ആർത്തവ അവധിക്കായി നിലയ്ക്കാത്ത പോരാട്ടവുമായി രഞ്ജിത
text_fieldsരഞ്ജിത പ്രിയദർശിനി സി.കെ ഹരീന്ദ്രൻ എം.എൽ.എയെ കണ്ടപ്പോൾ
തിരുവനന്തപുരം: ആർത്തവ ദിനത്തിൽ അവധി ചോദിച്ചതിന് ഒഡിഷ സ്വദേശിനിയായ രഞ്ജിത പ്രിയദർശിനിക്ക് പകരം നൽകേണ്ടി വന്നത് രാജിക്കത്ത്. 2022 ലാണ് രാജ്യത്തെ പ്രമുഖ വ്യവസായശാലയിലെ ജോലി ആർത്തവാവധി ചോദിച്ചതിന്റെ പേരിൽ രഞ്ജിതക്ക് നഷ്ടമായയത്. ആർത്തവദിനത്തിലെ ശാരീരിക അസ്വസ്ഥതകൾ മറച്ചുവെച്ച് ജോലി ചെയ്യുന്ന സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് പഠനം നടത്താൻ രഞ്ജിത തീരുമാനിച്ചതും ആ സംഭവത്തോടെയായിരുന്നു. തുടർന്ന് സ്ത്രീകൾക്ക് കൂലിയോടുകൂടി ആർത്തവാവധി അനുവദിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിക്കുകയാണവർ.
രഞ്ജിതയുടെ പ്രവർത്തന ഫലമായി ബിഹാർ, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ ആർത്തവ അവധി അനുവദിച്ചുകഴിഞ്ഞു. സർക്കാർ, സ്വകാര്യ മേഖലയെന്ന വ്യത്യാസമില്ലാതെയാണ് കർണാടകയിൽ ശമ്പളത്തോടെയുള്ള അവധി നൽകിയിരിക്കുന്നത്. കേരളത്തിൽ കേരള സർവകലാശാലകളിലെ ജീവനക്കാർക്കും വിദ്യാർഥിനികൾക്കും ആർത്തവ അവധിയുണ്ട്. ഇന്ത്യയിൽ മാത്രമല്ല ലോകത്തെ സ്ത്രീകൾക്കായി യു.എന്നിൽ വരെ പോയ രഞ്ജിതയുടെ കഥ ഷോർട്ട് സ്റ്റോറിയായും പുറത്തുവന്നിട്ടുണ്ട്. തന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി കഴിഞ്ഞ ദിവസം അവർ കേരളത്തിലും എത്തി.
മന്ത്രി വി. ശിവൻകുട്ടിയെയും എം.എൽ.എമാരായ അഡ്വ. ആന്റണിരാജുവിനെയും സി.കെ ഹരീന്ദ്രനാഥിനെയും കണ്ടു. ‘പെയ്ഡ് പീരിയഡ് ലീവ്’ എന്ന തന്റെ റിസർച്ച് പുസ്തകവും സമർപ്പിച്ചു. മന്ത്രിയിൽ നിന്ന് അനുകൂല നിലപാടാണ് ഉണ്ടായതെന്നും നിവേദനം പരിഗണിക്കാമെന്ന് അറിയിച്ചതായും രഞ്ജിത ‘മാധ്യമ’ത്തോട് പ്രതികരിച്ചു. അധികം വൈകാതെ മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമർപ്പിക്കാനുള്ള ശ്രമത്തിലാണ് രഞ്ജിത പ്രിയദർശിനി.
പുരോഗമന ചിന്താഗതികളുള്ള കേരളം പോലൊരു സംസ്ഥാനം അനുകൂലമായി തന്നെ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രഞ്ജിത പ്രിയദർശിനി പറഞ്ഞു. അടുത്തതായി സിക്കിം, നാഗലാൻഡ് സംസ്ഥാനങ്ങളിലേക്ക് പോകാനാണ് ലക്ഷ്യമിടുന്നത്. അതിനു മുൻപ് മലേഷ്യയിലും ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയുണ്ട്. എത്രയും വേഗം ഇന്തൊനേഷ്യ, സ്പെയിൻ, വിയറ്റ്നാം, സാംബിയ, തായ്വാൻ പോലുളള രാജ്യങ്ങൾക്ക് സമാനമായി ആർത്തവ അവധി അനുവദിക്കുന്ന രാജ്യമായി ഇന്ത്യയും മാറണമെന്നാണ് തന്റെ ആഗ്രഹമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

