരിച്ചു​െവച്ച ഒരു വില്ലിന്റെ രൂപത്തിൽ നിർമിച്ച കമ്പിനുമേൽ, പതിവു കമ്പ് ചെരിച്ചുവെച്ച് അതിന്മേൽ പാവയെ നിർത്തി അവതരിപ്പിക്കുന്നതാണ് വില്ല് എന്ന ഇനം. ഗുരുത്വാകർഷണ കേന്ദ്രം നിർണായകമായൊരു ഘടകമായതിനാൽ, ആവിഷ്കരിക്കാൻ എറ്റവും കഠിനമായത് വില്ലിനു മേൽ കമ്പ് ഇനമാണ്. പാറവളയത്തിൽ ഒരേസമയം രണ്ടു വിദ്യകൾ അരങ്ങേറുന്നു. കമ്പും അതിനു മുകളിലെ പാവയെയും മേൽചുണ്ടിൽ ബാലൻസ് ചെയ്തുനിർത്തിക്കൊണ്ട്, രണ്ടു കൈകളിലെയും ചൂണ്ടുവിരലിൽ ഓരോ വളയം കറക്കണം.

​രഞ്ജിനി നോക്കുവിദ്യ പാവകളിക്കിടെ

സർപ്പം പോലെ ഒരു രൂപം ഉണ്ടാക്കി അതിനെ വളച്ച് മേൽചുണ്ടിൽ ബാലൻസ് ചെയ്യുന്നതാണ് നാഗരസകം. സീതയെ അപഹരിച്ചു കൊണ്ടുപോകുന്ന രാവണനുമായി ജടായു ഏറ്റുമുട്ടുന്നതാണ് രാവണ-ജടായു യുദ്ധം. പാവകൾ പരസ്പരം യുദ്ധം ചെയ്യുന്നത് സൂചിപ്പിച്ചുകൊണ്ടുള്ള ചലനങ്ങൾ, ചരടുകൾ വലിച്ച് ഞാൻ നൽകുന്നു. ഗായകൻ ശിവദാസാണ് ആലാപനത്തോടൊപ്പം കൈമണി കൊട്ടുന്നത്. കസിൻ ആനന്ദ് ഗഞ്ചിറ വായിക്കുന്നു. അമ്മയും ജ്യേഷ്ഠൻ രഞ്ജിത്തുമാണ് പാവകളെ ഒരുക്കുക മുതലായ, വേദിയിൽ എനിക്കുവേണ്ട എല്ലാ പിന്തുണയും തൽക്ഷണം നൽകുന്നത്. ഞാനുൾപ്പെടെ അഞ്ചു പേരടങ്ങുന്നതാണ് ടീം.

വഴങ്ങാത്ത 'കിണ്ണം കറക്ക്'

മുത്തശ്ശിയാണ് എല്ലാ ഇനങ്ങളും ഓരോന്നോരോന്നായി രഞ്ജിനിയെ പഠിപ്പിച്ചത്. എന്നാൽ, മുത്തശ്ശിയുടെ തനത് വിദ്യയായ 'കിണ്ണം കറക്ക്' ഇതുവരെയും അവൾക്ക് വഴങ്ങിയിട്ടില്ല. അതുമാത്രമാണ് നിന്നുകൊണ്ട് അവതരിപ്പിക്കുന്നത്. ആറടി ഉയരമുള്ള കമ്പിനുമേലെ ഒരു തളിക​െവച്ചുകറക്കി, അത് മേൽചുണ്ടിൽ ബാലൻസ് ചെയ്ത് നിർത്തും. പെട്ടെന്ന് കമ്പിൽ ഒരു തട്ടു തട്ടി, അത് തെറുപ്പിക്കുന്നു. പിൻതാങ്ങ് നഷ്ടപ്പെട്ടതിനാൽ താഴോട്ടു വീഴുന്ന തളിക, നിലംപതിക്കും മുമ്പ് മുത്തശ്ശി ഉള്ളംകൈകൾ ചേർത്തുപിടിച്ച് സ്വീകരിക്കുന്നു. തുടർന്ന് ഈ പാത്രത്തിലാണ് പൊലിവ് (സംഭാവന) സ്വീകരിക്കുന്നത്. കുറച്ചുകൂടി പരിശീലിച്ചാൽ കിണ്ണം കറക്ക് തനിക്കും ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസവും രഞ്ജിനി പങ്കുവെക്കുന്നു.

