വെല്ലുവിളികളെ മനസാന്നിധ്യം കൊണ്ട് നേരിട്ട രാധികക്ക് ഇനി പ്രജിലിന്റെ തണൽ
text_fieldsരാധികയും പ്രജിലും
പയ്യന്നൂർ: വിധിക്കു മുന്നിൽ പകച്ചു നിൽക്കാതെ വെല്ലുവിളികളെ മനസാന്നിധ്യം കൊണ്ട് നേരിട്ട രാധികക്ക് ഇനി പ്രജിലിന്റെ കരുതൽ. കൃത്രിമക്കാലിൽ നടക്കുന്ന ഈ പെൺകുട്ടിയുടെ വിവാഹം ഞായറാഴ്ച നടക്കും.
പാചക തൊഴിലാളിയായ റാണി മേരിയുടെയും ലോട്ടറി കച്ചവടക്കാരനായ ശേഖരന്റെയും മൂന്നു മക്കളിൽ മൂത്തവളാണ് രാധിക. വലതുകാലിന്റെ മുട്ടിനു താഴെ വളർച്ചയില്ലാത്ത നിലയിലായിരുന്നു രാധികയുടെ പിറവി. സ്വന്തമായി വീടുപോലും ഇല്ലാതിരുന്ന കുടുംബത്തിനു മുന്നിൽ മകളുടെ ചികിത്സയും വിദ്യാഭ്യാസവും വെല്ലുവിളിയായിരുന്നു.
കുഞ്ഞായിരുന്നപ്പോൾ അമ്മയെടുത്ത് സ്കൂളിൽ എത്തിച്ചു വൈകീട്ട് തിരിച്ചെത്തിക്കും. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പിലാത്തറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹോപ് ചാരിറ്റബിൾ ട്രസ്റ്റ് വഴി വലതു കാൽമുട്ടിന് താഴെയുള്ള ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് കൃത്രിമക്കാൽ വെച്ചുപിടിപ്പിച്ചു. അങ്ങനെ സ്വന്തം കാലിൽ പിച്ചവെക്കാൻ ആരംഭിച്ച രാധികക്ക് വളർച്ചയുടെ ഓരോ വർഷങ്ങളിലും ഹോപ് നൽകിയ കൃത്രിമ കാലുകളിലൂന്നി വിദ്യാഭ്യാസവും ഇഷ്ട മേഖലയായ നൃത്ത പഠനവും തുടർന്നു.
സ്കൂൾ, ഹയർ സെക്കൻഡറി വിദ്യാഭ്യാസം മാടായി സ്കൂളിലും തുടർന്ന് ഡിഗ്രി പഠനം മാടായി കോളജിലുമായി പൂർത്തിയാക്കി. ഒപ്പം കമ്പ്യൂട്ടർ ഡേറ്റ എൻട്രിയിൽ പരിശീലനവും നേടി സ്വന്തം കാലിൽ നിൽക്കുവാൻ ഒരു കൊച്ചു ജോലി എന്ന മോഹവുമായി കഴിയുമ്പോഴാണ് ബാല്യകാല സുഹൃത്തും സമീപവാസിയുമായ പ്രജിൽ രാധികയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്.
ആദ്യത്തെ അമ്പരപ്പ് കഴിഞ്ഞു തന്റെ ശാരീരിക സാമ്പത്തിക സാഹചര്യങ്ങളിൽ ഇത് ശരിയാകില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിക്കുകയാണ് അവൾ ചെയ്തത്. എന്നാൽ തനിക്കിതൊന്നും പ്രശ്നമല്ലെന്ന ഉറച്ച നിലപാട് പ്രജിലും രാധികയെ അടുത്തറിയുന്ന പ്രജിലിന്റെ വീട്ടുകാരും എടുത്തപ്പോൾ ഇതുതന്നെയാണ് തന്റെ വഴിയെന്നവൾ തീർച്ചപ്പെടുത്തി സമ്മതം മൂളി. സന്തോഷകരമായി മനസ്സമ്മത ചടങ്ങ് നടന്നു. എന്നാൽ വിധി വീണ്ടും പിന്നിൽനിന്ന് കുത്തി.
സദാനിഴൽ പോലെ രാധികക്കൊപ്പമുണ്ടായിരുന്ന അച്ഛൻ ശേഖരനെ ഹൃദയാഘാതത്തിന്റെ രൂപത്തിലെത്തി മരണം ഒപ്പം കൂട്ടി. അവിടെയും ആശ്വാസമായി ഒപ്പം നിന്ന് പ്രജിലും കുടുംബവും. തന്റെ ബാല്യക കൗമാരങ്ങളിൽ സഹായവുമായി ഒപ്പം ഉണ്ടായിരുന്ന ഹോപ്പിൽ വച്ചു തന്നെ വിവാഹവും നടത്താം എന്ന നിർദേശം ഹൃദയപൂർവം ഏറ്റെടുത്ത ഹോപ് അധികൃതർ സമൂഹത്തിലെ വിവിധ തലങ്ങളിലെ അഭ്യുദയ കാംക്ഷികളുടെ മുന്നിൽവെച്ച് ഞായറാഴ്ച രാവിലെ 11 30നും 12 30നും ഇടയിൽ ഇവരുടെ വിവാഹം യാഥാർഥ്യമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