60 വർഷം പഴക്കമുള്ള പാവകൾ

മുത്തച്ഛൻ ശിവരാമപ്പണിക്കർ 60 വർഷം മുമ്പ് മുത്തശ്ശിക്കുവേണ്ടി നിർമിച്ച പാവകളാണ് രഞ്ജിനി ഉപയോഗിക്കുന്നത്. ഏഴിലംപാലയുടെ തടിയിൽ പിച്ചാത്തി ഉപയോഗിച്ചു മുത്തച്ഛൻതന്നെ ചെത്തിയെടുത്തതാണ് അവ. ഇടക്ക് പാവകൾക്ക് പുതിയ നിറങ്ങൾ നൽകുന്നു. പാട്ടുകൾ എഴുതി തയാറാക്കിയതും മുത്തച്ഛൻ തന്നെ. മുത്തശ്ശിയെ നോക്കുവിദ്യ പഠിപ്പിച്ചത് അവരുടെ അമ്മ പാപ്പിയമ്മയാണ്. ഈർക്കിലിൽ മച്ചിങ്ങ കുത്തിയായിരുന്നു പരിശീലനം. ഈ രീതി സാധിക്കാതെ വന്നപ്പോൾ പാവയുടെ രൂപത്തിൽ ചെയ്തുതന്ന ഒരു തടിക്കഷണം കമ്പിൽ കുത്തിനിർത്തിയാണ് രഞ്ജിനി പരിശീലിച്ചത്. വർഷങ്ങൾ നീണ്ടുനിന്ന അഭ്യാസം.

രഞ്ജിനി മുത്തശ്ശി പങ്കജാക്ഷിയമ്മക്കൊപ്പം

Audience spellbound

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നിരവധി വേദികളിൽ രഞ്ജിനി നോക്കുവിദ്യ അവതരിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ഇന്ദിര ഗാന്ധി നാഷനൽ സെന്റർ ഫോർ ആർട്സിൽ നടന്ന ഷോ ഇപ്പോഴും അവൾ അഭിമാനത്തോടെ ഓർക്കുന്നു. മുംബൈയിലെ പപ്പറ്റ് തിയറ്ററിലും ബംഗളൂരുവിൽ അരങ്ങേറിയ ഇന്റർ നാഷനൽ പപ്പറ്റ് ഫെസ്റ്റിവെലിലും പങ്കെടുത്തു. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ കെ.ടി.ഡി.സി സംഘടിപ്പിച്ച പരിപാടിയിലും വയനാട് പഴശ്ശി പാർക്കിലും പൂക്കോട് തടാകത്തിലും പയ്യന്നൂരും ഫോർട്ട്‌ കൊച്ചിയിൽ വാസ്കോഡ ഗാമ സ്ക്വയറിലും നടത്തിയ പ്രദർശനങ്ങൾ പ്രശസ്തമാണ്. പാരിസിൽ അമ്മൂമ്മ അവതരിപ്പിച്ചതുപോലെയുള്ള, ഒരു അന്തർദേശീയ പ്രദർശനമാണ് രഞ്ജിനിയുടെ സ്വപ്നം. കേരളത്തിന്റെ പ്രതിനിധിയായിട്ടാണ് സംസ്ഥാന സർക്കാർ അമ്മൂമ്മയെ ഫ്രാൻസിലേക്ക് അയച്ചത്. അമ്മൂമ്മയുടെ പ്രകടനം ദർശിച്ച വിദേശ പ്രേക്ഷകർ വിസ്മയിച്ചുപോയി! 'Audience spellbound' എന്നാണ് ഇംഗ്ലീഷ് പത്രങ്ങൾ എഴുതിയത്!

കോട്ടയം ടൗണിൽനിന്ന് 30 കി.മീ ദൂരത്തുള്ള മോനിപ്പള്ളി എന്ന ഗ്രാമത്തിലാണ് ഇവരുടെ താമസം. അമ്മയുടെ മൂന്നു മക്കളിൽ ഏറ്റവും ഇളയതാണ് രഞ്ജിനി. ചേച്ചി രാജിമോൾ, ചേട്ടൻ രഞ്ജിത്. ഉഴവൂരിലെ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ബി.കോം പൂർത്തിയാക്കിയതിനുശേഷം രഞ്ജിനിയിപ്പോൾ ടാലി കോഴ്സ് ചെയ്യുകയാണ്. പഠിപ്പും ഇടക്കിടെയെത്തുന്ന പരിപാടികളും ഒരുമിച്ചുകൊണ്ടുപോകും. എന്തൊക്കെയായാലും ഒരു കലയുടെ ജീവൻതന്നെയാണ് രഞ്ജിനിയിലൂടെ നിലനിൽക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RenjiniString PuppeteerNokkuvidya String Puppeteer
News Summary - Renjini The Nokkuvidya String Puppete
Next Story